Tuesday 15 June 2021 12:46 PM IST : By സ്വന്തം ലേഖകൻ

118 ചൂടുനീരുറവകളുടെ നാട്, സിറ്റി ഓഫ് സ്പായിൽ അഞ്ജലി ആസ്വദിച്ച ആവിക്കുളി

budapest 6

പലവിധത്തിൽ അമ്പരപ്പിക്കുന്ന ലോകനഗരങ്ങളിലൊന്നാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റ്. ചൂടുനീരുറവകൾ, ചെയിൻ ബ്രിഡ്ജ്, പാർലമെന്റ് മന്ദിരം, ഫിഷർമാൻസ് ബാസ്‌റ്റിൻ തുടങ്ങി കുരുമുളകു മസാല വിതറിയ ഗുലാഷ്, റൂയിൻ പബുകൾ, ഒന്നാന്തരം വഴിയോരക്കച്ചവടങ്ങൾ, ഡാന്യൂബ് നദിയിലെ നൗകാസഞ്ചാരം തുടങ്ങി എത്ര കാഴ്ചകൾ, എന്തൊക്കെ അനുഭവങ്ങൾ... സകുടുംബം യാത്ര ചെയ്യുന്നവർക്കു മാത്രമല്ല ഒറ്റയ്ക്കു സഞ്ചരിക്കുന്നവർക്കും ഏറെ ആസ്വദിക്കാനുണ്ട് ഈ നഗരത്തിൽ.

സുന്ദരമായ വാസ്തുശിൽപകലയും സമ്പന്നമായ ചരിത്രവുമാണ് അവസരം കിട്ടുമ്പോഴൊക്കെ ബുഡാപെസ്റ്റിലേക്കു വരാൻ എന്നെ പ്രേരിപ്പിക്കുന്നത്. തിളങ്ങുന്ന മഞ്ഞ ട്രാമുകൾ സ്വാഗതം ചെയ്യുന്ന ഇവിടുത്തെ തെരുവുകളിൽ ചരിത്രത്തിന്റെയും പ്രതീക്ഷയുടെയും കണികകളാണ് കാണാനാകുന്നത്.

ബുഡാപെസ്‌റ്റ് ചുരുക്കത്തിൽ

budapest 1

യൂറോപ്പിലെ മനോഹരമായ നഗരങ്ങളിലൊന്നാണ് ബുഡാപെസ്‌റ്റ്, സംശയമില്ല. നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങൾക്കും യുനെസ്കോ ലോകപൈതൃക പദവി കിട്ടിയതിലും അതിശയയമൊന്നുമില്ല. വശ്യമായ ചരിത്രത്തെ സമകാലിക കലാശൈലികളിലേക്ക് അനായാസം വിളക്കിച്ചേർത്തു സൃഷ്ടിച്ച, യൂറോപ്പിൽ മറ്റെങ്ങും കാണാനാകാത്ത മായാജാലം എന്നാണ് ഇവിടുത്തെ തെരുവുകളിലൂടെ നടന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. കിഴക്കൻ–പടിഞ്ഞാറൻ യൂറോപ്പുകൾ സംഗമിക്കുന്ന സ്ഥലമാണ് ഹംഗറി. ഒട്ടോമൻ, ഓസ്ട്രിയൻ, ഹാബ്സ്ബഗ്, സോവിയറ്റ് നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു ഭരണം ഇവയുടെ എല്ലാം പ്രതിഫലനങ്ങൾ ഇവിടെ കാണാം. രൂപഭാവങ്ങളിൽ മാത്രമല്ല, ജനങ്ങളുടെ പ്രകൃതത്തിലും ഭക്ഷണത്തിലും ഇതു ദൃശ്യമാണ്.

ഡാന്യൂബ് നദിക്കിരുവശവുമായി ബുഡ എന്നും പെസ്റ്റ് എന്നും രണ്ടായി മുറിക്കപ്പെട്ട നഗരത്തിനു പടയോട്ടങ്ങളുടെയും പുനർനിർമാണത്തിന്റെയും നീണ്ട ചരിത്രമുണ്ട്. 1873ൽ ബുഡ, ഒബുഡ, പെസ്‌റ്റ് എന്നീ മൂന്നു നഗരങ്ങൾ ഒരുമിച്ചാണ് ബുഡാപെസ്റ്റ് രൂപംകൊണ്ടത്, എന്നാല്‍ എ ഡി 89ൽ ഒബുഡയ്ക്കു സമീപം ഒരു കെൽറ്റിക് അധിവാസസ്ഥാനത്തു രൂപപ്പെട്ട റോമൻ നഗരം അക്വിൻകമിലാണ് ശരിയായ ചരിത്രം തുടങ്ങുന്നത്.

ശാന്തമായ ജീവിതശൈലിയാണ് ബുഡാപെസ്‌റ്റിന്റെ സവിശേഷത. അത് സഞ്ചാരികളെ അനാവശ്യ ചിന്തകളിൽനിന്നു മോചിപ്പിക്കും. അതുമാത്രമല്ല ഗുണം, കഫേകളും റസ്‌റ്ററന്റുകളും രാവൊടുങ്ങുവോളം പ്രവർത്തിക്കും, ഉള്ളില്‍ ആളുകൾ നിറഞ്ഞ് നടപ്പാതകൾകൂടി കയ്യേറും. വേനലെത്തുന്നതോടെ ആളുകൾ കുടുംബമായി നാട്ടിൻപുറത്തേക്കും പിക്നിക് സ്പോട്ടുകളിലേക്കും യാത്രയാകും...

ബുഡാപെസ്‌റ്റിലെ അംബരചുംബികളായ കെട്ടിടങ്ങൾ ഏറെ പ്രശസ്തമാണ്. ഡാന്യുബ് നദിയിലൂടെയുള്ള തോണിയാത്രയാണ് ആ കാഴ്ച ആസ്വദിക്കാനുള്ള നല്ല മാർഗം. പാർലമെന്റ് മന്ദിരവും ഒരു കൂട്ടം ബസിലിക്കകളും പഴയകാല പ്രൗഢിയോടെ നിലനിൽക്കുന്നതും നദീയാത്രയിൽ കാണാം.

ബുഡാപെസ്‌റ്റ്:സ്പാകളുടെ നഗരം

മ്യൂസിയം, ചൂടുനീരുറവകൾ, തോണിയാത്ര, ഭക്ഷണയാത്ര തുടങ്ങി പലതിനും അവസരങ്ങളുള്ളതിനാലാണ് രാജ്യാന്തര സഞ്ചാരകേന്ദ്രങ്ങളിൽ ബുഡാപെസ്റ്റിനു പ്രമുഖസ്ഥാനം ലഭിച്ചത്. ഈ നഗരത്തിന്റെ ചെല്ലപ്പേരുതന്നെ സിറ്റി ഓഫ് സ്പാസ് എന്നാണ്. 118 ചൂടു നീരുറവകളുള്ള ഒരു സ്ഥലത്തെ വേറെന്തു വിളിക്കും? ലോകപ്രശസ്തമായ ഗലീറത്ത് ഹോട്ടലിൽ പ്രവർത്തിക്കുന്ന ഗലീറത്ത് ബാത്ത് ചൂടു നീരുറവകൾക്കുള്ള ഔഷധഗുണം പ്രയോജനപ്പെടുത്താനാകും വിധം പ്രവർത്തിക്കുന്ന ഒരു ഡസൻ സ്പാകളിൽ ഒന്നു മാത്രമാണ്.

ധാതു സമ്പുഷ്ടമായ ഒട്ടേറെ ചൂടുനീരുറവകളുള്ള ബുഡാപെസ്‌റ്റിലെ ആവിക്കുളിയുടെ ചരിത്രത്തിന് റോമൻ കാലഘട്ടത്തോളം പഴക്കമുണ്ട്. ഇപ്പോൾ നഗരത്തിൽ ഒട്ടോമൻ തുർക്കികളുടെ ഹമാമുകളും ഹാബ്സ്ബെർഗ് കാലഘട്ടത്തിലെ അലങ്കരിച്ച കെട്ടിടങ്ങളുടെ ഉള്ളിലുള്ളവയും ഉൾപ്പടെ ഒൻപത് ആവിക്കുളി കേന്ദ്രങ്ങളാണുള്ളത്. ഞാൻ ഇവിടെ സന്ദർശിച്ചപ്പോഴൊക്കെ ഒരു തവണയെങ്കിലും ഈ അദ്ഭുത ഔഷധജലത്തിൽ കുളിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

 ഈ മനോഹരനഗരവുമായി എന്റെ കൂടിക്കാഴ്ചകളൊക്കെ ഓർത്തിരിക്കാൻ ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാരണമുണ്ട്–റൂയിൻ പബ്ബുകൾ. എന്നെ വീണ്ടും വീണ്ടും ഇവിടേക്കു വരാൻ പ്രേരിപ്പിക്കുന്നതുപോലും ഇതാണോ?

ഏറെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് റൂയിന്‍ പബ് എന്ന പേര്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളിലെ താൽക്കാലിക സംവിധാനങ്ങളിൽ ഇരുന്നോ നിന്നോ വിലകുറഞ്ഞ മദ്യത്തിനുവേണ്ടി തടിച്ചുകൂടിയ മനുഷ്യരുടെ ചിത്രമാകും ആ പേര് മനസ്സിൽ സൃഷ്ടിക്കുക. പക്ഷേ, ഒരു തവണ റൂയിൻ പബ് സ്വയം അനുഭവിച്ചാൽ മനസ്സിലാകും എന്താണ് അതിന്റെ വിജയത്തിനു പിന്നിലെന്ന്. റൂയിൻ ബാറിലേക്കു വരുന്നവരുടെ എണ്ണം കണ്ടാൽ തല പെരുക്കും, എന്നാൽ അവിടെന്തോ വലിയ സംഭവമുണ്ടെന്നു സൂചിപ്പിക്കുന്ന ഒന്നുമില്ല താനും. പഴമയുടെ മണവും കലാപരമായ ഊർജവും നിറയുന്ന അന്തരീക്ഷമാണ് അവിടേക്ക് ആളുകളെ ആകർഷിക്കുന്നതെന്നാണ് എന്റെ തോന്നൽ. അൽപം പാലിങ്ക അല്ലെങ്കിൽ എണ്ണമറ്റ ഹംഗേറിയൻ വൈനുകളിൽ ഏതെങ്കിലുമൊന്ന് കഴിക്കണമെങ്കിൽ ആദ്യം മനസ്സിലെത്തുന്നത് സ്ഥലം റൂയിൻ പബ്സ് ആയിരിക്കും. ഞാൻ ഒരുപാട് സമയവും ഒട്ടേറെ യൂറോയും ഈ ‘മാളങ്ങളിൽ’ പലതിലും ചെലവാക്കിയിട്ടുണ്ട്.പാലിങ്ക എന്റെ പ്രിയപ്പെട്ട പാനീയമാണെങ്കിലും റൂയിൻ പബുകളുടെ ചുവരുകളിൽനിന്നും മേൽക്കൂരകളിൽനിന്നും തൂങ്ങിക്കിടക്കുന്ന മൃഗങ്ങളുടെയും തിമിംഗലങ്ങളുടെയും പല്ലുകളുടെയുമൊക്കെ വമ്പൻ ആഡംബര ശിൽപങ്ങൾ എന്റെ കണ്ണിൽ പെടാതെ പോയിട്ടില്ല. സിംപ്ലയിലെ ഒരു രാത്രി പ്രത്യേകിച്ച് എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു, അവിടത്തെ സർഗാത്മകമായ ഊർജത്തിനൊപ്പം എന്റെ കലാഭിരുചികൾക്ക് ഏറെ ഇണങ്ങുന്ന അന്തരീക്ഷവും എനിക്ക് ഇഷ്ടമാണ്.

റൂയിൻ പബിന്റെ ചരിത്രം വ്യക്തമാണ്; ജൂതൻമാരുടെ ഘെട്ടോകൾക്കു സമീപമായിരുന്നു ബാറുകൾ കേന്ദ്രകരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് പലതരത്തിൽ നശിപ്പിക്കപ്പെട്ട ഈ പ്രദേശങ്ങൾ പിന്നീട് ദശകങ്ങളോളം ആ അവസ്ഥയിൽ തുടർന്നു. റിയൽ എസ്‌റ്റേറ്റ് ഭീഷണികളെ അതിജീവിച്ച റൂയിൻ പബ് ഇന്ന് നഗരഭൂപടത്തിലെ ഒരു പ്രധാന അടയാളമായി തുടരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ മദ്യം നുണയാൻ ഇവിടേക്ക് എത്തിച്ചേരുന്നു...

ബുഡാപെസ്റ്റിലെ കാഴ്ചകൾ; ഹീറോസ് സ്ക്വയർ

budapest 5

മധ്യേഷ്യയിൽനിന്നു കാർപാത്യൻ നദീതടങ്ങളിലേക്കു ഹംഗേറിയൻ ജനങ്ങളെ നയിച്ച ഏഴു മഗ്യാറുകളുടെ ശിൽപം സ്ഥാപിച്ചിരിക്കുന്ന ഇടമാണ് ഹീറോസ് സ്ക്വയർ. അവരുടെ മധ്യത്തിൽ ഉയർന്നു നിൽക്കുന്ന സ്തംഭത്തിൽ, ഹംഗേറിയൻ കിരീടവുമായി ആർക്ഏഞ്ജൽ ഗബ്രിയേൽ. ഈ ശിൽപത്തിന് ഇരുവശവുമായി സമാനമായ തൂണുകളുടെ നിരകളിൽ വിവിധ ഹംഗേറിയൻ ചരിത്രപുരുഷൻമാരുടെ ശിൽപങ്ങൾ. ചത്വരത്തിന് ഇരുവശത്തുമായി കാണുന്ന കെട്ടിടങ്ങൾ ആർട് ഗാലറികളാണ്. പലപ്പോഴും ചത്വരത്തിന്റെ സമീപത്ത് ഗതാഗതം കുത്തഴിഞ്ഞ നിലയിലാകാം എന്നതിനാൽ പാത മുറിച്ചു കടക്കേണ്ടി വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

മാർഗരറ്റ് ദ്വീപ്

നഗരഹൃദയത്തിൽ പ്രകൃതിയുടെ വരദാനമാണ് മാർഗരറ്റ് ദ്വീപ്. ഡാന്യൂബ് നദിയിൽ വാഹനങ്ങൾ പ്രവേശിക്കാത്ത ഒരു തുരുത്ത്. മധ്യകാലഘട്ടത്തിൽ സന്യാസമഠങ്ങളുടെ ആസ്ഥാനമായിരുന്നു ഇവിടം, ഓട്ടോമൻ ഭരണകാലത്ത് സുൽത്താൻമാരുടെ ഹാരേമുകൾ (അന്തപ്പുര സ്ത്രീകളുടെ താമസസ്ഥലം) ആക്കി മാറ്റി. ഇപ്പോൾ മനോഹരമായ ഉദ്യാനവും വമ്പൻ സികമൂർ വൃക്ഷങ്ങളുടെ പരിസരങ്ങളും നഗരവാസികൾ പ്രഭാത–സായാഹ്ന നടത്തത്തിന് ഉപയോഗിക്കുന്നു. ദ്വീപിലെ പ്രധാന കാഴ്ചകളിലൊന്ന് സദാസമയം ക്ലാസിക്കൽ സംഗീതത്തിനൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന സംഗീതജലധാരയാണ്.

ഡാന്യൂബ് പ്രൊമനേയ്ഡ്

budapest 4

എലിസബത്ത് പാലത്തിൽനിന്ന് ചെയിൻ പാലംവരെയുള്ള പ്രദേശം ഉല്ലാസത്തോടെ നടക്കാൻ പറ്റിയ സ്ഥലമാണ്. തലസ്ഥാനത്തെ പേരുകേട്ട പല കാഴ്ചകളിലേക്കുമുള്ള പാതകൂടിയാണ് ഈ ഭാഗം. നദിയുടെ ബുഡ ഭാഗത്തേക്കു നോക്കിയാൽ അവിടെ ബുഡ കോട്ട, ഗലേറത്ത് മലയിലെ സ്റ്റാച്യു ഓഫ് ലിബർടി ശിൽപം, ഫിഷർമാൻസ് ബാസ്റ്റിൻ തുടങ്ങിയ കാഴ്ചകൾ കാണാം. പ്രൊമനേഡ് ഭാഗത്ത് റസ്റ്ററന്റുകൾ, കഫേകൾ, സെഷ്നായി ഇസ്തുവാൻ സ്ക്വയർ, ലിറ്റിൽ പ്രിൻസസ് അടക്കം ഒട്ടേറെ ശിൽപങ്ങൾ എന്നിവയൊക്കെ കാണാം.

ഷൂസ് ഓൺ റിവർ ഡാന്യൂബ് എന്ന ശിൽപം കാണാൻ മറക്കരുത്. യുദ്ധക്കെടുതികളുടെ ഓർകളുണർത്തുന്ന ഈ ശിൽപം യുദ്ധകാലത്ത് വെടിവെച്ചു കൊന്ന് നദിയിലെറിഞ്ഞ 3500 പട്ടാളക്കാരുടെ സ്മൃതികുടീരംകൂടിയാണ്.

budapest 7

ഫിഷർമാൻസ് ബാസ്റ്റിൻ: കാഴ്ചയിൽ ഒരു മധ്യകാല കലാസൃഷ്ടിയായി തോന്നുമെങ്കിലും നിയോ ഗോഥിക് ശൈലിയിൽ 20–ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഫി‌ഷർമാൻസ് ബാസ്റ്റിൻ. ഡാന്യൂബ് നദിയുടെയും മാർഗരറ്റ് ദ്വീപിന്റെയും പെസ്‌റ്റ് ഭാഗത്തിന്റെയും വിശാലമായ കാഴ്ചയ്ക്കു സൗകര്യമൊരുക്കുന്നു ഈ നിർമിതി. സായാഹ്ന ശോഭയണിഞ്ഞു നിൽക്കുന്ന നഗരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യം ലഭിക്കുന്നത് ഇവിടെ നിന്നാണ്.

ഭക്ഷണങ്ങളുടെ നഗരം

budapest 2

ഗംഹറിയിലെ വിഭവങ്ങളെപ്പറ്റി ഒരു പുസ്തകം തന്നെ എഴുതാനുണ്ട്. ഭക്ഷണത്തിന്റെ ചരിത്രം തേടാൻ ഇഷ്ടമുള്ള ഫൂഡിയാണ് നിങ്ങളെങ്കിൽ ബുഡാപെസ്റ്റ് കാണാൻ മറക്കരുത്. ഫ്രൈഡ് ചീസ് ആയാലും പപ്രിക ആയാലും ഫിഷർമെൻസ് സൂപ്പ് ആയാലും എല്ലാം ഒരുപോലെ സ്വാദിഷ്ടമായി ലളിതമായ ഭക്ഷണതെരുവുകളിലും നക്ഷത്രഹോട്ടലുകളിലും വിളമ്പുന്നു. നിങ്ങൾ ഇഷ്ടപ്പെടുന്നത് എന്തായാലും നിരാശരാവേണ്ടി വരില്ല. സ്വാദിഷ്ടവും ഏറെ രുചിയുള്ളതുമാണ് തനത് ഹംഗേറിയൻ വിഭവങ്ങൾ, അദ്ഭുതമെന്നു പറയട്ടെ, അവ ഇന്നും ഹംഗേറിയൻ അതിർത്തിക്കപ്പുറം വളർന്നിട്ടില്ല (കൂടിവന്നാൽ ചെക് റിപബ്ലിക് വരെ മാത്രം). ഹംഗേറിയൻ പപ്രികയുടെ രുചിഭേദങ്ങൾ ആസ്വദിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. അധികം അലയാനോ പരീക്ഷണങ്ങൾക്കോ താൽപര്യമില്ലാത്ത ഫൂഡികൾക്ക് ബുഡാപെസ്റ്റിലെ ഫൂഡ് മാൾ സന്ദർശിക്കാം. ഒരുപാട് അലഞ്ഞു നടക്കാതെ വൈവിധ്യമേറിയ വിഭവങ്ങൾ പരീക്ഷിക്കാം. ഹംഗറിയിൽ പൊതുവെ പ്രിയങ്കരമായ ചില വിഭവങ്ങൾ ഇതാ–

ഗുലാഷ്

ദേശീയഭക്ഷണം എന്നു ഗുലാഷിനെ വിശേഷിപ്പിക്കാം. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗുലാഷ് വീട്ടിലെ സ്ഥിരം വിഭവങ്ങളിൽ ഒന്നായി മാറി. ഹംഗേറിയൻ പപ്രിക (കുരുമുളക് മസാല) നന്നായിട്ടുണ്ടെങ്കിലേ ഗുലാഷ് പാകം ചെയ്യാനാവൂ. പപ്രികയും പച്ചക്കറിയും നിറച്ച ബീഫ് സ്റ്റ്യൂ എന്ന് ഒറ്റവാചകത്തിൽ ഗുലാഷിനെ വിശേഷിപ്പിക്കാം. ബ്രഡ് ബൗളിൽ വിളമ്പുന്നത് ഇതിന്റെ ആകർഷണീയത വർധിപ്പിക്കും. ചിക്കനോ നിങ്ങൾക്കു പ്രിയപ്പെട്ട മറ്റേതെങ്കിലും മാംസമോ ഉപയോഗിച്ചും ഗുലാഷ് തയാറാക്കാവുന്നതാണ്.

ചിമ്മിനി കേക്ക്

പേരു സൂചിപ്പിക്കുന്നതുപോലെ കാഴ്ചയിൽ ഇതിനു ചിമ്മിനിയുമായി സാദൃശ്യം തോന്നും. എന്നാൽ ഇതിന്റെ രുചി വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല. ചെക്ക് റിപബ്ലിക്കിൽ പോയിട്ടുള്ളവർക്ക് ചിമ്മിനി കേക്ക് പരിചിതമായിരിക്കും. പക്ഷേ, അതൊരു ചെക് വിഭവമല്ല. ബുഡാപെസ്റ്റിലെ മധുരമുള്ള വിഭവങ്ങളിൽ ഏറ്റവും നല്ലത് ഇതുതന്നെ. റിബൺ പോലുള്ള ഡോനട്ട് ഒരു തണ്ടിൽ ചുറ്റി എടുക്കുന്നു, അതിനുള്ളിൽ ന്യൂട്ടലയോ ഐസ് ക്രീമോ ചോക്കളേറ്റോ നിറച്ച് പഞ്ചസാര പുറമേ പൂശിയെടുത്താൽ കേക്ക് റഡി.

സ്റ്റഫ്ഡ് കാബേജ്

കിഴക്കൻ യൂറോപ്പിലെങ്ങും പ്രിയങ്കരമായ ഒരു വിഭവമാണിത്, എന്നാൽ ഹംഗറിയിൽ ഇതിനൊരു പ്രത്യേക സ്ഥാനമുണ്ട്. മഗ്യാർ ഗോത്രങ്ങളിൽനിന്നു രൂപപ്പെട്ടതാണ് ഈ വിഭവം എന്നാണ് വിശ്വസിക്കുന്നത്. നന്നായി വേവിച്ച ഇറച്ചിയോ ചോറോ മുള്ളുള്ള കാബേജിലകളിൽ പൊതിഞ്ഞെടുക്കുന്നതാണ് ഇന്നത്തെ സ്റ്റഫ്ഡ് കാബേജ്. സോർ ക്രീം അനുസാരിയാക്കി ഇതൊന്നു കഴിച്ചു നോക്കൂ...

പാലിങ്ക

വളരെ പെട്ടന്നു നിങ്ങളുടെ സമനില തെറ്റിക്കാൻ പോന്ന ഒരു ഫ്രൂട് ബ്രാൻഡിയാണ് ഈ പാനീയം. ഹംഗറിയിലെ ദേശീയ പാനീയം... ഇതു വീര്യമുള്ളതുമാണ്. വീടുകളിൽ ഉണ്ടാക്കുന്നവ 80–90% ആൽകഹോൾ അടങ്ങുന്നവയാണെന്നു പറയപ്പെടുന്നു, എന്നാൽ വാണിജ്യപരമായി നിർമിക്കുന്ന വീര്യം കുറച്ച പാലിങ്ക 40% ആൽകഹോൾ അടങ്ങുന്നതാണ്. പാലിങ്ക എടുത്തു പറഞ്ഞെങ്കിലും ബുഡാപെസ്‌റ്റിൽ വൈനുകൾക്കും പാനീയങ്ങൾക്കും ഒട്ടേറെ വൈവിധ്യമുണ്ട്. ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം.

കുതിരക്കഥ

2004 ൽ ഒരു കുതിര എന്നെ അതിന്റെ പുറത്തുനിന്ന് കുടഞ്ഞെറിഞ്ഞപ്പോൾ മുതൽ കുതിരകളുമായിട്ടുള്ള എന്റെ ബന്ധം ഇണക്കവും പിണക്കവും നിറഞ്ഞതാണ്. അതിന് ഒരു മാറ്റമുണ്ടാകുന്നത് ബുഡാപെസ്‌റ്റിൽനിന്ന് 35 കി മീ മാറി ഗൊഡോളയിലെ ബരോക്കി ടാണിൽ വച്ചാണ്. മനോഹരമായ ഭൂഭാഗങ്ങളിലൂടെ ഡ്രൈവ് ചെയ്താണ് അവിടെത്തുന്നത്, അപ്പോൾ ഞാനൊരു കുതിരപ്പുറത്തു സഞ്ചരിക്കുന്നതായിട്ടായിരുന്നു മനസ്സിൽ.

budapest 3

ലോക ചാംപ്യൻമാരായ വിൽമോസ് ലാസറിന്റെയും സോൾടാൻ ലാസറിന്റെയും ഉടമസ്ഥതയിലുള്ള ലാസേഴ്സ് ഇക്വസ്ട്രിയൻ പാർക്കിൽ എത്തിയപ്പോൾ കുതിരകളുടെ സ്വർഗത്തിൽ എത്തിച്ചേർന്നതുപോലെ തോന്നി. തദ്ദേശിയരും വിദേശീയരുമായി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന ഡെസ്റ്റിനേഷനാണ് ലാസേഴ്സ്. ഒന്നാന്തരം ലിപിസൻ കുതിരകളുടെ പ്രദർശനവും പ്രഗത്ഭരായ കുതിരയോട്ടക്കാരുടെ പ്രകടനവും പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ കാണാൻ സാധിക്കും ഇവിടെ.

പാർക്കിൽ എത്തിച്ചേർന്നപ്പോൾ പീർ പാലിങ്കയും കേക്കും നൽകി സ്വീകരിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യതലവൻമാർ ഉൾപ്പടെയുള്ള പ്രശസ്തവ്യക്തികൾ അടങ്ങുന്ന വമ്പൻ അത്താഴവിരുന്നുകൾക്കു വേദിയായിട്ടുള്ള സ്ഥലമാണ് ലാസേഴ്സ് ഇക്വസ്ട്രിയൻ പാർക്. പശു, പന്നി, ആട്, പോണി, നായ, ടർക്കി തുടങ്ങി ഒട്ടേറെ മൃഗങ്ങളെ പരിപാലിക്കുന്ന ഫാമിലെ കാഴ്ചയായിരുന്നു അടുത്ത ഇനം.

കുതിരകളുടെ അഭ്യാസപ്രകടനം ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു. ഇന്നലെകളിലെ ഹംഗേറിയൻ കുതിരപ്പടയാളികളുടെ വേഷത്തിലെത്തിയ അശ്വാഭ്യാസികൾ‌ ഒന്നാന്തരം പ്രാഗത്ഭ്യമുള്ളവർ ആയിരുന്നു. അവർ കുതിരകളുടെ വിഭാഗങ്ങളെ പ്രതിനിധീകരിക്കുകയും വംശചരിത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഹംഗറിയുടെ ചരിത്രത്തിൽ ഈ മൃഗങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്നും ഈ പ്രകടനത്തിലൂടെ പറഞ്ഞു തരുന്നു. കുതിരപ്പുറത്തിരുന്നുള്ള അമ്പെയ്ത്ത്, കുന്തമേറ്, ചാട്ട വീശൽ തുടങ്ങിയ പ്രകടനങ്ങളും ആകർഷകമായിരുന്നു. പ്രകടനങ്ങൾക്കൊപ്പം നടക്കുന്ന വിവരണം ശ്രദ്ധിക്കാൻ സാധിച്ചാൽ, ഗുലാഷ് സൂപ്പ് എന്ന പദം രൂപപ്പെട്ടതിനെക്കുറിച്ചുൾപ്പടെ, പലതും മനസ്സിലാക്കാനാകും. കുതിച്ചു പായുന്ന രണ്ടു കറുത്ത കുതിരകളുടെ മുകളിൽ നിൽക്കുന്ന ഒരാൾ മൂന്നാമതൊരു കുതിരയെ അനായാസം നിയന്ത്രിക്കുന്ന കാഴ്ചയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. എന്നാൽ പ്രകടനത്തിനു വിരമാമിടുന്ന കഴുതതമാശ വരുമ്പോള്‍ നമ്മളും ശ്രദ്ധിച്ചിരിക്കണം!

Tags:
  • Manorama Traveller