Monday 28 September 2020 04:27 PM IST

മുട്ടു മാറ്റിവയ്ക്കൽ: ശസ്ത്രക്രിയയ്‌ക്കു ശേഷം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...

Sruthy Sreekumar

Sub Editor, Manorama Arogyam

kneerep987

കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അതിനു വിധേയരാകുന്ന 90 ശതമാനം പേരിലും ജീവിത നിലവാരം മെച്ചപ്പെടുന്നതായി കാണുന്നുണ്ട്. ഇതിനായി 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവന്നേക്കാം. തേയ്മാനം, വാതം തുടങ്ങിയ പ്രശ്നങ്ങൾ ഗുരുതരമാകുമ്പോഴാണ് കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം പൂർണമായി ഭേദമാകുന്നതുവരെ നല്ല ശ്രദ്ധ ആവശ്യമാണ്.

വ്യായാമം ചെയ്യാം

ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങുന്നതു വരെ വാക്കറിന്റെ സഹായത്തോടെ നടക്കാം. പിന്നിടുള്ള ഒരു മാസം ഒരു വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കാവുന്നതാണ്. ശസ്ത്രക്രിയയ്ക്കു പ്രതീക്ഷിച്ച പോലെ ഫലം ലഭിക്കുന്നതിനും വേഗത്തിലുള്ള രോഗമുക്തിക്കും ഫിസിയോതെറപ്പിയുടെ സഹായം അത്യാവശ്യമാണ്. പേശീബലം കൂട്ടാനും നല്ല വഴക്കം ലഭിക്കാനുമുള്ള വ്യായാമങ്ങൾ ചെയ്യാം. ശരീരത്തിന്റെ ബാലൻസ് നിലനിർത്തി , നല്ല രീതിയിലുള്ള നടപ്പ് ശീലിക്കുന്നതിനു വേണ്ടിയുള്ള വ്യായാമങ്ങളാണ് വേണ്ടത്.

• ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ആഴ്ചകളിൽ അരമണിക്കൂർ വീതം വ്യായാമം െചയ്യാം. പിന്നീട് ഇതു പല തവണകളായി ആവർത്തിക്കാം.

• സാധാരണ വ്യായാമങ്ങളെക്കാളും നടത്തം നല്ലൊരു വ്യായാമമാണ്. ആദ്യം മിതമായ െസ്റ്റപ്പുകൾ മതി. ക്രമേണ നടത്തത്തിന്റെ വേഗതയും ദൈർഘ്യവും കൂട്ടാം. നടക്കുമ്പോൾ പൊഡോമീറ്റർ ഉപയോഗിക്കുന്നത് നടത്തത്തിന്റെ തീവ്രത അറിയാൻ സഹായിക്കും.

• ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ആറാഴ്ച കഴിഞ്ഞ് അക്വാട്ടിക് , എയ്റോബിക് വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. നീന്തൽ നല്ലൊരു വ്യായാമമാണ്.

സാധാരണ നിലയിലേക്ക്

ആറാഴ്ച കഴിഞ്ഞ് സാധാരണ പ്രവൃത്തികളിലേക്കും അടുക്കള ജോലികളിലേക്കുo പ്രവേശിക്കാം. ശാരീരിക അധ്വാനം ഉള്ള ജോലികൾ മൂന്നുമാസത്തിനുശേഷം ചെയ്താൽ മതി. സാധാരണ മുട്ടുസന്ധികളിൽ എന്നപോലെ പോലെ കൃത്രിമ മുട്ടിലും തേയ്മാനം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ കൃത്രിമ മുട്ടിനു ആയാസം ഉണ്ടാകുന്ന കായിക പ്രവൃത്തികൾ ആയ ചാട്ടം, ഓട്ടം തുടങ്ങിയവ ഒഴിവാക്കാം.

• ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ആഴ്ചകളിൽ ഇതിൽ തുടർച്ചയായുള്ള ഇരിപ്പും നല്ലതല്ല. 45 മിനിറ്റിൽ കൂടുതൽ ഉള്ള ഒരേ ഇരിപ്പ് കാലിലെ രക്തഓട്ടത്തിനു തടസ്സം ഉണ്ടാക്കുകയും ഡീപ് വെയിൻ ത്രോംബോസിസ് ഉണ്ടാക്കാൻ സാധ്യതയുമുണ്ട്.‌• ആദ്യ ആഴ്ചകളിൽ കാലിൽ ഇതിൽ ബ്ലഡ് ക്ലോട്ട് ഒഴിവാക്കാൻ കംപ്രസീവ് േസ്റ്റാക്കിങ് ധരിക്കാവുന്നതാണ്. പ്രത്യേകിച്ച് ദീർഘയാത്രകൾ ചെയ്യുമ്പോൾ .

• ദീർഘദൂര യാത്രകളും ഡ്രൈവിങ്ങും ആറാഴ്ചയ്ക്കുശേഷം ചെയ്താൽ മതി.

• കാൽമുട്ട് കുത്തിയുള്ള ഇരിപ്പ്, ചമ്രം പടിഞ്ഞുള്ള ഇരിപ്പ്, ഇന്ത്യൻ ക്ലോസറ്റ് ഉപയോഗം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

• ആറാഴ്ച കഴിഞ്ഞ് പടികൾ കയറാൻ തുടങ്ങാം. ആദ്യമാദ്യം ഒരു െസ്റ്റപ്പിൽ ഒരു കാൽ ഉറപ്പിച്ചുവച്ചശേഷം അടുത്ത കാലും വച്ച് , െസ്റ്റപ്പുകൾ പതിയെ കയറുക. കുട്ടികൾ കയറുന്നതുപോലെ. പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ശസ്ത്രക്രിയ ചെയ്യാത്ത കാൽ വേണം ആദ്യം പടിയിൽ വയ്ക്കാൻ. പടികൾ കയറുമ്പോൾ കൈവരിയിൽ പിടിച്ചു കയറുന്നതാണ് നല്ലത്.

വീടിനുള്ളിൽ ശ്രദ്ധിക്കാം

• കാൽമുട്ടിനു പരിക്ക് ഏൽക്കാതെ സൂക്ഷിക്കണം. വീഴാതിരിക്കാൻ വീടിനുള്ളിൽ മുൻകരുതലുകൾ സ്വീകരിക്കണം. അനായാസം ഇരിക്കാനും എഴുന്നേൽക്കാനും ഉള്ള ക്രമീകരണങ്ങൾ വേണം. ഉയരം കുറഞ്ഞ കസേരകൾ ഒഴിവാക്കാം. ബാത്റൂമിൽ ഉയരമുള്ള ക്ലോസറ്റ് ഉപയോഗിക്കുക. നല്ല ഗ്രിപ്പ് ഉള്ള പാദരക്ഷകൾ ധരിക്കുക.

• ഉറങ്ങുമ്പോൾ മുട്ടിനുതാഴെ താഴെ തലയിണ വയ്ക്കേണ്ടതില്ല.

• ശരീരത്തിൽ മറ്റെവിടെയെങ്കിലും അണുബാധ ഉണ്ടാവുകയാണെങ്കിൽ അത് ഉടനെ തന്നെ ചികിത്സിക്കണം. അല്ലെങ്കിൽ രക്തത്തിലൂടെ അണുക്കൾ കാൽമുട്ടിൽ എത്തുകയും അവിടെയും അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.

• കൃത്രിമ മുട്ട് ഉറപ്പിച്ചിരിക്കുന്ന എല്ലുകളുടെ ബലം അത്യാവശ്യമാണ്. അതിനാൽ കാൽസ്യം, വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കണം.

• ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ഒന്ന് രണ്ടു മാസം നടക്കുമ്പോൾ വേദന വരാം. പാർശ്വഫലങ്ങൾ കുറഞ്ഞ വേദനസംഹാരികൾ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ഫിസിയോതെറാപ്പിയുടെ സഹായം തേടാം.

• കാൽമുട്ടിനു നീർവീക്കം ഉണ്ടായാൽ ഐസ് പാക്ക് വയ്ക്കുന്നത് വീക്കം കുറയ്ക്കും.

• കൃത്രിമ മുട്ടിനു ആദ്യ 15 വർഷം തേയ്മാനം, മറ്റു പ്രശ്നങ്ങൾ എന്നിവ വരാൻ സാധ്യത ഇല്ല . എന്നാൽ നമ്മുടെ രീതികൾ കൊണ്ട് തേയ്മാനം വരാം. എന്നാൽ 85 ശതമാനം പേരിലും 25 വർഷം വരെ തേയ്മാനം സംഭവിക്കാറില്ല. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് അത് അത്യാവശ്യമാണ്.

• ശസ്ത്രക്രിയയുടെ മുറിവ് കരിഞ്ഞ ശേഷം കൃത്യമായ ഫോളോ അപ്പുകൾ ആവശ്യമാണ്. കാൽമുട്ടിൽ വേദന, നീര്, ചുവന്ന നിറം, പനി എന്നിവ അണുബാധയുടെ ലക്ഷണങ്ങൾ ആണ്. കാലിൽ നീര് , വേദന എന്നിവ ഡീപ് വെയിൻ ത്രോംബോസിസിന്റെയും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ വൈദ്യസഹായം തേടുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. രാജേഷ് വി.

കൺസൽറ്റന്റ് ഒാർത്തോപീഡിക് സർജൻ

മാതാ ഹോസ്പിറ്റൽ, കോട്ടയം

Tags:
  • Manorama Arogyam
  • Health Tips