Friday 06 October 2023 03:11 PM IST : By അമ്മു മാത്യു

ബഹുരസമാണ് ഈ അതിരസം; രുചിയോടെ കൊറിക്കാൻ സിമ്പിള്‍ സ്നാക്

athirasam ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി

1. പഞ്ചസാര – ഒരു കപ്പ്

വെള്ളം – അരക്കപ്പ്

2. ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്

ജാതിക്ക പൊടിച്ചത് – ഒരു നുള്ള്

3. ഗോതമ്പുപൊടി ഇടഞ്ഞത് – 250 ഗ്രാം

4. തേങ്ങാക്കൊത്ത് കനം കുറച്ചരിഞ്ഞു നെയ്യിൽ വറുത്തത് – ഒരു വലിയ സ്പൂൺ

എള്ള് – അര ചെറിയ സ്പൂൺ

5. വെളിച്ചെണ്ണ/നെയ്യ് – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ പഞ്ചസാര വെള്ളം ചേർത്ത് ഉരുക്കി ഒരു നൂൽ പരുവത്തിലാകുമ്പോൾ വാങ്ങി ഏലയ്ക്ക പൊടിച്ചതും ജാതിക്ക പൊടിച്ചതും ചേർത്തിളക്കണം.

∙ ഇതിലേക്കു ഗോതമ്പുപൊടി അൽപാൽപം വീതം ചേർത്തു കട്ടകെട്ടാതെ കുഴയ്ക്കണം. മാവ് ചപ്പാത്തിപ്പരുവത്തിൽ മൃദുവായി കുഴച്ച ശേഷം തേങ്ങാക്കൊത്തും എള്ളും ചേർത്തു വീണ്ടും കുഴയ്ക്കണം.

∙ ഇതിൽ നിന്നു നെല്ലിക്ക വലുപ്പമുള്ള ഉരുളകളെടുത്തു  കയ്യിൽ വച്ചു മെല്ലേ അമർത്തി പൂരിയുടെ കനത്തിൽ (ഒരിഞ്ചിന്റെ എട്ടിലൊന്ന്) ആക്കുക.

∙ തിളയ്ക്കുന്ന എണ്ണയിലിട്ടു ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക. ചൂടാറിയ ശേഷമേ ഇതു കരുകരുപ്പാകുകയുള്ളൂ. ചൂടാറിയ ശേഷം വായുകടക്കാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം. ഏകദേശം 80 അതിരസം ലഭിക്കും.

∙ ഉരുട്ടാൻ നേരം കയ്യിൽ അൽപം എണ്ണയോ നെയ്യോ പുരട്ടിയാൽ ഒട്ടിപ്പിടിക്കില്ല.

∙ പഞ്ചസാരയ്ക്കു പകരം ശർക്കരയും ഉപയോഗിക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks