അധികം വൈകാതെ ഒരു കല്യാണപ്പെണ്ണാകാൻ തയാറെടുക്കുകയാണോ ? കൂടുതൽ അഴകോടെ, തിളങ്ങുന്ന ചർമത്തോടെ എല്ലാവരുടെയും മിഴി കവരാൻ കാത്തു കാത്തിരിക്കുകയാണോ?ഇതാ ഒരു സൂപ്പർ മാർഗം. ചർമത്തിനു പുറമെ പുരട്ടുന്ന ലേപനങ്ങളെക്കുറിച്ചല്ല, ഉള്ളിൽ നിന്ന് മനോഹാരിത പകരാനുള്ള ആരോഗ്യവഴിയെക്കുറിച്ചാണ് പറയുന്നത്. ഒരു സ്പെഷൽ ജ്യൂസ്. ചിലപ്പോൾ മുൻപേ കേട്ടിട്ടുണ്ടാകും. എ ബി സി ജ്യൂസ്.
ഇത്തിരി സ്‌റ്റൈലിഷായി പറഞ്ഞാൽ എ ബി സി ഡീറ്റോക്സ് ഡ്രിങ്ക്. ഇത് സൗന്ദര്യവർധനവിനു മാത്രമുള്ള ഒരു ഡ്രിങ്കാണെന്നു കരുതിയെങ്കിൽ തെറ്റി. ഏതു പ്രായക്കാർക്കും ഏതു രോഗാവസ്ഥകളിലുള്ളവർക്കും ധൈര്യമായി ദിവസേന കുടിക്കാവുന്ന ഒരു പാനീയമാണിത്. എന്തു കൊണ്ടാണ് എ ബ ി സി എന്നൊരു പേര് വന്നതെന്ന് ആലോചിക്കുകയാണോ? ആപ്പിളും ബീറ്റ് റൂട്ടും കാരറ്റും ചേരുന്നതു കൊണ്ടാണീ പേര്.
ഒരു ഗ്ലാസ് ജ്യൂസ് തയാറാക്കുന്നതിനു വേണ്ട ചേരുവകൾ അറിയാം
1. ആപ്പിൾ – ഒരാപ്പിളിന്റെ പകുതി
2. ബീറ്റ് റൂട്ട്– നാലിലൊരു കഷണം
3. കാരറ്റ് – ഒരു ചെറിയ കാരറ്റ്
4. ഇഞ്ചി– ചെറിയ കഷണം
5. നാരങ്ങ– പകുതി
തയാറാക്കേണ്ട വിധം
ചേരുവകൾ വെവ്വേറെ ചെറുതായി അരിഞ്ഞെടുത്ത് ഇഞ്ചിയും ചേർത്ത് അടിച്ചെടുക്കുന്നതാണു നല്ലത്. പിന്നീട് നാരങ്ങാനീര് ചേർത്ത് യോജിപ്പിക്കാം. ഇഞ്ചിയും നാരങ്ങാനീരും ചേർക്കുന്നതോടെ ഡ്രിങ്കിനു നല്ല രുചി കിട്ടും. കഴിയുന്നതും ഇത് അരിക്കാതെ കുടിക്കണം. പൊടിയായി അരിഞ്ഞിട്ട് മിക്സിയിൽ അടിച്ചെടുത്താൽ അരിക്കേണ്ട ആവശ്യം വരില്ല. കുറഞ്ഞ കാലറിയും കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സും ഉള്ള പഴവും പച്ചക്കറികളുമാണിവ. അതു കൊണ്ട് ധൈര്യമായി കുടിക്കാം.
മിഡ് മോണിങ് ഡ്രിങ്ക്
ഇത് ഒരു മിഡ് മോണിങ് ഡ്രിങ്ക് ആയി കുടിക്കുന്നതാണ് നല്ലത്. അതായത് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനിടയിലുള്ള ഇടവേളയിൽ കുടിക്കാം. ആന്റി ഒാക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, പെപ്‌റ്റിൻ ഇതു കൂടാതെ നാരുകളും ഇതിൽ ധാരാളമായടങ്ങിയിട്ടുണ്ട്.
കാരറ്റ് ബീറ്റാ കരോട്ടിനാൽ സമ്പന്നമാണ്. നമ്മുടെ ശരീരം വൈറ്റമിൻ എയാക്കി മാറ്റുന്ന സംയുക്തമാണിത്. നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് വൈറ്റമിൻ എ അത്യന്താപേക്ഷിതമാണല്ലോ. കാരറ്റിലെ കരോട്ടിനോയ്ഡുകൾ ആന്റി ഒാക്സിഡന്റുകൾ ആണ്. ഇവ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നതിനു സഹായിക്കും. മാത്രമല്ല ഏജിങ് എന്ന പ്രക്രിയുടെ അതായത് വാർധക്യത്തിലേയ്ക്കുള്ള യാത്രയുടെ വേഗത കുറയ്ക്കും.
ബീറ്റ്റൂട്ടിൽ എസൻഷ്യൽ ന്യൂട്രിയന്റുകൾ , നാരുകൾ, വൈറ്റമിൻ ബി9, വൈറ്റമിൻ സി, മാംഗനീസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ കാര്യത്തിൽ പ്രധാനമായി പറയേണ്ടത് പെക്റ്റിൻ നാരുകളെക്കുറിച്ചാണ്. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, കുടലിന്റെ ചലനങ്ങളെ ആയാസരഹിതമാക്കി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ചെറുനാരങ്ങയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇഞ്ചിയും സൂപ്പറാണ്. ഇതിന് സ്ട്രോങ് ആന്റി ഇൻഫ്ളമേറ്ററി , ആന്റി ഒാക്സിഡന്റ് ഗുണങ്ങളുണ്ട്. ചെറുനാരങ്ങ നമ്മുടെ പ്രതിരോധശക്തിയെ ഉഷാറാക്കി നില നിർത്തും.
ആന്റി ഒാക്സിഡന്റുകൾ സമൃദ്ധമായടങ്ങിയതിനാൽ ടോക്സിനുകളെ ശരീരത്തിൽ നിന്നു പുറന്തള്ളാൻ എ ബി സി ജ്യൂസ് സഹായിക്കും. കാൻസറിനെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കുന്നതിനും ഇതു മികച്ചതാണ്. ഇത് ഒരു റീജുവനേറ്റിങ് ഡ്രിങ്ക് ആണ്. പുതിയ ഉണർവും ഉൻമേഷവും ശരീരത്തിലേക്ക് പകരും.
ചർമഭംഗിയാണ് ഹൈലൈറ്റ്
ചർമത്തിനു തിളക്കവും ഭംഗിയും നൽകുമെന്നതാണ് എ ബി സി ജ്യൂസിന്റെ പ്രധാന ഹൈലൈറ്റ്. ചർമകാന്തിയും തിളക്കവും കൂടും. അതു കൊണ്ടു തന്നെ ചെറുപ്പക്കാരുടെ ഇഷ്ടം ഏറെ പിടിച്ചു പറ്റിയ ജ്യൂസാണിത്. വിവാഹത്തിന് ഒരു മാസം മുൻപേ ഇതു പതിവായി കുടിക്കുന്നതു നല്ലതാണെന്നു പറയാറുണ്ട്. ബീറ്റാ കരോട്ടിന്റെ സാന്നിധ്യമാണ് ചർമത്തിന്റെ അഴകു വർധിപ്പിക്കുന്നത്.
എ ബി സി ജ്യൂസിനോട് ഇപ്പോൾ ഒരിഷ്ടം തോന്നിയില്ലേ?
ഇനി തയാറാക്കി കുടിച്ചോളൂ....
വിവരങ്ങൾക്കു കടപ്പാട്
ഡോ. മുതാസ് ഖാലിദ് ഇസ്മയിൽ
കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്
റെയിൻ ബോ പോളി ക്ലിനിക്