Wednesday 15 December 2021 04:39 PM IST : By Christy Rodriguez

മസ്ജിദിന്റെ രൂപത്തിലുള്ള കെട്ടിടത്തിൽ ക്ഷേത്രം! മസ്ജിദിൽ‍ നിന്ന് ഗുരുദ്വാരയിലേക്കും പിന്നീട് രാം ലക്ഷ്മൺ മന്ദിറിലേക്കും പരിവർത്തനം ചെയ്ത അപൂർവ ദേവാലയം

renuka village1

കോട്ടകളും കൊട്ടാരങ്ങളും വിട്ടുള്ള യാത്ര മരുപ്രദേശങ്ങൾക്കരികിലൂടെ പഞ്ചാബിന്റെ മണ്ണിലേക്കു കയറിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. സമയം രാത്രി 7. ഫസിൽക്ക ജില്ലയിലെ ജാൻഗർ ഗ്രാമത്തിലെ സുഹൃത്ത് കാലുപാജുവയെ സന്ദർശിക്കുക, പഞ്ചാബി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുക ഇതു രണ്ടുമായിരുന്നു ലക്ഷ്യങ്ങൾ. ഗ്രാമങ്ങൾ പലതു കടന്നു പോന്നിട്ടും സുഹൃത്തിന്റെ നാട്ടിലെത്തിയില്ല. വഴി തെറ്റിയല്ലോ എന്നു ചിന്തിച്ചു തുടങ്ങിയപ്പോൾ മുൻപിൽ കൈ കാണിക്കുന്നു പൊലീസ്. തെറ്റി, പൊലീസല്ല പട്ടാളം, അതിർത്തി രക്ഷാ സേന–ബിഎസ്എഫ്. കേരള റജിസ്ട്രേഷൻ മോട്ടോർ സൈക്കിൾ ഇവിടെ ചുറ്റിക്കറങ്ങുന്നത് എന്തിനാണ് എന്നായി അവർ. യാത്രയെപ്പറ്റിയും ഇവിടെത്തിയതിന്റെ കാര്യവും പറഞ്ഞപ്പോൾ പട്ടാളക്കാരൻ അൽപം അകലെ തുറസ്സായ ഒരു ഭൂമിയിൽ കാണുന്ന വിളക്കുകാൽ ചൂണ്ടിപ്പറഞ്ഞു ‘ദാ, അതിന് അപ്പുറം പാകിസ്ഥാൻ ആണ്. നിങ്ങൾക്കു വഴി തെറ്റിയിരിക്കുന്നു.’ ഫസിൽക്ക അതിർത്തി ജില്ലയാണ് എന്ന് പറഞ്ഞിരുന്നു, കാലുപാജുവയ്ക്കൊപ്പം ഇന്ത്യ–പാകിസ്ഥാൻ അതിർത്തി സന്ദർശിക്കണമെന്നും വിചാരിച്ചിരുന്നു. ആദ്യ ദിവസം തന്നെ പാകിസ്ഥാന്റെ ദൂരക്കാഴ്ച ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല... ബിഎസ്എഫ് ജവാൻ കാലുപാജുവയുടെ ഫോൺ നമ്പർ വാങ്ങി. അവർ സംസാരിച്ച് കൃത്യമായ സ്ഥലം മനസ്സിലാക്കിയ ശേഷം എനിക്കു പോകേണ്ട വഴി പറഞ്ഞു തന്നു. വീണ്ടും ഒരു മണിക്കൂർ കൂടി സഞ്ചരിച്ചു സുഹൃത്തിന്റെ വീടിനു മുൻപിലെത്താൻ.

renuka village3

അടുത്ത പ്രഭാതത്തിൽ 7 മണിയോടെ അതിർത്തി ഗ്രാമങ്ങളിലേക്കു സഞ്ചരിക്കാൻ തയാറായി. ആദ്യം രേണുക എന്ന ഗ്രാമത്തിലേക്കാണ്. വിഭജനത്തിന്റെ ഉണങ്ങാത്ത മുറിപാടുകള്‍ ഇന്നും പേറുന്ന ഒരു ഗ്രാമം. പഞ്ചാബിനെയും രാജസ്ഥാനെയും വേർതിരിക്കുന്ന ഗംഗാ കനാൽ കടന്ന് മണ്‍പാതകളിലൂടെ 54 കിലോ മീറ്റർ സഞ്ചരിച്ചു. 1947ൽ വിഭജനം പ്രഖ്യാപിച്ചപ്പോൾ രേണുക ഗ്രാമം രണ്ടായി മുറിക്കപ്പെട്ടു. ബന്ധുക്കളും അയൽവാസികളുമായിരുന്ന ഗ്രാമീണർ ഒറ്റ രാത്രികൊണ്ട് രണ്ട് രാജ്യക്കാരായി. ഗ്രാമത്തിനു നടുവിലൂടെ മുള്ളുവേലി ഉയർന്നപ്പോഴും ജനങ്ങൾ സൗഹൃദം സൂക്ഷിച്ചു. എന്നാൽ താമസിയാതെ പാകിസ്ഥാൻ അധികാരികൾ പാകിസ്ഥാനി രേണുകയിലെ ജനങ്ങളെ ബലമായി മറ്റൊരു ഗ്രാമത്തിലേക്കു മാറ്റി.

renuka village4

രേണുകയ്ക്കു സമീപം പൻജുവയിലാണ് കാലുപാജുവയുടെ ജൻമഗൃഹം. അച്ഛനും അമ്മയും ഇപ്പോഴും അവിടെയുണ്ട്. പുരോഗമനം കടന്നു ചെല്ലാത്ത ഗ്രാമത്തിലെ മൺവീട്ടിലേക്ക് ഞങ്ങളെത്തി. കാലിവളർത്തവും തേനീച്ച കൃഷിയുമാണ് ആ ഗ്രാമവാസികളുടെ പ്രധാന വരുമാനം.

renuka village2

വീട്ടുവളപ്പിന്റെ ഒരു ഭാഗത്തു നിൽക്കുമ്പോൾ തൊട്ടപ്പുറത്തുള്ള ദർഗയുടെ പിൻഭാഗം ശ്രദ്ധയിൽ‍ പെട്ടു. മുകളിലേക്കു ശ്രദ്ധിച്ചപ്പോൾ അതൊരു മസ്ജിദ് ആണെന്നു മനസ്സിലായി. മുൻപിൽ എത്തിയപ്പോൾ പേരു വായിക്കാം ‘ശ്രീ രാം ലക്ഷ്മൺ മന്ദിർ’. മസ്ജിദിന്റെ രൂപത്തിലുള്ള കെട്ടിടത്തിൽ ക്ഷേത്രം! ‘‘ഈ കെട്ടിടം ആദ്യം മുസ്‌ലിങ്ങളുടെ ആരാധനാലയമായിരുന്നു, പിന്നെ സിഖുകാരുടേതും ഇപ്പോൾ ഹിന്ദുക്കളുടേതും. ഉള്ളിൽ രൂപം മാറുമ്പോഴും പുറമേക്ക് കെട്ടിടത്തിനു മാറ്റമൊന്നും വരുത്തിയില്ല.’’എന്റെ അദ്ഭുതം മനസ്സിലാക്കിയിട്ടെന്നപോലെ കാലുപാജുവ പറഞ്ഞു.

renuka village5

ഞങ്ങൾ ഇരുവരും ക്ഷേത്ര വളപ്പിലേക്കു നടന്നു. മിനാരങ്ങളോടുകൂടിയ, മാർബിൾ പതിച്ച ഒരു മസ്ജിദ്. 1947ൽ വിഭജന സമയത്ത് ഈ ഭാഗത്തെ മുസ്‌ലിം സഹോദരൻമാർ പ്രാർഥന നടത്തിയിരുന്നത് ഇവിടെ ആയിരുന്നു. മുസ്‌ലിം, സിഖ്, ഹിന്ദു വിഭാഗത്തിൽ പെട്ട ഗ്രാമീണർ സ്നേഹത്തോടെ കഴി‍ഞ്ഞിരുന്ന ഗ്രാമമായിരുന്നു ഇത്. വിഭജനം പ്രഖ്യാപിച്ചപ്പോഴും ഇവിടുത്തെ മുസ്‌ലിങ്ങളായ ഗ്രാമീണർ പാകിസ്ഥാനിലേക്കു പോകാൻ തയാറായിരുന്നില്ല. എന്നാൽ മറ്റു ഗ്രാമങ്ങളിൽ നിന്നുള്ള സിഖുകാർ രേണുക ഗ്രാമം ആക്രമിച്ച് മുസ്‌ലിങ്ങളെ കൊലപ്പെടുത്താൻ പദ്ധതി ഇടുന്നതായി അറിഞ്ഞപ്പോൾ അവർ സർവതും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്കു പലായനം ചെയ്തു. പോകും മുൻപ് തങ്ങളുടെ മസ്ജിദ് യാതൊരു ഉപാധിയുമില്ലാതെ സിഖുകാർക്ക് കൈമാറി.

renuka village6

സിഖ് സമൂഹം നാലു പതിറ്റാണ്ടിലധികം ആ കെട്ടിടത്തിൽ തന്നെ തങ്ങളുടെ ആരാധനകൾ നടത്തി. 1995ൽ അവർ പുതിയൊരു ഗുരുദ്വാര നിർമിച്ചപ്പോൾ പഴയ കെട്ടിടം ഗ്രാമത്തിലെ ഹിന്ദുസമൂഹത്തിനു കൈമാറി. അവരും മസ്ജിദ് കെട്ടിടത്തിന്റെ രൂപത്തിൽ മാറ്റമൊന്നും വരുത്താതെ രാമ–ലക്ഷ്മണ്‍ മന്ദിർ ആയി ഉപയോഗിച്ചു പോരുന്നു. പഞ്ചാബിലെ മതമൈത്രിയുടെ പ്രതീകമായി ആ മസ്ജിദ്–മന്ദിർ നിലനിൽക്കുന്നു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India