ഈ കോവിഡ് കാലത്ത് മാതാപിതാക്കളെ ഏറെ ആശങ്കപ്പെടുത്തിയ വിഷയങ്ങളിൽ ഒന്ന് കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യമാണ്. ഒാൺലൈൻ പഠനവും ഇടനേരങ്ങളിൽ മൊബൈൽ ഫോണിലെ ഗെയിമുകളും ടിവി കാണലും ഒക്കെയായി പതിവിലേറെയുള്ള സ്ക്രീൻ സമയത്തിലൂടെ കുട്ടികൾ മുൻപോട്ടു പോകുകയാണ്. അതു കൊണ്ടു തന്നെ അവരുടെ കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ച് ഏറെ ഉത്കണ്ഠാകുലരാണ് മാതാപിതാക്കൾ.
കണ്ണിനു വേദന, തലവേദന, കണ്ണിലൂടെ വെള്ളം വരിക പോലുള്ള പ്രശ്നങ്ങൾ മിക്ക കുട്ടികളിലും കണ്ടു വരുന്നുണ്ട്. ഈ കാലത്ത് കുഞ്ഞുങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിൽ കരുതലെടുക്കുന്നതിനായി മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളറിയാം.
∙ കഴിവതും ഒാൺലൈൻ പഠനത്തിനായി കുട്ടികൾക്ക് വലിയ സ്ക്രീൻ നൽകുക. മൊബൈൽ ഫോണിനെക്കാളും മികച്ചത് ടാബ്‌ലറ്റാണ്. ടാബ്‌ലറ്റിനെക്കാളും നല്ലത് ടിവിയാണ്.
∙ മൊബൈൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ കുറച്ചു വലിയ സ്ക്രീൻ ഉള്ളതു തിരഞ്ഞെടുക്കുക. അതു കണ്ണിന്റെ സ്ട്രെയ്ൻ കുറയ്ക്കും. ടിവിയാണെങ്കിലും വലിയ സ്ക്രീൻ ആണ് അഭികാമ്യം.
∙ ടിവിയും കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുമ്പോൾ അതിന്റെ ബ്രൈറ്റ്‌നസ് കൂട്ടി വയ്ക്കരുത്. അങ്ങനെ ചെയ്താൽ കണ്ണു വേദനയും കണ്ണിലൂടെ വെള്ളം വരുന്നതിനുള്ള സാധ്യതയും കൂടുതലാകും. ഉപയോഗിക്കുന്ന മുറിയിലെ വെളിച്ചത്തേക്കാൾ അൽപം കൂടി ബ്രൈറ്റ്നസ് കൂട്ടിവയ്ക്കാൻ ശ്രദ്ധിക്കുക.
∙ ഇരുട്ടു മുറിയിലിരുന്ന് ടിവി, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ നോക്കരുത്. കാരണം നമ്മുടെ ദൃഷ്ടി മണ്ഡലം മുഴുവൻ ഇരുട്ടു നിറയുകയും കണ്ണിന്റെ റെറ്റിനയിൽ ചെറിയൊരു ഭാഗത്തു മാത്രം വെളിച്ചം വീഴുകയും ചെയ്യുമ്പോൾ അത് റെറ്റിനയ്ക്ക് ഒരുപാടു ക്ഷീണം വരുത്തും. ചെറിയ വെളിച്ചം എങ്കിലുമുള്ള മുറിയിൽ ഇരുന്നു മാത്രമേ ടിവി, മൊബൈൽ, കംപ്യൂട്ടർ ഇവ ഉപയോഗിക്കാവൂ.
∙ ടിവിയുടെ പിന്നിൽ ഘടിപ്പിക്കാവുന്ന തരത്തിലുള്ള എൽ ഇ ഡി സ്ട്രിപ് ലൈറ്റ് ഇന്നു വിപണിയിൽ ലഭ്യമാണ്. അത് ടിവിയുടെ പിന്നിലായി നാലു ചുറ്റാകെ ഒട്ടിക്കുകയാണെങ്കിൽ ടിവിയുടെ പിന്നിൽ നിന്നു വെളിച്ചം വരുകയും കണ്ണിന് നല്ല കുളിർമ ലഭിക്കുകയും ചെയ്യും.
∙ കണ്ണിന്റെ സ്ട്രെയ്ൻ കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗം ടിവിയുടെ കോൺട്രാസ്‌റ്റ് പരമാവധി കൂട്ടി വയ്ക്കുകയാണ്.
∙ കുട്ടികൾ തുടരെ ടിവിയും മൊബൈൽഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നതു നല്ലതല്ല. അതു കൊണ്ട് ഇവ ഉപയോഗിച്ചു കൊണ്ടിരിക്കവേ ഒാരോ 20 മിനിറ്റു കഴിയുമ്പോഴും 20 സെക്കൻഡു നേരം 20 അടി അപ്പുറത്തുള്ള ഒരു ഭാഗത്തേക്കു നോക്കിയിരുന്നാൽ കണ്ണിന് റിലാക്‌സേഷൻ ലഭിക്കും. ഇതിന് ‘ 20 20 20 റൂൾ ’ എന്നാണു പറയുന്നത്. അത് കുട്ടികളെ ശീലിപ്പിക്കണം.
∙ കുട്ടികളുടെ ജീവിതശൈലി കുറച്ചൊന്നു മെച്ചപ്പെടുത്താനും മാതാപിതാക്കൾ ശ്രദ്ധിക്കണം. സാധാരണ ഒാൺലൈൻ ക്ലാസുകൾ 30 മിനിറ്റാണ്. 30മിനിറ്റ് ക്ലാസ് കഴിയുമ്പോൾ ഇടവേളയിൽ കണ്ണടച്ചിരിക്കാൻ കുട്ടിയോട് ആവശ്യപ്പെടാം. അല്ലെങ്കിൽ ജനലിലൂടെ അൽപനേരം പുറത്തേയ്ക്കു നോക്കിയിരിക്കാൻ പറയാം. അൽപ നേരം കുട്ടി എണീറ്റു നടക്കുന്നതും നല്ലതാണ്. വെള്ളം കുടിക്കാനും ഒാർമിപ്പിക്കണം.
∙കംപ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ ലെവലിനേക്കാൾ അൽപം താഴ്ന്നിരിക്കുന്നതാണു നല്ലത്. കംപ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ ലെവലിൽ നിന്നു മുകളിലോട്ട് ആണെങ്കിൽ കുട്ടിയുടെ കണ്ണുകൾ മുകളിലേയ്ക്കു നോക്കുമ്പോൾ തുറന്നിരിക്കും. അങ്ങനെ കണ്ണുനീർ പെട്ടെന്നു വറ്റിപോകാനിടയാകും. കണ്ണിനു വരൾച്ച അനുഭവപ്പെടും.
∙ കുട്ടിയുടെ പഠനമേശയിൽ പച്ച ഇലകളുള്ള ഒരു കുഞ്ഞു ചെടി വയ്ക്കുന്നതു നല്ലതാണ്. കണ്ണുകൾ തളരുമ്പോൾ കുട്ടിക്ക് ഈ പച്ചപ്പിലേയ്ക്ക് അൽപനേരം നോക്കിയിരിക്കാം. അത് കണ്ണുകൾക്ക് പുതിയൊരു ഉൗർജം നൽകും.
∙ ക്ലാസുകൾക്കിടയിലെ സമയത്ത് വിഡിയോ ഗെയിം കാണുക, ചാറ്റ് ചെയ്യുക ഇവയൊക്കെ കണ്ണിന്റെ സ്ട്രെയ്ൻ വർധിപ്പിക്കും. അത്തരം ശീലങ്ങളൊക്കെ ഒഴിവാക്കാൻ കുട്ടിയോടു പറയാം.
∙ പഠനകാര്യങ്ങൾക്കായി വീട്ടിനകത്തു തന്നെ കുട്ടികൾ ഇരിക്കുന്നതും നല്ലതല്ല. സൂര്യപ്രകാശം ലഭ്യമാകാതെ വരുന്നതിലൂടെ വൈറ്റമിൻ ഡിയുടെ അപര്യാപ്തത വരാം. എല്ലാ ദിവസവും അരമണിക്കൂർ നേരം കുട്ടികൾ പുറത്തിറങ്ങി കളിക്കുകയും അൽപം വെയിൽ കൊള്ളുകയും ചെയ്യുന്നതു നല്ലതാണ്.
∙ കണ്ണടകൾ ഉപയോഗിക്കുന്ന കുട്ടികളാണെങ്കിൽ കണ്ണടകളിൽ ആന്റി റിഫ്ലക്‌ഷൻ കോട്ടിങ് നൽകിയാൽ കണ്ണടയിലൂടെ വെളിച്ചം പൂർണമായി കണ്ണിന്റെ ഉള്ളിൽ കടക്കും. അങ്ങനെ കുട്ടികൾക്കു കുറച്ചു കൂടി തെളിഞ്ഞ കാഴ്ച ലഭിക്കും. ആന്റി റിഫ്ലക്‌ഷൻ കോട്ടിങ് ഉള്ള കണ്ണടകൾക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. എതിരെ ഒരു പ്രകാശ സ്രോതസ്സ് ഉണ്ടെങ്കിലും അതിന്റെ പ്രതിബിംബം കണ്ണടയിലേക്കു വരില്ല. അതിനാൽ കാഴ്ചയ്ക്കു കൂടുതൽ വ്യക്തത ലഭിക്കും.
∙ ഇപ്പോൾ കണ്ണുകൾക്കു സംരക്ഷണമേകുന്ന ബ്ലൂ ലൈറ്റ് ഫിൽറ്റർ എന്നൊരു പുതിയ ഫീച്ചർ ഉണ്ട്. നമ്മുടെ പ്രകാശത്തിലെ നീല നിറമുള്ള കിരണങ്ങൾ പെട്ടെന്നു പടരുന്ന തരത്തിലുള്ളതാണ്. ഇത് പൊതുവെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കുന്നു. എന്നാൽ നീല വെളിച്ചത്തെ നീക്കം ചെയ്യുന്ന തരം ക്രമീകരണങ്ങൾ ഇപ്പോൾ കണ്ണടകളിൽ ചെയ്യാം. അതാണ് ബ്ലൂ ലൈറ്റ് ഫിൽറ്റർ. ഇത്തരം സംവിധാനമുള്ള കണ്ണടകൾക്ക് വ്യക്തത കൂടുതലായിരിക്കും.
നീല കിരണങ്ങൾ കൂടുതലായി കണ്ണിലേൽക്കുന്നത് കണ്ണിന്റെ ഞരമ്പിനെ ബാധിക്കുകയും പിന്നീട് തിമിരം പോലുള്ള രോഗാവസ്ഥകളിലേക്കു നയിക്കുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്. അതേക്കുറിച്ചു ഭയപ്പെടേണ്ടതില്ല. ബ്ലൂലൈറ്റ് ഫിൽറ്റർ ഉള്ള ഫോണുകളും കംപ്യൂട്ടറുമാണെങ്കിൽ കണ്ണുകൾക്കു കൂടുതൽ സുഖകരമായിരിക്കും.
∙ കണ്ണട വയ്ക്കുന്ന കുട്ടികൾ ഒാരോ വർഷവും നിർബന്ധമായും ചെക്കപ്പ് ചെയ്യണം.കാരണം കണ്ണിന്റെ പവറിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ കണ്ണാടി വയ്ക്കാതെ ടിവിയിലും കംപ്യൂട്ടറിലും നോക്കുമ്പോൾ തലവേദന വരാനിടയുണ്ട്.
∙ പെട്ടെന്നു ഉയരം കൂടുന്ന പ്രായത്തിൽ അതായത് പെൺകുട്ടികൾക്ക് 10 മുതൽ 12 വയസ്സു വരെ പ്രായത്തിലും ആൺകുട്ടികൾക്ക് 12 മുതൽ 14 വയസ്സുവരെയുള്ള പ്രായത്തിലും ആറു മാസത്തിലൊരിക്കൽ കണ്ണടകൾ പരിശോധിക്കേണ്ടതുണ്ട്. കാഴ്ചയ്ക്കു മങ്ങലുണ്ടെങ്കിൽ, കുട്ടി കാഴ്ചയ്ക്കു ബുദ്ധിമുട്ട് പറയുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്നു ഡോക്ടറുടെ സേവനം തേടണം.
ഒാൺലൈൻ പഠനകാലത്ത് കുട്ടികളുടെ പഠനകാര്യങ്ങൾക്കു നൽകുന്ന അതേ പ്രാധാന്യം അവരുടെ കണ്ണുകൾക്കും നൽകണം. ഇളം കണ്ണുകളാണ്. ഇനിയങ്ങോട്ട് എത്രയധികം പഠിക്കാനുള്ളതാണ്. എത്രയേറെ ലോകം കാണാനുള്ളതാണ്. കരുതൽ ഇപ്പോഴേ തുടങ്ങുക. പഠനസമയമൊഴികെയുള്ള നേരം സ്ക്രീൻ സമയം കുറച്ചു കൊണ്ടു വരാൻ ഏറെ സംയമനത്തോടെ കുട്ടികളെ ശീലിപ്പിക്കുക.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ദേവിൻ പ്രഭാകർ
ഡയറക്ടർ, & കൺസൽറ്റന്റ് ഒഫ്താൽമോളജിസ്‌റ്റ്
ദിവ്യപ്രഭ െഎ ഹോസ്പിറ്റൽ, തിരുവനന്തപുരം