Wednesday 23 September 2020 05:20 PM IST

ഏഴു വയസ്സുകാരന്റെ ജീവനിൽ പ്രകാശമേകി മിന്നയും മിന്നിയും: കോവിഡ് കാലത്ത് പുതുപ്രതീക്ഷയേകി ഇരട്ടകളുടെ മൂലകോശദാനം

Sruthy Sreekumar

Sub Editor, Manorama Arogyam

stemcellstory345 മിന്നയും മിന്നിയും

മിന്നാമിന്നിയുെട നുറുങ്ങുവെട്ടം എന്നല്ലേ നമ്മൾ പറയാറ്. എന്നാൽ ഈ മിന്നാമിന്നിയുെട നുറുങ്ങുവെട്ടം വെളിച്ചമേകിയത് ഒരു ഏഴു വയസ്സുകാരനാണ്. ഇതു മിന്നയുെടയും മിന്നിയുെട അനുഭവമാണ്. കേരളത്തിലെ മൂലകോശ ദാതാക്കളായ ആദ്യ ഇരട്ടകളാണ് മിന്ന ഷാജി, മിന്നി ഷാജി. മൂവാറ്റുപുഴ സ്വദേശികളാണിവർ. ഈ കോവിഡ് കാലത്താണ് രക്താർബുദം ബാധിച്ച, േകരളത്തിനു പുറത്തുള്ള ഏഴു വയസ്സുള്ള കുട്ടിക്കു മൂലകോശം ദാനം നൽകിയത്. ഒരാളുെട മാത്രം മതിയായിരുന്നതിനാൽ മിന്നയാണ് ദാതാവായത്. മൂലകോശം നൽകാൻ തയാറായി മിന്നിയും ഒപ്പം നിന്നു. .

സൂചി കണ്ടാൽ കരയും !

സൂചി കാണുന്നതേ ഞങ്ങൾക്കു പേടിയാണ്. ശരിക്കും ഫോബിയ തന്നെ. ഇന്നേ വരെ രക്തദാനവും നടത്തിയിട്ടില്ല. എഞ്ചിനിയറിംഗിനു പഠിക്കവെ 2017ൽ ദാത്രി എന്ന സംഘടന ഞങ്ങളുെട കോളജിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചു. മൂലകോശദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണത്. അതുവരെ രക്തദാനത്തെ കുറിച്ചല്ലാതെ മൂലകോശ ദാനത്തെ കുറിച്ചു ഞങ്ങൾക്കു അറിവില്ലായിരുന്നു. ആ ക്യാമ്പിലൂെട അതിനെ കുറിച്ചു വ്യക്തമായി മനസ്സിലായി. ഒരു വ്യക്തിയെ മരണത്തിൽ നിന്ന് രക്ഷിക്കാനുള്ള അവസാന മാർഗമാണ് മൂലകോശദാനം എന്നു അറിഞ്ഞു. ക്യാമ്പിനൊപ്പം തന്നെ ദാത്രിയിൽ ദാതാവായി റജിസ്റ്റർ ചെയ്യാനും സൗകര്യം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും റജിസ്റ്റർ െചയ്തു. പിന്നീട് അതിനെ കുറിച്ചു മറന്നുപോയി. പഠനം കഴിഞ്ഞ ജോലി കിട്ടി, ബെംഗളൂരുവിലേക്കു പോയി. ഇപ്പോൾ കൊച്ചി ഇൻഫോപാർക്കിൽ ഐബിഎസ്സിലാണ് ജോലി െചയ്യുന്നത്.

ദാത്രിയിൽ നിന്നു വിളി

രണ്ട് മാസം മുൻപാണ് ‍കോളജിലെ ഞങ്ങളുെട സീനിയറും ദാത്രിയുെട വോളന്റിയറുമായ അതുല്യ ചേച്ചിയുെട ഫോൺ വരുന്നത്. രക്താർബുദം ബാധിച്ച ഒരു കുട്ടിക്കു ഞങ്ങളുെട മൂലകോശം മാച്ച് െചയ്യുന്നു എന്ന്. മൂലകോശം ദാനം െചയ്യാൻ സാധിക്കുമോ എന്നു ചോദിച്ചു. ഞങ്ങൾ തയാറാണ് എന്നു പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കാരണം ഒരു കുരുന്നിന്റെ ജീവനാണ് ഞങ്ങളുെട കയ്യിൽ. എന്നാൽ വീട്ടുകാരോട് വിഷയം അവതരിപ്പിക്കണമായിരുന്നു. അവർക്കു മൂലകോശദാനത്തെ കുറിച്ചു വലിയ അറിവില്ലായിരുന്നു. അതിന്റെ ഭാഗമായി അമ്മയെ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടറുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി. എന്താണ് മൂലകോശദാനമെന്നും പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും ഡോക്ടർ അമ്മയ്ക്കു വ്യക്തിമായി മനസ്സിലാക്കി കൊടുത്തു. അങ്ങനെ അച്ഛനും അമ്മയും സമ്മതിച്ചു.

തയാറെടുപ്പുകൾ

കോവിഡ് കാലമായതിനാൽ ആശുപത്രി യാത്രയൊക്കെ കരുതലോടെ ആയിരുന്നു. മൂലകോശം എടുക്കുന്നതിനു മുൻപ് അഞ്ച് ദിവസം തുടർച്ചയായ കുത്തിവയ്പ്പും മറ്റും പരിശോധനകളും ഉണ്ടാകും. എക്സ്റേ, ഇസിജി, രക്തപരിശോധനകൾ എല്ലാം നടത്തി. പരിശോധനാ ഫലങ്ങൾ ഒക്കെ ആണെങ്കിൽ മാത്രമെ അഞ്ച് ദിവസത്തെ കുത്തിവയ്പ്പു തുടങ്ങൂ. ഒരാഴ്ച കഴിഞ്ഞപ്പോൾ കുത്തിവയ്പ്പു തുടങ്ങി. ദാത്രിയുെട തന്നെ ലാബിലെ െടക്നീഷൻ വീട്ടിൽ വന്നു ഞങ്ങൾക്കു കുത്തിവയ്പ്പു നൽകി. പുറംവേദന, ശരീരവേദന എന്നിവ ഉണ്ടാകും എന്നു ഡോക്ടർ പറഞ്ഞിരുന്നു.

മിന്നയും മിന്നിയും മൂലകോശദാനത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും മിന്ന മാത്രം െചയ്താൽ മതിയാവും എന്നു തീരുമാനിച്ചിരുന്നു. എന്തെങ്കിലും കാരണവശാലും മിന്നയ്ക്കു നൽകുന്നതിൽ തടസ്സം നേരിടുകയോ മതിയാവാതെ വന്നാലോ മിന്നി െചയ്യാം എന്നും. മൂലകോശം നൽകിയ ദിവസത്തെ കുറിച്ചു മിന്നയ്ക്കു പറയാൻ ഉള്ളത് വായിക്കാം.

28ാം തീയതി ഒാഗസ്റ്റിനാണ് ഡേറ്റ് തീരുമാനിച്ചത്. അമൃത ആശുപത്രിയിൽവച്ചു തന്നെ. അമ്മയ്ക്കും അച്ഛനും ഞങ്ങളുെട കൂടെ വരാൻ സാധിച്ചില്ല. എന്നെയും മിന്നിയെയും അതുല്യ ചേച്ചിയാണ് കൊണ്ടുപോയത്. രാവിെല ആശുപത്രിയിൽ എത്തി. അകത്തേ മുറിയിലേക്കു എന്നെ മാത്രമെ കയറ്റിയൂള്ളൂ. മിന്നി പുറത്തുനിന്നു. ഒറ്റയ്ക്കു മുറിയിൽ കയറിയപ്പോൾ ചെറിയൊരു ഭയം തോന്നി. ആദ്യം വലത്തെ കയ്യിൽ നിന്ന് എടുക്കാൻ നോക്കിയപ്പോൾ ശരിയായില്ല. പിന്നീട് ഇടതുകയ്യിൽ നിന്ന് എടുത്തു. ഇടയ്ക്കു കാൽസ്യത്തിന്റെ അളവു കുറഞ്ഞു വിറയൽ വന്നു. അപ്പോൾ കാൽസ്യം കയറ്റേണ്ടിവന്നു. 5-6 മണിക്കൂർ എടുത്തു എല്ലാം കഴിഞ്ഞപ്പോൾ. കുറച്ചധികം ക്ഷീണം ഉണ്ടായിരുന്നു.

ഇടതുകയ്യിൽ നീര് പോലെ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ദാത്രിയിൽ നിന്ന് വിളി വരുന്നത്. കൗണ്ട് വളരെ കുറവാണ്. വീണ്ടും നൽകാൻ കഴിയുമോ എന്ന്. ഒന്നുകിൽ തൊട്ടടുത്ത ദിവസം ചെയ്യാം. അല്ലെങ്കിൽ ഒരു മാസമൊക്കെ കഴിഞ്ഞ് മതി. ഒരു മാസം കഴിഞ്ഞാണെങ്കിൽ അഞ്ച് ദിവസത്തെ കുത്തിവയ്പ്പു തുടങ്ങി എല്ലാം ആദ്യംമുതൽക്കെ ചെയ്യാൻ തുടങ്ങണം. മാത്രമല്ല ആദ്യം ശേഖരിച്ച മൂലകോശം ഉപയോഗിക്കാനും സാധിക്കില്ല. തൊട്ടടുത്ത ദിവസമായതിനാൽ തന്നെ എന്റെ ഇടത്തേ കയ്യിൽ നിന്നും എടുക്കാൻ സാധിക്കില്ല. കാലിൽ നിന്നു വേണം എടുക്കാൻ. അതുകൊണ്ട് ഒരു ദിവസത്തെ ആശുപത്രിവാസം വേണ്ടിവരും. വീട്ടിൽ എത്തിയുടൻ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. അവർ എതിരു പറഞ്ഞില്ല.

രണ്ടാമത്തെ തവണ

അങ്ങനെ അടുത്ത ദിവസം വീണ്ടും ആശുപത്രിയിൽ എത്തി മൂലകോശം നൽകി. കാലി‍ൽ നിന്നു ആയതിനാൽ എല്ലാം കഴിഞ്ഞ് നാല് മണിക്കൂർ കഴിഞ്ഞശേഷമെ നടക്കാൻ സാധിക്കുമായിരുന്നുള്ളൂ. മിന്നിയും അതുല്യ ചേച്ചിയും ഒപ്പമുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ 10 മണി ആയപ്പോഴെക്കും ഡിസ്ചാർജ് െചയ്തു. വീട്ടിൽ വന്നപ്പോൾ ഞങ്ങൾക്കു വേണ്ടി കേക്ക് ഒക്കെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു വീട്ടുകാർ.

പത്രത്തിൽ വാർത്ത വന്നപ്പോഴാണ് എല്ലാവരും അറിയുന്നത്. വാർത്ത വന്നശേഷം ഞങ്ങളുെട ഫോണിനു വിശ്രമമില്ലായിരുന്നു. പലരും ദാത്രിയിൽ ദാതാവായി ചേർന്നുകൊണ്ടുള്ള ഫോമിന്റെ ഫോട്ടോ അയച്ചുതന്നു. മൂലകോശം ദാനം െചയ്യാൻ പേടിയുണ്ടായിരുന്നവർ ഞങ്ങളുെട വാർത്ത കണ്ടു പേടിയെല്ലാം കളഞ്ഞ് ദാനത്തിനായി മുന്നോട്ടുവന്നതായി ദാത്രിയിലെ അംഗങ്ങൾ പറഞ്ഞു. ഒരുപാട് പേർക്കു ഞങ്ങൾ പ്രചോദനമായി എന്നറിഞ്ഞപ്പോൾ ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടും വേദനയും എല്ലാം മനസ്സിൽ നിന്നു മാഞ്ഞുപ്പോയി.

ആയവന ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മെബറുമായ ഷാജി നീരോലിയ്ക്കലിന്റെയും ഷൈനിയുെടയും മക്കളാണ് മിന്നയും മിന്നിയും. ഇവർക്കു ഒരു ഇളയ സഹോദരി കൂടിയുണ്ട്, മിന്നു ഷാജി.

Tags:
  • Manorama Arogyam
  • Health Tips