Tuesday 25 February 2020 12:09 PM IST : By സ്വന്തം ലേഖകൻ

സ്ട്രോക്കിൽ പാതി തളർന്ന ശരീരം, ആയുർവേദ ചികിത്സ ഫലപ്രദമോ?; ഡോക്ടറുടെ മറുപടി

stroke

ആയുർവേദ ചികിത്സയും ജീവിതശൈലീ പരിഹാരങ്ങളും സംബന്ധിച്ച നിർദേശങ്ങൾ

Q എന്റെ അമ്മയ്ക്ക് 65 വയസ്സുണ്ട്. ഒരു വർഷം മുൻപ് സ്ട്രോക്ക് വന്നു. ചികിത്സ ലഭിച്ചതിനാൽ ശരീരം പൂർണമായി തളർന്നില്ല. ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്. ആയുർവേദത്തിൽ ചികിത്സ ചെയ്യണമെന്നാഗ്രഹമുണ്ട്. ചികിത്സ ഫലപ്രദമാണോ?

നിഷ, കട്ടപ്പന

A തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ രക്തക്കുഴലിനുണ്ടാകുന്ന തടസ്സത്തിന്റെ ഫലമായി ആ ഭാഗത്തെ പ്രവർത്തനം നിലച്ചുപോകുന്നതുമൂലമോ, തലച്ചോറിലെ രക്തധമനി പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു നിമിത്തമോ ആണ് സ്ട്രോക്ക് ബാധിക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ചു ഈ രോഗസാധ്യതയും കൂടുതലാണ്– പ്രത്യേകിച്ചു രക്തസമ്മർദാധിക്യം ഉള്ളവരിൽ. ഭൂരിപക്ഷം ഇസ്‌കീമിക് സ്ട്രോക്കുകളും 60 വയസ്സിനു ശേഷമാണ് ഉണ്ടായിക്കാണുന്നത്. പാരമ്പര്യത്തിനും നിർണായക പങ്കുണ്ടെന്നു പറയുന്നു.

രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ധമനീപ്രതിചയം (അതിറോസ്ക്ലീറോസിസ്) ചെറുപ്രായത്തിൽ തന്നെ തുടങ്ങാമെന്നതിനാൽ, അതു പ്രതിരോധിക്കുവാനായി, ചെറുപ്പം മുതൽ ആരോഗ്യകരമായ ആഹാരക്രമം, ചിട്ടയായ വ്യായാമം, ജീവിത െെശലി ക്രമപ്പെടുത്തൽ ഇവ ആവശ്യമാണ്. സ്ട്രോക്ക് രോഗികളെ ചികിത്സിക്കുമ്പോൾ, അവരുടെ കുട്ടികളുടെയും രക്തസമ്മർദം, രക്തത്തിലെ കൊളസ്ട്രോൾ, പഞ്ചസാര എന്നിവ

പരിശോധിച്ച് ആവശ്യമായ മുൻകരുതലുകളെടുക്കാനും ശരീരഭാരം ക്രമത്തിലാണെന്നുറപ്പുവരുത്താനും ശ്രദ്ധിക്കണം. 40 വയസ്സ് കഴിഞ്ഞവർ വ്യായാമം, ഭക്ഷണക്രമം, കായികാധ്വാനം എന്നിവയിൽ പ്രത്യേകം ശ്രദ്ധിച്ച് മദ്യപാനവും പുകവലിയും പൂർണമായും ഉപേക്ഷിക്കണം. ഒരിക്കൽ രോഗം ബാധിച്ചാൽ ചികിത്സ, പരിചരണം, രോഗിയുടെ ശരീരത്തിന്റെ പ്രതിരോധശേഷി എന്നിവയെ ആശ്രയിച്ചിരിക്കും പൂർണവിമുക്തി. സ്ട്രോക്ക് പോലുള്ള വാതവ്യാധികളെ ആയുർവേദം ‘മഹാരോഗ’ങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. െെവദ്യനിർദേശപ്രകാരം ഉള്ള ചികിത്സാക്രമം, അതീവശ്രദ്ധയോടെയുള്ള പരിചരണം, വ്യായാമം എന്നിവയിലൂടെ വലിയ ബുദ്ധിമുട്ടില്ലാതെ െെദനംദിനകാര്യങ്ങൾ നടത്താം.

പക്ഷാഘാതചികിത്സയിൽ രക്തസമ്മർദാധിക്യം പരിഹരിക്കുന്നതിനു ഷട്ധരണം പോലുള്ള മരുന്നുകൾക്ക് പ്രത്യേക കഴിവുണ്ട്. ശരീരത്തിനുണ്ടാകുന്ന ചേഷ്ടാവൈകല്യങ്ങൾക്ക് ആവർത്തിച്ചു ചെയ്യപ്പെടുന്ന സ്നേഹസ്വേദങ്ങൾ പരിഹാരമാകും. വാതത്തിന്റെ ആസ്ഥാനമായ പക്വാശയത്തിൽ ചെയ്യുന്ന സ്നേഹവസ്തി, കഷായ വസ്തി എന്നിവയും പ്രധാനചികിത്സയാണ്. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോവസ്തി എന്നിവയുടെ വിദഗ്ധനിർദേശത്തിലുള്ള പ്രയോഗവും നല്ല ഫലം നൽകുന്നു. ഒരേ രീതിയിൽ കിടക്കുന്നതു മൂലം ഉണ്ടാകാവുന്ന വ്രണങ്ങൾ തടയാനായി ഇടയ്ക്കിടെ രോഗിയെ തിരിച്ചും മറിച്ചും കിടത്തണം. സഹചരാദി കഷായം, മഹാരാസ്നാദി കഷായം, യോഗരാജഗുൽഗുലു ഗുളിക, സഹചരാദി, കൊട്ടം ചുക്കാദി കുഴമ്പുകൾ, മഹാനാരായണ തൈലം ഇവയുടെ യുക്തി പൂർവമായ ഉപയോഗവും ഫലപ്രദമാണ്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ.കെ.മുരളീധരൻ പിള്ള

തൃശൂർ വൈദ്യരത്നം ആയുർവേദ കോളജ്

മുൻ പ്രിൻസിപ്പലും പ്രമുഖ ചികിത്‌സകനും.

വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷന്റെ മുൻ

മെഡിക്കൽ ഡയറക്ടർ, drkmpillai@yahoo.co.in

Tags:
  • Health Tips