Thursday 23 May 2019 11:53 AM IST

ചിക്കൻ നല്ല സിക്സ് പാക്കും പെരുപ്പിച്ച് ചൂടോടെ പ്ലേറ്റിലേറി വരുന്നുണ്ട്; കേരളാ ഹോട്ടലിലെ രുചിപ്പെരുമ ഇതാ!

Tency Jacob

Sub Editor

kerala-hotel6666-tvm

തിരുവനന്തപുരത്തെ ആക്കുളം പ്രദേശം. സമയം രാത്രി പത്തുമണി. കേരളാ ഹോട്ടൽ എന്ന റസ്റ്ററന്റിലേക്ക് ഒരാൾ കയറിവന്നു ചോദിക്കുന്നു:

ചേട്ടാ എ കെ 47 ഉണ്ടോ?

എത്രയെണ്ണം വേണം?

രണ്ട്, അല്ലെങ്കിൽ നാലെണ്ണം എടുത്തോ.

കടലാസിൽ പൊതിഞ്ഞ് കൊണ്ടുവരുന്ന എകെ 47 കണ്ട് കണ്ണു മിഴിക്കേണ്ട. ഈ എ കെ 47 കേരള ഹോട്ടലിലെ നല്ല കോഴിക്കാല് പൊരിച്ചെടുത്തതിന്റെ പേരാണ്.

‘‘കസ്റ്റമേഴ്സാണ് ഇവിടെ രാജാക്കന്മാർ. അവരാണ് വിഭവങ്ങൾക്ക് പേരിടുന്നത്. മുഴുവൻ കോഴി പൊരിച്ചതിന്റെ പേര് സിക്സ് പാക്ക്, നല്ല മസാലയുള്ളത് കട്ടപ്പ, മസാല കുറഞ്ഞത് ബാഹുബലി, പിന്നെ ബാറ്റ് മാനുണ്ട്, കിടുക്കാച്ചിയുണ്ട്, നാടൻ കോഴിപെരട്ടുണ്ട്, പോത്ത് ഫ്രൈയുണ്ട്...’’ ഹോട്ടലുടമ മനോജ് പറയുന്നു.

‘‘ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് തുടങ്ങി രാത്രി പത്തര വരെയാണ് ഞങ്ങളുടെ ഹോട്ടലിന്റെ സമയം. ഉച്ചക്ക് ചോറിന്റെ കൂടെ 14 തരം കറികളുണ്ട്. കറികളൊക്കെ 70 രൂപക്ക് അൺലിമിറ്റഡാണ്. പക്ഷേ, കഴിക്കണം കേട്ടോ, കളയാൻ പാടില്ല. കപ്പയൊക്കെ ഇഷ്ടംപോലെ കഴിക്കാം. പിന്നെ, കലം ബിരിയാണി, കിഴി ബിരിയാണി, മുള ബിരിയാണി. ഞണ്ട്, കരിമീൻ, കൊഞ്ച്, കക്ക എന്നിങ്ങനെയുള്ള എല്ലാ സീഫുഡ് െഎറ്റംസും ഇവിടെ കിട്ടും. ഒരു പ്ലേറ്റിന് 50 രൂപ മാത്രം.

ഡിസ്കൗണ്ട് ചോദിച്ചു വാങ്ങാം

കെ എച്ച് എന്നൊരു ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്. അതിൽ അഞ്ചുലക്ഷത്തി മുപ്പതിനായിരം ഫോളോവേഴ്സുണ്ട്. അവരാണ് ഈ ഹോട്ടൽ വിജയിപ്പിക്കുന്നതിനു പിന്നിൽ. ആളുകൾക്ക് ഇഷ്ടപ്പെട്ട കുറേ സ്കീമുകളുണ്ട്. പാവങ്ങൾക്ക്, പട്ടാളക്കാർക്ക്, പ്രവാസികൾക്ക്, ഗർഭിണികൾക്ക്, സീനിയർ സിറ്റിസൺസിന്... ഇവർക്കെല്ലാം ഭക്ഷണം ഫ്രീയായി കഴിക്കാം. ഹോട്ടലിൽ വന്നാൽ പാട്ടു പാടുകയോ മിമിക്രിയവതരിപ്പിക്കുകയോ ചെയ്യാം, ഇഷ്ടമുള്ള ഭക്ഷണവും ഫ്രീയായി കഴിക്കാം.

1557995978531

സീരിയൽ സമയമായ രാത്രി ഏഴു മുതൽ ഒൻപതു വരെ സ്ത്രീകൾക്ക് പത്തു ശതമാനം ഡിസ്കൗണ്ട് ഉണ്ട്. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ സീനിയർ സിറ്റിസൺസിന് ഒരു ഹെൽതി സാലഡ് ഫ്രീയാണ്. അതു കഴിക്കാൻ വേണ്ടി മാത്രം പത്തു മുപ്പതുപേർ സ്ഥിരം വരും.

പുഞ്ചിരി മത്സരം, തീറ്റ മത്സരം ഒക്കെ ഗ്രൂപ്പിൽ സംഘടിപ്പിക്കും. ‘വിശപ്പിനോട് വിട’ എന്നൊരു പദ്ധതിയും കെ എച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ ചെയ്യുന്നുണ്ട്. ജില്ലയിലെ സർക്കാർ ഹോസ്പിറ്റലുകളിലും അഗതി മന്ദിരങ്ങളിലും പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്ന പദ്ധതിയാണിത്. ഓരോ ജില്ലയിലും ഇത് നടപ്പാക്കുന്നത് ഗ്രൂപ്പിലെ ആളുകൾ വഴിയാണ്.

വെറുമൊരു ഗ്രൂപ്പല്ല കെ എച്ച്. ഭക്ഷണം ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള സൗഹൃദത്തിന്റെ അന്തർധാര ഇവിടെ സജീവമാണ്. തേങ്ങ വേണമെങ്കിൽ തേങ്ങ, മരച്ചീനി വേണമെങ്കിൽ മരച്ചീനി, ജോലി വേണമെങ്കിൽ ജോലി, വിവാഹപരസ്യം വേണമെങ്കിൽ അത് എല്ലാം ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. ഉടനടി പരിഹാരം ഉറപ്പ്.

പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പത്തിൽ പൈസയില്ലാത്തതുകൊണ്ട് ഹോട്ടലിലെത്തിയാൽ പൊറോട്ടയും ചാറുമാണ് കഴിക്കുക. തൊട്ടടുത്തിരിക്കുന്നവൻ ബീഫ് ഫ്രൈ വെട്ടിവിഴുങ്ങുന്നത് ഒളികണ്ണിട്ട് നോക്കികൊണ്ടിരിക്കും. ഞങ്ങളുടെ  ഹോട്ടലിൽ ആരും അങ്ങനെയിരിക്കേണ്ട. കാശില്ലാത്തവർക്ക് ഇഷ്ടമുള്ളതു ഫ്രീയായി കഴിക്കാം. അല്ലെങ്കിൽ കയ്യിലുള്ള കാശു തന്നാൽ മതി. ലാഭമാണോന്ന് ചോദിച്ചാൽ, എല്ലാം ഡയറക്ട് പർച്ചേസായതുകൊണ്ട് നഷ്ടമില്ല. പുലർച്ചെ രണ്ടരയ്ക്ക് കൊല്ലത്തു പോയി വളളക്കാരിൽ നിന്ന് നേരിട്ടാണ് മീനെല്ലാം വാങ്ങുന്നത്. അമ്മയും അച്ഛനും കൂടി മസാലപ്പൊടികൾ തയാറാക്കി തരും. ഞങ്ങൾ നല്ല ഹാപ്പിയാണ്. പണത്തേക്കാൾ വലുതല്ലേ ആ സന്തോഷം?’’

സിക്സ് പാക്ക് മസ്റ്റാ...

ചിക്കൻ നല്ല സിക്സ് പാക്കും പെരുപ്പിച്ച് ചൂടോടെ പ്ലേറ്റിലേറി ഒരു വരവുണ്ട്. ആ മസാല മണം മൂക്കിലടിക്കുമ്പോൾ ഏതു ജിമ്മന്മാരുടെയും മസിലൊന്ന് അയയും, നാവിൽ കപ്പലോടും. നാടൻ മസാലകളാണ് രുചിക്കൂട്ട്. ഇഞ്ചിയും വെളുത്തുള്ളിയും പിരിയൻ മുളകുകുപൊടിയും പിന്നെ കുറച്ചേറെ പെരുംജീരകവുമൊക്കെ കോഴിയിൽ നന്നായി പുരട്ടി പിടിപ്പിക്കണം. പിന്നെ, കോഴി മുഴുവനോടെ എണ്ണയിൽ മുക്കി പൊരിക്കും. മസാല പുരട്ടലിനും മുക്കി പൊരിക്കലിനുമിടയിൽ ചെറിയൊരു സൂത്രപണിയുമുണ്ടേ. അതൊരു സീക്രട്ടാണ്.