Wednesday 23 September 2020 04:23 PM IST

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?: കുളിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

bathing678

കുളി ഒരു മന്ത്രവടി പോലെയാണ്. ആകെ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ നല്ല തണുത്തവെള്ളത്തിൽ ഒന്നു കുളിച്ചുനോക്കൂ...ക്ഷീണം എവിടെപോയെന്നു നോക്കേണ്ട. രാത്രി ഇളംചൂടുവെള്ളത്തിൽ കുളിച്ചുവന്ന് പുതപ്പിനടിയിൽ കയറിയാൽ ഉറക്കം എത്ര വേഗമാണ് കണ്ണുകളെ ഊഞ്ഞാലാട്ടുന്നത്...

ദിവസവും കുളിക്കാമോ?

രണ്ടുനേരവും മുങ്ങിക്കുളി നിർബന്ധമായിരുന്നു പഴയതലമുറയിൽ. കുളിച്ചു ശുദ്ധിയാവുക എന്നാണ് പറയാറ്. ശരീരത്തിലെ ഏറ്റവും വിസ്തൃതമായ അവയവമാണ് ചർമം. ചർമം വൃത്തിയായിരിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതു തന്നെ. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വതവേയുള്ള എണ്ണമയം നീക്കംചെയ്യപ്പെടുമെന്നു പറയാറുണ്ട്. പക്ഷേ, ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ ദിവസവും കുളിക്കുന്നത് നല്ലതാണെന്നാണ് ചർമരോഗവിദഗ്ധരുടെ അഭിപ്രായം. യഥാർഥത്തിൽ കുളിയല്ല, കുളിയ്ക്കാനുപയോഗിക്കുന്ന സോപ്പും മറ്റു സൗന്ദര്യവർധകപദാർഥങ്ങളുടെയും അശ്രദ്ധമായ ഉപയോഗമാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. അന്തരീക്ഷത്തിലെ പൊടിയും ചേളിയും വിയർപ്പുമായും ചർമത്തിലെ എണ്ണയുമായും ചേർന്ന് മെഴുക്കായിട്ടുണ്ടാകും. ഈ മെഴുക്ക് വെറുംവെള്ളത്തിൽ അലിഞ്ഞുപോകില്ല. ഇതിനെ നീക്കാനാണ് ക്ഷാരസ്വഭാവമുളള സോപ്പുകൾ ഉപയോഗിക്കുന്നത്. സോപ്പുപയോഗം ഏറെ ശ്രദ്ധിച്ചുവേണം. കടുത്തനിറവും രൂക്ഷഗന്ധവുമുള്ള സോപ്പുകൾ ഒഴിവാക്കണം. ശരീരരത്തിന്റെ പിഎച്ച് മൂല്യത്തോട് അടുത്ത പിഎച്ചുള്ള സോപ്പുകളാണ് നല്ലത്.

രാവിലെയോ വൈകുന്നേരമോ?

രാവിലെയുള്ള കുളി ഉണർവിനും ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനു സഹായിക്കും. ശരീരത്തിലെ താപവ്യതിയാനങ്ങൾ സർക്കാഡിയൻ താളക്രമത്തെ സ്വാധീനിക്കുന്നതാണ് കുളി ഇങ്ങനെ വ്യത്യസ്തമായ ഫലം നൽകുന്നതിനു പിന്നിൽ. പൊതുവേ വൈകുന്നേരമാകുമ്പോൾ ശരീരതാപം കുറഞ്ഞുതുടങ്ങും. ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോൾ താൽക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും തോർത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സർക്കാഡിയൻ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും. രാവിലെ കുളിക്കുമ്പോൾ ശരീരോഷ്മാവ് കൂടുന്നു. പിന്നീട് നമ്മൾ അന്നന്നത്തെ പ്രവൃത്തികളിൽ വ്യാപൃതരാകുന്നതോടെ ഉറക്കച്ചടവും ആലസ്യവുമകന്ന് ശരീരം ഉന്മേഷം നിറഞ്ഞതാകും. അലർജി പ്രശ്നമുള്ളവർക്ക് പുറത്തുള്ള യാത്ര കഴിഞ്ഞ് വന്നുടനെ കുളിക്കുന്നത് നല്ലതാണ്. പൊടി പോലുള്ള അലർജനുകളെ നീക്കം ചെയ്യാൻ ഇതു സഹായിക്കും.

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?

ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്നാണ്. ഉണ്ടയുടനെ കുളിക്കുന്നത് വയർ സ്തംഭനം ഉണ്ടാക്കുമെന്ന് ആയുർവേദവും പറയുന്നു. രാവിലെയോ വൈകിട്ട് ആറു മണിക്കു മുമ്പോ കുളിക്കാനാണ് ആയുർവേദം പറയുന്നത്. നട്ടുച്ചയ്ക്കുള്ള കുളി ആയുർവേദപ്രകാരം നിഷിദ്ധമാണ്.

ചൂടുവെള്ളമോ തണുത്തവെള്ളമോ?

ആർത്രൈറ്റിസ് പ്രശ്നമുള്ളവർക്കും സന്ധിവേദനകൾ ഉള്ളവർക്കും വേദനയുള്ള ഭാഗത്ത് ചൂടുവയ്ക്കുമ്പോൾ സുഖം ലഭിക്കും. അതുകൊണ്ടു തന്നെ അവർക്ക് ചൂടുവെള്ളത്തിൽ കുളിയാണ് നല്ലത്. ഏറെ നേരം ഇരുന്നു ജോലിമൂലം ശരീരവേദനയുള്ളവർ, ശരാരീരികാധ്വാനം കൂടുതലുള്ളവർ, അലർജി, ജലദോഷം, മൂക്കടപ്പ് പോലെ ചെറിയ ദേഹാസ്വാസ്ഥ്യമുള്ളവർ തുടങ്ങിയവർക്ക് ചൂടുവെള്ളത്തിൽ കുളി വേദനയും ആയാസവും അകറ്റും. അസുഖം മാറിക്കഴിഞ്ഞുള്ള ആദ്യകുളി ചെറുചൂടുവെള്ളത്തിൽ ആക്കുന്നതാണ് നല്ലത്. ഇത് രക്തക്കുഴലുകൾ വികസിക്കാനും ശരീരത്തിലെ രക്തയോട്ടം നന്നായി നടക്കാനും സഹായിക്കും. നല്ല ചൂടുള്ള വെള്ളം ദേഹത്ത് ഒഴിച്ചു കുളിക്കുന്നത് ചർമത്തിനു കേടുവരുത്തും. ഇളം ചൂടുവെള്ളമാണ് നല്ലത്. തല കഴുകാനുള്ള വെള്ളത്തിന് നേരിയ ചൂടേ പാടുള്ളു

രോഗങ്ങളും കുളിയും

കുളിക്കരുതാത്ത സാഹചര്യങ്ങളുമുണ്ട്. ജലദോഷം, കണ്ണിന് അസുഖം, ചെവിപഴുപ്പ്, ദഹനക്കേടുപോലെ വയറിന് അസ്വാസ്ഥ്യം വരുക തുടങ്ങിയുള്ള രോഗാവസ്ഥകളിൽ കുളിക്കാത്തതാണ് നല്ലത്. വാതരോഗങ്ങളുടെ ചികിത്സാസമയത്ത് ആയുർവേദം കുളി നിർദേശിക്കാറില്ല. രോഗങ്ങൾ തടയാനുള്ള മാർഗമായും ചില പ്രത്യേക കുളികൾ പറഞ്ഞുകാണാറുണ്ട്. വായിൽ വെള്ളം നിറച്ചുപിടിച്ച് കുളിച്ചാൽ ജലദോഷമകറ്റാമെന്നത് ഉദാഹരണം. പക്ഷേ, ഇതിനൊന്നും ശാസ്ത്രീയമായി അടിസ്ഥാനം ഉള്ളതായി കാണുന്നില്ല.

തല മാത്രം കുളിച്ചാൽ

തല ഉൾപ്പെടെ കഴുകുന്നതാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അതാണ് ഉത്തമവും. മേൽ മാത്രം കഴുകിയാൽ തലയിലെ വിയർപ്പു താഴ്ന്ന് നീർക്കെട്ടു വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് മേൽമാത്രം കഴുകിയാലും തലയിൽ രാസ്നാദിചൂർണം പുരട്ടണം. തലയിലാണോ ദേഹത്താണോ ആദ്യം വെള്ളമൊഴിക്കേണ്ടത് എന്നുള്ള ചർച്ചകളുമുണ്ട്. അതിനു പ്രത്യേകിച്ച് നിയമമൊന്നുമില്ല. തല ആദ്യം കഴുകിയാലും കഴുകിക്കഴിഞ്ഞാലുടൻ തോർത്തി നനവു മാറ്റണം എന്നു മാത്രം.

ഔഷധക്കുളി

കോംപ്ലിമെന്ററി തെറപ്പീസ് ഇൻ മെഡിസിൻ എന്ന ജേണൽ പറയുന്നത് ഒരാഴ്ച തുടർച്ചയായി, ദിവസവും ചൂടുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിൽ മരുന്നിനേക്കാൾ ഫലം ചെയ്യുമെന്നാണ്. എസൻഷ്യൽ ഒായിലുകൾ പുരട്ടുന്നതും ശരീരത്തിന്റെ പിരിമുറുക്കങ്ങൾ അയച്ച് ശാന്തമാക്കും. ചർമം ചൊറിയുകയോ തൊലി ഇളകിപ്പോരുകയോ ചെയ്യുന്ന പ്രശ്നമുള്ളവർ ചെറുചൂടുവെള്ളത്തിൽ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ രണ്ടു ടേബിൾസ്പൂൺ ഒഴിച്ച് കുളിക്കുക.

വരണ്ട ചർമമുള്ളവർക്ക് ഒാട്സ് ഗുണകരമായിരിക്കും. ഒരു സോക്സ് മുക്കാൽ ഭാഗവും ഒാട്സ് എടുക്കുക. ഇതു മുറുക്കിക്കെട്ടി ബാത്ടബിലെ ചൂടുവെള്ളത്തിലിട്ട് അതിൽ 10–15 മിനിറ്റ് മുങ്ങിക്കിടന്നാൽ വരണ്ട ചർമം മൃദുവാകും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സരിൻ, ചർമരോഗവിദഗ്ധൻ, മെഡി. കോളജ്, തൃശൂർ

ഡോ. ഐഷ പി.ജി., കാരിത്താസ് ആയുർവേദ ക്ലിനിക്, കോട്ടയം