ആഹാരത്തിന്റെ കാര്യത്തിൽ കലോറി എന്ന വാക്കിന്റെ പ്രസക്തി എത്രയാണെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ഉപയോഗിച്ച് തീർക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ആഹാരത്തിലൂടെ ഉള്ളിലെത്തിയാൽ അതു ശരീരഭാരം വർധിപ്പിക്കും. കൊഴുപ്പും മധുരവുമൊക്കെ കലോറി കൂടുതൽ ഉള്ളവയാണെന്നു കേട്ടിട്ടുണ്ടല്ലോ.
ഇനി പറയുന്നത് കലോറി കുറഞ്ഞതും, അതുപോലെ സീറോ കലോറി ഉള്ളതുമായ ചില ആഹാരങ്ങളെകുറിച്ചാണ്. അവ നമ്മുടെ സാധാരണ ആഹാര ക്രമത്തിൽ ഉൾപ്പെടുന്നതുമാണ്. അവ കഴിക്കുമ്പോൾ ശരീര ഭാരം വർധിക്കും എന്ന ആശങ്ക വേണ്ട. ധൈര്യമായി കഴിക്കാം. കൂളായി കഴിക്കാം.
സവാള - സവാള കഴിക്കാത്ത ആഹാരനേരങ്ങൾ നമുക്ക് അപൂർവമാണ്. സവാള ചേരാത്ത കറികളും കുറവാണല്ലോ. കലോറി കുറഞ്ഞതും Flavanoids അടങ്ങിയതും ആണ് സവാള.
വെള്ളരി എന്ന Cucumber- വെള്ളരിക്ക ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ഇതിൽ കലോറി വളരെ കുറവാണ്. ജലത്തിന്റെ അംശം വളരെ കൂടുതൽ ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്നാക്ക് ആയും കഴിക്കാം.
സെലറി -സീറോ കലോറി ഫുഡ് എന്ന് പൂർണമായി പറയാവുന്നതാണ് സെലറി. സെലറിയുടെ ഉപയോഗം അത്ര വ്യാപകമല്ല. എങ്കിലും സെലറി വാങ്ങിയാൽ ധൈര്യമായി കഴിക്കാം. ഇതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ് - കലോറി കുറവുള്ള പച്ചക്കറിയാണ് ക്യാരറ്റ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.എന്നാൽ തടി കുറയ്ക്കാനും ക്യാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ക്യാരറ്റ് സഹായിക്കും.
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, ബ്രോക്കോളി, കോളിഫ്ലവർ, കാബ്ബേജ് എന്നിവയും കലോറി കുറഞ്ഞവയാണ്.
ബ്രോക്കോളി - ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ പ്രിയപ്പെട്ട താക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനുള്ള
കഴിവും ബ്രോക്കോളിക്കുണ്ട്. ഭാരം കുറയ്ക്കാനും ബ്രോക്കോളി ഉത്തമമാണ്. ഇതിൽ ധാരാളം നാരു കൾ അടങ്ങിയിരിക്കുന്നു. അതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തിനും ഗുണം ചെയ്യും. ഇത് രോഗ പ്രതിരോധശക്തിയും വർദ്ധിപ്പിക്കുന്നു.
തക്കാളി - തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഹാരത്തിൽ അല്പം തക്കാളി കൂടി ചേർക്കാം. ഒരു സമീകൃതാഹാരം ആണിത്. ഹൃദ്രോഗത്തെ ഒരു പരിധി വരെ ചെറുക്കാൻ ഇത് സഹായിക്കും. കാൻസറിനെയും തടയാനാകും. ഒരു പഴം ആയും തക്കാളി ഉപയോഗിക്കാം.
കാബ്ബേജ് - വളരെ കുറഞ്ഞ കലോറിയാണ് ഇതിനും. ഹൃദ്രോഗവും ക്യാൻസറും തടയാനും സഹായിക്കുന്നു.
മറ്റൊരു പ്രധാന കാര്യം പച്ചക്കറി സൂപ്പുകൾ, പകുതി വേവിച്ച പച്ചക്കറികൾ എന്നിവയ്ക്കും കലോറി കുറവാണ് എന്നതാണ്.
പഴങ്ങൾ കഴിക്കാം
ആപ്പിൾ -കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ഒട്ടേറെ മിനറ ലുകളും വിറ്റാമിനുകളും ഇതിലുണ്ട്. ആപ്പിൾ ഇഷ്ടമാണോ? അൽപം കൂടുതൽ കഴിച്ചാലും കുഴപ്പമില്ല.
ഓറഞ്ച് - ഇത് വിറ്റാമിൻ സിയാൽ സമ്പന്നമാണ്. കലോറിയും കുറവാണ്. ധാരാളം കഴിക്കാം.
തണ്ണി മത്തൻ - കലോറി കുറഞ്ഞ പഴമാണിത്. ഈ വേനലിൽ തണ്ണിമത്തൻ സുലഭമാണു താനും.
അതു പോലെ അവകാഡോ, മധുരനാരങ്ങ, മാതള നാരങ്ങ , ബ്ലൂ ബെറി, ചെറി, പെയർ, മൂസമ്പി, കമ്പിളിനാരങ്ങ എന്നിവയും കഴിച്ചോളൂ. കലോറിയെക്കുറിച്ച് ചിന്തി ക്കുകയേ വേണ്ട.
ഇലക്കറികൾ
പാലക് ചീര ഇല, ചുവന്ന ചീര ഇല, തഴുതാമ ഇല, പയറില, ഉലുവ ഇല, മുരിങ്ങയില, മത്തൻ ഇല
ഇവയെല്ലാം കലോറി കുറഞ്ഞവയാണ്. ഇവ കറി വച്ചാൽ കൂടുതൽ നല്ലതാണ്.
വിശപ്പ് തോന്നുമ്പോൾ ഈ പറഞ്ഞ ഏതെങ്കിലും പഴങ്ങൾ കഴിക്കാം. കലോറി കുറഞ്ഞ പച്ചക്കറികൾ കൊണ്ടുള്ള സൂപ്പ് /സാലഡ് കഴിക്കാം. അധിക കലോറിയുടെ ആകുലത ഇല്ലാതെ വയർ നിറയും. പോഷകങ്ങളും ലഭിക്കും.
വിവരങ്ങൾക്കു കടപ്പാട്
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റ്
എസ് യു ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം