Friday 27 December 2019 04:15 PM IST : By സ്വന്തം ലേഖകൻ

രുചികരമാണ്, ഒപ്പം ഹെൽത്തിയും; ഇലകൾ കൊണ്ട് ആറു വിഭവങ്ങൾ!

leaf

1. തകര–നെത്തോലിത്തോരൻ

ചട്ടിയിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, ഒരു പിടി ചുവന്നുള്ളി അരിഞ്ഞത്, രണ്ടു വറ്റൽമുളക് എന്നിവ വഴറ്റണം. നിറം മാറുമ്പോൾ കാൽ കിലോ നെത്തോലി മുള്ളു കളഞ്ഞതു ചേർത്ത് ഇളക്കിയ ശേഷം അടച്ചു വച്ച് വേവിക്കണം. ആവി വരുമ്പോൾ പാകത്തിന് ഉപ്പു ചേർക്കുക. മീൻ പകുതി വെന്ത ശേഷം തകരയില മൂന്നു പിടി അരിഞ്ഞതു ചേർത്ത് ഇളക്കി അടച്ചു വയ്ക്കണം. ഒരു തേങ്ങയുടെ പകുതി ചുരണ്ടിയത്,   രണ്ട് അല്ലി വെളുത്തുള്ളി എന്നിവ ചതച്ചു വയ്ക്കുക. ഇത് നെത്തോലി–തകര മിശ്രിതത്തിൽ ചേർത്ത ശേഷം കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു വലിയ സ്പൂൺ മുളകുപൊടി എന്നിവ  ചേർത്ത് അൽപസമയം കൂടി അടച്ചു വച്ചു വേവിക്കുക. നന്നായി ചിക്കി തോർത്തിയെടുത്ത് ചൂടോടെ വിളമ്പാം.

സുമ ജയറാം, ഊരുപൊയ്ക, ആറ്റിങ്ങൽ.

2. മത്തയില കട്‌ലറ്റ്

പാനിൽ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇളംമത്തയില അരിഞ്ഞത് ഒരു ക പ്പ് കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി മാറ്റി വയ്ക്കുക. ഇതേ പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഒരു സവാള, രണ്ടു പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു ചെറിയ കഷണം കാരറ്റ് എന്നിവ പൊടിയായി അരിഞ്ഞതു ചേർത്തു വഴറ്റണം. ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും രണ്ടു സ്ലൈസ് റൊട്ടി പൊടിച്ചതും ഒരു നുള്ള് ഗരംമസാലപ്പൊടിയും പാകത്തിനുപ്പും ചേർത്തിളക്കുക. ഇതിലേക്ക് വഴറ്റി വച്ച മത്തയിലയും ചേർത്ത് കട്‌ലറ്റിന്റെ ആകൃതിയിലാക്കുക. പാനിൽ എണ്ണ ചൂടാക്കുക. തയാറാക്കിയ മിശ്രിതം മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരാം.

ലിസി കുഞ്ചാക്കോ, വഴുതക്കാട്, തിരുവനന്തപുരം.

3. ചീര–പയറിലത്തോരൻ

ചുവപ്പ് ചീര, പച്ചച്ചീര എന്നിവ തണ്ടോടു കൂടി പൊടിയായി അരിഞ്ഞത് ഓരോ ക പ്പ്, ഇളം പയറില അരിഞ്ഞത് ഒരു കപ്പ് എന്നിവ പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു തിരുമ്മി വയ്ക്കണം. ഒരു തേങ്ങയുടെ പകുതി ചുരണ്ടിയത്, ഒരു നുള്ളു ജീരകം, നാല് ചുവന്നുള്ളി, നാലു പച്ചമുളക്, 10 കശുവണ്ടിപ്പരിപ്പ് എന്നിവ ചതയ്ക്കുക. പാനിൽ രണ്ടു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, രണ്ടു വ റ്റൽമുളക്, ഒരു തണ്ടു കറിവേപ്പില എന്നിവ താളിക്കുക. ഇതിൽ അരപ്പു ചേർത്തു വഴറ്റണം. ഇതിൽ ഇലകൾ അരിഞ്ഞതു ചേർത്ത് ചെറുതീയിൽ ഇളക്കി അടച്ചു വച്ചു വേവിക്കുക. ചൂടോടെ വിളമ്പാം.

ലക്ഷ്മി നായർ, രവിപുരം, എറണാകുളം.

4.  പയറില പാൽകറി

ഒരു കപ്പ് പയറില വെള്ളത്തിലിട്ടു തിളപ്പിച്ചൂറ്റുക. ഒരു തേങ്ങയുടെ പകുതി ചുരണ്ടി ഒന്നും രണ്ടും പാലെടുക്കണം. മുക്കാൽ ക പ്പ് വെള്ളത്തിൽ കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ചെറിയ സ്പൂൺ മുളകുപൊടി, രണ്ടു ചെറിയ സ്പൂൺ മല്ലിപ്പൊടി, പാകത്തിനുപ്പ് എന്നിവ ചേർത്തു തിളപ്പിക്കുക. ഇതിൽ പയറില ചേർത്തു മൂന്നു മിനിറ്റ് വേവിക്കണം. രണ്ടാംപാലുംചേർത്തു തിളയ്ക്കുമ്പോൾ ഒന്നാംപാൽ ചേർക്കുക. കറി തിളച്ചു തുടങ്ങുമ്പോൾ വാങ്ങി വയ്ക്കുക. മൂന്നു ചുവന്നുള്ളി അരിഞ്ഞതു വെളിച്ചെണ്ണയിൽ വറുക്കുക. ഇത് കറിയിൽ ചേർത്തു വിളമ്പാം.  

ജൗഹറ വി. പി., മൂന്നിയൂർ, മലപ്പുറം.

5. പനിക്കൂർക്കയില ബജി

10 പനിക്കൂർക്കയില പൊടിയായി അരിയുക. ഒരു സവാള, അഞ്ചു പച്ചമുളക്, രണ്ടു തണ്ടു കറിവേപ്പില, രണ്ടു തണ്ടു മല്ലിയില എന്നിവ പൊടിയായി അരിഞ്ഞ് രണ്ടു കപ്പ് കടലമാവിൽ ചേർത്തു യോജിപ്പിക്കണം. ഇതിൽ പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ ജീരകവും അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പനിക്കൂർക്കയില അരിഞ്ഞതും ചേർത്തു യോജിപ്പിക്കണം. ഇതിൽ പാകത്തിനു വെള്ളം ചേ ർത്ത് വടയുടെ പാകത്തിനുള്ള മാവു ത യാറാക്കി വയ്ക്കുക. ചീനച്ചട്ടിയിൽ 250 ഗ്രാം എണ്ണ ചൂടാക്കുക. ഇതിൽ നിന്ന് ഒ രു തവി എണ്ണ മാവിൽ ചേർത്ത് ഇളക്കണം. തയാറാക്കിയ മാവ് ഓരോ സ്പൂൺ വീതം ചൂടായ എണ്ണയിൽ ചേർത്തു ചെറുതീയിൽ വറുത്തു കോരുക.  ചൂടോടെ സോസിനോ പുതിന ചട്നിക്കോ ഒപ്പം വിളമ്പാം.

ഓമന ജോൺ, പള്ളികുന്ന്, കോട്ടയം.

6. കുമ്പളത്തിലത്തോരൻ

കുമ്പളത്തിന്റെ അധികം മൂക്കാത്ത 10 ഇല പൊടിയായി അരിഞ്ഞു വയ്ക്കുക. ഒരു ക പ്പ് തേങ്ങ ചുരണ്ടിയത്, രണ്ടു പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, നാലു ചുവന്നുള്ളി, മൂന്ന് അല്ലി വെളുത്തുള്ളി, ആറു കുരുമുളകുമണി എന്നിവ നന്നായി ചതച്ചു വയ്ക്കുക. ചീനച്ചട്ടിയിൽ നാലു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുകും രണ്ടു വറ്റൽമുളകു മുറിച്ചതും നാലു ചുവന്നുള്ളി അരിഞ്ഞതും ഒരു തണ്ടു കറിവേപ്പിലയും ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് ഓരോ വലിയ സവാളയും തക്കാളിയും പൊടിയായി  അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റിയ ശേഷം അരപ്പു ചേർത്തിളക്കുക. വെള്ളം വറ്റിയ ശേഷം ഒരു മുട്ട അടിച്ചതു ചേർത്ത് നന്നായി ഇളക്കുക. ഇതിൽ കുമ്പളത്തിന്റെ ഇല അൽപം വീതം ചേർത്ത് നന്നായി ചിക്കിത്തോർത്തി എടുക്കാം.

മോളി റോയ്, കോട്ടപ്പടി, കോതമംഗലം.

Tags:
  • Pachakam