Friday 24 August 2018 02:52 PM IST

കൊതിയൂറും അവൽ പ്രഥമനും പാലടയും

Merly M. Eldho

Chief Sub Editor

payasam-onam-special45 ഫോട്ടോ : സരുൺ മാത്യു

ഇത്തവണത്തെ ഓണത്തിന് പായസം സ്പെഷ്യലാകട്ടെ! കൊതിയൂറും അവൽ പ്രഥമൻ, പാലട പായസം എന്നിവ തയാറാക്കാം...

അവൽ പ്രഥമൻ

ചേരുവകൾ

1.    നെയ്യ് – രണ്ടു വലിയ സ്പൂൺ
2.    തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ
3.    കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 25 ഗ്രാം വീതം
     എള്ള് – കാൽ ചെറിയ സ്പൂൺ
4.    ശർക്കര പൊടിച്ചത് – അരക്കപ്പ്
5.    അവൽ – മുക്കാല്‍ കപ്പ്
6.    തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാംപാൽ – ഒന്നരക്കപ്പ്
7.    ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ
     ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
     ചുക്കുപൊടി – കാൽ ചെറിയ സ്പൂൺ
8.    തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ ഒന്നാംപാൽ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙    ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തു ചേർത്തു വറുക്കുക.
∙    ഇളംബ്രൗൺ നിറമാകുമ്പോൾ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും എള്ളും ചേർത്തു വറുത്തു കോരി വയ്ക്കണം.
∙    ശർക്കര ഉരുക്കി അരിച്ചു വയ്ക്കുക.
∙    ബാക്കി നെയ്യിൽ അവൽ ചേർത്ത് ഒരു മിനിറ്റ് വറുക്കണം. ഇതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് അവൽ രണ്ടു മിനിറ്റ് വേവിക്കുക.
∙    അവല്‍ വെള്ളം മുഴുവൻ വലിച്ചെടുത്ത ശേഷം ശർക്കര ഉരുക്കിയതു ചേർത്തിളക്കി അഞ്ചു മിനിറ്റ് വരട്ടുക.
∙    നന്നായി വരണ്ട ശേഷം രണ്ടാംപാൽ ചേർത്ത് ഇടത്തരം തീയിൽ വച്ച് ഏഴ്–എട്ടു മിനിറ്റ് ഇളക്കി തിളപ്പിക്കണം.
∙    കുറുകി വരുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി പാകത്തിനു കുറുകുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കുക.
∙    മെല്ലെ ഇളക്കി തിള വന്നു തുടങ്ങുമ്പോൾ വാങ്ങി വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്ത്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, എള്ള് എന്നിവ ചേർത്തിളക്കി വിളമ്പാം.

പാലടപ്പായസം

ചേരുവകൾ

1.    പാൽ – രണ്ടു ലീറ്റർ
2.    പഞ്ചസാര – ഒരു കപ്പ്
3.    അരി അട – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙    ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക. ഇതിൽ പഞ്ചസാര ചേർത്തിളക്കി അലിഞ്ഞ ശേഷം അട കഴുകിയതും ചേർത്തിളക്കുക.
∙    ചെറുതീയിൽ വച്ചു 30–40 മിനിറ്റ് അട വേവിക്കണം.
∙    മറ്റൊരു പാനിൽ അൽപം പഞ്ചസാര കരിച്ച് വെള്ളം ചേ ർത്ത് അലിയിക്കുക. ഇങ്ങനെ കാരമലൈസ് ചെയ്ത പഞ്ചസാര പായസത്തിൽ ചേർത്തിളക്കുക.
∙    പായസം നന്നായി കുറുകി വരുമ്പോൾ വാങ്ങണം.

കടപ്പാട്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ലോറ എയർപോട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.