Wednesday 26 July 2023 03:52 PM IST : By വി.ആർ.ജ്യോതിഷ്, അമ്മു ജൊവാസ്

‘ചിത്രചേച്ചി തന്ന നിലവിളക്കും അതു പരത്തിയ പ്രകാശവും ഇന്നും കൺമുന്നിലുണ്ട്’; ഹൃദ്യമായ ഓര്‍മകളുമായി ഗായത്രി

ks-chithra4567

ചിത്രചേച്ചി തന്ന നിലവിളക്കും അതു പരത്തിയ പ്രകാശവും ഇന്നും കൺമുന്നിലുണ്ട്. ഞാനന്നു കോഴിക്കോട് പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ജില്ലാ സ്കൂൾ മേളയിൽ എനിക്കായിരുന്നു മികച്ച ഗായികയ്ക്കുള്ള സമ്മാനം. സമ്മാനദാനത്തിനു വന്നത് സാക്ഷാൽ കെ.എസ്. ചിത്ര.

‘പാടറിയേൻ പഠിപ്പറിയേൻ

പള്ളിക്കൂടം താനറിയേൻ...’ എന്നു പാടി ദേശീയ അവാർഡ് വാങ്ങിയ സമയം. പക്ഷേ, അതൊന്നും ആറാംക്ലാസ്സുകാരിയായ എന്നെ സംബന്ധിച്ച് ഒരു വിഷയമല്ലല്ലോ. സ്റ്റേജിൽ കയറി സമ്മാനം വാങ്ങിയതൊക്കെ ഓർമയുണ്ട്. അന്നു പക്ഷേ, ചിത്രചേച്ചിയുടെ വലുപ്പമൊന്നും മനസ്സിലാക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഈ സംഭവത്തിനുശേഷം പിന്നെ, ചിത്രചേച്ചിെയ കാണുന്നത് റിക്കോർഡിങ് ബൂത്തിലാണ്. പതിറ്റാണ്ടുകൾക്കുശേഷം. ആ കഥയിങ്ങനെ;

നന്നായി പാടും എന്നല്ലാതെ ഈ രംഗത്ത് നിൽക്കുമെന്നോ സിനിമയിൽ പാടാൻ അവസരം കിട്ടുമെന്നോ ഒന്നും കരുതിയിരുന്നില്ല. പക്ഷേ, യാദൃച്ഛികമായി ഞാ ൻ വന്നെത്തിയത് ഇവിടെതന്നെ. ചിത്രചേച്ചിയെ പിന്നെ കാണുമ്പോൾ ഞാൻ ഒരു ഗായികയെന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ദാസ് സാറിനൊപ്പം അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ പാടിയ

‘ദീന ദയാലോ രാമാ...

ജയ സീതാവല്ലഭ രാമാ......’ എന്ന പാട്ടൊക്കെ ഹിറ്റായിരുന്നു. അതിനുശേഷമാണ് ‘കൊച്ചു കൊച്ചു സന്തോഷങ്ങളി’ൽ ഇളയരാജാ സാറിന്റെ സംഗീതത്തിൽ പാടാനെത്തുന്നത്. പുണെയിൽ എംഎ പഠിക്കുന്ന കാലത്താണ് അത്. ചെൈന്നയിൽ എത്തിയപ്പോഴേക്കും ഞാൻ അവശയായി. ജലദോഷം കാരണം എന്റെ ശബ്ദം അടഞ്ഞു. പിന്നെ, ടെൻഷനും.

രണ്ടു പാട്ടുകളാണ് എനിക്കുള്ളത്. ചിത്രചേച്ചിയുമായി ഒരു ഡ്യൂയറ്റും പിന്നെയൊരു സോളോയും. ‘ഘനശ്യാമ വൃന്ദാരണ്യം രാസകേളീയാമം...’ എന്ന ഗാനമാണ് സോളോ.

‘ശിവകര ഡമരുക ലയമായ് നാദം...

ഋതുപദഗതിയുടെ നടയായ് താളം..’ എന്ന പാട്ടാണ് ചിത്രചേച്ചിയുമായി പാടേണ്ടത്. ആറാംക്ലാസിൽ ചിത്രചേച്ചിയിൽ നിന്നു സമ്മാനം വാങ്ങിയതിനുശേഷം പിന്നെ, ചേച്ചിെയ കാണുന്നത് അന്നാണ്. ചേച്ചിയെ കണ്ടതും എനിക്കു കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. പാടാനേ പറ്റുന്നില്ല. പിന്നെ, ചേച്ചി തന്നെ ‘ഇങ്ങനെ ടെൻഷനാകരുത് ഗായത്രി’ എന്നു പറഞ്ഞ് ധൈര്യം തന്നു. ജലദോഷമുണ്ടെന്നു പറഞ്ഞപ്പോൾ ചേച്ചി ഫ്ലാസ്കിൽ കൊണ്ടുവന്ന ചൂടുവെള്ളം തന്നു. തേനും മറ്റെന്തൊക്കെയോ ചേർത്ത ഔഷധക്കൂട്ടു പോലെയുള്ള ചൂടുവെള്ളം. പിന്നീട് ചേച്ചിക്ക് ഇതുപോലെ ജലദോഷമുള്ള സമയത്ത് എ.ആർ. റഹ്മാന്റെ ഷോയ്ക്ക് പാടാൻ പോയ സംഭവം പറഞ്ഞു.

അങ്ങനെ ചേച്ചി തന്ന ധൈര്യത്തിലാണ് ഈ പാട്ടു പാടിയത്. പാടിക്കഴിഞ്ഞപ്പോൾ വളരെ നന്നായി എന്ന് അഭിനന്ദിക്കാനും മറന്നില്ല. ചിത്രചേച്ചിയുമായി വേദിയിൽ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. ഒരിക്കൽ ബഹ്‌റൈനിൽ ഒരു പരിപാടിയുണ്ടായിരുന്നു. അന്ന് എന്റെ ജന്മദിനമാണെന്നറിഞ്ഞു ചേച്ചി ഒരു സമ്മാനം തന്നു; ഒരു ജോടി സ്വർണക്കമ്മൽ.

ജീവിതത്തിലെ പ്രതിസന്ധികളെ  ചേച്ചി നേരിടുന്നത് വളരെ ആത്മീയമായാണ് എന്നു തോന്നിയിട്ടുണ്ട്. വെറുതെയിരിക്കുമ്പോൾ ചേച്ചി മന്ത്രം ജപിക്കുന്നതും ഗാനമേളയ്ക്കു മുൻപ് പ്രാർഥിക്കുന്നതും കണ്ടിട്ടുണ്ട്.

ചില ദിവസങ്ങളിൽ പത്തും പന്ത്രണ്ടും പാട്ടുകൾ വരെ ചേച്ചി റിക്കോർഡു െചയ്യാറുണ്ട്. സംഗീതത്തോട് അത്രയ്ക്കും സമർപ്പണമുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ചില സമയത്തു ചേച്ചി ഒരു കുസൃതിക്കാരിയായ കുട്ടിയാകും. ഞങ്ങൾ പിന്നണിഗായകരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിൽ ഏറ്റവും കൂടുതൽ കുസൃതിചോദ്യങ്ങൾ ചോദിക്കുന്ന ആളും ചിത്രചേച്ചിയാണ്.

ചിത്രചേച്ചിയെക്കുറിച്ചു പറയുമ്പോൾ പഴയ ആറാം ക്ലാസുകാരിയിൽ നിന്ന് കാലം ഒരുപാട് മുന്നോട്ടു പോയി. ഒട്ടേറെ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. എങ്കിലും അന്നു ചിത്രചേച്ചി സമ്മാനിച്ച നിലവിളക്കിൽ നിന്നുള്ള പ്രകാശമാണ് എന്നെ ഇപ്പോഴും നയിക്കുന്നത്.

Tags:
  • Movies