Friday 04 February 2022 04:36 PM IST : By Easwran Seeravally

പെരുമ്പാമ്പിൻ കുഞ്ഞിന്റെ ആദ്യശ്വസനം, പറക്കുന്ന നാഗത്താൻ പാമ്പ്, നീർപാമ്പുകളുടെ നൃത്തം... പാമ്പുകളുടെ ലോകത്തെ വേറിട്ട ചിത്രങ്ങളുമായി വനം വന്യജീവി ഫൊട്ടോഗ്രഫർ

w l s1 Photos : P. Madhusoodanan

മനുഷ്യൻ ഉൾപ്പടെയുള്ള ജീവികളെ മനസ്സിലാക്കാൻ ക്യാമറയെ ഒരു മാധ്യമമാക്കുകയാണ് പി. മധുസൂദനൻ എന്ന റിട്ടയേഡ് എൻജിനീയർ. ജീവന്റെ വൈവിധ്യവും ജീവികൾ തമ്മിലുള്ള ബന്ധവും ജീവികൾക്കും പ്രകൃതിക്കും ഇടയിലുള്ള താളവും തേടുകയാണ് തന്റെ ചിത്രങ്ങളിലൂടെ. പരിസ്ഥിതിയും ജീവജാലവും തമ്മിലുള്ള ബന്ധം കൂടുതൽ പഠിക്കുന്നതിനിടെയാണ് പാമ്പുകൾക്ക് ഓരോ ആവാസവ്യവസ്ഥയിലും വിശേഷമായ സ്ഥാനമുണ്ടെന്നു കണ്ടെത്തിയത്.

രാജവെമ്പാല മുതൽ നാഗത്താൻ പാമ്പുവരെ

സൗന്ദര്യം തുളുമ്പുന്ന അപകടങ്ങളാണ് പാമ്പുകൾ. തനിക്ക് ആപത്തുണ്ടാകുമെന്ന് ആശങ്ക ഉണ്ടായാൽ അവ അപകടകാരികളാകും, മധുസൂദനൻ ഓർമിപ്പിക്കുന്നു. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ പൊതുവേ ‘മോഡലുകളെ’ ഭയപ്പെടുത്താതിരിക്കുക, നമ്മുടെ സാന്നിധ്യം അവ അറിയാതിരിക്കുക എന്നത് പ്രധാനമാണ്. രാജവെമ്പാല മുതൽ അപൂർവമായ നാഗത്താൻ പാമ്പിനെ വരെ പകർത്തിയിട്ടുണ്ട്, എന്നാൽ ഇതുവരെ അപകടകരം എന്നു പറയാവുന്ന ‘എൻകൗണ്ടറുകളൊന്നം’ ഇവർക്കിടയിൽ ഉണ്ടായിട്ടില്ല.

ലോകത്തിലെ തന്നെ നീളമേറിയ പാമ്പുകളിലൊന്നായ രാജവെമ്പാലയ്ക്ക് 300 അടി അകലെയുള്ള അനക്കംപോലും കാണാനും മനുഷ്യശബ്ദത്തിനു തുല്യമായ ആവൃത്തിയിൽ മുരളാനും 420 മില്ലി വിഷം വരെ ഒറ്റകടിയിൽ പുറത്തേക്കു വമിപ്പിക്കാനും ശേഷിയുണ്ട്. ഇത്രയൊക്കെ സവിശേഷതയുള്ള ഒരു സഹജീവിയെ കാണാനും തിരിച്ചറിയാനും സാധിക്കുന്നില്ലെങ്കിൽ ഈ പ്രകൃതിയെ നാം അറിയുന്നു എന്നു പറയുന്നതിന് എന്താണ് അർഥം?

w l s2

നെല്ലിയാമ്പതി കുന്നുകളിൽവച്ചാണ് നാഗത്താൻ പാമ്പിനെ ആദ്യം കണ്ടത്. ഒരു പുൽച്ചാടിക്കുനേരെ കരുതലോടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു അത്. എന്നാൽ പുൽച്ചാടിയുടെ ജാഗ്രത അതിന്റെ ജീവൻ രക്ഷപെടുത്തി. മരംകയറുകയും അതിവേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഇവ പറക്കും അണ്ണാനെപ്പോലെ മരക്കൊമ്പുകളിൽനിന്നു താഴേക്ക് വായുവിലൂടെ തെന്നി ഇറങ്ങുന്നു. അതുകൊണ്ട് ഈ പാമ്പിന്റെ ഇംഗ്ലിഷ് പേര് ഓർണേറ്റ് ഗ്ലൈഡിങ് സ്നേക്ക് എന്നാണ്.

പെരുമ്പാമ്പിന്റെ ആദ്യശ്വാസം

ഒരു മനുഷ്യക്കുഞ്ഞിന്റെ പിറവി അടയാളപ്പെടുത്തുന്ന കരച്ചിൽപോലെയാണ് മുട്ടവിരിഞ്ഞിറങ്ങുന്ന പെരുമ്പാമ്പിന്റെ ആദ്യശ്വസനം. വളരെ യാദൃച്ഛികമായിട്ടാണ് ഗൂഡ്രിക്കൽ റേഞ്ചിന്റെ ഭാഗമായ വനത്തിൽ പാമ്പിന്റെ മുട്ടകൾ കണ്ടെത്തിയെന്ന് അറിഞ്ഞ് ചെല്ലുന്നത്. വിദഗ്ധസഹായത്തോടെ അത് പെരുമ്പാമ്പിന്റെ മുട്ടകളാണെന്ന് ഉറപ്പാക്കി, വനംവകുപ്പിന്റെ അനുമതി മേടിച്ച് നിരീക്ഷണം തുടങ്ങി.

പാമ്പുകൾ മൂക്കിലൂടെയല്ല ശ്വാസം എടുക്കുന്നത്, വായിലേക്കു തുറക്കുന്ന ഗ്ലോട്ടിസ് എന്നു വിളിക്കുന്ന സുഷിരത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മുട്ടപൊട്ടി പുറത്തുവരുന്ന പെരുമ്പാമ്പിൻ കുഞ്ഞ് ആദ്യ ശ്വാസത്തിനായി വായ തുറക്കുമെന്ന ധാരണ ഉണ്ടായിരുന്നു. അങ്ങനെയാണ് ആ ചിത്രം മനസ്സിൽ രൂപപ്പെട്ടത്.

w l s3

സാധാരണ 60 ദിവസം മുതൽ 90 ദിവസം വരെയാണ് പെരുമ്പാമ്പിന്റെ ഇൻകുബേഷൻ കാലം. അവിടെ ചെല്ലും, പരിസരത്ത് കുറച്ചുമാറി നിന്ന് നിരീക്ഷിക്കുകയും ലെൻസ് സൂം ചെയ്ത് മുട്ടകളുടെ മാറ്റം ശ്രദ്ധിച്ചു ആദ്യമൊക്കെ. പിന്നീട് സുരക്ഷിതമായ അകലത്തിൽ നിരീക്ഷണം തുടർന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ മുട്ട വിരിയാൻ തുടങ്ങുന്നതിന്റെ അടയാളങ്ങൾ കണ്ടു. അതോടെ നിരീക്ഷണ സമയം കൂട്ടി. ഒടുവിൽ 73–ാം ദിവസമാണ് ആ അസുലഭചിത്രം പകർത്താൻ സാധിച്ചത്.

നീർപാമ്പുകളുടെ നൃത്തം

w l s4

കുറച്ചു വർഷങ്ങൾക്കുമുൻപ് സുഹൃത്തും ന്യൂസ് ഫൊട്ടോഗ്രാഫറുമായ ശിവജിക്കൊപ്പം തമിഴ്നാട്ടിലെ പുളിമാങ്കുളം എന്ന ഗ്രാമത്തിൽ തീയാട്ട് ഉത്സവം ചിത്രീകരിക്കാൻ പോയ അവസരം. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തുകൂടിയാണ് യാത്ര. റോഡരുകിലെ കുളത്തിൽ വെള്ളത്തിനു മുകളിൽ എന്തോ അനങ്ങുന്നതുപോലെ തോന്നി. എന്താണെന്നറിയില്ല അതു കണ്ടിട്ട് മുന്നോട്ടു പോയാൽ മതി എന്നൊരു തോന്നൽ. ബൈക്ക് വഴിയരികിൽ ഒതുക്കി, കുളത്തിനരികിലേക്ക് ഇഴഞ്ഞു ചെന്നു. അവിടെ കണ്ടതുപോലൊരു ദൃശ്യം മുൻപു കണ്ടിട്ടില്ല, പിന്നീടും കാണാൻ പറ്റിയിട്ടില്ല. രണ്ട് നീർപാമ്പുകൾ അവതരിപ്പിക്കുന്ന നൃത്തപ്രകടനമായിരുന്നു അവിടെ. റഷ്യൻ ബാലെ തോറ്റുപോകും വിധമുള്ള മെയ്‌വഴക്കവും ചടുലമായ ഭംഗിയും ആ നൃത്തത്തെ വേറിട്ടതാക്കി. താളവും സൗന്ദര്യബോധവും പ്രകൃതി എല്ലാ ജീവികളുടെ മനസ്സിലും നിറച്ചിട്ടുണ്ട് എന്നു തെളിയിക്കുന്നതായിരുന്നു ആ നൃത്തം. നീർപാമ്പുകൾ ഇണചേരുന്നതിനു മുൻപ് പരസ്പര ആകർഷണത്തിനുവേണ്ടിയുള്ള ഒരു സൂത്രമാണത്രേ ഈ നൃത്തം.

പാഞ്ചാലിക്കാട മുതൽ ഹിമാലയൻ ഗ്രിഫോൺ വരെ

നാലു പതിറ്റാണ്ടിൽ അധികമായി യാത്രയും ഫൊട്ടോഗ്രഫിയും ജീവിതത്തിന്റെ ഭാഗമാണ്. മഹാരാഷ്ട്രയിലെ തഡോബയിൽ വച്ചാണ് പാഞ്ചാലിക്കാട എന്ന പക്ഷിയുടെ കുഞ്ഞിന്റെ ചിത്രം പകർത്തുന്നത്. ഒരു കോഴിക്കുഞ്ഞിനെക്കാളും ചെറുതും ഉള്ളംകയ്യിൽ ഒതുങ്ങുന്നതുമായ പാഞ്ചാലിക്കാടയ്ക്ക് കുയിലുകളുമായി ചെറിയ സാമ്യമുള്ളതിനാൽ ബട്ടൺ കുയിൽ എന്നാണ് ഇംഗ്ലിഷിൽ ഇവ അറിയപ്പെടുന്നത്.

w l s5

ഹിമാലയയാത്രകളിലാണ് പക്ഷികളിൽ വലുപ്പമേറിയവയായ ഹിമാലയൻ ഗ്രിഫോണിനെ കാണാൻ ഇടയായത്. ശാസ്ത്രകാരൻമാർ ഇതിനെ ഓൾഡ് വേൾഡ് കഴുകൻ എന്നൊക്കെ വിശേഷിപ്പിക്കുന്നു, സാധാരണക്കാർക്ക് ഇതിന്റെ വലുപ്പമാണ് പെട്ടന്നു ശ്രദ്ധയിൽ പെടുക. 2019ലെ ഹിമാലയൻ യാത്രയിൽ റോഹ്തങ് എത്തിയപ്പോൾ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഗ്രിഫോൺ.

w l s6

സഫാരികളിൽ മാത്രം കാണുന്നതല്ല വൈൽഡ് ലൈഫ് എന്നു വിശ്വസിക്കുന്നയാളാണ് പി. മധുസൂദനൻ. പുതു തലമുറയ്ക്ക് പ്രകൃതിയോടുള്ള അടുപ്പം നഷ്ടമാകാതിരിക്കാൻ നാം നമ്മുടെ ചുറ്റുപാടുകളുടെ പച്ചപ്പ് നിലനിർത്തണം അതിലെ ജീവികളുടെ തനതു ലോകം കണ്ടെത്തണം, പഠിക്കണം എന്നു വിശ്വസിക്കുന്നതിനാൽ വലിയ മൃഗങ്ങളെപ്പോലെതന്നെ കുഞ്ഞൻ ഉറുമ്പും പുൽച്ചാടിയും പുഴുക്കളും ഉടുമ്പുമൊക്കെ ഇദ്ദേഹത്തിന്റെ ചിത്രശേഖരത്തിൽ ഉൾപ്പെടുന്നു.

Tags:
  • Manorama Traveller