Monday 06 April 2020 01:47 PM IST

മികച്ച പ്രതിരോധശേഷിക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

immun2

കൊറോണ വൈറസ് വ്യാപനഭീതിയില്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് നമ്മുടെ ലോകം ചുരുങ്ങിക്കഴിഞ്ഞു. ഇഷ്ടമുള്ള വിഭവങ്ങള്‍ പാകം ചെയ്തു കഴിക്കാനുള്ള ഒരു കാലം കൂടിയായാണ് പലരും ലോക്ഡൗണ്‍ ദിവസങ്ങളെ കാണുന്നത്. എന്നാല്‍ കഴിക്കുന്ന ആഹാരം നമ്മുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു കൂടിയായാല്‍ അത് എത്ര വലിയ ഒരു നേട്ടമാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശക്തി പകരുന്ന ആഹാരങ്ങളെ അടുത്തറിയാം.

നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനത്തെ കരുത്തുറ്റതാക്കാനും രോഗങ്ങളോടു പൊരുതി നില്‍ക്കാനും നമുക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളത് സമീകൃതാഹാരമാണ്. സമീകൃതാഹാരത്തിനൊപ്പം എട്ടു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഉറക്കം, മാനസ്സിക പിരിമുറുക്കം ഇല്ലാതിരിക്കുക, ഏതെങ്കിലും ഒരു വ്യായാമം ഇവയും ആവശ്യമാണ്. ഇതിനൊപ്പം ധാരാളം വെള്ളം കുടിച്ച് ഹൈഡ്രേറ്റഡ് ആയിരിക്കുകയും വേണം. 

വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിനു പ്രധാനമായി വേണ്ടത്. വൈറ്റമിന്‍ എ, സി, ഡി, ഇ എന്നിവയാണ് പ്രധാനം. ഇവയില്‍ ഫൈറ്റോ കെമിക്കലുകളും ആന്റി ഓക്സിഡന്റുകളും സമൃദ്ധമായുണ്ട്. ഇവ രോഗങ്ങളോടു പോരാടാന്‍ നമ്മെ സഹായിക്കുന്നു. ഫൈറ്റോ കെമിക്കലുകളും ആന്റിഒാക്സിഡന്റുകളും ശരീരത്തിനു ലഭിക്കുന്നത് സമീകൃതാഹാരത്തിലൂടെയാണ്.

മുഴുധാന്യങ്ങള്‍, തൊലിയോടുകൂടിയ പയര്‍–പരിപ്പ് വര്‍ഗങ്ങള്‍, വിത്തുകള്‍, പല വര്‍ണങ്ങളിലുള്ള പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. പലവര്‍ണങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലുമാണ് ഫൈറ്റോകെമിക്കല്‍സ് ഏറ്റവും കൂടുതലായുള്ളത്.

വെളുപ്പ്, പച്ച, മഞ്ഞ, ഒാറഞ്ച്, ചുവപ്പ്, പര്‍പ്പിള്‍ ഈ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഡയറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത്. െവള്ള, പച്ച, മഞ്ഞ, ഒാറഞ്ച്, ചുവപ്പ്, പര്‍പ്പിള്‍ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം.

∙വെളുപ്പ്: അലൈന്‍ സൾഫൈഡ് എന്ന ഫൈറ്റോ കെമിക്കലാണ് ഇതിലുള്ളത്. ഉദാ: ഉള്ളി, വെളുത്തുള്ളി.

∙ പച്ച: സള്‍ഫോറോഫൈന്‍സ് ആന്‍ഡ് ഇന്‍ഡോള്‍സ് ആണ് ഫൈറ്റോ കെമിക്കല്‍. ഉദാ: കാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി, ബ്രസല്‍ സ്പ്രൌട്സ്, പച്ചച്ചീര.

∙ മഞ്ഞ–പച്ച: സിയാന്തനില്‍/ല്യൂട്ടിന്‍ ആണ് െെഫറ്റോ കെമിക്കല്‍. ഉദാ: മത്തങ്ങ

∙ ഓറഞ്ച്–മഞ്ഞ: ഫ്ലേവനേയ്ഡ്സ് ആണ് െെഫറ്റോ കെമിക്കല്‍. ഉദാ: ഒാറഞ്ച്, പപ്പായ, പീച്ച്, മസ്ക്െമലണ്‍.

∙ ഓറഞ്ച്: ആല്‍ഫാ ആന്‍ഡ് ബീറ്റാ കാരറ്റിന്‍സ് ആണ് െെഫറ്റോ കെമിക്കലുകള്‍. ഉദാ: കാരറ്റ്, മാങ്ങ (മാമ്പഴം), മത്തങ്ങ.

∙ ചുവപ്പ്–പര്‍പ്പിള്‍: ആന്‍തോസയാനിന്‍സും പോളിഫിനോള്‍സുമാണ് ഫൈറ്റോ കെമിക്കലുകള്‍. ഉദാ: ബെറി, മുന്തിരി, പ്ലം.

∙ ചുവപ്പ്: ലൈനോപില്‍ ആണ്  ഫൈറ്റോ കെമിക്കല്‍. ഉദാ: കമ്പിളി നാരങ്ങ, തണ്ണിമത്തന്‍, തക്കാളി.

ഇതു കൂടാതെ സിങ്ക് നമ്മുടെ ശ്വേതരക്താണുക്കളെ മികവുറ്റതാക്കാന്‍ സഹായിക്കും. സിങ്ക് ലഭിക്കുന്നത് പ്രധാനമായും നട്സ്, വിത്തുകള്‍, എള്ള്, ലെന്റില്‍സ്.

വൈറ്റമിന്‍ ഡി–വൈറല്‍ അണുബാധകളും ശ്വാസകോശ അണുബാധകളും കുറയ്ക്കുന്നതിനു സഹായിക്കുന്നു. െെവറ്റമിന്‍ ഡിയുടെ മികച്ച ഉറവിടം സൂര്യപ്രകാശമാണെന്നതും മറക്കരുത്.

മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി എന്നിവ സാധാരണമായി നമ്മുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നവയായാണു പറയുന്നത്. ശുദ്ധമായ മഞ്ഞള്‍ കുറച്ചു വെള്ളത്തില്‍ കലക്കി കുടിക്കുന്നതു നല്ലതാണ്. മഞ്ഞള്‍ വളരെ ശക്തിയേറിയ ആന്റി ഇന്‍ഫ്ലമേറ്ററി പദാര്‍ഥമാണ്. ഇതു പ്രതിരോധവ്യവസ്ഥയെ മികച്ചതാക്കും.

ഇഞ്ചി ആന്റി ഒാക്സിഡന്റുകളാല്‍ സമ്പന്നമാണെന്നു മാത്രമല്ല, ആന്റി ഇന്‍ഫ്ലമേറ്ററിയുമാണ്. ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യും.

െവളുത്തുള്ളിയും പ്രതിരോധ ശക്തി ഉയര്‍ത്തും.വൈറ്റമിന്‍ സിയും ഇയും പ്രധാനമാണ്. ഇവ ഫ്രീറാഡിക്കലുകളെ നശിപ്പിച്ച് പ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു. ഉദാ: ഓറഞ്ച്, സിട്രസ് പഴങ്ങള്‍, നാരങ്ങ, നെല്ലിക്ക, കാപ്സിക്കം.

വൈറ്റമിന്‍ ഇ ലഭിക്കുന്നത് നട്സ്, സീഡ്സ്, ചീര, വീറ്റ് ജേം എന്നിവയില്‍ നിന്നാണ്.

പ്രോട്ടീന്‍ കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. അണുബാധകളെ ചെറുത്തുനില്‍ക്കുന്നതിനും കോശങ്ങളുടെ പുനര്‍നിര്‍മാണത്തിനും സഹായിക്കുന്നു.

ഒഴിവാക്കേണ്ടത്

ഡീപ് ഫ്രൈഡ് ഫൂഡ്സ്, പ്രോസസ്ഡ് ഫൂഡ്സ് ഇവ ഒഴിവാക്കണം. കൊഴുപ്പു കൂടുതല്‍ അടങ്ങിയവയും പ്രിസര്‍വ് ചെയ്തവയും ഒഴിവാക്കുന്നതാണ് ഉചിതം. വറുത്തവ, പുകച്ചവ, ഫെര്‍മെന്റ് ചെയ്തവ, പിക്കിള്‍സ്, പൂപ്പല്‍ ബാധിച്ചവ എന്നിവ ഒഴിവാക്കണം.

വിവരങ്ങള്‍ക്കു കടപ്പാട്:

ഡോ. മുംതാസ് ഖാലിദ് ഇസ്മയില്‍

 കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്

റെയിന്‍ബോ പോളി ക്ലിനിക്

പടമുകള്‍, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips