Friday 11 February 2022 02:54 PM IST

‘ഒറ്റയ്ക്ക് അനുഭവിച്ചത് മതി, ഇനിയെന്റെ അമ്മയ്ക്കൊരു കൂട്ടുവേണം’: മൂന്ന് മനസുകൾ ഒന്നായ പ്രണയം: ശരണ്യ പറയുന്നു

Binsha Muhammed

sree-saranya

കാറുംകോളും കൊടുങ്കാറ്റും നിറഞ്ഞ ചിലരുടെ ജീവിതങ്ങളിലേക്ക് അവിചാരിതമായി ചിലർ കടന്നു വരാറുണ്ട്. അതിനെ പ്രണമെന്നാണ് നിങ്ങൾ വിളിക്കുന്നതെങ്കിൽ അങ്ങനെ. അല്ലെങ്കിലുംപ്രണയത്തിനു നിർവചനങ്ങളില്ലല്ലോ? മുറിവേറ്റ ഹൃദയവുമായി ഇനി ജീവിതമെന്തെന്ന് ചിന്തിച്ചിരിക്കുമ്പോഴാകും ആശ്വാസത്തിന്റെ ആ ചേർത്തു പിടിക്കലുകൾ.

റീ ടേക്കുകളില്ലെന്ന് നമ്മൾ വിശ്വസിക്കുന്ന ജീവിതം അവിടം മുതൽ മാറിത്തുടങ്ങുകയാണ്. ഒരു സെക്കൻഡ് ചാൻസ്... മറ്റൊരുതരത്തിൽ പറഞ്ഞാൽ അതുവരെ വേദനിപ്പിച്ചും കണ്ണീരുകുടിപ്പിച്ചും സങ്കടപ്പെടുത്തിയും കടന്നു പോയ കാലത്തിന്റെയും വിധിയുടേയും കടംവീട്ടലുകൾ കൂടിയാണ് അവ... ജീവിതത്തിന്റെ ക്രോസ് റോഡിൽ ഒറ്റപ്പെട്ടു നിന്ന ശരണ്യയുടെ ജീവിതത്തിലുമുണ്ടായി അങ്ങനെയൊരു ചേർത്തു നിർത്തൽ... ഒരിക്കല്‍ കഴുത്തു നീട്ടിയതിന്റെ പേരില്‍ ഒത്തിരി അനുഭവിച്ച പെണ്ണിന്റെ ജീവിതത്തിലേക്ക് ശ്രീകാന്ത് എന്ന ചെറുപ്പക്കാരൻ വന്നതും അവളെ ഒത്തിരി വേദനിപ്പിച്ച കാലത്തിന്റെ കടംവീട്ടലാണ്.

‘ഒത്തിരി അനുഭവിച്ചു. ജീവിതം മടുത്ത് ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിട്ടുണ്ട്. ഇക്കണ്ട കാലം മുഴുവന്‍ ഒരുപാട് കണ്ണീരു കുടിച്ചു. ഇന്ന് മകനാണ് എന്റെ ലോകം... അവനു വേണ്ടിയാണ് ഇന്ന് ജീവിച്ചിരിക്കുന്നതു പോലും. ഒരു രണ്ടാംകെട്ടുകാരിയെയാണ് നിങ്ങൾ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ഒരിക്കൽ കൂടി ആലോചിച്ചിട്ടു പോരേ...?’

മനസിലിട്ട് കൂട്ടിയും കിഴിച്ചും ഒരായിരം വട്ടം തന്നോടു തന്നെ ചോദിച്ച ചോദ്യമാണ് ശ്രീകാന്തിനോടും ശരണ്യ ആവർത്തിച്ചത്. അതിനു ശരണ്യയുടെ കണ്ണുകളിൽ നോക്കി ശ്രീകാന്ത് ഇങ്ങനെ മറുപടി പറഞ്ഞു.

‘ശരണ്യയുടെ കഴിഞ്ഞു പോയ കാലം എനിക്ക് പ്രശ്നമല്ല, സമ്മതമെങ്കില്‍ അദ്വൈത്... അവൻ ഇനി എന്നെ പപ്പ എന്നു വിളിക്കും.’

മറ്റുള്ളവന്റെ മനസു തിരിച്ചറിയുന്ന ബഹുമാനത്തിന്റെ കൂടി പേരാണ് പ്രണയമെന്ന് പറയാതെ പറഞ്ഞ രംഗം. ഏച്ചുകെട്ടിയ പ്രണയ കഥകളിലോ പെണ്ണുകാണൽ സീനുകളിലോ ഒരുപക്ഷേ ഇങ്ങനെയൊരു രംഗം മഷിയിട്ടു നോക്കിയാൽ പോലും കണ്ടെന്നു വരില്ല. അന്ന് ശ്രീകാന്ത് നൽകിയ ഉറപ്പിന്റെ കൈപിടിച്ച് ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സിന് ശരണ്യ തുടക്കം കുറിക്കുമ്പോൾ പ്രണയത്തിന്റെ സമവാക്യങ്ങൾ കൂടി മാറിമറിയുന്നുണ്ട്. ശ്രീകാന്തും–ശരണ്യയും പിന്നെ അവരുടെ ലോകമായ അദ്വൈത് എന്ന അഞ്ചാം ക്ലാസുകാരനും കൂടിച്ചേർന്ന ആ പ്രണയകഥയ്ക്ക് എന്തെന്നില്ലാത്ത ചന്തമുണ്ട്... ആ കഥ ശരണ്യയുടെ വാക്കുകളിലൂടെ ‘വനിത ഓൺലൈൻ’ വായനക്കാർക്കു മുന്നിലേക്ക്.

sree-saranya-2

കഴുത്തുനീട്ടിയത് കണ്ണീരിനായി

‘പതിനെട്ടു വയസിനു മുമ്പ് കല്യാണം നടത്തണം, അല്ലെങ്കിൽ ദോഷവാ...’

എന്റെ ജീവിതം തകർന്നു തുടങ്ങുന്നത് ആ വാക്കുകളിൽ നിന്നാണ്. ജോത്സ്യവിധി അച്ചിട്ടാകുമെന്ന് വിശ്വസിച്ച വീട്ടുകാർ പിന്നോട്ടില്ലായിരുന്നു. യൂണിഫോമിട്ട് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന. പ്ലസ്ടുവിന്റെ പക്വത മാത്രം ഉണ്ടായിരുന്ന ഒരു പെണ്ണിന്റെ തലയിൽ വലിയൊരു ഭാരം കൊണ്ടിടുകയാണ്. ഒന്നു പ്രതികരിക്കാൻ പോലുമുള്ള പക്വത പോലുമില്ലാത്ത ഒരു പാവം പെൺകുട്ടി. ഞാനെന്തു ചെയ്യാനാണ്. കുറേ കരഞ്ഞു, കാലുപിടിച്ചു. പഠിക്കണമെന്ന് കെഞ്ചി... പക്ഷേ എല്ലാം വെറുതെയായി. പതിനെട്ടാം വയസിൽ സ്വപ്നങ്ങളെല്ലാം കെട്ടിപ്പൊതിഞ്ഞ്, ജീവിക്കാനിറങ്ങുന്നത് അങ്ങനെയാണ്.– ശരണ്യ പറഞ്ഞു തുടങ്ങുന്നു.

തിരുവനന്തപുരം ശ്രീകാര്യമാണ് എന്റെ സ്വദേശം. അച്ഛന്റെയും അമ്മയുടേയും ഒറ്റ മകൾ. വീടിന് അടുത്തു നിന്നും ആലോചന വന്നപ്പോൾ ഒത്തിരി പ്രലോഭനങ്ങൾ കൂടിയുണ്ടായിരുന്നു. ചെക്കന്റെ അച്ഛൻ വിദേശത്താണ്. കല്യാണം കഴിഞ്ഞ് ചെക്കനും അങ്ങോട്ടു പോകും. നിന്നെയും കൊണ്ടുപോകും, പഠിപ്പിക്കും. അങ്ങനെ... അങ്ങനെ. പക്ഷേ അവിടുന്നങ്ങോട്ട് സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല.

പറഞ്ഞതു പോലെയായിരുന്നില്ല കാര്യങ്ങൾ. വീട്ടുകാരുടെ കാര്യങ്ങൾ നോക്കുക. അവർക്കൊപ്പം അങ്ങോട്ടും ഇങ്ങോട്ടും പോകുക അതിനപ്പുറം മറ്റൊരു ലോകം എനിക്കുണ്ടായിരുന്നില്ല. ആ വീട്ടിൽ ഭർത്താവിന്റെ അമ്മയും സഹോദരിയും നിശ്ചയിക്കുന്നതു പോലെയായിരുന്നു കാര്യങ്ങൾ. എന്റെ ശബ്ദം പോലും ആ നാലു ചുമരിനപ്പുറത്തേക്ക് പോയിരുന്നില്ല. എന്നെ കേൾക്കാനോ എന്റെ സങ്കടങ്ങൾ മനസിലാക്കാനോ പോലും ആരും മെനക്കെട്ടില്ല. ഡിസ്റ്റന്റായി ഡിഗ്രിക്ക് ജോയിൻ ചെയ്തിരുന്നു. വീട്ടിലിരുന്ന പഠിക്കാമെന്ന് കരുതിയാലോ, ഒന്ന് ബുക്ക് എടുക്കാൻ പോലും അവർ സമ്മതിക്കില്ല. 80 പവൻ സ്വർണം തന്നാണ് അച്ഛൻ വിവാഹം കഴിപ്പിച്ച് അയച്ചത്. അതൊക്കെ സൗകര്യപൂർവം അവർ കൈക്കലാക്കി. ഇതൊക്കെ ഭർത്താവെന്ന് പറയുന്ന വ്യക്തിക്കും നല്ലവണ്ണം അറിവുള്ള കാര്യമാണ്.

saranya-sree3

ശരിക്കും പറഞ്ഞാൽ കള്ളുകുടിക്കുകയോ എന്നെ അടിക്കുകയോ ചെയ്യുന്ന ദുഷ്ടനൊന്നുമല്ലായിരുന്നു അയാൾ. പക്ഷേ അതിലും വലിയ വിഷമായിരുന്നു എന്നു പറയേണ്ടി വരും. ഞാൻ കരയുന്നത് കണ്ട് അയാൾ ആനന്ദിക്കുമായിരുന്നു. അതുകൊണ്ട് തന്നെ മെന്റലി ടോർച്ചർ ചെയ്യും. ചിലത് കേട്ടിട്ട് ആത്മഹത്യ ചെയ്യണമെന്ന് വരെ തോന്നിയിട്ടുണ്ട്.

പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്നതു കൊണ്ടു തന്നെ എന്റെ അച്ഛൻ ഭർത്താവിന് ഒരു ടെക്സ്റ്റയിൽ ഷോപ്പ് ഇട്ടുകൊടുത്തു. പക്ഷേ അദ്ദേഹം വൈകുന്നേരം ആറു മണിക്ക് പോയി തുറന്നിട്ട് രാത്രി എട്ടുമണിയാകുമ്പോൾ പൂട്ടിക്കെട്ടി വരും. എല്ലാം കണ്ടും കേട്ടും പൊറുതിമുട്ടിയപ്പോൾ വീട്ടുകാരുടെ അടുത്ത ഉപദേശമെത്തി. ‘ഒരു കുഞ്ഞൊക്കെ ആകുമ്പോൾ എല്ലാം ശരിയാകും.’ ഞാനും അങ്ങനെ ആശിച്ചു. പക്ഷേ എല്ലാം വെറുതെയായി. ഗർഭിണിയാണന്ന് തിരിച്ചറിയുമ്പോഴെങ്കിലും എന്നോട് സ്നേഹം കാണിക്കുമെന്ന് കരുതി. പക്ഷേ ആ തോന്നൽ വെറുതെയായി. നിറവയറുമായി ഇരിക്കുമ്പോൾ പോലും എന്നെ അയാൾ ടോർച്ചർ ചെയ്തിട്ടുണ്ട്. എന്തിനേറെ പറയണം, എന്നെ വീട്ടിൽ നിന്നും ഇറക്കിവിടുക വരെ ചെയ്തു.

എന്റെ വേദനയിൽ എന്ത് ആനന്ദമാണ് അയാൾ കണ്ടെത്തുന്നത് എന്ന് ഇനിയും മനസിലായിട്ടില്ല. പ്രശ്നങ്ങൾ രൂക്ഷമായി തുടരുമ്പോൾ തന്നെ അയാൾ വേറൊരു പെണ്ണുമായി ബന്ധം സ്ഥാപിച്ചു. വിവാഹം കഴിഞ്ഞ വേറെ ഏതോ ഒരു സ്ത്രീ.അവരുടെ പല സൈസിലുള്ള ആ ഫൊട്ടോ എനിക്ക് അയച്ചു തന്ന് ആനന്ദംകൊള്ളും. അങ്ങനെ വേദനകൾ നെഞ്ചിലും എന്റെ കുഞ്ഞിനെ ഉദരത്തിലുമേറ്റി ആഴ്ചകളും മാസങ്ങളും കടന്നുപോയി. ആ ദിവസങ്ങളിൽ മരിക്കാതെ പിടിച്ചു നിർത്തിയത്, ഏതു ശക്തിയാണെന്ന് അറിയില്ല.

2008ൽ തുടങ്ങിയ എന്റെ നരകജീവിതം അങ്ങനെ ഏഴു കൊല്ലങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ മറ്റ് രണ്ട് ദുരന്തങ്ങൾ കൂടി സംഭവിച്ചു. എന്റെ അച്ഛൻ എന്നെ വിട്ടു പോയി. ഒപ്പം ഞങ്ങൾ ഡൈവോഴ്സിന്റെ വക്കിലും. ഇതിനിടയിൽ എന്റെ കുഞ്ഞ് വന്നതാണ് ആകെയുണ്ടായ സന്തോഷം. കേരള സിവിൽ സർവീസ് അക്കാദമിയിൽ ജോലിക്കു ചേർന്നതോടെ അയാളുടെ ഭാവം മാറി. ജോലിക്കു പോയി തുടങ്ങിയത് അയാളെ ചൊടിപ്പിച്ചു. ശരിക്കും ഞങ്ങൾ പിരിയാനുണ്ടായ പല കാരണങ്ങളിൽ പ്രധാനം അതായിരുന്നു. ഡൈവോഴ്സിലേക്ക് ജീവിതം നീങ്ങിത്തുടങ്ങിയത് അങ്ങനെയാണ്.

2015 മുതൽ 2018 വരെ കുടുംബ കോടതി കയറിയിറങ്ങി. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളപ്പോൾ തന്നെ എനിക്ക് ഡൈവോഴ്സ് തരാതെ എന്നെ ഒത്തിരി വട്ടം കറക്കി. ഒടുവിൽ എന്റെ അച്ഛന്‍ നൽകിയ 80 പവൻ സ്വർണം തന്നില്ലെങ്കിലും ഡൈവോഴ്സ് തരണമെന്ന് താണുകേണ് ചോദിച്ചപ്പോൾ, അത് സംഭവിച്ചു. ജീവിതത്തിൽ സംഭവിച്ച വലിയ തെറ്റിന് അങ്ങനെ അവസാനമായി.

saranya-sree-4

ജീവിതത്തിന്റെ പുതിയ അധ്യായം

അന്നുതൊട്ട് മകനായിരുന്നു എനിക്കെല്ലാം. അവനു വേണ്ടിയായിരുന്നു എന്റെ ജീവിതം. വളർച്ചയുടേയും തിരിച്ചറിവിന്റേയും ഓരോ ഘട്ടത്തിലും മകനോട് എന്റെയും അവന്റെയും ജീവിതം പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവനിപ്പോൾ അഞ്ചാം ക്ലാസിലാണ്. മറ്റു കുട്ടികളെ പോലെ അച്ഛന്റെ തണൽ ഇല്ലാ എന്നത് അവനെ വേദനിപ്പിക്കാറുണ്ട്. കോടതി വിധിച്ച ജീവനാംശം പോലും എനിക്കോ അവനോ കിട്ടിയിട്ടില്ല എന്നത് പോട്ടെ. അവനെ ഒന്നു വന്ന് കാണാൻ പോലും അയാൾ തയ്യാറായിട്ടില്ല എന്നതാണ് സത്യം. പതിയെ പതിയെ അവനും അതിനോട് പൊരുത്തപ്പെട്ട് തുടങ്ങി.

മറ്റൊരു വിവാഹം പോലും വേണ്ടാന്നു വച്ചു. എല്ലാം നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു പോകുമ്പോഴും വേദനിപ്പിച്ച ബന്ധുമിത്രാദികളെ മറക്കില്ല. വിവാഹ ബന്ധമൊഴിഞ്ഞ ഞാൻ ദുശകുനമാണെന്ന് പറ‍ഞ്ഞ ബന്ധുജനങ്ങളൊക്കെ ഇപ്പോഴും ജീവനോടെയുണ്ട്. ആ നാളുകളിൽ ചേർത്തു നിർത്തിയ സൗഹൃദയങ്ങളേയും മറക്കില്ല. അമീറ, അൻഷാദ്, സന്തോഷ്, അനില എന്നിവരുടെ സ്നേഹ സാന്ത്വനങ്ങളെ ഇപ്പോഴും ഹൃദയത്തോട് ചേർത്തു നിർത്തുന്നു.  

ഇതിനിടയിലും ഒത്തിരി വിവാഹ ആലോചനകൾ കൊണ്ടു വരാൻ വീട്ടുകാർ ശ്രമിച്ചു. അച്ഛന്റെ അഭാവത്തിൽ കൊച്ചച്ചനാണ് ആലോചനകൾ കൊണ്ടുവന്നത്. ഒരിക്കൽ ഒത്തിരി അനുഭവിച്ചതു കൊണ്ടാകണം ഈ കല്യാണം എന്ന കെട്ടുപാടിനെ ഞാൻ ഒത്തിരി വെറുത്തു പോയത്. അങ്ങനെയിരിക്കേയാണ് വീട്ടുകാരുടെ തന്നെ നിർബന്ധ പ്രകാരം ശ്രീകാന്തേട്ടന്റെ ആലോചന വരുന്നത്.

ഞാൻ വേണ്ടെന്നു വച്ച പല മുൻ ആലോചനകളും എന്റെ ജീവിതം പോലെ സമാനമായിരുന്നു. പലരും രണ്ടാം വിവാഹക്കാർ. പക്ഷേ ശ്രീകാന്തേട്ടന്റെ കാര്യം വ്യത്യസ്തമായിരുന്നു. പുള്ളിക്കാരന്റേത് ആദ്യ വിവാഹം. പോരാത്തതിന് ടെക്നോ പാർക്കിൽ നല്ല ജോലി. അങ്ങനെയിരിക്കേ, എന്നെപ്പോലൊരാളെ സ്വീകരിക്കുന്നത് എന്തിനെന്ന സംശയമുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ ഈ ബന്ധം വേണമോ എന്ന് ചിന്തിച്ചതു പോലും അതുകൊണ്ടാണ്. ഒരു രണ്ടാം വിവാഹക്കാരി, അതു മകനുള്ളവൾ തന്നെ വേണോ എന്ന് ഞാൻ ശ്രീയേട്ടനോട് ചോദിച്ചു. പക്ഷേ അദ്ദേഹം പിന്നോട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ മനസും ആ ജീവിതവും അടുത്തറിഞ്ഞപ്പോഴാണ് ഞാനും മാറി ചിന്തിച്ചു തുടങ്ങുന്നത്.

അഞ്ചാം വയസിൽ അച്ഛൻ ഉപേക്ഷിച്ച മനുഷ്യൻ. അങ്ങനെയുള്ള തനിക്ക് എന്റെ മകനെയും എന്റെ ജീവിതത്തേയും ഉൾക്കൊള്ളാനാകുമെന്ന് നിറഞ്ഞ മനസോടെ ബോധ്യപ്പെടുത്തി. 39 വയസുള്ള അദ്ദേഹം എന്തേ വിവാഹം കഴിക്കാന്‍ വൈകി എന്ന ചോദ്യത്തിന് മറുപടിയായി കിട്ടിയത് ഒരു നഷ്ട പ്രണയത്തിന്റെ കഥയാണ്. ആത്മാർത്ഥമായ പ്രണയം പാതിവഴിയിൽ മുറിഞ്ഞു പോയ വേദനയുടെ കഥ കൂടിയുണ്ട് ശ്രീയേട്ടന്റെ ജീവിതത്തിൽ. പരസ്പരം അടുത്തും അറിഞ്ഞും മുന്നോട്ടു പോകവേ, ഇനിയൊരിക്കല്‍ കൂടി എന്നെ വേദനിപ്പിക്കാനും കരയാനും വിടില്ല എന്ന വാക്കുമാത്രമായിരുന്നു അദ്ദേഹത്തിന് തരാനുണ്ടായിരുന്നത്. അതുമാത്രമല്ല, എന്നും എന്റെ കുഞ്ഞിന് നല്ലൊരു പപ്പയായിരിക്കും എന്ന ഹൃദയംതൊട്ട വാക്കും. എനിക്ക് അതുമാത്രം മതിയായിരുന്നു.

sree-55

അങ്ങനെ ജീവിതത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞു പോയ നിമിഷത്തിൽ. ജാതകത്തിൽ തെളിയാത്ത എന്റെ കെട്ടകാലം കഴിഞ്ഞ, നല്ല മുഹൂർത്തത്തിൽ ഞാൻ ശ്രീയേട്ടന്റെ കൈപിടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഞങ്ങൾ വിവാഹിതരായി. ജീവിതത്തിന്റെ ഫ്ലാഷ് ബാക്ക് ചികഞ്ഞു നോക്കി വേദനിക്കാൻ ഇനിയെനിക്ക് മനസില്ല. ജീവിതത്തിലെ ഏറ്റവും നല്ല മൊമന്റുകളാണ് ഇന്ന് എന്നെ മുന്നോട്ടു നയിക്കുന്നത്. എന്റെ അദ്വൈതിന്റെ പപ്പയായി... എന്റെ ജീവന്റെ ജീവനായി ശ്രീയേട്ടനുണ്ട്. പിന്നെ ഞാനെന്തിന് വേദനിക്കണം– നിറകൺചിരിയോടെ ശരണ്യ പറഞ്ഞു നിർത്തി.