അടുക്കള അമ്മയുടേതു മാത്രമാണോ.. അല്ലേയല്ല. കുട്ടികൾക്കുമാവാം പാചകം. കുട്ടികൾ നേരെ അടുക്കളയിലേക്കു കയറാതെ ആദ്യം അമ്മ പാചകം ചെയ്യുന്നതു കണ്ടു മനസ്സിലാക്കട്ടെ. പിന്നീട് മിക്സിങ്ങും അവ്ൻ ഓൺ ചെയ്യുന്നതും ടൈം സെറ്റ് ചെയ്യുന്നതും പോലുള്ള ചെറിയ പണികൾ ചെയ്തു തുടങ്ങാം. സവാളയുടെ തൊലി നീക്കുന്നതും പാത്രം വൃത്തിയാക്കുന്നതും പാചകത്തിൽ പെടില്ലെന്ന് അമ്മമാർ ‘പ്രത്യേകം’ ശ്രദ്ധിക്കുക. ചപ്പാത്തി പരത്തുന്നതും അപ്പം ചുടുന്നതും മുട്ട പൊരിക്കുന്നതും കുട്ടികളെക്കൊണ്ടു തന്നെ ചെയ്യിക്കുക. ആദ്യം അത്ര കൃത്യത ഉണ്ടാവില്ല. പല തവണ ചെയ്യുമ്പോൾ കൃത്യത തനിയെ വന്നു കൊള്ളും. കുട്ടിക്കൂട്ടത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ക്രൻചി ചീസ് ഓംലെറ്റാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ചേരുവകൾ
1. ചീസ് – 40 ഗ്രാം
2. പാഴ്സ്‌ലി/മല്ലിയില – മൂന്നു തണ്ട്
3. റൊട്ടി – ഒരു സ്ലൈസ്, മൊരിച്ച ശേഷം കഷണങ്ങളാക്കിയത്
ചെറി ടുമാറ്റോ – നാല്, കഷണമാക്കിയത്
4. മുട്ട – രണ്ടു വലുത്
5. വെള്ളം – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6. ഒലിവ് ഓയില്‍ – രണ്ടു െചറിയ സ്പൂൺ
തയാറാക്കുന്ന വിധം
ചീസ് ഗ്രേറ്റ് ചെയ്തെടുത്ത് ഒരു ബൗളിലാക്കണം. ഇതിലേക്കു പാഴ്സ്‍ലിയോ മല്ലിയിലയോ ചെറുതായി അരിഞ്ഞതു ചേർക്കുക. മല്ലിയില ആണെങ്കിൽ കട്ടിയുള്ള തണ്ട് ഒഴിവാക്കണം. മൊരിച്ച റൊട്ടി കഷണങ്ങളാക്കിയതും ചെറി ടുമാറ്റോയും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്. മുട്ട ഒരു ബൗളിലേക്കു പൊട്ടിച്ചൊഴിച്ച്, വെള്ളവും ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിക്കുക. ഒരു നോൺസ്റ്റിക് പാനിൽ അൽപം എണ്ണ ചൂടാക്കുക ഇതിലേക്കു മുട്ട അടിച്ചത് ഒ ഴിക്കുക. അടിവശം സെറ്റായി ത്തുടങ്ങുമ്പോൾ ഒരു തടി സ്പൂൺ കൊണ്ട് മെല്ലേ നടുഭാഗം ഇളക്കുക. സെറ്റാകാത്ത മുട്ട അടിയിലേക്കു പോയി സെറ്റാകാനാണ് ഇങ്ങനെ ചെയ്യുന്നത്. മുഴുവൻ മുട്ടയും സെറ്റായ ശേഷം മുകളിൽ തയാറാക്കി വച്ചിരിക്കുന്ന ഫില്ലിങ് വിതറി മുട്ട മടക്കുക. പ്ലേറ്റിലേക്കു മാറ്റി ലെറ്റൂസിനൊപ്പം വിളമ്പാം.
ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, മാരിയട്ട് കോർട്ട്‍യാർഡ് നെടുമ്പാശ്ശേരി, കൊച്ചി.