പ്രണയത്തിന്റെ ഭാഷ സംഗീതമാണെന്ന് പറയാറുണ്ട്. ഈ പ്രണയ സുദിനത്തിൽ ഹൃദയംതൊടുന്ന പ്രണയ കാവ്യം പങ്കുവച്ച് നടിയും ഗായികയുമായ മഞ്ജുവാണി. ‘കണ്ടനാൾ മുതലായ് കാതൽപെരുഗ്ദടീ...’ എന്ന് തുടങ്ങുന്ന മനോഹര പ്രണയഗാനം വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങി. തന്റെ യൂട്യൂബ് ചാനലായ എന്റെ മൊണ്ടാഷ് ലൈഫിലൂടെയാണ്’ സംഗീത സാന്ദ്രമായ ഈ പ്രണയകാവ്യം മഞ്ജുവാണി പങ്കുവച്ചത്. ഗാനത്തിന്റെ കവർ വേർഷൻ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ആക്ഷന് ഹീറോ ബിജുവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജുവാണി ഗായികയെന്ന നിലയിലും പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിയ താരമാണ്. എൻ എസ് ചിദംബര നാഥിന്റെ കൃതിയാണ് മനോഹര ഗാനമായി പുനർജനിച്ചത്. മധുവന്തി രാഗത്തിലുള്ള ഗാനത്തിന്റെ താളം ആടി.
മഞ്ജുവാണി തന്നെയാണ് ഈ മനോഹര പ്രണയ ഗാനത്തിന്റെ സംവിധായിക. അർജുൻ ബാലകൃഷ്ണനാണ് നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്തത്. ജാനകി ജിനപ്രസാദിന്റേതാണ് കൊറിയോഗ്രഫി. ചുരുങ്ങിയ സമയം കൊണ്ട് ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.