Monday 29 June 2020 03:31 PM IST

ബിയർ അമിതമായി കുടിച്ചു, യുവാവിന്റെ മൂത്രസഞ്ചി തകർന്നു: സംഭവത്തിനു പിന്നിലെന്ത്?

Sruthy Sreekumar

Sub Editor, Manorama Arogyam

bearhvbjbjb

തുടർച്ചയായി പത്ത് ബോട്ടിൽ  ബിയർ  കുടിച്ച് ഉറങ്ങിപ്പോയ യുവാവിന്റെ മൂത്രസഞ്ചി തകർന്ന്, ഗുരുതരാവസ്ഥയിലായി എന്ന  സംഭവം അടുത്തിടെ വാർത്തയായി വന്നിരുന്നു. അളവിൽ കൂടുതൽ മദ്യം , ബിയർ ഉൾപ്പെടെ കുടിച്ചാൽ ഇങ്ങനെ സംഭവിക്കുമോ? ശാസ്ത്രീയമായ വിശദീകരണം വായിക്കാം. 

മൂത്രസഞ്ചി തകരുക അല്ലെങ്കിൽ ബ്ലാഡർ റപ്പ്ച്വർ എന്നത് മദ്യപാനികളിൽ സംഭവിക്കാവുന്ന ഒരു അപകടമാണ്. ഇങ്ങനെ ഉണ്ടാകുന്നതിനു പല കാരണങ്ങളുണ്ട്.  മദ്യം എന്നത് ഒരു ഡൈയൂററ്റിക് ആണ്. മൂത്രം കൂടുതൽ ഉണ്ടാകാൻ മദ്യം കാരണമാകും. കുടിക്കുന്ന മദ്യത്തിന്റെ അളവിൽ കൂടുതൽ മൂത്രം ഉണ്ടാകും. ഇത് മൂത്രസഞ്ചി അഥവാ ബ്ലാഡറിലായിരിക്കും കെട്ടി നിൽക്കുക. മൂത്രം നിറഞ്ഞ് ബ്ലാഡർ വികസിക്കുന്നത് ആ വ്യക്തി അറിയണമെന്നില്ല. പലപ്പോഴും സാധാരണക്കാരെ പോലെ മുത്രസഞ്ചി നിറഞ്ഞാൽ മൂത്രമൊഴിക്കണമെന്ന തോന്നൽ ഇവർക്ക് ഉണ്ടാകില്ല . തുടർന്ന് മൂത്രം കെട്ടി നിന്ന് ബ്ലാഡർ പൊട്ടാൻ സാധ്യതയുണ്ട്.  ഈ വ്യക്തി മദ്യപാനത്തെ തുടർന്ന് ബോധമില്ലാതെ വരുകയും ചെറിയ വീഴ്ച സംഭവിച്ചാലും ബ്ലാഡർ പൊട്ടാം. 

സാധാരണ നിലയിൽ നമ്മുടെ മൂത്രസഞ്ചി ഇടുപ്പെല്ലിനുള്ളിൽ സുരക്ഷിതമായി ആണ് ഇരിക്കുന്നത്. പക്ഷേ അമിതമായി വികസിക്കുന്ന ബ്ലാഡർ ഇടുപ്പെല്ലിനു പുറത്തേക്കു വരികയും പൊക്കിളിന്റെ സമീപം വരെ വികസിച്ചു നിൽക്കുകയും ചെയ്യാം. ഇത്തരം അവസ്ഥയിൽ ചെറിയ വീഴ്ചയാണെങ്കിലും മൂത്രസഞ്ചി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. 

രണ്ട് രീതിയിൽ മൂത്രസഞ്ചി പൊട്ടാം. വയറിന്റെ ഉള്ളിലേക്കും പുറത്തേക്കും. എക്ട്രാ പെരിട്ടോണിയൽ അല്ലെങ്കിൽ ഇൻട്രാ പെരിട്ടോണിയൽ റപ്പ്ച്വർ എന്നു പറയും. എക്ട്രാ പെരിട്ടോണിയൽ റപ്പ്ച്വറിൽ വയറിന്റെ പേശികളുടെ ഇടയിലേക്കു മൂത്രം കയറാം. വയറിന്റെ ഉള്ളിലേക്ക് പൊട്ടുന്ന ഇൻട്രാ പെരിട്ടോണിയൽ റപ്പ്ച്വറിൽ യൂറിനറി പെരിട്ടോണൈറ്റിസ് എന്ന ഗുരുതരമായ അവസ്ഥ ഉണ്ടാകാം. മറ്റ് ആന്തരിക അവയങ്ങളിലേക്ക് മൂത്രം കയറും. ഈ അവസ്ഥയിൽ കടുത്ത വയറു വേദനയും ഛർദിയും പനിയും ഉണ്ടാകും.  ഉടൻ ശസ്ത്രക്രിയ വേണ്ടി വരും . എക്ട്രാ പെരിട്ടോണിയൽ റപ്പ്‌ച്വർ  അവസ്ഥയിലും  ഇൻട്രാ പെരിട്ടോണിയൽ റപ്പ്ച്വറിലും വയറ് ശസ്ത്രക്രിയയിലൂടെ  തുറന്ന് മൂത്രസഞ്ചിയുടെ തകരാർ പരിഹരിക്കണം. പൊട്ടിയ മൂത്രസഞ്ചി  സീൽ ചെയ്തില്ലെങ്കിൽ അണുബാധ ഉണ്ടായി മരണം വരെ സംഭവിക്കാം. 

48 മണിക്കൂറിനകം ഈ അവസ്ഥ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ അപകടകരമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.  മുഹമ്മദ് സഹീദ് സെയ്ഫുദ്ദീൻ, യൂറോളജിസ്റ്റ്,

\എൽ എൽ എച്ച് ഹോസ്പിറ്റൽ, അബുദാബി , യു എ ഇ

Tags:
  • Manorama Arogyam
  • Health Tips