Thursday 23 November 2023 04:08 PM IST

‘നാഷനല്‍ അവാർഡ് നേടി വീട്ടിലെത്തുമ്പോൾ മന്നി ഒരുക്കിവച്ചത് ആ സ്പെഷ്യൽ’: അമ്മ രുചിയിൽ മനംനിറഞ്ഞ് സുഹാസിനി

Merly M. Eldho

Chief Sub Editor

suhasini

അമ്മ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി.. ലോകത്തിന്റെ ഏതു കോണിൽപ്പോയാലും നാവിനെ കൊതിപ്പിക്കുന്ന ആ അമ്മരുചിയുടെ കൂട്ടുകൾ എന്താണെന്നു ചോദിച്ചാലോ? ഒരിത്തിരി ഉപ്പ്, കുറച്ചു ജീരകം എന്നെല്ലാമായിരിക്കും അമ്മ പറയുന്നത്. ടീസ്പൂൺ, ടേബിൾ സ്പൂൺ കണക്കുകൾ ഇല്ലാതെ കൈ കൊണ്ടു വാരിയിടുന്ന ഉപ്പും കുപ്പിയുടെ അടപ്പിൽ കുടഞ്ഞിട്ട ശേഷം ചീനച്ചട്ടിയിലേക്കിടുന്ന മുളകുപൊടിയും ഒരു പിടി തേങ്ങ ചുരണ്ടിയതുമാണ് അമ്മയുടെ കറികളുടെ രുചി. പലപ്പോഴും ഈ രുചിയളവുകൾ രേഖപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുമ്പോഴേക്ക് ഓർത്തെടുക്കാനുള്ള അ മ്മയുടെ കഴിവിനു മങ്ങലേറ്റിട്ടുണ്ടാവും. ആ രുചിയളവുകൾ രേഖപ്പെടുത്താനായി എഴുത്തുകാരി സുധ മേനോൻ നടത്തിയ പരിശ്രമമാണ് ‘റെസി പ്പീസ് ഫോർ ലൈഫ്’ എന്ന പുസ്തകം. ആമിർ ഖാ ൻ മുതൽ വിദ്യ ബാലൻ വരെ... ഇർഫാൻ പഥാൻ മുതൽ മിതാലി രാജ് വരെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള പ്രശസ്തർ അവരുടെ അമ്മയുടെ അടുക്കളയിലെ വിശേഷങ്ങളും അമ്മയുടെ ഏറ്റവും വിശിഷ്ടമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും പങ്കുവയ്ക്കുന്നു. ഈ പുസ്തകത്തിൽ നിന്നു തിരഞ്ഞെടുത്ത അമ്മരുചി വിശേഷങ്ങളിലൊന്നിതാ...

sudha-menon സുധ മേനോൻ എഴുത്തുകാരി, ഗെറ്റ് റൈറ്റിങ് & റൈറ്റിങ് വിത് വിമൻ സ്ഥാപക

സുഹാസിനിയുടെ മനംകവർന്ന അമ്മ രുചി...

നാഷനല്‍ അവാർഡ് നേടി വീട്ടിലെത്തിയ സുഹാസിനി മണിരത്നത്തിന് അമ്മ ഒരുക്കിയത് കാപ്സിക്കം പൊരിയലും കേസരിയും ആയിരുന്നു. ‘‘സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അങ്ങനെ ആയിരുന്നു. വൈകിട്ടു വീട്ടിലെത്തുമ്പോൾ കാപ്സിക്കം പൊരിയലുമായി മന്നി എന്നെ കാത്തിരിപ്പുണ്ടാവും’’ രാമേശ്വരത്തെ അയ്യങ്കാർ കുടുംബത്തിലായിരുന്നു സുഹാസിനിയുടെ ജനനം. മന്നി എന്നു വിളിക്കുന്ന അമ്മ കോമളം ചാരുഹാസന്റെ അരച്ചു വിട്ട സാമ്പാറും കൊഴുക്കട്ടയും പൂരിയും റവ ലഡ്ഡുവും ബേസൻ ലഡ്ഡുവും രുചിയോടെ കഴിച്ചിരുന്ന കുട്ടിക്കാലം ഓർത്തെടുക്കുന്നു സുഹാസിനി. ‘‘ബജി ആയിരുന്നു മന്നിയുടെ സ്പെഷൽ. വഴുതനങ്ങയും സവാളയും പച്ചക്കായയും കോളിഫ്ളവറും മുതൽ പനീർ വരെ വ്യത്യസ്തമായ ചേരുവകൾ‌ കൊണ്ടു മന്നി ബജി ഉണ്ടാക്കുമായിരുന്നു.’’ അമ്മ ഉ ണ്ടാക്കിയിരുന്ന അതേ രുചിയിൽ മുറുക്കും ഡയമണ്ട് ബിസ്ക്കറ്റും ഉണ്ടാക്കാൻ താനും പഠിച്ചെന്നു സുഹാസിനി.

>> കാപ്സിക്കം പൊരിയല്‍

1. വറ്റല്‍മുളക് – അല്‍പം

മല്ലി – രണ്ടു ചെറിയ സ്പൂണ്‍

കായം – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

2. കടലപ്പരിപ്പ് വറുത്തത് – രണ്ടു ചെറിയ സ്പൂണ്‍

3. എണ്ണ – രണ്ട്–മൂന്നു വലിയ സ്പൂണ്‍

4. കടുക് – അര ചെറിയ സ്പൂണ്‍

5. കാപ്സിക്കം – ആറ്–ഏഴ്, നീളത്തില്‍ അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്ത ശേഷം കടലപ്പരിപ്പു ചേര്‍ത്ത് അല്‍പം തരുതരുപ്പായി പൊടിക്കുക.

∙ ഒരു ചീനച്ചട്ടിയില്‍ രണ്ട്–മൂന്നു ചെറിയ സ്പൂണ്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.

∙ ഇതിലേക്കു കാപ്സിക്കവും ഉപ്പും ചേര്‍ത്തു നന്നായി വഴറ്റി വേവിക്കണം.

∙ പൊടിച്ചു വച്ച ചേരുവയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി വാങ്ങാം.

>> കേസരി

1. നെയ്യ് – അരക്കപ്പ്

2. കശുവണ്ടിപ്പരിപ്പ് – പാകത്തിന്

3. വെള്ളം – ഏകദേശം മൂന്നു കപ്പ്

4. റവ – ഒരു കപ്പ്

5. പ‍ഞ്ചസാര – രണ്ടു കപ്പ്

6. കേസരി കളര്‍ – അല്‍പം

ഏലയ്ക്ക – രണ്ട്

പച്ചക്കര്‍പ്പൂരം – ഒരു നുള്ള്

പാകം െചയ്യുന്ന വിധം

∙ കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തു മാറ്റി വയ്ക്കുക.

∙ ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.

∙ പാനില്‍ അല്‍പം നെയ്യ് ചൂടാക്കി റവ വറുക്കുക. നെയ്യ് റവയില്‍ പൊതിഞ്ഞിരിക്കണം.

∙ റവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തിളച്ചവെള്ളം ചേര്‍ത്തു കട്ടകെട്ടാതെ നന്നായി വേവിക്കണം. റവ വരണ്ടുപോകരുത്.

∙ ഇതിലേക്കു പഞ്ചസാര ചേര്‍ത്തു നന്നായി ഇളക്കണം. പഞ്ചസാര നന്നായി അലിഞ്ഞു റവയില്‍ പിടിക്കണം.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേ ഷം കശുവണ്ടിപ്പരിപ്പു ചേര്‍ത്തു വാങ്ങുക.

∙ കേസരി വരണ്ടുപോയാല്‍ അല്‍പം നെയ്യ് കൂടി ചേര്‍ത്തിളക്കാം.

തയാറാക്കിയത്:
മെര്‍ലി എം. എല്‍ദോ
 ഫോട്ടോ: സരുൺ മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍
തയാറാക്കിയതിനും കടപ്പാട്:

ഷാനവാസ്
എക്സിക്യൂട്ടീവ് ഷെഫ്
മൺസൂൺ എംപ്രസ്സ്
പാലാരിവട്ടം, കൊച്ചി.