Tuesday 21 July 2020 04:56 PM IST

രാവിലെ വന്ന് ഉച്ചയ്ക്ക് ആശുപത്രി വിടാം; ഹൃദയത്തിലെ തടസ്സം അറിയാനുള്ള ആൻജിയോഗ്രാം പരിശോധന ചെയ്യുന്നത് ഇങ്ങനെ...

Sruthy Sreekumar

Sub Editor, Manorama Arogyam

heart345

ഹൃദയത്തിന്റെ രക്തധമനികളിലെ തടസ്സങ്ങൾ ഉണ്ടോ എന്ന് അറിയുവാൻ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും ഫലപ്രദമായ രോഗനിർണയ ഉപാധിയാണ് കൊറോണറി ആൻജിയോഗ്രാം.. കൊറോണറി ആൻജിയോഗ്രാം െചയ്ത് ഹൃദയരക്തധമനികളായ കൊറോണറി ആർട്ടറിക്ക് കാര്യമായ തടസ്സങ്ങളുണ്ടോ, തടസ്സങ്ങളുണ്ടെങ്കിൽ അത് ഏതു രീതിയിലുള്ള തടസ്സങ്ങളാണ്, എത്ര ശതമാനം ഉള്ള തടസ്സമാണ്, ഹൃദയരക്തധമനികളുടെ ഏതു ഭാഗത്താണ് തടസ്സം, അതിനു ഏറ്റവും ഫലപ്രദമായ ചികിത്സ ഏതാണ്, മരുന്ന് മാത്രം മതിയോ, ആൻജിയോപ്ലാസ്റ്റി വേണമോ, ബൈപ്പാസ് ആണോ ഫലപ്രദം തുടങ്ങിയ ചികിത്സ സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുവാൻ ഏറ്റവും ആവശ്യമായ ഒരു രോഗനിർണ ഉപാധിയാണ് കൊറോണറി ആൻജിയോഗ്രാം.

മുൻപ് കൊറോണറി ആൻജിയോഗ്രാം െചയ്യുവാനായി ഒരു ദിവസം രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് െചയ്യും. രാത്രി അഡ്മിറ്റ് ചെയ്ത് ഏതാണ്ട് 8 മണിക്കൂർ ഫാസ്റ്റിങ്ങിനു ശേഷം രാവിലെയാണ് രോഗിയെ ആൻജിയോഗ്രാമിനു വിധേയനാക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ തുടയിലെ വലിയ രക്തക്കുഴലായ ഫെമറൽ ആർട്ടറിയിൽ കത്തീറ്റർ എന്ന ട്യൂബ് വച്ചിട്ട്, അതിലൂടെ നീളമുള്ള (ഏതാണ്ട് 100– 120 സെ.മീ) കൊറണറി കത്തീറ്റർ ഹൃദയത്തിന്റെ അയോർട്ട എന്ന വലിയ രക്തധമനിയിലൂെട തുടക്കഭാഗത്ത് ഹൃദയത്തിന്റെ ഇടതുവശത്തേക്കും വലതുവശത്തേക്കും പോകുന്ന കൊറോണറി ആർട്ടറികളുടെ തുടക്കഭാഗത്ത് ഈ കത്തീറ്റർ വച്ചിട്ട് ഡൈ രക്തധമനികളിലേക്ക് കുത്തിവയ്ക്കുന്നു.

ഈ ഡൈ രക്തയോട്ടത്തെ മാറ്റി, രക്തധമനികളെ നിറയ്ക്കുന്നു. തുടർന്ന് എക്സ്റേ ഉപകരണത്തിന്റെ സഹായത്തോടെ ഡോക്ടറുടെ മുന്നിൽ കാണുന്ന സ്ക്രീനിൽ രക്തധമനികളിൽ എവിടെയോക്കെ തടസ്സങ്ങളുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.

താരത്മ്യേന വളരെ ലളിതവും അപകടരഹിതവുമായ ഒരു പരിശോധനയാണ് കൊറോണറി ആൻജിയോഗ്രാം. ലോകത്തിലെ പ്രമുഖ ഹൃദ്രോഗചികിത്സകരുെട പുസ്തകങ്ങളിലെ കണക്ക് പ്രകാരം ആൻജിയോഗ്രാം െചയ്യുന്നതിലെ അപകടനിരക്ക് രണ്ട് ശതമാനമാണ്. കൊറോണ ആൻജിയോഗ്രാം കാരണം മരണം സംഭവിക്കാനുള്ള സാധ്യത 0.1 ശതമാനത്തിൽ താഴെയും. ഗുരുതരമായ പ്രത്യഘാതങ്ങളിൽ മരണം, കൊറോണറി ആൻജിയോഗ്രാം കാരണം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ, ഗുരുതരമായ രക്തസ്രാവം, രക്തക്കുഴലുകൾക്ക് തകരാർ, ഡൈ കാരണം ഉണ്ടാകുന്ന അലർജിക് റിയാക്ഷനും, വൃക്കയ്ക്കു വരുന്ന തകരാറുകളും എന്നിവ ഉൾപ്പെടും.

കാലിലെ രക്തക്കുഴലിൽ ആൻജിയോഗ്രാം െചയ്യുന്നത് രോഗിക്കു വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു. ഇപ്പോൾ കാലിലെ രക്തക്കുഴലിനു പകരം കയ്യിലെ റേഡിയൽ ആർട്ടറിയിലാണ് ആൻജിയോഗ്രാം െചയ്യുന്നത്. എന്നാൽ എല്ലാവർക്കും കയ്യിൽ ആൻജിയോഗ്രാം െചയ്യാൻ കഴിയണമെന്നില്ല.

ചിലരുടെ കയ്യിലെ രക്തക്കുഴൽ വളരെ ചെറുതായിരിക്കും. ചിലരുടെ രക്തക്കുഴലുകളിൽ വളവു കൂടുതലായതിനാൽ കത്തീറ്റർ കടന്നുപോകാൻ പ്രയാസമായിരിക്കും. രക്തക്കുഴലുകളുടെ ഘടനയിലെ വ്യത്യാസം കാരണം കത്തീറ്റർ ഹൃദയത്തിലേക്ക് എത്തിച്ചേരണമെന്നില്ല. ചിലരിൽ മുൻപ് െചയ്ത ബൈപ്പാസിനായി കയ്യിലെ രക്തക്കുഴൽ എത്തുമാറ്റിയിട്ടുണ്ടാകും. ഈ അവസ്ഥകളില്ലെല്ലാം കയ്യിലൂടെ ആൻജിയോഗ്രാം സാധ്യമാകണമെന്നില്ല. എന്നിരുന്നാലും ഇന്ന് കേരളത്തിൽ ഏതാണ്ട് 90 ശതമാനം ആൻജിയോഗ്രാമും കയ്യിലൂടെ തന്നെയാണ് െചയ്യുന്നത്. അതുകൊണ്ട് തന്നെ രാത്രി രോഗിയെ അഡ്മിറ്റ് െചയ്യുന്ന രീതി മാറ്റി രാവിലെ രോഗി വരുന്നു, ആൻജിയോഗ്രാം െചയ്യുന്നു, സങ്കീർണതകൾ ഒന്നുമില്ലെങ്കിൽ ഉച്ചയ്ക്കു തന്നെ രോഗി ആശുപത്രി വിടുന്നു.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എ. ജാബിർ, സീനിയർ കാർഡിയോളജിസ്റ്റ്, ലിസി ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips