Monday 22 June 2020 03:47 PM IST

ദേ വന്നു...ദാ പോയി... ലോക്‌ഡൗണിൽ കൂടിയ വണ്ണവും വയറും കുറയ്ക്കാൻ സൂപ്പർ വ്യായാമങ്ങൾ: വിഡിയോ കാണാം

Asha Thomas

Senior Sub Editor, Manorama Arogyam

Ex

കൊറോണയെ പേടിച്ച് എല്ലാവരും ലോക്‌ഡൗണിൽ വീട്ടിൽ ഇരുന്നപ്പോൾ ആരുമറിയാതെ മറ്റൊരു വില്ലൻ നുഴഞ്ഞുകയറുകയായിരുന്നു. അമിതവണ്ണം. ലോക്‌ഡൗണിനു മുൻപും ശേഷവും എന്ന പേരിൽ ഈ വണ്ണം കൂടൽ ട്രോളുകൾക്കു വരെ വിഷയമായി.

ലോകമൊട്ടാകെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ലോക്‌ഡൗൺ കാലം പൊതുവേ ഭാരവർധനവിന്റെ കാലമായിരുന്നു എന്നാണ്. ഒരു വെബ്സൈറ്റ് നടത്തിയ രാജ്യാന്തര പോളിൽ ഇന്ത്യയിൽ 37 ശതമാനം പേർക്കു ശരീരഭാരം വർധിച്ചതായി കണ്ടിരുന്നു. ഈ പോളിൽ ഏറ്റവും മുൻപിൽ ഇറ്റലിയാണ്. 66 ശതമാനം. ലോക്‌ഡൗൺ 15 എന്ന് ഒാമനപ്പേരിട്ട് വിളിക്കുന്ന ഈ ഭാരവർധനവു പക്ഷേ, നിസ്സാരക്കാരനല്ല. പ്രത്യേകിച്ച് ഹൃദ്രോഗവും പ്രമേഹവും പോലുള്ള ജീവിതശൈലീരോഗങ്ങൾ ഉള്ളവരുടെ കാര്യത്തിൽ. ഏറ്റവും ലഘുവായ ഭാരക്കൂടുതൽ പോലും രക്തസമ്മർദം ഉയരുന്നതിനും ഗ്ലൂക്കോസ് നിയന്ത്രണം പാളിപ്പോകുന്നതിനും ഇടയാക്കുമെന്നതിൽ സംശയം വേണ്ട.

അതുകൊണ്ട് കൂടിയ ഭാരം കുറച്ചേ തീരൂ. പക്ഷേ, അതിനു വേണ്ടി ക്രാഷ് ഡയറ്റുകളുടെ പിറകേ പോയിട്ടു കാര്യമില്ല. ഭക്ഷണരീതിയിൽ ചില ക്രമീകരണങ്ങൾ നടത്തുകയും ദിവസവും അൽപസമയം വ്യായാമത്തിനു ചെലവഴിക്കുകയും ചെയ്യണം.

ലോക്‌ഡൗൺ കാലത്ത് പെട്ടെന്നു കൂടിയ ശരീരഭാരം പെട്ടെന്നു തന്നെ കുറയ്ക്കാനുള്ള പ്രത്യേക പാക്കേജുമായാണ് ജൂലൈ ലക്കം മനോരമ ആരോഗ്യം ഇറങ്ങിയിരിക്കുന്നത്. വേഗം ഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ശാസ്ത്രീയവുമായ ഡയറ്റ് ഒാരോ നേരവും കഴിക്കേണ്ടുന്ന വിഭവങ്ങൾ സഹിതം നൽകിയിരിക്കുന്നു. വിശപ്പു കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്ന സ്ലിമ്മിങ് ഡ്രിങ്കുകൾ പാചകക്കുറിപ്പ് സഹിതം നൽകിയിട്ടുണ്ട്. ജൂലൈ ലക്കത്തിൽ നൽകിയിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ വീട്ടിൽ തന്നെ ചെയ്യാവുന്ന വണ്ണം കുറയ്ക്കാനും വയർ ഒതുങ്ങാനുള്ള വ്യായാമങ്ങൾ കണ്ടു പഠിക്കാം.

വീട്ടിലെ വ്യായാമം കൊണ്ട് ഭാരം കുറയുമോ എന്ന സംശയം വേണ്ട. ഹൈ ഇന്റൻസിറ്റി വർക് ഔട്ടുകൾ ചെയ്താൽ വളരെ വേഗത്തിൽ കൂടിയ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ശരീരഭാരം പെട്ടെന്നു കുറയ്ക്കാൻ സഹായിക്കുന്ന മൂന്നു ഹൈ ഇന്റൻസിറ്റി വ്യായാമങ്ങൾ പരിചയപ്പെടാം.

∙ ഫ്രീ സ്ക്വാറ്റ്

ഇരുകാലുകളും തോൾ അകലത്തിൽ അകത്തി നിവർന്നുനിൽക്കുക. തുടർന്ന് ഇരു കൈകളും നേരെ മുൻപോട്ടു നിവർത്തി പിടിക്കുക. ശേഷം സാവധാനം ശ്വാസം ഉള്ളിലേക്ക് എടുത്ത് ഇരു കാൽമുട്ടുകളും മടക്കിക്കൊണ്ട്, തുടഭാഗം 90 ഡിഗ്രി ആംഗിളിൽ വരുന്നിടം വരെ താഴേക്ക് ഇരിക്കുക. ഒരു നിമിഷം അങ്ങനെ തുടർന്നശേഷം, സാവധാനം ശ്വാസം പുറത്തേക്ക് വിട്ട്, കാൽമുട്ടുകൾ നിവർത്തി മുകളിലേക്ക് ഉയർന്ന് പൂർവസ്ഥിതിയിൽ എത്തുക.

∙ ജമ്പ് ആൻഡ് സ്ക്വാറ്റ്

ഏകദേശം 2 അടിയിൽ കൂടുതൽ അകലത്തിൽ ഇരു കാലുകളും അകത്തിവച്ചു കൊണ്ട് നിവർന്നുനിൽക്കുക. ഏകദേശം 45 ഡിഗ്രി ആംഗിളിൽ താഴേക്ക് കാൽമുട്ടുകൾ മടക്കി ഇരുന്ന ശേഷം, ശ്വാസം ഉള്ളിലേക്ക് എടുത്ത് പരമാവധി മുകളിലേക്ക് ഉയർന്നു ചാടി, താഴേക്ക് ഇരിക്കുക. ചാടിയ ശേഷം, താഴേക്ക് വരുമ്പോൾ പാദങ്ങൾ തറയിൽ സ്പർശിക്കുന്ന മാത്രയിൽ ശ്വാസം പുറത്തേക്ക് വിട്ടാൽ മതി. ഇപ്രകാരം പാദങ്ങൾ തറയിൽ സ്പർശിക്കുന്ന സമയം തന്നെ, കാൽമുട്ടുകൾ മടക്കി തുടഭാഗം 45 ഡിഗ്രി ആംഗിളിലേക്കു കൊണ്ടുവരണം. എന്തെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടാവാതിരിക്കാൻ ഇത് നല്ലതാണ്.

∙ മൗണ്ടൻ ക്ലൈമ്പ്

പുഷ് അപ്പ് ചെയ്യുന്നതുപോലെയുള്ള പൊസിഷനിൽ, ഇരു കാലുകളുടെയും പാദങ്ങളും ഇരു കൈപ്പത്തികളും തോൾ അകലത്തിൽ തറയിൽ വച്ച് ലംബമായി നിൽക്കുക. തുടർന്ന് ഇടതു കാൽമുട്ടു മടക്കി ശരീരത്തിന് അടിയിലേക്ക് കൊണ്ടുവരിക. തിരിച്ചു കാൽമുട്ടു നിവർത്തി ശരീരത്തിന്റെ പിന്നിലേക്ക് കൊണ്ടുവരികയും ചെയ്യണം. ഒരുതവണ ഇടതു കാൽ ഇപ്രകാരം ചെയ്ത ശേഷം വലതു കാലും ഇതുപോലെ തന്നെ ചെയ്യണം.

കൂടുതൽ വ്യായാമങ്ങൾക്ക് വിഡിയോ കാണാം. ഫിറ്റ്നസ് എക്സ്പർട്ട് ആയ വികാസ് ബാബുവാണ് മനോരമ ആരോഗ്യത്തിനു വേണ്ടി ഈ വ്യായാമങ്ങൾ പരിചയപ്പെടുത്തുന്നത്.

Tags:
  • Manorama Arogyam
  • Health Tips