Monday 16 November 2020 05:33 PM IST : By ഡോ. പി. എം. മധു

നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിക്കാം; തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം: കോവിഡിനെതിരെ പോരാടാൻ ആയുർവേദവഴികൾ

Untitlevdfd

ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ടുപോയ ഒരു പോരാളി. ശത്രുെെസന്യം ഇരച്ചെത്തുകയാണ്. മുന്നില്‍ രണ്ടു വഴികളേയുള്ളൂ. ഒന്ന് കീഴടങ്ങുക. രണ്ട് പിന്തിരിഞ്ഞ് ഒാടുക. രണ്ടും തോല്‍വിയുടേതാണ്. മൂന്നാമതൊരുവഴി കൂടിയുണ്ട്. ചെറുത്തുനില്‍ക്കുക. കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും അത്ര എളുപ്പമല്ല ഈ വഴി. സ്വന്തം കരുത്ത് മുഴുവൻ എടുത്ത് ആഞ്ഞടിച്ചു പോരാളി. അപ്പോഴാണ് തനിക്കത്രയും കരുത്തുണ്ടെന്ന് പോരാളി പോലും തിരിച്ചറിഞ്ഞത്. കൂടെയുണ്ടായിരുന്ന പോരാളികള്‍ക്കെല്ലാം അതു പ്രചോദനമേകി. എല്ലാവരും മെയ് വഴക്കം കൊണ്ട് ഉണര്‍ന്ന് അടരാടിയപ്പോള്‍ ശത്രുെെസന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിഞ്ഞോടി...

ഏതോ ചിത്രകഥാപുസ്തകത്തില്‍ വായിച്ചുമറന്ന രംഗങ്ങളാണ് ഒാര്‍മവന്നത്. ശരീരശേഷിയുടെ അപാരസാധ്യതകളെയാകെ മറന്ന് ആയുധങ്ങളില്‍ അമിതവിശ്വാസം വച്ചു പുലര്‍ത്തുന്ന തലമുറയ്ക്ക് ഒരു പാഠമാണ് ഈ പോരാളി. ആത്യന്തികമായി പോരാളിയുടെ കരുത്തിനാണ് പ്രാധാന്യം. അത് തിരിച്ചറിയുന്ന കാലമാണിത്.

എഴുതിവരുന്നത് പകര്‍ച്ചവ്യാധിയെക്കുറിച്ചുതന്നെയാണ്.

ശരീരബലം കുറഞ്ഞവരില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതും, അവരാണ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് എന്നും െെവകിയാണെങ്കിലും നാം തിരിച്ചറിഞ്ഞിരിക്കുന്നു. രോഗാണുക്കളുണ്ടാക്കുന്ന ശത്രുസേനയെ തുരത്തിയോടിക്കാന്‍ മികച്ച പല മരുന്നുകളും പരീക്ഷിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് പോരാളികളുടെ തനതായ കരുത്തു മാത്രമാണ്. അതുള്ളവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. നമുക്ക് കരുത്തുയര്‍ത്താനാവശ്യമായ അഭ്യാസങ്ങള്‍ പഠിച്ചെടുക്കാം.

ആഹാരത്തിലൂടെ കരുത്താര്‍ജിക്കാം

അമിതാഹാരം ആപത്താണ്. വിശപ്പിനെ ശരിയായ സൂചനയായി കാണുകയും വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുകയും വേണം. െെവകി ആഹാരം കഴിക്കുന്നതും നന്നല്ല.

2. മാംസാഹാരം കുറയ്ക്കുക. ജങ്ക് ഫൂഡ് പൂര്‍ണമായും ഒഴിവാക്കുക.

3. നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന ചമ്മന്തി നല്ലൊരു വിഭവം മാത്രമല്ല, മികച്ച ഒരു പ്രതിരോധ ഒൗഷധവും കൂടിയാണ്.

4. പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചെറുപയറിനു പ്രാധാന്യം കൊടുക്കുക. ഉഴുന്നിന്റെ ഉപയോഗം ആവുന്നത്ര കുറയ്ക്കുക.

5. പഴങ്ങളും പച്ചക്കറികളും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

6. എണ്ണയില്‍ തയാറാക്കുന്ന ലഘുഭക്ഷണങ്ങള്‍, അച്ചാറുകള്‍, െെതര്, ഇവ തീരെ വേണ്ട.

7. തണുത്ത ഭക്ഷണം ചൂടാക്കി ഉപയോഗിക്കരുത്.

8. ഭക്ഷണം കഴിഞ്ഞയുടന്‍ കുളിക്കരുത്. നന്നായി വിയര്‍ത്തിരിക്കുമ്പോഴും കുളി നല്ലതല്ല.

വ്യായാമത്തിലൂടെയും മാനസികോല്ലാസത്തിലൂടെയും കരുത്തരാകാം.

∙ ദിവസവും കൃത്യമായി വ്യായാമം ചെയ്യുക. ആരോഗ്യമുള്ള ഒരാളിന് ഈ ദിവസങ്ങളില്‍ രണ്ടു നേരവും വ്യായാമം ചെയ്യാം. മിതമായും ലളിതമായും വ്യായാമം ചെയ്തുകൊണ്ട് ആരംഭിക്കുക. യോഗാഭ്യാസങ്ങള്‍ ഈ സമയത്തു പരിശീലിക്കാവുന്ന നല്ല വ്യായാമങ്ങളാണ്. ശരീരത്തിനെന്നപോലെ മനസ്സിനും അതു ഗുണകരമാവും.

∙ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. തമാശകൾ പറയുകയും കേൾക്കുകയും ചെയ്യുക, പുസ്തകവായന, സംഗീതം, ചിത്രരചന. വീട്ടിലെ പച്ചക്കറികൃഷി, പൂന്തോട്ടം ഒരുക്കുക തുടങ്ങി മനസ്സിന്റെ ആരോഗ്യത്തിന് ഒരുപാടു നല്ലവഴികള്‍ തെരഞ്ഞെടുക്കാം. ഈ കാലവും പിന്നിടും. നല്ലൊരു ഭാവി ഉണ്ടാകും എന്നത് ഉറപ്പാണ്. പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുക. മറ്റുള്ളവരിലേക്കു പടര്‍ത്തുക.

∙ വ്യക്തിശുചിത്വത്തിനായി ദിവസം രണ്ടു നേരം കുളിക്കുക. പരിസര ശുചിത്വത്തിനു വേണ്ടി മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുക. ബ്രേക്ക് ദ് ചെയിന്‍ കാമ്പയിന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

പാനീയത്തിലൂടെ കരുത്തു നേടാം

∙ ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം പാടില്ല. പകരം തിളപ്പിച്ചാറിയ വെള്ളം തന്നെ ശീലിക്കുക. കുടിവെള്ളം ചില ചെറുവിദ്യകളിലൂടെ മികച്ച ഒൗഷധമാക്കി മാറ്റാം. ചെറിയ അളവില്‍ ചുക്ക്, തുളസിയില, മുത്തങ്ങ, മല്ലി, പനിക്കൂര്‍ക്കയില, അയമോദകം, മഞ്ഞള്‍ എന്നിവ ലഭ്യത അനുസരിച്ച് ചേര്‍ത്തു തിളപ്പിച്ചുണ്ടാക്കുന്ന ചുക്കുവെള്ളം മികച്ച ഒരു പ്രതിരോധ ഒൗഷധമാണ്. സാധ്യമെങ്കില്‍ ഒരു നേരത്തെ ആഹാരം ദ്രവരൂപത്തിലുള്ള കഞ്ഞി തന്നെയാകട്ടെ.

അരി വേവിക്കുന്ന സമയത്തു രണ്ടു നുള്ള് ചുക്കുപൊടി കൂടി ചേര്‍ത്താല്‍ ദഹനം ഉറപ്പ്. ∙ നേര്‍പ്പിച്ച മോര്, ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത സംഭാരം, നന്നാറി സര്‍ബത്ത് എന്നിവ ശീലിക്കാം. ഒാര്‍ക്കുക ഇവയിൽ െഎസ് വേണ്ട. കോള പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. ചായയും കാപ്പിയും കൂടുതല്‍ അപകടകരമാണ്.

ഉറങ്ങിയും കരുത്തരാകാം

∙ നല്ല ആരോഗ്യത്തിന് നിശ്ചിത നേരം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പകല്‍ ഉറക്കം ആപത്ത്. രാത്രി നേരത്തെ ഉറങ്ങുക. എസി ഉപയോഗം കുറയ്ക്കുക. വായുസഞ്ചാരമുള്ള മുറികള്‍ ഉറക്കത്തിനും വിശ്രമത്തിനും തിരഞ്ഞെടുക്കുക.

പ്രതിരോധമുയര്‍ത്താന്‍ പ്രത്യേക ഒൗഷധങ്ങള്‍

∙ നെല്ലിക്ക, മഞ്ഞള്‍, അമുക്കുരം, തുളസി, ചുക്ക് എന്നീ ഒൗഷധങ്ങള്‍ക്ക് രോഗപ്രതിരോധശേഷി ബലവത്തായി നിര്‍ത്താന്‍ സാധിക്കും.

∙ ച്യവനപ്രാശം, ബ്രാഹ്മരസായനം, ഇന്തുകാന്തം കഷായം, അഗസ്ത്യരസായനം, കൂശ്മാണ്ടലേഹ്യം തുടങ്ങിയ ആയുര്‍വേദ ഒൗഷധങ്ങളും ഇക്കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.

∙ അശ്വഗന്ധചൂര്‍ണം പാലിന്‍ വെള്ളത്തില്‍ കലക്കി കുടിക്കാം. നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിക്കാം. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

അൽപമൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി, അടുക്കും ചിട്ടയുമുള്ള ഒരു ജീവിതശൈലിയും ആഹാരശൈലിയും സ്വന്തമാക്കാം. പ്രതിരോധശക്തിയിലേക്കുള്ള നല്ല തുടക്കം തന്നെയാണത്. അങ്ങനെ കോവിഡിന്റെ മുൻപിൽ നമുക്കും പോരാളികളാകാം.

ഡോ. പി. എം. മധു

അസി. പ്രഫസർ

രോഗനിദാന വിഭാഗം

ഗവ. ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ

Tags:
  • Manorama Arogyam
  • Health Tips