Monday 30 September 2019 10:54 AM IST

അമ്മമാരുടെ ജീവൻ രക്ഷിച്ച ഡോ.കമ്മാപ്പയുടെ നാലു സ്റ്റിച്ചുകൾ

Santhosh Sisupal

Senior Sub Editor

dr-kammappa ഫോട്ടോ: സരിൻ രാംദാസ്

മണിക്കൂറിനുള്ളിൽ 29 പ്രസവം, അതാണ് ഡോ. കെ.എ. കമ്മാപ്പയുെട സ്വന്തം റിക്കോർഡ്. ദിവസം പത്തും പതിനഞ്ചു പ്രസവം സാധാരണം.അങ്ങനെ മൂന്നര പതിറ്റാണ്ട്... ഡോ. കമ്മാപ്പ കാവൽ നിന്ന, ആകെ പ്രസവം ഒരു ലക്ഷം കവിയും. അവിശ്വസനീയം അല്ലേ..? കേരളത്തിൽ ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രസവമെടുത്ത ഡോക്ടറായിരിക്കും 62 കാരനായ, പാലക്കാട്ടെ മണ്ണാർക്കാട്ടുകാരുടെ സ്വന്തം കമ്മാപ്പ ഡോക്ടർ.

ഡോ. കമ്മാപ്പയുെട നാലു സ്റ്റിച്ചുകൾ

പ്രസവം കഴിഞ്ഞ്, മറുപിള്ളയും വേർപെട്ടുകഴിഞ്ഞാൽ ഗർഭപാത്രത്തിനുള്ളിൽ തുറന്നിരിക്കുന്ന രക്തക്കുഴലുകളിലൂെടയുള്ള രക്തസ്രാവം അവസാനിക്കേണ്ടതുണ്ട്. അതിനായി അയഞ്ഞു കിടന്ന ഗർഭപാത്രം ഏതാനും മിനിറ്റുകൾക്കുള്ളിൽ തനിെയ കട്ടിയുള്ള ഒരു പന്തുപോലെ ഉരുണ്ടുകൂടും. അതോടെ രക്തസ്രാവം നിൽക്കും. ഇതു വൈകുന്നതാണ് അമിതരക്തസ്രാവത്തിന്റെ പ്രധാന കാരണം. രക്തപ്രവാഹം നിർത്താൻ യൂട്രസ് നീക്കംചെയ്യേണ്ട സാഹചര്യം വരെ ഉണ്ടാകാം. എന്നാൽ ഇതിനു പരിഹാരമായി ഡോ. കമ്മാപ്പ കണ്ടെത്തിയ വളരെ ലളിതമായ ‘നാലു സ്റ്റിച്ചുകളുെട സൂത്രം’ പ്രചാരം നേടുകയാണ്.

പതിനായിത്തിലധികം പേരിൽ ഡോ. കമ്മാപ്പ തന്നെ ഈ രീതി ചെയ്തു കഴിഞ്ഞു. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തും ഗൈനക്കോളജി സമ്മേളനങ്ങളിൽ അവതരിപ്പിച്ച ഈ ടെക്നിക് നാലുവർഷം മുൻപ് ഇന്റർ നാഷനൽ ഓർഗനൈസേഷൻ ഓഫ് സയന്റിഫിക് റിസർച്ച് (IOSR) ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘‘സിസേറിയൻ ചെയ്യുന്ന ഏതൊരു ഡോക്ടർക്കും ചെയ്യാവുന്നതാണ് ഇതെന്ന് ഡോ.കമ്മാപ്പ പറയുന്നു. ഈ രീതി കണ്ടെത്തിയത് യാദൃശ്ചികമായാണ്. ഗർഭപാത്രത്തിന്റെ താഴെ നിന്നു രണ്ടു വശങ്ങളിലൂെട പോകുന്ന വലിയ ധമനികളാണ് കുഞ്ഞിനാവശ്യമായ രക്തമെത്തിക്കുന്നത്. സിസേറിയനിൽ ഗർഭപാത്രം കുറുകേ മുറിക്കുമ്പോൾ ഈ ആർട്ടറികൾ മുറിയാതെ ശ്രദ്ധിക്കണം. എന്നാൽ ചിലപ്പോൾ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടയിൽ ഈ മുറിവ് വലുതായി ആർട്ടറി മുറിഞ്ഞ് രക്തം കുതിച്ചു ചാടും. പെട്ടെന്ന് രക്തക്കുഴൽ സ്റ്റിച്ചിട്ടു കെട്ടുന്നതാണ് പരിഹാരം. ചിലപ്പോൾ രണ്ടു രക്തക്കുഴലുകളിലും ഇങ്ങനെ ചെയ്യേണ്ടിവരും. അപ്പോൾ ഗർഭപാത്രത്തിൽ നിന്നുള്ള രക്തസ്രാവം നിൽക്കും. പക്ഷേ, ഗർഭപാത്രം തനിയെ മുറുകാതെ വരും. അത് റിസ്കാണ്. പിന്നീട് രക്തസ്രാവമുണ്ടായാലോ?

അതു പരിഹരിക്കാൻ ഗർഭപാത്രം ചുരുക്കിവച്ച് മുകളിൽ രണ്ട് സ്റ്റിച്ചിട്ടു മുറുക്കും. രക്തസ്രാവ സാധ്യത അതോടെ ഇല്ലാതാവും. സാധാരണ പ്രസവമാണെങ്കിലും അമിത രക്തസ്രാവം തടയാനായില്ലെങ്കിൽ വയറു തുറന്നു യൂട്രസ് എടുത്തു മാറ്റേണ്ടി വരും. അത്തരമൊരു സാഹചര്യത്തിലാണ് ഈ ടെക്നിക് പ്രയോഗിച്ചത്. സംഭവം പൂർണവിജയം. യൂട്രസ് കളയേണ്ടി വന്നതുമില്ല. ഇപ്പോൾ മിക്കവാറും എല്ലാ സിസേറിയനിലും നോർമൽ ഡെലിവറിയിൽ രക്തസ്രാവമുണ്ടാകുന്ന ഘട്ടത്തിലും ഫലപ്രദമായി ഇങ്ങനെ ചെയ്തുവരുന്നു.

സ്വയം അലിഞ്ഞു പോകുന്ന സ്റ്റിച്ചുകളായതിനാൽ പിന്നീട് ഇതു ഗർഭപാത്രത്തെ ബാധിക്കുകയുമില്ല. കേരളത്തിലും ഇന്ത്യയിലെ പല ഭാഗങ്ങളിലും ഈ രീതി ഡോക്ടർമാർ വിജയകരമായി നടപ്പാക്കുന്നതായി അദ്ദേഹം പറയുന്നു. മാത്രമല്ല സിസേറിയൻ നടക്കുന്ന ഏതൊരു ചെറിയ ആശുപത്രിയിലും ഈ നാലു സ്റ്റിച്ചുകൾ ചെയ്യാം എന്ന മെച്ചം ഒട്ടേറെ അമ്മമാരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും ഡോ. കമ്മാപ്പ പറയുന്നു.

Tags:
  • Health Tips