ചേർത്തു നിർത്തുന്ന സ്നേഹം. അതേ സ്നേഹം ചേർത്തു വിളമ്പുന്ന അസാധ്യരുചികൾ. മിസ്സിസ് കെ. എം. മാത്യുവിന്റെ മുഖമുദ്രയായിരുന്നു ഇതു രണ്ടും. സ്നേഹമുള്ളവർക്കും വീട്ടിൽ വരുന്ന അതിഥികൾക്കും എല്ലാം അന്നമ്മക്കൊച്ചമ്മയുടെ രുചിപ്പൊതികൾ കിട്ടിയിട്ടുണ്ട്.
തമിഴ്നാടൻ സ്പെഷൽ ബട്ടർ മുറുക്കും നാവിൽ അലിയുന്ന കറുത്ത ഹൽവയും അവൽ നനച്ചതും തുടങ്ങി കരുകരുപ്പുള്ള ചിറോട്ടയും കോട്ടയത്തിന്റെ തനതു രുചിയോടെ അവലോസുണ്ടയും വരെ അതീവ രുചികരമായ പലഹാരങ്ങൾ നിറച്ച പൊതികൾ. ഇവ ഓരോന്നും കവറുകളിലും കാർഡ്ബോർഡ് പെട്ടികളിലുമാക്കി കളർപേപ്പർ കൊണ്ടു പൊതിഞ്ഞു സമ്മാനപ്പൊതിയാക്കും.
അന്നമ്മക്കൊച്ചമ്മയുടെ നൂറാം ജന്മദിന ഓർമകളിലൂടെ ഈ വർഷം കടന്നുപോകുമ്പോൾ വനിതയുടെ വാർഷികപ്പതിപ്പിൽ ആ സ്നേഹരുചികൾ പങ്കുവയ്്ക്കുന്നു.ഒപ്പം അന്നമ്മക്കൊച്ചമ്മയുടെ സ്നേഹം പ കർന്ന രുചിയോർമകളുമായി പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടി.
മറക്കില്ല ആ രുചി... പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടി
മിസ്സിസ് കെ. എം. മാത്യുവിന്റെ പലഹാരപ്പൊതികൾ മറക്കാനാകില്ല. ഓരോ വിഭവവും പൊതിഞ്ഞു തരുന്നതു കണ്ടാൽ തന്നെ അറിയാം, അതിൽ എത്ര മാത്രം സ്നേഹം നിറച്ചിട്ടുണ്ടെന്ന്. ആ പലഹാരങ്ങളുടെ രുചിയും ഗംഭീരമായിരുന്നു. എന്റെ മുത്തശ്ശിയും ഇത്തരം പലഹാരപ്പൊതികൾ തന്നയയ്ക്കുമായിരുന്നു. ഒരിക്കൽ മിസ്സിസ് കെ. എം. മാത്യു ഞങ്ങളുടെ പക്കൽ നിന്നു കഴിച്ച ചട്നി സ്റ്റഫ് ചെയ്ത കാരറ്റിന്റെയും പൈനാപ്പിൾ ഇലയടയുടെയും പാചകക്കുറിപ്പ് ചോദിച്ചത് ഒരു അംഗീകാരമായി കാണുന്നു. മിസ്സിസ് കെ. എം. മാത്യുവിന്റെ വഴുതനങ്ങ അച്ചാറായിരുന്നു എന്റെ ഫേവറിറ്റ്.
>> കേക്ക് ബോള്‍സ്
1. ടീ കേക്ക്/ സ്പഞ്ച് കേക്ക് പൊടിച്ചത് – രണ്ടു കപ്പ്
ഗ്ലൂക്കോസ് ബിസ്ക്കറ്റ് പൊടിച്ചത് – അരക്കപ്പ്
2. വെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് – നാലു ചെറിയ സ്പൂണ്‍
ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – അര ചെറിയ സ്പൂണ്‍
നാരങ്ങാനീര് – അര ചെറിയ സ്പൂണ്‍
3. കശുവണ്ടിപ്പരിപ്പു ചെറുതായി നുറുക്കി നെയ്യില്‍ മൂപ്പിച്ചത് – കാല്‍ കപ്പ്
പാകം െചയ്യുന്ന വിധം
∙ വലിയ കണ്ണുള്ള അരിപ്പയില്‍ കേക്കു പൊടിച്ചതും ബിസ്ക്കറ്റ് പൊടിച്ചതും ഇടഞ്ഞു വയ്ക്കുക.
∙ ഇതില്‍ കാല്‍ കപ്പ് മാറ്റി വച്ച ശേഷം ബാക്കി പൊടിയും രണ്ടാമത്തെ ചേരുവയും ചേർത്തു മയപ്പെടുത്തി മെല്ലേ യോജിപ്പിക്കണം.
∙ ഇതില്‍ കശുവണ്ടിപ്പരിപ്പും ചേര്‍ത്തു ചെറിയ ഉരുളകളാക്കി മാറ്റി വച്ച പൊടിയില്‍ ഉരുട്ടിയെടുക്കാം.
>> കറുത്ത ഹൽവ
1. മൈദ – അരക്കിലോ
2. വെള്ളം – പാകത്തിന്
3. ശർക്കര – രണ്ടു കിലോ
4. തേങ്ങ – മൂന്ന്
5. നെയ്യ് – 350 ഗ്രാം
6. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്
7. ഏലയ്ക്കാപ്പൊടി – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മൈദ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക. ഏകദേശം മൂന്നു ലീറ്റർ വെള്ളം അൽപാൽപം വീതം കുഴച്ച മാവിൽ ഒഴിച്ചു ഞെരടണം. പാലു പോലെയാക്കി അതു മാറ്റി വയ്ക്കുക. വീണ്ടും വെള്ളമൊഴിച്ചു കലക്കി പാൽ എടുക്കുക. ഇങ്ങനെ രണ്ടു–മൂന്നു തവണ ചെയ്ത് ഏറ്റവും ഒടുവിൽ വരുന്ന പിശിട് കളയണം. ഊറ്റിയ പാൽ ഒരു മണിക്കൂർ വച്ച് തെളി ഊറ്റിക്കളയുക. മട്ട് മാത്രം എടുത്തു വയ്ക്കുക.
∙ ശർക്കര ഒന്നര ലീറ്റർ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കണം. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നര ലീറ്റർ പാലെടുത്തു വയ്ക്കുക.
∙ തയാറാക്കിയ മൈദയിൽ ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ച് ചുവടുകട്ടിയുള്ള ഉരുളിയിൽ ഒഴിക്കണം. ഇതു നല്ല തീയിൽ തുടരെയിളക്കി കുറുക്കണം. അടിയിൽ പിടിക്കാതിരിക്കാൻ കുറേശ്ശെ നെയ്യൊഴിച്ചു കൊടുക്കാം. ഏകദേശം ഹൽവയുടെ പരുവമാകുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർത്തിളക്കണം.
∙ സ്പൂണിൽ എടുത്താൽ ഉരുളുന്ന പരുവത്തിൽ ഹൽവവ മുറുകുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക. നെയ്യ് പുരട്ടിയ പാത്രത്തിൽ ചൂടോടെ ഒഴിച്ചു നിരത്തി അൽപം കശുവണ്ടിപ്പരിപ്പ് മുകളിൽ വിതറണം. ചൂടാറിയ ശേഷം ഹൽവ കഷണങ്ങളാക്കി ഉപയോഗിക്കാം.
∙ ഹൽവയ്ക്കു കൂടുതൽ കറുപ്പുനിറം വേണമെങ്കിൽ 50 ഗ്രാം പഞ്ചസാര കറുപ്പുനിറത്തിൽ കാരമലാക്കി മൈദമിശ്രിതത്തിൽ ചേർക്കാം.
>> സേവറി ചിറോട്ട
1. മൈദ – അരക്കിലോ
2. വറ്റൽമുളക് – അഞ്ച്, തരുതരുപ്പായി പൊടിച്ചത്
കുരുമുളക് – ഒരു ചെറിയ സ്പൂൺ
എള്ള് – ഒരു ചെറിയ സ്പൂൺ
ജീരകം– ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു ചെറിയ സ്പൂൺ
3. വനസ്പതി – രണ്ടു വലിയ സ്പൂൺ
വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
4. വനസ്പതി ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ
5. പുട്ടുപൊടി – മൂന്നു വലിയ സ്പൂൺ
6. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ മൈദയിൽ രണ്ടാമത്തെ ചേരുവയും വനസ്പതിയും ഉ പ്പും വെള്ളവും ചേർത്തു കുഴച്ചു ചപ്പാത്തിയുടെ മാവി ന്റെ പരുവത്തിലാക്കണം.
∙ ഇത് എട്ട് ഉരുളകളാക്കി ഓരോന്നും കനം കുറച്ചു ചപ്പാത്തി പോലെ വൃത്താകൃതിയിൽ പരത്തുക.
∙ ഓരോ ചപ്പാത്തിയുടെയും മുകളിൽ ഉരുക്കിയ വനസ്പതി അൽപം പുരട്ടിയ ശേഷം അൽപം അരിപ്പൊടി വിതറി മുകളിൽ വേറൊരു ചപ്പാത്തി വയ്ക്കുക.
∙ ഒന്നിനു മുകളിൽ ഒന്നായി വച്ചിരിക്കുന്ന രണ്ടു ചപ്പാത്തിയും ചേർത്തു പായ ചുരുട്ടുന്നതു പോലെ ചുരുട്ടിയെടുക്കണം. ചുരുട്ടി വച്ചിരിക്കുന്ന ഓരോന്നും എടുത്തു കാൽ ഇഞ്ചു കനത്തിൽ മുറിച്ചു വയ്ക്കുക.
∙ ഇനി മുറിച്ചെടുത്ത രണ്ടു കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി വച്ച് അധികം ബലം കൊടുക്കാതെ പരത്തണം.
∙ ഇതു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.
>> ആപ്പിള്‍ ബര്‍ഫി
1. ആപ്പിള്‍ തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്
പഞ്ചസാര – നാലു കപ്പ്
2. പച്ച ഫൂഡ് കളര്‍ – ഒരു തുള്ളി
പാല്‍ – രണ്ടു ചെറിയ സ്പൂണ്‍
3. ഇഞ്ചി അരച്ചു വെള്ളം ചേര്‍ക്കാതെ നീരെടുത്തത് – നാലു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂണ്‍
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തിരുമ്മി യോജിപ്പിച്ച ശേഷം ചുവടുകട്ടിയുള്ള ചീനച്ചട്ടിയിലാക്കി അടുപ്പത്തു വച്ചു തുടരെയിളക്കുക. ഇതിലേക്കു പച്ച ഫൂഡ് കളര്‍ പാലില്‍ കലക്കിയതു ചേര്‍ക്കണം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്തിളക്കി ഒട്ടുന്ന പരുവത്തിനു വാങ്ങുക.
∙ ഇതു മയം പുരട്ടിയ മാര്‍ബിളില്‍ നിരത്തി ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുക്കാം.
>> ഇറച്ചി സമോസ
1. മൈദ – രണ്ടു കപ്പ്
ഉപ്പ്, വെള്ളം – പാകത്തിന്
2. വനസ്പതി – ആറു ചെറിയ സ്പൂൺ
3. എണ്ണ – കാൽ കപ്പ്
4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
6. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
7. ഇറച്ചി മിൻസ് ചെയ്തത് – അരക്കിലോ
8. വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
9. ഏലയ്ക്ക – ആറ്
ഗ്രാമ്പൂ – എട്ട്
കറുവാപ്പട്ട – രണ്ടു കഷണം
ജാതിക്ക – ഒന്നിന്റെ കാൽ ഭാഗം
10. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
11. മല്ലിയിലയും പുതിനയിലയും പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ വീതം
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ചു വയ്ക്കുക. ഇതു നെല്ലിക്കാ വലുപ്പത്തിൽ ഉരുളകളാക്കി കനം കുറച്ചു പരത്തണം.
∙ ഒരു ചപ്പാത്തിയുടെ മുകളിൽ വനസ്പതി ഉരുക്കിയതു പുരട്ടിയ ശേഷം മറ്റൊരു ചപ്പാത്തി വച്ച് അധികം ബലം കൊടുക്കാതെ തിരിച്ചും മറിച്ചുമിട്ടു പരത്തണം. ഇത് ചൂടായ ദോശക്കല്ലിൽ ഇട്ട് ഇരുവശവും വാട്ടിയെടുക്കണം.
∙ ഇതു രണ്ടായി അടർത്തിയ ശേഷം ഓരോ ചപ്പാത്തിയും നാലായി മുറിക്കണം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റുക. സവാള ചേർത്തു വഴറ്റിയ ശേഷം ഇറച്ചി ചേർത്തു കട്ടകെട്ടാതെ ഇളക്കണം. ഇതിൽ വിനാഗിരിയും ഉപ്പും ചേർത്ത് ഒൻപതാമത്തെ ചേരുവ പൊടിച്ചതും കുരുമുളകുപൊടിയും ചേർത്തിളക്കുക. വെള്ളം ചേർക്കാതെ ചെറുതീയിൽ വേവിച്ചു കട്ട കെട്ടാതെ ഉടച്ചു വയ്ക്കുക. അടുപ്പിൽ നിന്നു വാങ്ങി, മല്ലിയിലയും പുതിനയിലയും ചേർത്തു യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.
∙ രണ്ടു ചെറിയ സ്പൂൺ മൈദ അൽപം ചൂടുവെള്ളം ചേ ർത്തു കുറുകെ ഇളക്കുക. നാലായി മുറിച്ച ചപ്പാത്തിയുടെ ഒരു വശത്ത് അൽപം മൈദ കുഴച്ചതു പുരട്ടി കുമ്പിളാക്കി തയാറാക്കിയ ഫില്ലിങ് ഉള്ളിൽ നിറയ്ക്കുക.
∙ അൽപം മൈദ കുഴച്ചതു കൊണ്ട് ഒട്ടിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരാം
>> പക്കാവട
1. വറ്റൽമുളക് – 10
കായംപൊടി – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. കടലമാവ് – ഒരു കപ്പ്
അപ്പപ്പൊടി – ഒന്നരക്കപ്പ്
ഉഴുന്നു വറുത്തു പൊടിച്ചത് – അരക്കപ്പ്
3. വനസ്പതി – ഒരു വലിയ സ്പൂൺ
4. വെള്ളം – രണ്ടരക്കപ്പ്
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് കുറേശ്ശെ വനസ്പതി ചേർത്ത് പുട്ടിന്റെ പൊടി നനയ്ക്കും പോലെ നനയ്ക്കണം. രണ്ടരക്കപ്പു വെള്ളം തിളപ്പിച്ച് അതിൽ അരച്ച മസാല ചേർക്കുക. ഇത് ഒന്ന് അരിച്ച ശേഷം മാവിൽ ചേർത്തിളക്കുക.
∙ ചൂടാറിയ ശേഷം കൈ കൊണ്ടു നല്ല മയത്തിൽ കുഴയ്ക്കണം. ആവശ്യമെങ്കിൽ അൽപം ചൂടുവെള്ളം കൂടി ചേർക്കാം. ഇത് ഉരുട്ടി പക്കാവടയുടെ ചില്ലിട്ട സേവനാഴിയിലാക്കി ചൂടായ എണ്ണയിലേക്കു പിഴിയുക. കരുകരുപ്പോടെ വറുത്തു കോരാം.
>> മാക്റൂൺസ്
1. മുട്ടവെള്ള – രണ്ടു മുട്ടയുടേത്
2. പഞ്ചസാര – അരക്കപ്പ്
3. വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
4. കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ മുട്ടവെള്ള നന്നായി അടിച്ച ശേഷം അതിൽ പഞ്ചസാര അൽപാൽപം ചേർത്തടിക്കുക. ബലം വരുമ്പോൾ എ സ്സൻസ് ചേർത്ത ശേഷം കശുവണ്ടിപ്പരിപ്പു മെല്ലേ ചേർത്തിളക്കണം.
∙ ബേക്കിങ് ട്രേയിൽ മയം പുരട്ടി തയാറാക്കിയ മെറാങ് ഒരു ചെറിയ സ്പൂൺ വീതം ഒഴിക്കുക.
∙ ഇത് 1500 Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക.
∙ പിന്നീട് 1000C ലേക്കു ചൂടു കുറച്ച ശേഷം മുക്കാൽ മണിക്കൂർ–ഒരു മണിക്കൂർ മാക്റൂൺ ഉറച്ചു കരുകരുപ്പാകും വരെ ബേക്ക് ചെയ്യുക.
∙ ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
>> ബട്ടണ്‍ ചീട
1. മൈദ ആവി കയറ്റിയത് – നാലു കപ്പ്
പൊരികടല പൊടിച്ചത് – രണ്ടു കപ്പ്
ഉഴുന്നു വറുത്തു പൊടിച്ചത് – ഒരു കപ്പ്
2. വനസ്പതി – രണ്ടു വലിയ സ്പൂണ്‍
3. ഉപ്പ് – പാകത്തിന്
ജീരകം – ഒരു ചെറിയ സ്പൂണ്‍
എള്ള് – ഒരു ചെറിയ സ്പൂണ്‍
കായംപൊടി – ഒരു ചെറിയ സ്പൂണ്‍
4. എണ്ണ – വറുക്കാനാവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവയില്‍ വനസ്പതി ചേര്‍ത്തു തിരുമ്മി യോജിപ്പിക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു പാകത്തിനു വെള്ളം ചേര്‍ത്തു കുഴച്ചു ചപ്പാത്തിമാവിന്റെ പാകത്തിനാക്കുക.
∙ ഇതു ചെറിയ ഉരുളകളാക്കിയ ശേഷം വിരല്‍ കൊണ്ടമര്‍ത്തി ബട്ടണ്‍ ആകൃതിയിലാക്കുക.
∙ ചൂടായ എണ്ണയില്‍ വറുത്തു കോരാം.
∙ ഇതേ മാവു കൊണ്ടു തന്നെ മുറുക്കും ഉണ്ടാക്കാം. മുറുക്കിന്റെ ചില്ലിട്ട സേവനാഴിയിലാക്കി തിളച്ച എണ്ണയിലേക്കു പിഴിഞ്ഞാൽ മതിയാകും.
>> മുട്ട ബജി
1. കടലമാവ് – അരക്കപ്പ്
അരിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
2. വെള്ളം – പാകത്തിന്
3. വനസ്പതി ഉരുക്കിയത് – ഒരു ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍
പച്ചമുളകു പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
പെരുംജീരകം പൊടിച്ചത്
– അര ചെറിയ സ്പൂണ്‍
ഉണക്കമല്ലി മുഴുവനെ – രണ്ടു ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
5. മുട്ട ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
6. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ കടലമാവും അരിപ്പൊടിയും വലിയ കണ്ണുള്ള അരിപ്പയില്‍ ഇടഞ്ഞു വയ്ക്കണം.
∙ ഇതില്‍ വെള്ളം ചേര്‍ത്തു കുറുകെ കലക്കി വയ്ക്കുക.
∙ വനസ്പതിയും ചേര്‍ത്തു നന്നായി കലക്കിയ ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിക്കണം.
∙ ഇതിലേക്കു മുട്ട ചേര്‍ത്തു പൊടിഞ്ഞു പോകാതെ ഇളക്കുക.
∙ ചൂടായ എണ്ണയില്‍ ഓരോ ചെറിയ സ്പൂണ്‍ മാവു വീ തം കോരിയൊഴിച്ചു നന്നായി കരുകരുപ്പാകുമ്പോള്‍ കോരിയെടുക്കാം.
∙ ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.
>> റോക്കി നട്സ്
1. പഞ്ചസാര – അരക്കപ്പ്
വെള്ളം – ഒരു കപ്പ്
2. ഐസിങ് ഷുഗർ – 300 ഗ്രാം
കൊക്കോ പൗഡർ – എട്ടു ചെറിയ സ്പൂൺ
3. കണ്ടൻസ്ഡ് മിൽക്ക് – കാൽ ടിൻ
4. വെണ്ണ – ആറു ചെറിയ സ്പൂൺ
5. പാൽപ്പൊടി – ഒരു കപ്പ്
വനില എസ്സൻസ് – അര ചെറിയ സ്പൂൺ
6. ബേക്കിങ് പൗഡർ – രണ്ടു നുള്ള്
7. വോൾനട്ട്/കശുവണ്ടിപ്പരിപ്പ് വറുത്തത് – ഒരു കപ്പ്
പാകം െചയ്യുന്ന വിധം
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്തു ചെറുതീയിൽ വച്ച് ഉരുക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞെടുക്കണം.
∙ ഇതു പഞ്ചസാര ഉരുക്കിയതിൽ ചേർത്തിളക്കി കണ്ടൻസ്ഡ് മിൽക്കും ചേർത്ത് ഒട്ടിപ്പിടിക്കുന്ന പാകത്തിനു വാ ങ്ങണം.
∙ ഇതിൽ വെണ്ണ ചേർത്ത് അടിച്ച ശേഷം പാൽപ്പൊടിയും എസ്സൻസും ചേർത്ത് അടിച്ച്, ബേക്കിങ് പൗഡറും ചേ ർത്ത് അടിച്ചു പതപ്പിക്കണം.
∙ വെള്ളം തിളപ്പിച്ച്, അതിൽ കൊക്കോ മിശ്രിതം ഇറക്കി വയ്ക്കുക.
∙ വോൾനട്ട്/കശുവണ്ടിപ്പരിപ്പ് ഓരോന്നു വീതം കൊക്കോ മിശ്രിതത്തിൽ മുക്കി ഒരു സ്പൂൺ കൊണ്ടു കോരി മയം പുരട്ടിയ പാത്രത്തിൽ വച്ചു നിരത്തുക.
∙ ചോക്‌ലെറ്റ് സെറ്റായ ശേഷം ഇളക്കി വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.