Thursday 14 November 2019 01:05 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞു മനസ്സിലേക്ക് അദൃശ്യസുഹൃത്തുക്കൾ കടന്നു വരുന്നതെങ്ങനെ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

kids-spevvvvbb

വെള്ളനിറമുള്ള സോഫാ കുഷനിൽ അപ്രതീക്ഷിതമായി ചുവന്ന ലിപ്സ്റ്റിക് വരകൾ പ്രത്യക്ഷപ്പെട്ടു. പ്രതി മൂന്നു വയസുകാരി റോസാണെന്ന് കണ്ടവർക്കെല്ലാം അറിയാം. പക്ഷേ, ചോദിച്ചപ്പോൾ അവൾ അമ്മയോട് പറഞ്ഞത് അവളുടെ സുഹൃത്ത് ചെയ്തതാണെന്നായിരുന്നു. കുത്തിവരകളായും ഛായാചിത്രങ്ങളായും ചുവരുകളിൽ പിന്നീടും ചിത്രങ്ങൾ നിറഞ്ഞു.

‘മോളോട് എത്ര തവണ പറഞ്ഞതാ, ഭിത്തി വൃത്തികേടാക്കരുതെന്ന്. കഷ്ടമാണ് റോസൂ ഇങ്ങനെയൊക്കെ ചെയ്യുന്നത്.’ സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ അമ്മ വഴക്ക് പ റഞ്ഞപ്പോൾ റോസിന്റെ മറുപടി ഇങ്ങനെ. ‘സത്യായിട്ടും ഞാനല്ല അമ്മേ. റോസ് നല്ല കുട്ടിയാ. അങ്ങനെ ഒന്നും ചെയ്യൂല്ല. അമ്മ പറയുന്നതേ ചെയ്യൂ. പക്ഷേ, എന്റെ കൂട്ടുകാരിയാ ഇതൊക്കെ ചെയ്തത്.’ മകളുടെ വിചിത്രമായ മറുപടി കേട്ടിട്ടും  അമ്മയും അച്ഛനും ദേഷ്യപ്പെട്ടില്ല. പകരം എന്നും അവളുടെ കഥകൾ കേൾക്കാൻ കുറച്ച് സമയം മാറ്റി വച്ചു. റോസിന്റെ വിവരണത്തിലെ കൂട്ടൂകാരിയെ അവൾക്ക്  മാത്രമേ കാണാൻ കഴിയൂ. വേറെ ആർക്കും കാണാൻ കഴിയില്ല.

ഇത്തരം അദൃശ്യ സുഹൃത്തുക്കൾ കുഞ്ഞുമനസ്സുകളിൽ മൊട്ടിടുന്നത് പല സാഹചര്യത്തിലാണ്. മൂന്നു മുതൽ ഏഴു വരെയുള്ള പ്രായത്തിലാണ് ഇത്തരം ഭാവനാ കഥാപാത്രങ്ങൾ പൊതുവേ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ഈ ഭാവനാ കഥാപാത്രത്തിനൊപ്പമുള്ള സഞ്ചാരം കുട്ടിയെ കുഴപ്പത്തിലാക്കുകയും ചെയ്യും. ഇത് എത്രത്തോളം അപകടകരമെന്ന് എങ്ങനെ തിരിച്ചറിയാം? സ്വീകരിക്കേണ്ട തിരുത്തൽ മാർഗങ്ങൾ എന്തെല്ലാം? മാതാപിതാക്കൾ ഇക്കാര്യത്തിൽ അറി‍ഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങൾ പറയാം.

ആരാണ് ഈ സുഹൃത്തെന്നറിയൂ

വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സി  ലേക്കാണ് സാധാരണ ഇത്തരം അദൃശ്യ സുഹൃത്തുക്കൾ ക യറി വരുന്നത്. ടെലിവിഷനും കാർട്ടൂണും ഒക്കെ മണിക്കൂറുകളോളം കാണും. ആ സമയത്ത് മറ്റ് ശല്യത്തിനൊന്നും വരില്ലല്ലോ എന്നു കരുതി വീട്ടുകാരും അതനുവദിക്കും.

പക്ഷേ, അതും മടുക്കുമ്പോൾ കുഞ്ഞ് മനസ്സ് സ്വയം കണ്ടെത്തുന്ന മാർഗമാണ് ഈ അദൃശ്യനായ ബെസ്റ്റ് ഫ്രണ്ട്. അവർ അവരോട് സംസാരിക്കും. പിണങ്ങും, ചിലപ്പോൾ സംഭവം കയ്യാങ്കളി വരെയെത്താം. ഏകാന്തത, സ്വന്തമായി സംസാരിക്കാനും കേൾക്കാനും ആരുമില്ലെന്ന തോന്നൽ ഇവയാണ് ഇത്തരം മാനസിക സാഹചര്യങ്ങളിലേക്ക് കുരുന്നുകളെ ന  യിക്കുന്നത്. അദൃശ്യ സുഹൃത്തുക്കളുടെ ലോകത്തേക്കുള്ള മാനസിക പരിണാമത്തിന് മൂന്നു ഘട്ടങ്ങളാണുള്ളത്.

വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തതാണ് ഒന്നാം ഘട്ടം.  കുട്ടികൾ അവരുടെ അദൃശ്യ സുഹൃത്തിനോട് കൊഞ്ചി വർത്തമാനം പറയുന്നു. ചിലപ്പോൾ കുട്ടി അമ്മയും അദൃശ്യ സുഹൃത്ത് കുട്ടിയുമായി മാറുന്നു. വീട്ടിലെ അമ്മയുടെ പ്രതിഫലനം തന്നെയാകും കുട്ടിയുടെ അമ്മ കഥാപാത്രത്തിനും. വീട്ടിൽ കുട്ടി നേരിട്ട സന്ദർഭങ്ങളാകും വേറൊരു തരത്തിൽ റിക്രിയേറ്റ് ചെയ്യുന്നത്.

എന്നാൽ രണ്ടാംഘട്ടം കുറച്ച് കൂടി ഗൗരവമുള്ളതാണ്. അദൃശ്യ സുഹൃത്ത് ആയിരിക്കും കുട്ടിയുടെ അമ്മയുടെയോ അച്ഛന്റെയോ റോളിൽ. മാതാപിതാക്കൾ പലതവണ അവഗണിച്ച ആവശ്യങ്ങൾ ആയിരിക്കും കുട്ടി അദൃശ്യ കഥാപാത്രത്തോട് പറയുന്ന സംഭാഷണങ്ങളിൽ അധികവും. ഒരാവശ്യം പറഞ്ഞാൽ അച്ഛനോ അമ്മയോ അത് പറ്റില്ലെന്ന നിലപാട് എടുത്താൽ കുട്ടി ചിലപ്പോളൊന്ന് ചിണുങ്ങും. പിന്നെയും ശല്യം ചെയ്താൽ വഴക്ക് പറഞ്ഞോ തല്ലിയോ ഒതുക്കും.

പക്ഷേ, കുഞ്ഞുമനസ്സിലെ വേദന അവിടെ തന്നെ തങ്ങി നിൽക്കും. അത്തരം ചോദ്യങ്ങളും മറുപടികളുമെല്ലാം കുട്ടി പങ്കുവയ്ക്കുന്നത് സങ്കൽപത്തിലെ കഥാപാത്രത്തോടായിരിക്കും. വീട്ടിൽ അവർക്കു പറയാന്‍ പേടിയുള്ള മറുപടികളെ  ല്ലാം അവർ തങ്ങളുടെ സങ്കൽപ്പത്തിലെ രക്ഷിതാവിനോട് പ റയും. ഇത്തരം രീതികൾ കണ്ടാൽ കുഞ്ഞുങ്ങളെ ചേർത്തിരുത്തി സംസാരിക്കണം. സ്നേഹമുണ്ട് എന്ന തോന്നൽ അവരിൽ ഉണ്ടാക്കണം. അച്ഛനും അമ്മയും ഒപ്പമുണ്ട് എന്ന തോന്നൽ കു‍ഞ്ഞുമനസ്സിൽ ഉറപ്പിക്കാൻ സമയം അതിക്രമിച്ചുവെന്നും മനസ്സിലാക്കണം.

മൂന്നാം ഘട്ടമാണ് അൽപം കുഴപ്പം പിടിച്ചത്. സംഭാഷണത്തിനപ്പുറത്തേക്ക് കുട്ടികൾ സാങ്കൽപിക സന്ദർഭങ്ങൾ ക്രിയേറ്റ് ചെയ്യുന്ന അവസ്ഥ ആണിത്. ഒരുദാഹരണം പറയാം.

ഒരു കുഴപ്പവുമില്ലാതെ വീട്ടിൽ നിന്നു  സ്കൂളിലേക്ക് പോ യ ആറു വയസുകാരൻ അപ്പുവിന് രണ്ടാമത്തെ പിരീയഡ് മുതൽ തലവേദന. ആ പിരീയഡിന്റെ അവസാനമായപ്പോഴേക്കും അപ്പു ബോധരഹിതനായി. ആശുപത്രിയിലെത്തിച്ച് ബോധം വന്ന് എഴുന്നേറ്റ കുട്ടി പഴയ ആളല്ല. ഏതോ അമാനുഷിക കാർട്ടൂൺ കഥാപാത്രമായി മാറിയതു പോലെയാണ് സംസാരവും ആക്‌ഷനുമെല്ലാം.

എല്ലാവരും പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് കുട്ടിയുടെ അമ്മ ആ വെളിപ്പെടുത്തൽ നടത്തിയത്. ‘ഇതിനു മുൻപും ഇതുപോലെ ഒരു തവണ ഉണ്ടായിട്ടുണ്ട്.’ അന്ന് അവ ർ അത് രഹസ്യമാക്കി വച്ചു. ഇത്തരം സംഭവങ്ങൾ പല വീടുകളിലും ഉണ്ടാകാറുണ്ട്. ചെറിയ കുട്ടി മറ്റൊരാളായി സംസാരിക്കുക, മുതിർന്ന മറ്റൊരാളെ പോലെ പെരുമാറുക. അപ്പുവിന്റെ  കാര്യത്തിൽ സംഭവത്തിന്റെ സത്യാവസ്ഥ ഞെട്ടിക്കുന്നതായിരുന്നു. മൂന്നാമത്തെ പിരീയഡ് കണക്ക് ക്ലാസ് ആയിരുന്നു. ഹോംവർക് ചെയ്യാൻ കക്ഷി മറന്നുപോയി. കണക്ക് അ പ്പുവിന് തീരെ ഇഷ്ടമില്ലാത്ത വിഷയവുമാണ്. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ കിട്ടുന്ന ശിക്ഷ ഒാർത്ത് അപ്പുവിന്റെ      മനസ്സ് കണ്ടെത്തിയ ഒളിച്ചോട്ടമായിരുന്നു ആ ‘ബോധം കെടൽ’. അതിന്റെ തുടർച്ചയായിരുന്നു കാർട്ടൂൺ കഥാപാത്രമായുള്ള  മാറ്റം.

ഇതിനു മുൻപും എന്തോ ആവശ്യത്തിന് വാശി പിടിച്ചപ്പോൾ അമ്മ അത് നടത്തി കൊടുത്തില്ല. അത് നിറവേറാനായി അവൻ കണ്ടെത്തിയ മാർഗമായിരുന്നു അത്. ഒരു വട്ടം വിജയം കണ്ടപ്പോൾ രണ്ടാമതും അതേ ഐഡിയ പ്രയോഗിച്ചു. ഇങ്ങനെ സങ്കൽപവും യാഥാർഥ്യവും കൂടിക്കുഴഞ്ഞുള്ള മാനസികാവസ്ഥയിൽ എത്തുന്ന കുട്ടിക്ക് കൂടൂതൽ കരുതലും ശ്രദ്ധയും വേണം. ആവശ്യമെങ്കിൽ ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സേവനം തേടാനും മടിക്കരുത്.   

ജാഗ്രത വേണം

എല്ലാം എന്റെ കൂട്ടുകാരിയാണ് ചെയ്തത് എന്ന് പറഞ്ഞ് ‘നൈസ്’ ആയി  ഒഴിവാകുമ്പോഴെ മാതാപിതാക്കൾ ജാഗ്രത പുലർത്തണം. കുട്ടിക്ക് എന്തും തുറന്നു പറയാനുള്ള സ്വാതതന്ത്ര്യം വീട്ടിൽ ഉണ്ടെന്ന് ബോധ്യപ്പെടുത്തണം.

‘അച്ഛനോടൊ അമ്മയോടൊ പറയാമല്ലോ എന്തിനാണ് സാങ്കൽപിക സുഹൃത്തിനോടു പറയുന്നതെ’ന്ന തോന്നൽ രൂപപ്പെടുത്തണം. കുട്ടികൾ കള്ളത്തരങ്ങൾ കാണിച്ചു തുടങ്ങുമ്പോഴെ ചെയ്ത തെറ്റ് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണം. ഒരാവശ്യം കുട്ടി പറയുമ്പോൾ അത് പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കാം. പക്ഷേ, എന്തു കൊണ്ടാണ് ‘നോ’ പറയുന്നത് എന്നത് കുട്ടിക്ക് കൂടി ബോധ്യപ്പെടുത്തി കൊടുക്കണം. സ്നേഹത്തോടെയുള്ള ഒരു തലോടൽ മതി കുഞ്ഞു മനസ്സിൽ ഒളിച്ചിരിക്കുന്ന വേദനകൾക്കും ആധികൾക്കും ആശ്വാസം നൽകാൻ.

മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ അനുവദിക്കുക

ഒറ്റപ്പെടൽ അനുഭവിക്കുന്ന കുഞ്ഞുമനസ്സിലാണ് ഇത്തരം സങ്കൽപ്പ സുഹൃത്തുക്കൾ പൊതുവേ ഉണ്ടാകുന്നത്. സ്കൂള്‍ വിട്ട് തിരികെയെത്തുമ്പോള്‍  വീട്ടിലുണ്ടാകുന്ന ശൂന്യതയിൽ നിന്നാണ് ആരും കാണാത്ത സുഹൃത്തിനെ അവരുടെ മനസ്സ് സൃഷ്ടിക്കുന്നത്. സമപ്രായക്കാരായ കുട്ടികളുമൊത്തുമുള്ള കളിചിരികൾക്ക് പലപ്പോഴും കുട്ടികൾക്ക് അവസരം കിട്ടാറില്ല. ആശയവിനിമയത്തിലൂടെയേ അവരുടെ ആത്മവിശ്വാസവും പെരുമാറ്റ രീതികളും മെച്ചപ്പെടൂ. ഫ്ലാറ്റിലേയോ വീടിനരികിലേയോ കുട്ടികളുമായി നല്ലൊരു സൗഹൃദ ബന്ധമുണ്ടാക്കുന്നതിലൂടെ കുട്ടികൾ കൂടുതൽ സ്മാർട് ആകുകയും അവരുടെ ലോകം വിശാലമാകുകയും ചെയ്യും.

djjkmkids

∙ ഒരു ദിവസം ഒരു മണിക്കൂർ

കാർട്ടൂണിലെ കഥാപാത്രം കുഞ്ഞിനെ സ്വാധീനിക്കുന്നു എ ന്നു കരുതി കാർട്ടൂണുകൾക്ക് വീട്ടിൽ നിരോധനം ഏർപ്പെടുത്തേണ്ട കാര്യമില്ല. എങ്കിലും ടിവിയും ലാപ്ടോപ്പും അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ദിവസം ഒരു മണിക്കൂറി ലധികം ചെലവിടാൻ കുട്ടിയെ അനുവദിക്കേണ്ടതില്ല.

കാണുന്നതിനിടിയിൽ  കാർട്ടൂൺ കഥാപാത്രത്തെ കുറിച്ച് മുതിർന്നവർ സംശയം ചോദിക്കുന്നതും ഉത്തരം കുട്ടി പറയുന്നതും പോലെയുള്ള രീതികൾ പരീക്ഷിക്കാം. കുഞ്ഞുങ്ങൾക്കൊപ്പം അമ്മയോ അച്ഛനോ കാർട്ടൂൺ കാണുന്നതും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്.

പുതിയ വാക്കുകൾ, പാട്ടുകൾ, നിറങ്ങൾ, വസ്തുക്കൾ എ ന്നിവയെല്ലാം പഠിക്കാൻ ഇത്തരം കാർട്ടൂണുകൾ കുട്ടികളെ സ ഹായിക്കും. അക്രമ വാസന വളർത്തുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതുമായ കാർട്ടൂൺ പരമ്പരകൾ കാണാൻ അനുവദിക്കരുത്.

ദേഷ്യപ്പെടൽ അല്ല പരിഹാരം

∙ കുട്ടികളുടെ മുന്നിൽ വഴക്കു കൂടാതിരിക്കുക

അച്ഛനമ്മമാർ തമ്മിലുള്ള കലഹം പലപ്പോഴും കുട്ടികളിൽ മാനസിക സംഘർഷങ്ങൾക്കു വഴിയൊരുക്കും. തങ്ങൾ കണ്ടെത്തുന്ന അദൃശ്യ സുഹൃത്തിനോട് എപ്പോഴും കുട്ടി ക ലഹിക്കുകയാണെങ്കിൽ അതിൽ നിന്നും മനസ്സിലാക്കേണ്ടത് അച്ഛനും  അമ്മയും  തമ്മിലുള്ള കലഹം കുഞ്ഞിനെ ആഴത്തി‌ൽ സ്വാധീനിക്കുന്നുണ്ടെന്നാണ്. പരസ്പരം പറയുന്ന വാക്കുകളും വെല്ലുവിളികളും കുട്ടികളിൽ കനത്ത മാനസിക ആഘാതം  ഉണ്ടാക്കും. ഇത്തരം വാക്കുകൾ കുഞ്ഞുങ്ങൾ എളുപ്പത്തിൽ സ്വായത്തമാക്കുന്നതും സ്വാഭാവികമാണ്.

∙ കൃത്യമായ സമയം  ചെലവഴിക്കുക

നിത്യവും കുഞ്ഞിനൊപ്പം കൃത്യമായ സമയം ചെലവഴിക്കുക. ആഴ്ചയിൽ ഒരു ദിവസം കുഞ്ഞിനെ പുറത്തു കൊണ്ടു പോകുക. എത്ര തിരക്കുള്ള ജോലിയായാലും രക്ഷിതാക്കള്‍ ഇത്തരം ചെറിയ കാര്യങ്ങൾക്ക് കൂടി സമയം കണ്ടെത്തണം. അച്ഛനമ്മമാർ ഒപ്പം കളിക്കാനുണ്ടെങ്കിൽ മറ്റൊരു  സാങ്കൽപിക സുഹൃത്തിനും അമിത പ്രാധാന്യം നൽകില്ല. കുഞ്ഞുങ്ങളുടെ റോൾ മോഡൽ അവരുടെ അച്ഛനമ്മമാർ തന്നെയാകും.

∙ വാഗ്ദാനങ്ങൾ പാലിക്കുക

ചെറിയ കാര്യമാണെങ്കിൽ പോലും കുട്ടികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കാം. വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോള്‍ അമ്മ വീട്ടിലുണ്ടാകും എന്ന് രാവിലെ വാക്കു നൽകിയിട്ടുണ്ടെങ്കിൽ എത്ര തിരക്കും മാറ്റിവച്ച് അതു ചെയ്യണം. അമ്മയെ പ്രതീക്ഷിച്ചെത്തുന്ന കുട്ടിക്ക് അതു കിട്ടിയില്ലെങ്കിൽ കടുത്ത അരക്ഷിതബോധമായിരിക്കും ഉണ്ടായിരിക്കുക. ചെറിയ വാഗ്ദാനങ്ങളാണെങ്കിൽ പോലും കുഞ്ഞുങ്ങളുടെ വാക്കിന് വില നൽകുന്ന രീതിയിൽ അതു പാലിക്കണം.

അപകടം വരുന്ന വഴി

സ്ഥിരമായി കാണുന്ന കാർട്ടൂണിലെ അമാനുഷിക ശ ക്തിയുള്ള കഥാപാത്രമാണ് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ. കാർട്ടൂൺ തീർന്നശേഷവും കൂട്ടുകാരൻ പല അ മാനുഷിക ശക്തികളും കാണിക്കാൻ തുടങ്ങി. അതനുസരിച്ച് കൂടെ കളിക്കാൻ തുടങ്ങിയ നാലു വയസ്സുകാരന് പരുക്കുകൾ ഒഴിഞ്ഞ നേരമില്ലായിരുന്നു.

കുട്ടികളിലെ അപ്രത്യക്ഷ സുഹൃത്ത് തലവേദനയാകുന്നത് ഇങ്ങനെയാണ്. ഇതിന് ഏക പ്രതിവിധി ഒരു പ രിധിക്കപ്പുറത്തേക്ക് ഇത്തരം അമാനുഷിക കഥാപാത്രങ്ങളെ കുട്ടികളിലേക്ക് അടുപ്പിക്കാതിരിക്കുക. പകരം അതിനായി മാറ്റി വയ്ക്കുന്ന സമയത്ത് കുട്ടികളെ മറ്റ് ക്രിയേറ്റീവ് കളികൾ പഠിപ്പിക്കാം, ചിത്രങ്ങൾ വരപ്പിക്കാം. സംഗീത ഉപകരണങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളിലെ ബുദ്ധിവികാസത്തിനും നല്ലതാണ്.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം

വീട്ടിൽ മുതിർന്നവരുണ്ടെങ്കിൽ കൂടുതൽ സമയം അവരുമായി ചെലവഴിക്കാൻ കുട്ടികളെ അനുവദിക്കാം. മുത്തശ്ശനും മുത്തശ്ശിയും നൽകുന്ന സംരക്ഷണം കുട്ടികളെ കൂടുതൽ കരുത്തുള്ളവരാക്കും. അച്ഛനും അമ്മയും അരുതെന്ന് പറഞ്ഞ് വിലക്കിയിട്ടുള്ള കാര്യങ്ങൾ അതേ പോലെ പാലിക്കേണ്ടതാണെന്ന് മക്കളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തവും ഇവർക്കുണ്ട്. ഇത് കഥകളിലൂടെ പറയാൻ കഴിഞ്ഞാൽ കൂടുതൽ നല്ലത്.

മുത്തശ്ശൻ പറയുന്ന കഥകളിലെ കഥാപാത്രങ്ങൾക്ക് കുഞ്ഞുങ്ങൾ തന്നെ മനസ്സിൽ രൂപം നൽകും. മനസിന്റെ ക്രിയേറ്റീവ് ആവിഷ്കാരങ്ങളിലേക്കുള്ള ആദ്യപടിയാണിത്. എപ്പോഴും തങ്ങളെ സ്നേഹിക്കാൻ ആരെങ്കിലുമുണ്ടെന്ന തോന്നൽ കുട്ടികളിൽ ആതാമവിശ്വാസം വർധിപ്പിക്കും. കഥ കേട്ട് വളരുന്ന കുട്ടികൾക്ക് വായനാശീലത്തിലേക്കും എളുപ്പം കടക്കാൻ കഴിയും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ:  ബഷീർ കുട്ടി, അസോ. പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Mummy and Me
  • Parenting Tips