Monday 13 April 2020 11:27 AM IST

ഏഴു വർഷത്തിനുള്ളിൽ ആറു തവണ കാൻസർ: പോരാട്ടത്തിന് ഒടുവിൽ ഡോ. പി. എ ലളിത മടങ്ങുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

Dr Lalitha


ആറു തവണയാണ് കാൻസറിനെ തന്റെ ഇച്ഛാശക്തി കൊണ്ട് ഡോ. ലളിത തോൽപിച്ചത്. മനസ്സിനു കരുത്തുണ്ടെങ്കിൽ ഏതു രോഗത്തെയും നമുക്ക് അതിജീവിക്കാവുന്നതേ ഉള്ളൂ എന്ന് തന്റെ അനുഭവം ചൂണ്ടിക്കാട്ടി അവർ പറയുമായിരുന്നു.  ഒരിക്കലും വിട്ടുപിരിയാത്ത സ്നേഹിതനോടുള്ള പ്രണയഭാവമേ തനിക്ക്  ഇപ്പോൾ അർബുദത്തോടുള്ളു എന്നും രോഗത്തെ സ്നേഹിക്കാനായതോടെ ചികിത്സ എളുപ്പമായെന്നും  ഡോക്ടർ പറയുമായിരുന്നു.  ഒടുവിൽ ആ പ്രിയ സ്നേഹിതനോടൊപ്പം ഡോ. ലളിത യാത്രയായി. 

ഡോക്ടർ ലളിതയുടെ അർബുദ പോരാട്ടത്തെക്കുറിച്ച്  മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം...

ഏഴു വർഷത്തിനുള്ളിൽ ആറു തവണയാണ് അർബുദം ഡോ. ലളിതയെ തേടിവന്നത്. തുടക്കത്തിൽ അതൊരു പോരാട്ടമായിരുന്നു. കീമോമരുന്നുകളുടെ ആക്രമണോത്സുകതയിൽ അർബുദം ഒളിച്ചുനിൽക്കും. മാസങ്ങളുടെ ഇടവേളയിൽ തിരികെ വരും. ക്രമേണ വേർപിരിയാനാഗ്രഹിക്കാത്ത ഒരു സുഹൃത്തായി കണ്ട് അർബുദത്തെ ഡോക്ടർ സ്നേഹിച്ചുതുടങ്ങി. ഒരു കയ്യിൽ ഇഷ്ടദൈവമായ കണ്ണനും മറു കയ്യിൽ തന്റെ ഈ പുതിയ സ്നേഹിതനും പിടിച്ചു നടത്തുന്ന യാത്രയെന്ന് അവരതിനെ വിശേഷിപ്പിക്കുന്നു. ആരും അതിശയിക്കുന്ന കരുത്തോടെ, സദാ ഊർജസ്വലയായി ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു. അർബുദത്തെ എങ്ങനെ കാണണമെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഡോക്ടർ സംസാരിക്കുകയാണ്.

‘‘വർഷാവർഷം പരിശോധന നടത്തുന്നതിന്റെ പ്രാധാന്യം പറഞ്ഞ് ആളുകളെ സദാ ബോധവൽക്കരിക്കുമെങ്കിലും തിരക്കു മൂലം സ്വന്തം കാര്യത്തിൽ ഒരു പരിശോധന പോലും നടത്തിയിട്ടില്ല ഞാൻ. ഇന്നേവരെ ആശുപത്രിയിൽ കിടന്നിട്ടില്ല. പ്രസവം കഴിഞ്ഞ് പിറ്റേന്നുമുതൽ ആശുപത്രിയിൽ പോയിത്തുടങ്ങിയതാണ്. അങ്ങനെയിരിക്കയാണ് പിത്താശയത്തിൽ നാലു വലിയ കല്ല് കണ്ടത്. അതു നീക്കാനുള്ള ലാപ്രോസ്കോപി ശസ്ത്രക്രിയ ചെയ്തപ്പോൾ ഡയഫ്രത്തിനു താഴെ വളരെ ചെറിയൊരു മുഴ സർജൻ ഡോ. സി.സി. സുരേഷ് കണ്ടെത്തി. അദ്ദേഹം ഞാൻ പോലുമറിയാതെ അതെടുത്ത് പരിശോധനയ്ക്കയച്ചു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പറഞ്ഞാൽ മതിയല്ലോ എന്നു കരുതി. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാംദിവസം മുതൽ ഞാൻ ആശുപത്രിയിൽ സർജറികളും മറ്റുമായി തിരക്കിലാണ്ടു. പത്താംദിവസം ഡോ. സുരേഷ് എന്നെ വിളിച്ച് പറഞ്ഞു. ‘ലളിതയുടെ വയറ്റിൽ അർബുദകോശങ്ങൾ കാണുന്നു. കൂടുതൽ പരിശോധന നടത്തണം.’

അതുകേട്ടപ്പോൾ ഞാൻ കരഞ്ഞൊന്നുമില്ല. അങ്ങനെ തളർന്നുവീഴുന്നയാളല്ല ഞാൻ. അച്ഛനും അമ്മയും നല്ല പോരാട്ടവീര്യമുള്ളവളായാണ് എന്നെ വളർത്തിയത്. സർവോപരി ഞാനൊരു ഡോക്ടറാണ്. അതുകൊണ്ട് സമയം കളയാതെ പരിശോധനകൾ നടത്തി. പക്ഷേ അത്ര വേഗം പിടിതരുന്ന ഇനമല്ലായിരുന്നു എന്റെ അർബുദം. അത് ഞണ്ടിനെപ്പോലേ വയറിനുള്ളിൽ പതുങ്ങിയിരുന്നു. അൾട്രാസൗണ്ട്, സി ടി സ്കാൻ ഇതിലൊന്നും കണ്ടില്ല. മൂന്നാമത് എംആർഐ പരിശോധനയിലാണ് കണ്ടെത്തിയത്. അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്, സി ടി സ്കാനിൽ 40 ശതമാനം രോഗങ്ങളെ മാത്രമേ കണ്ടെത്തുകയുള്ളു എന്ന്.

പാളിപ്പോയ സർജറി

ആദ്യം ശസ്ത്രക്രിയ ചെയ്യണം. അതിനു മുൻപായി സ്തനങ്ങളുടെ മാമോഗ്രാം പരിശോധന നടത്തി. ഇനി ആമാശയവും വൻകുടലും പരിശോധിക്കാൻ എൻഡോസ്കോപി ചെയ്യണം. എന്റെ കഷ്ടകാലത്തിന് ഞാൻ ഡോക്ടർമാരോട് പറഞ്ഞു. ‘എന്തായാലും സർജറി ചെയ്യാൻ അനസ്തീസീയ നൽകണം. എങ്കിൽ ആ കൂടെ സ്കോപ്പി പരിശോധന ചെയ്താൽപോരേ? രണ്ടുതവണ അനസ്തീസിയ നൽകുന്നത് ഒഴിവാക്കാമല്ലൊ.’ ഹോസ്പിറ്റൽ ഉടമയല്ലേ പറയുന്നത്, അവർ നിഷേധിച്ചില്ല. പക്ഷേ, എന്റേത് മണ്ടൻ തീരുമാനമായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്.

സ്കോപ്പി പരിശോധനയ്ക്കായി വായു അടിച്ചുകയറ്റുമ്പോൾ കുടൽ ബലൂൺപോലെ വീർക്കും. സ്കോപ്പി കഴിഞ്ഞ് വയർ തുറന്നപ്പോൾ വീർത്ത കുടൽ ചാടി വന്നു. ഡോക്ടർമാർ ആകെ പരിഭ്രാന്തരായി. ഇപ്പോൾ പൊട്ടുമെന്നപോലിരിക്കുന്ന വയർ അവർ പണിപ്പെട്ട് അകത്താക്കി. ഗർഭപാത്രവും അണ്ഡാശയങ്ങളും മാത്രം നീക്കം ചെയ്തു. പുതിയ ചികിത്സാരീതിയിൽ കുടൽമാലകളും കഴലകളും കൂടി നീക്കാറുണ്ട്. എന്റെ അവസ്ഥ മൂലം ഇതൊന്നും ചെയ്യാനായില്ല. അങ്ങനെ സംഭവബഹുലമായ സർജറി അവസാനിച്ചു. ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു താക്കോൽദ്വാര ശസ്ത്രക്രിയ വഴി കുടലും കഴലകളും നീക്കാമെന്നു തീരുമാനിച്ചു.

പക്ഷേ, സർജറി കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളിൽ അഞ്ചു തവണ എന്റെ വയർ തുറക്കേണ്ടിവന്നു. അപൂർവമായ എംആർഎസ്ഐ അണുബാധയാണ് കാരണം. ഞങ്ങളുടെ ആശുപത്രിയിൽ ആദ്യമായി ഈ അണുബാധ വരുന്നത് എനിക്കാണ്! വയറിന്റെ മൂലയിൽ മാളംപോലെ മഞ്ഞകളറിൽ അണുക്കൾ കൂടുകൂട്ടി. അതെല്ലാം ചുരണ്ടിക്കളഞ്ഞ് വൃത്തിയാക്കി വയറ് അടയ്ക്കാൻ നോക്കിയപ്പോൾ തൊലി കൂട്ടിമുട്ടുന്നില്ല. പ്രത്യേകതരം പശ ഒട്ടിച്ചാണ് അഞ്ചാംതവണ വയറ് കൂട്ടിച്ചേർത്തത്. 13–ാം ദിവസം മുതൽ ഞങ്ങളുടെ തന്നെ ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ കീമോതെറപ്പി തുടങ്ങി. രണ്ടു കീമോ കഴിഞ്ഞപ്പോഴേ പശ വച്ചൊട്ടിച്ച ഭാഗം പൊട്ടി. ഭാഗ്യത്തിന് പിളർന്നുപോന്നില്ല.

lalitha2

ചിരിച്ചു നേരിട്ട നാളുകൾ

രോഗമാകട്ടെ, ദുരന്തമാകട്ടെ... ഇത്തിരി നർമബോധത്തോടെ അതിനെ നോക്കിയാൽ രസമായി തോന്നും. 17–ാം വയസ്സിൽ ശവങ്ങൾക്കും ജീവച്ഛവങ്ങൾക്കും ഇടയിൽ കഴിയാൻ നിർബന്ധിതയായ ഒരു പെൺകുട്ടി എത്രമാത്രം വിഷാദവതിയായിരിക്കും?. സന്തോഷിക്കാൻ അവൾ കാരണങ്ങൾ തേടിയെടുക്കും. സ്വയം പരിഹസിച്ച് ചിരിച്ചാണ് ഞാൻ ആ വിഷാദനോവുകളെ മറികടന്നത്. പശവിട്ട ഭാഗത്തുകൂടി കുടൽ അനങ്ങുന്നത് നോക്കി ഗർഭിണിയുടെ വയറ്റിൽ കുഞ്ഞ് കാലിട്ടിളക്കുന്നതുപോലെ എന്ന് ഉപമിച്ചു രസിച്ച് ഞാൻ ഈ വേദനയും മറന്നു.

ആറുമാസത്തിനുശേഷം കുടൽമാലകളും കഴലകളും കീഹോൾ സർജറിയിലൂടെ പുറത്തെടുത്തു. മെഷ് തുന്നിച്ചേർത്ത് വയറും പൂർവസ്ഥിതിയിലാക്കി. ആറാഴ്ച കൂടുമ്പോൾ രക്തം പരിശോധിച്ച് കാൻസർ തിരിച്ചുവരുന്നില്ല എന്ന് ഉറപ്പാക്കിയാൽ മതി ഇനി.

രോഗം തിരിച്ചു വരുന്നു

ആറു മാസം കഴിഞ്ഞപ്പോൾ രോഗം തിരിച്ചുവന്നു. വീണ്ടും കീമോ തുടങ്ങി. പിന്നെയും മാസങ്ങളുടെ ഇടവേളയിൽ രോഗം തിരിച്ചുവന്നുകൊണ്ടിരുന്നു. ആദ്യത്തെ കീമോയുടെ സമയത്തുമാത്രമേ ഞാൻ വീട്ടിൽ ഇരുന്നുള്ളു. പിന്നീട് ജോലി ചെയ്തുകൊണ്ടു തന്നെ കീമോ തുടർന്നു. ഉച്ചയ്ക്കുശേഷം കീമോ എടുക്കും. രാത്രീ വീട്ടിൽ പോകും. രാവിലെ വന്നു രോഗികളെ നോക്കും. അതൊരു വലിയ കാര്യമായി പറയുകയല്ല. ഇവിടെ എനിക്ക് ഭക്ഷണം എടുത്തുതരാൻ ആളുണ്ട്, വീട്ടിൽ ചെന്നാൽ വിശ്രമിക്കാം. എന്റെ പരിചയത്തിൽ ഒരു ഡോക്ടറുണ്ട്. രണ്ട് ചെറിയ മക്കളുണ്ട്. അവർ ചികിത്സയെടുക്കുമ്പോഴും വീട്ടിലെ ജോലി മുഴുവനും ചെയ്യും. മെലിഞ്ഞ് നേർത്തൊരു സ്ത്രീ. അവരുടെ ഉൾക്കരുത്തോർത്ത് ഞാൻ അമ്പരന്നിട്ടുണ്ട്.

ഇപ്പോൾ പഴയപോലെ കീമോയെ പേടിക്കേണ്ട കാര്യമില്ല. പണ്ട് കീമോ കഴിഞ്ഞയാളുടെ മുൻപിൽ ഒരു ബക്കറ്റ് വച്ചിരിക്കും ഛർദിക്കാൻ. പുതിയ കീമോ മരുന്നുകൾക്ക് റിയാക്‌ഷൻ കുറവാണ്. ഛർദിയില്ല, മുടികൊഴിച്ചിലില്ല, ക്ഷീണമില്ല. ആദ്യത്തെ കീമോയുടെ സമയത്തു മാത്രമാണ് എന്റെ മുടി കൊഴിഞ്ഞത്.

മനസ്സിന് കരുത്ത് ഉണ്ടെങ്കിൽ ഏതു രോഗത്തെയും നമുക്ക് അതിജീവിക്കാം. ഏതു രോഗത്തോടും പോരാടാനുള്ള കരുത്തു നിറച്ചാണ് നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്നും കാൻസറാണ് എന്നു പറയുമ്പോൾ ആളുകളുടെ മുഖത്തെ ഭാവം പകരും. ചില സ്ത്രീകൾ സ്തനത്തിൽ മുഴ കണ്ടാലും ഡോക്ടറെ കാണില്ല. കാൻസറാണെങ്കിൽ കീമോ എടുക്കണ്ടേ? തലയിലെ മുടി പോകില്ലേ? സ്തനം നീക്കിയാൽ ഭർത്താവിന്റെ സ്നേഹം നഷ്ടപ്പെട്ടാലോ? കുട്ടികളുടെ വിവാഹമാണ്, പരീക്ഷയാണ്, വീടിനു പാലുകാച്ചാണ് എന്നു പറഞ്ഞ് ചികിത്സ നീട്ടിക്കൊണ്ടുപോകുന്നവരുണ്ട്. എന്തു വിഡ്ഢിത്തമാണത്?

ഇപ്പോഴും കാൻസർ എന്നാൽ മരണത്തിനു നേർക്കുനേർ നിൽക്കുംപോലെയാണ് പലർക്കും. അതു മാറണം. സഹതാപമല്ല അനുതാപമാണ് രോഗിക്കു നൽകേണ്ടത്. കരഞ്ഞുനിലവിളിച്ച് രോഗിയുടെ ഉള്ള ധൈര്യം കൂടി കെടുത്തരുത്. രോഗികളും ഒാർക്കുക. തുണയ്ക്ക് ആളില്ലെങ്കിലും മുൻപോട്ടുപോകാൻ കഴിയണം.

അർബുദമാണെന്നറിയുമ്പോഴേ പലരും ആദ്യം ചെയ്യുന്നത് നെറ്റിൽ പരതുകയാണ്. രോഗത്തേക്കുറിച്ച് ശരിയും തെറ്റുമായ പല കാര്യങ്ങളും നെറ്റിലുണ്ടാകും. അതെല്ലാം വായിച്ച് പേടിച്ചിട്ട് എന്തു കാര്യം.? ഡോക്ടറെ 100 ശതമാനം വിശ്വസിക്കുക. അദ്ദേഹം പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക. അർബുദമാണല്ലോ എന്ന് ഒാർത്തുകൊണ്ടിരിക്കരുത്. അതങ്ങു മറന്നുകളഞ്ഞേക്കൂ. കീമോ മരുന്ന് കയറി പോകുന്ന ട്യൂബിൽ നോക്കി ഞാൻ മനസ്സിൽ സങ്കൽപിക്കുമായിരുന്നു, വെറും ഗ്ലൂക്കോസാണതെന്ന്.

അർബുദമാണെന്നറിഞ്ഞപ്പോൾ പലരും പറഞ്ഞു, വിദേശത്ത് പോയി ചികിത്സിക്കൂ എന്ന്. പക്ഷേ, ഇവിടെ മതി ചികിത്സ എന്ന് ഞാനുറപ്പിച്ചിരുന്നു. ഇവിടെ എല്ലാവരും എനിക്കു പരിചയമുള്ളവരാണ്. സ്വന്തമെന്ന പോലെ അവരെന്നെ നോക്കുന്നു. ബൈ സ്റ്റാൻഡർ പോലും വേണ്ട.

എം വി പിള്ള സാർ പറഞ്ഞുതന്ന ഒരു കാര്യമുണ്ട്. 100 ശതമാനം ദൈവത്തിൽ വിശ്വസിക്കുക എന്ന്. ചികിത്സാസമയത്ത് എന്റെ മുറി മുഴുവൻ, കാണാവുന്നിടത്തെല്ലാം കൃഷ്ണന്റെ രൂപങ്ങളും പ്രതിമകളും നിറച്ചു. ചികിത്സയുടെ ഇടവേളകളിൽ കൃഷ്ണഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും മാത്രം കേട്ടു.

വിട്ടുപിരിയാത്ത സ്നേഹിതനോടുള്ള പ്രണയഭാവമേ ഇപ്പോൾ എനിക്ക് അർബുദത്തോടുള്ളു. രോഗത്തെ സ്നേഹിക്കാനായതോടെ ചികിത്സ എളുപ്പമായെന്നു പറയാം. കഴിയുന്നതും ഒാരോ കീമോയ്ക്കു മുൻപും ഞാൻ ഗുരുവായൂരിൽ പോകും. ‘ഒരു അഞ്ചുവർഷത്തെ എക്സ്റ്റൻഷൻ കൂടി തരില്ലേ കണ്ണാ’ എന്നു ചോദിക്കും. കണ്ണന്റെ കള്ളപ്പുഞ്ചിരി സമ്മതമായി കണ്ട് തിരികെ പോരും.

രോഗമാണെന്നത് ആരോടും മറച്ചുവയ്ക്കാറില്ല. ഇവിടെ കാൻസർ വിഭാഗത്തിൽ വരുന്ന പല രോഗികളെയും എന്റെയടുത്തേക്ക് വിടാറുണ്ട്. കരഞ്ഞുവിളിച്ചാകും അവർ വരിക. ഞാനവരോട് എന്റെ അനുഭവം പങ്കുവയ്ക്കും. കണ്ടില്ലേ... അഞ്ചാം തവണയാണ് എനിക്ക്. കാൻസർ ഇത്രയേയുള്ളു’. കണ്ണീർ തുടച്ച് ചെറുപുഞ്ചിരിയോടെ അവർ മടങ്ങുമ്പോൾ ഞാനോർക്കും ഈ നിറകൺചിരിക്കു വേണ്ടിയാകും കണ്ണനെനിക്ക് ജീവിതം നീട്ടിത്തരുന്നതെന്ന്.

ഏഴു വർഷത്തിനുള്ളിൽ അഞ്ചു തവണ എന്റെ കൂട്ടുകാരൻ തേടിവന്നു. കഴിഞ്ഞ തവണത്തെ പെറ്റ്സ്കാനിൽ കരളിലും ഹൃദയത്തിനു ചുറ്റുമുള്ള കഴലകളിലും രോഗസാന്നിധ്യം കണ്ടിരുന്നു. എനിക്കിപ്പോൾ 68 വയസ്സായി. 13 വയസ്സുള്ള എന്റെ കൊച്ചുമകളുടെ കല്യാണം വരെ ജീവിപ്പിക്കും എന്നാണ് എന്നെ ചികിത്സിക്കുന്ന ഡോ. കെ.വി.ഗംഗാധരൻ വാക്കുതന്നിരിക്കുന്നത്.

ഈ കുറിപ്പിനായി ഡോക്ടറെ കണ്ട് മടങ്ങി പിറ്റേന്ന് ഒരു ഫോൺ വന്നു. ഡോക്ടറാണ്. ‘‘കുട്ടീ, വീണ്ടും എന്റെ പ്രിയ സുഹൃത്ത് വന്നു. ഞാൻ കീമോയ്ക്കു കേറുകയാണ്. രണ്ടു ദിവസം കഴിഞ്ഞുവിളിച്ചപ്പോൾ പതിവുള്ള ഊർജത്തോടെ, സ്നേഹത്തോടെ ഡോക്ടർ പറഞ്ഞു. കുട്ടീ, ഞാനിവിടെ ഒ പിയിലുണ്ട്. രോഗികളെ നോക്കുകയാണ്. അതേ...പ്രണയം തുടരുക തന്നെയാണ്; കണ്ണനോടും കാൻസറിനോടും !.

Tags:
  • Manorama Arogyam
  • Health Tips