കോവിഡ് 19 വൈറസിന്റെ ആകൃതിയുള്ള ഒരു ഫലം ഒറ്റമൂലി ആയി കഴിച്ച് 12 പേർ ആശുപത്രിയിലായി എന്ന വാർത്ത നിങ്ങൾ കണ്ടുകാണുമല്ലൊ? നമ്മുടെ നാട്ടിൻ പുറങ്ങളിലൊക്കെ കാണുന്ന ഉമ്മത്തിന്റെ കായ ആണ് ഈ അപകടം സൃഷ്ടിച്ച വില്ലൻ. ഉമ്മത്തിൻ കായ കോവിഡിനുള്ള ഒറ്റമൂലിയാണെന്നു കരുതിയാണ് ഇവർ കഴിച്ചതത്രെ.
ആദ്യം തന്നെ പറയട്ടെ, കോവിഡ് വൈറസിന്റെ ചിത്രീകരണത്തിന് സമാനമായി പച്ചനിറമുള്ള, മുള്ളുകളുള്ള ഈ ഫലം ഭക്ഷ്യ യോഗ്യമല്ല. കോവിഡിനെ തടയാൻ പ്രത്യേകിച്ച് ഔഷധ ഗുണങ്ങളുമില്ല.
ഉമ്മത്തിൻ കായ കഴിച്ചു പലരും ആത്മഹത്യയ്ക്ക് ശ്രമിക്കാറുണ്ട്. ഇപ്പോൾ സംഭവിച്ചത് പോലെ ഭക്ഷ്യ യോഗ്യമാണെന്നു കരുതി കഴിച്ചും അപകടങ്ങൾ ഉണ്ടാകാറുണ്ട്. മറ്റൊന്ന് ഗർഭം അലസിപ്പിക്കാൻ ഉപയോഗിക്കുന്നതു പോലെയുള്ള നാടൻ ഉപയോഗങ്ങളാണ്. ഇതുവഴി ഗർഭിണി മരിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വടക്കൻ മെക്സിക്കോയാണ് ഈ ഫലത്തിന്റെ ജന്മദേശം. വെള്ളനിറമുള്ള പൂവുള്ള ഇതിനുള്ളിലെ കുരുക്കൾക്ക് മുളക് കുരുക്കളുമായി സാമ്യമുണ്ട്.
ആകൃതി കാരണം thorn apple /devil's apple / locoveed എന്നൊക്കെ വിളിക്കാറുണ്ട്. ഉമ്മത്തിന്റെ കായ്ക്കളും കായുടെ തോടുകളും ശക്തിയേറിയ മനോവിഭ്രാന്തിക്ക് ഇടയാക്കുന്നവ (ഹാലുസിനോജിനുകൾ) ആണ്.
ഏതാണ്ട് 1 ഗ്രാം കായ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. ഇത് കഴിച്ചു 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. ഉമ്മത്തിൻ കായിലെ വിഷം നാഡീവ്യൂഹത്തെയും ആമാശയത്തെയുമാണ് പ്രധാനമായി ബാധിക്കുന്നത്.
ഉമ്മത്തിൻ കായ ഉള്ളിൽ ചെന്നാൽ ഹൃദയമിടിപ്പ് താളം തെറ്റാം, ശ്വാസോച്വാസം തകരാറിലാകാം. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. പൾസ് ശക്തി കുറഞ്ഞ് ക്രമരഹിതം ആവുന്നു. തുടർന്ന് കോമയും അപസ്മാരവും ഉണ്ടാവാം.
അതിശക്തമായ മായക്കാഴ്ചകളും ഉണ്ടാകാം.
റെസ്പിറേറ്ററി പരാലിസിസ് ആണ് മരണത്തിലെത്തിക്കുക.
ഇതൊരു വിഷ സസ്യം ആണെങ്കിലും ആയുർവേദത്തിൽ ചില രോഗങ്ങൾക്ക് കിഴിയായി ഉപയോഗിക്കാറുണ്ട്. വെള്ള ഉമ്മവും നീല ഉമ്മവും ആണ് സാധാരണ കാണാറ്. ഇതിൽ നീല ഉമ്മത്തിനു ചില ഔഷധ ഗുണങ്ങളുണ്ട്. പക്ഷെ ഇതിന്റെ വിഷസ്വഭാവം മൂലം ഔഷധ നിർമാണത്തിൽ വിദഗ്ധരായവർ മാത്രം കൈ കാര്യം ചെയ്യുന്നതാകും ഉചിതം.
ആരെങ്കിലും ഇത് കഴിച്ചു എന്നറിഞ്ഞാൽ എത്രയും പെട്ടെന്ന് വിഷ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കുക. താമസിച്ചാൽ മരണം സംഭവിക്കാം.