Monday 21 June 2021 03:09 PM IST : By അരുൺ‌ കളപ്പില

ജോഷിമഠിലെ കൃഷ്ണൻകുട്ടി, അറിയുമോ ഈ മനുഷ്യനെ...?

arun 5

അറിയുമോ ഈ മനുഷ്യനെ...? മറ്റു പ്രത്യേകതകളൊന്നുമില്ലാത്ത, നമുക്കിടയിലെ ഒരു സാധാരണ മനുഷ്യൻ. അദ്ദേഹത്തെ പറ്റി പറയും മുൻപ് ജോഷിമഠിനെ പറ്റി ചിലതു പറയാം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് ജോഷിമഠ്. ഹിമാലയൻ തീർഥാടകർക്കും, ഹിമാലയൻ സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട മലനിരയുടെ കവാടം. പർവതാരോഹകർക്കു ബേസ്‌ക്യാംപ് ആകുന്ന ഇടം. കാഴ്ചയുടെ മനോഹാരിത കൊണ്ട് യാത്രയെ സമ്പന്നമാക്കുന്ന പട്ടണമാണിത്. മനോഹരമായ മലഞ്ചെരുവിൽ തട്ടുതട്ടായ് നിറയെ കെട്ടിടങ്ങൾ. ഏഴാം നൂറ്റാണ്ടിൽ സ്ഥാപിതമായ കത്യൂരി സാമ്രാജ്യത്തിന്റെ സ്ഥാപകൻ വസുദേവകത്യൂരി ജോഷിമഠിൽ നിന്നുള്ള രാജാവായിരുന്നു. ബുദ്ധമത അനുയായി ആയിരുന്ന അദ്ദേഹം ആദിശങ്കരന്റെ പ്രഭാവത്തിൽ ഹിന്ദു ബ്രാഹ്മണിക്കൽ ആചാരരീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടിൽ ചന്ദ്രാജവംശത്തോട് പരാജയപ്പെടും വരെ ഈ മേഖലയിൽ കത്യൂരി സാമ്രാജ്യം തുടർന്നു വന്നു. ശങ്കരാചാര്യർ സ്ഥാപിച്ച നാലുമഠങ്ങളിൽ ഒന്ന് ജോഷിമഠിലേതാണ്. തെക്ക് ശൃംഗേരി,കിഴക്ക് പുരി, വടക്ക് ജോഷിമഠ്, പടിഞ്ഞാറ് ദ്വാരക എന്നിങ്ങനെയാണ് നാല് മഠങ്ങൾ. നാലുവേദങ്ങളെയാണ് നാല് മഠങ്ങൾ സൂചിപ്പിക്കുന്നത്. അതിൽ അഥർവവേദത്തെ പ്രതിനിധാനം ചെയ്യുന്ന മഠമാണ് ജോഷിമഠിലേത്.ബദരീനാഥിലേക്കുള്ള വഴിയിൽ ഇടത്താവളമാണ് ജോഷിമഠ്. ശരിക്കും ബേസ്‌ക്യാംപ് എന്നു പറയാവുന്ന ഇടം. പട്ടണത്തിനു നടുവിലാണ് ശങ്കരാചാര്യർ സ്ഥാപിച്ച പ്രസിദ്ധമായ നരസിംഹക്ഷേത്രം. ക്ഷേത്രകവാടത്തിനു മുന്നിൽ മോനുഖാൻ വണ്ടിനിർത്തി. ദീർഘയാത്ര നൽകിയ ക്ഷീണം മൂലം ഇറങ്ങാൻ അൽപം മടി തോന്നിയെങ്കിലും ചാർധാം യാത്രയിൽ ജോഷിമഠിനുള്ള പ്രാധാന്യം ഓർത്തപ്പേഴേക്കും കാലുകൾ നടപ്പു തുടങ്ങിയിരുന്നു. പ്രധാന നിരത്തിൽ നിന്നും പടിയിറങ്ങിയാൽ മതിയാകും ക്ഷേത്രത്തിലേക്ക്. മലഞ്ചെരിവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടേക്കുള്ള നടപ്പാത കോൺക്രീറ്റ് ചെയ്ത് വെടിപ്പാക്കിയിരിക്കുന്നു. പ്രധാനക്ഷേത്രം അടുത്ത കാലത്തെന്നോ പുതുക്കി പണിതിട്ടുണ്ട്. ഹിമാലയൻ പ്രദേശങ്ങളിലെ ലിംഗരൂപിയായ ശിവക്ഷേത്രങ്ങളിൽ നിന്നും ഒരൽപം വ്യത്യസ്തമായ നിർമാണ രീതിയാണിതിന്. അന്പതു കിലോമീറ്റർ അകലെയുള്ള ബദരീനാഥ് മഞ്ഞുമൂടുന്പോൾ ബദരീനാരായണ പ്രതിഷ്ഠ ജോഷിമഠിലെ ഈ ക്ഷേത്രത്തിലേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിക്കുന്നു.

arun 3

പർവതങ്ങളുടെ മനോഹരമായ കാഴ്ചയുടെ, നടുമുറ്റത്താണിപ്പോൾ പരിസരം മറന്ന് പ്രകൃതിയിൽ അലിഞ്ഞ് നിൽക്കുന്നത്.ആൾക്കൂട്ടങ്ങൾ കാവൽ നിൽക്കും പോലെ , അനന്തതയിലേക്ക് നിരന്നു നിൽക്കുന്ന കൊടുമുടികൾ. നിഴൽ വീണ കോൺക്രീറ്റ് തറയിൽ പകൽച്ചൂട് ബാക്കി വച്ചിട്ടു പോയ വേവ്. പാദങ്ങളിൽ സുഖമുള്ള പൊള്ളൽ. അന്പലം ചുറ്റി നടന്നു കണ്ടു.

ആദിശങ്കരൻ തപം ചെയ്ത മണ്ണ്..

arun 1

ക്ഷേത്രത്തിനു മുന്നിലെ പഴയകെട്ടിടത്തിന്റെ കോണിപ്പടികൾ മുകളിലെ മുറികളിലേക്കുള്ളതാണ്. പടികൾകയറിമുകളിലെത്തി. ശങ്കരാചാര്യർ തപം ചെയ്ത ഇടമെന്ന് ഋഷിതുല്യനായൊരാൾ പരിചയപ്പെടുത്തി. ഇവിടെ ധ്യാനത്തിലിരിക്കുമ്പോഴാണത്രേ അദ്ദേഹത്തിനു മുന്നിൽ, വടക്കു കിഴക്കേ മലനിരകൾക്ക് മുകളിൽ ദിവ്യ ജ്യോതിസ് പ്രത്യക്ഷമായത്. അതിന്റെ ഉറവിടം തേടിയുള്ള ആ നടത്തം നരനാരായണ പർവതങ്ങൾക്കടുത്ത് ബദരീനാഥിലാണ് അവസാനിച്ചത്. ഇടുങ്ങിയ പടികൾക്കിടയിലൂടെ ഞങ്ങൾ താഴേക്ക് നടന്നു. ക്ഷേത്രമുറ്റത്തെത്തി. മുന്നിൽ നരസിംഹ പ്രതിഷ്ഠയ്ക്ക് മുന്നിൽ തിരി തെളിയുന്നു. പ്രതിഷ്ഠയിലെ തലമുടിനാരോളം അലിഞ്ഞുപോയ വലതുകൈ പിഞ്ഞിപ്പൊട്ടുന്ന ദിനം, അകലെ ജയവിജയ പർവതങ്ങൾ ഒന്നാകുമെന്നും അതിനൊപ്പം ബദരീനാഥിൽ നിന്നും ബദരീനാരായണൻ അപ്രത്യക്ഷമാകുമെന്നും, ജോഷിമഠിന് പത്തുകിലോമീറ്റർ അകലെ ഭവിശ്യാബദരിയിൽ സാളഗ്രാമമായ് അത് പ്രത്യക്ഷനാകുമെന്നുമാണ് തദ്ദേശവാസികളുടെ വിശ്വാസം. കേദാർനാഥിനെ പറ്റിയും ഇത്തരത്തിൽ ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. കേദാർനാഥിലെ മൂർത്തി അപ്രത്യക്ഷമായി ജോഷിമഠിനടുത്തുള്ള ഭവിശ്യകേദാറിൽ പ്രത്യക്ഷനാകുമെന്നാണ് ആ വിശ്വാസം. പലതരം വിശ്വാസങ്ങളിൽപ്പെട്ട് കൗതുകപ്പെടുത്തുന്ന ഭൂമിയാണ് ഹിമാലയം.

arun 2

35 വ‌ർഷം ക്ഷേത്രനടയിൽ

arun 4

ബദരീനാഥിലേക്ക് പോകാൻ സമയമായിരിക്കുന്നു. തിരികെ യാത്രയിൽ ജോഷിമഠിൽ ഒരുദിനം തങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള പാതയിൽ നിന്ന് ഒരൽപം മുന്നിലേക്ക് മാറ്റി വണ്ടി പാർക്ക് ചെയ്യാമെന്നാണ് ഡ്രൈവർ പറഞ്ഞിരുന്നത്. പടികൾ കയറി മുകളിലേക്ക് നടക്കാൻ തുടങ്ങി. ക്ഷേത്രമതിൽക്കെട്ടിനോട് ചേർന്ന് മടപ്പുര പോലൊരു ചെറിയകെട്ടിടം കാണുന്നുണ്ട്. ചുവന്ന നിറം പൂശിയ കെട്ടിടത്തിലെ ചെറിയ വാതിലിനു പുറത്തേക്ക് കാലുനീട്ടി കസേരയിൽ കൂനിപ്പിടിച്ചൊരു മനുഷ്യൻ ശൂന്യതയിലേക്ക് കണ്ണോടിക്കുന്നു. സഹയാത്രികർ അയാളോട് സംസാരിച്ച് തുടങ്ങിയിരുന്നു. മലയാളിയാണ്. തിരുവനന്തപുരം സ്വദേശി. മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീടുപേക്ഷിച്ച് പുറപ്പെട്ടതാണ്. ആറുകൊല്ലമായി ഈ ക്ഷേത്രത്തിൽ സഹായിയായി കഴിഞ്ഞു കൂടുന്നു. അതിനു മുൻപ് 29 വ‌ഷം ബദരീനാഥന്റെ മുന്നിൽ. കേട്ടപ്പോൾ അത്ഭുതം തോന്നി. ഭൗതിക ജീവിതത്തിന്റെ ശേഷിപ്പുകൾ ഒന്നൊന്നായി ഉപേക്ഷിച്ച്,ബാല്യവും കൗമാരവും, യൗവനത്തിന്റെ നല്ലകാലവും ജീവിച്ച മണ്ണിലേക്ക് ഒരിക്കൽ പോലും തിരിച്ചു പോകാൻ കഴിയാത്ത വിധം ഒരു മനുഷ്യന്റെ ഉള്ളിൽ തികച്ചും അപരിചിതനായ മറ്റൊരു മനുഷ്യൻ വളർന്നു നിൽക്കുക...!! മനസിനെ മെരുക്കുന്ന മഹാധ്യാനത്തിന്റെ കേന്ദ്രമാണ് ഈ തപോഭൂമി. പർവതങ്ങൾക്കും താഴ്‌വരകൾക്കുമിടയിൽ മനുഷ്യനെ പല പല ജന്മങ്ങളിലേക്കത് പരിവർത്തനം ചെയ്യിക്കുന്നു. ഇന്ദ്രിയങ്ങളെ ഉണർത്തിയെടുക്കുന്ന ഒരു നിമിഷം മതി..!മറന്നു പോകാത്ത മലയാളത്തിൽ ഇടറിയ ശബ്ദത്തിൽ ആ വൃദ്ധൻ ജീവിതംപറഞ്ഞു. കൃഷ്ണൻകുട്ടി എന്നാണയാളുടെ പേര്. തിരുവനന്തപുരം പട്ടണത്തിൽ പെയിന്റിംഗ് ജോലികൾ കരാറടിസ്ഥാനത്തിൽ ചെയ്ത്, ഭേദപ്പെട്ട നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്പോഴാണ് ഒരു ദിനം ബദരിയിലേക്ക് യാത്ര ചെയ്യാൻ തോന്നലുണ്ടാകുന്നത്. പിന്നീടൊരു മടങ്ങി പോക്കുണ്ടായില്ല. മുപ്പതുവർഷത്തോളം ബദരീനാഥിൽ കഴിഞ്ഞു കൂടി. അതിനിടയിൽ തന്റേതായ ചില നിർമ്മാണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ ചെയ്തു. പിന്നീട് ആറുകൊല്ലമായി ജോഷിമഠിലെ ഒറ്റമുറിയിൽ കഴിയുന്നു. നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെ പറ്റി ചോദിച്ചപ്പോൾ അർധ വിരാമത്തിൽ അവസാനിച്ച ഒരു ചിരിയായിരുന്നു മറുപടി. അധികാരവും സമ്പത്തും മാത്രം ലക്ഷ്യമിട്ട് തപോഭൂമി തേടിയെത്തുന്ന മനുഷ്യർ പെരുകുകയാണത്രേ, ഹിമാലയത്തിന്റെ ഓരോ ഇടങ്ങളിലും. അസംഖ്യം വിശ്വാസികളെ ചൂഷണം ചെയ്യുന്നവർ. അത്തരം ചൂഷകരെപ്പറ്റി ചില മുന്നറിയിപ്പുകൾ നൽകിയാണദ്ദേഹം പിരിഞ്ഞത്. ഉത്തർഖണ്ഡിൽ കാണപ്പെടുന്ന നല്ലൊരു വിഭാഗം സന്ന്യാസികളും രൂപം കൊണ്ട്‌ മാത്രം സന്ന്യാസം നയിക്കുന്നവരാണത്രേ. വഞ്ചകരും ചൂഷകരുമൊക്കെ പലപ്പോഴും ഇത്തരമിടങ്ങളിൽ കടന്നു കൂടുന്നതായി ചില പുസ്തകങ്ങളിൽ വായിച്ചതോർമ വരുന്നു.

മണാലിയിലെ വസിഷ്ഠഗുഹയ്ക്ക് മുകളിൽ മലഞ്ചെരിവിലൂടെ ജോഗിനി ഫാൾസിലേക്കുള്ളട്രെക്കിങ് പാതയിൽ, വിളഞ്ഞു നിൽക്കുന്ന ആപ്പിൾത്തോട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് നടക്കുന്പോൾ കൂറ്റൻമരക്കൊന്പിൽ ലഹരിപുകച്ച് ധ്യാനത്തിലിരിക്കുന്ന ഇംഗ്ലീഷുകാരനെ കണ്ടതോർക്കുന്നു. വശങ്ങളിൽ കാവൽനിൽക്കും പോലെ രണ്ടു പ്രാകൃത വേഷധാരികൾ. തെരുവിലേക്കുള്ള പടികൾ കയറിത്തുടങ്ങി. കഥകൾ പറഞ്ഞുതീരാത്ത ആ മനുഷ്യനോട് ഒരുപാട് സംസാരിക്കണമെന്നുണ്ടായിരുന്നു. ബദരിയിലെ മുപ്പതു വർഷങ്ങൾ, അതിന്റെ കാഴ്ചകൾ, ഓർമകൾ... ഒരു തിരശീലയിൽ കണ്ടതു പോലെ പകർത്തിയെടുക്കാൻ. ഇങ്ങനെ ചില ജീവിതങ്ങൾ നാമറിയാതെ, നിശബ്ദമായ് നമ്മെ കടന്നുപോകുന്നുണ്ടെന്ന് ഓർമപ്പെടുത്താൻ.

ഒന്ന് തിരിഞ്ഞു നോക്കി. ചുവന്ന നിറത്തിലെ ആ ചായ്പ്പിന്റെ വാതിലുകൾ പതുക്കെ അടയുന്നു. നിഗൂഢതകൾ ഒളിപ്പിച്ചു വച്ച ഹിമാലയത്തിന്റെ നിശ്ശബ്ദതയിലേക്ക് ഒന്നു കൂടി, ജോഷിമഠിലെ കൃഷ്ണൻ കുട്ടി

Tags:
  • Manorama Traveller