അഴക് കൂട്ടാൻ ഡയറ്റ്
സൗന്ദര്യവർധകങ്ങൾ ചർമത്തിന് ഒരു പകിട്ടു നൽകുമെന്നതു സത്യം തന്നെയാണ്. പക്ഷേ അത് ഒരു പുറം മോടി മാത്രമാണ്. എന്നാൽ ആരോഗ്യകരവും പോഷകസമ്പന്നവുമായ ആഹാര ശൈലിയാണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സൗന്ദര്യം ഒരു പ്രകാശ കിരണം പോലെ ഉള്ളിൽ നിന്ന് പുറത്തേക്ക് പ്രസരിക്കും. തിളങ്ങുന്ന മുടി, മൃദുലചർമം, അഴകുള്ള കണ്ണുകൾ, മിനുസമുള്ള നഖങ്ങൾ , മനം മയക്കുന്ന ചിരി ... അവയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ട, ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. രൂപസൗകുമാര്യത്തിനു പിന്നിൽ ഡയറ്റിന് ഒരു പ്രധാന റോളുണ്ട്.
Make Hair More Beautiful
സൗന്ദര്യമെന്നാൽ മുടി ഇല്ലാതെ എങ്ങനെ പൂർണമാകാനാണ്?നമ്മുടെ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാകണമെങ്കിൽ പോഷകപ്രദമായ സമീകൃതാഹാരം കഴിക്കണം. കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് മുടി നിർമിതമായിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രോട്ടീൻ ആണ് കരുത്തുറ്റ മുടിക്ക് ആവശ്യം. ഇത് മുടിയുടെ പൊട്ടലും കനം കുറയലുമൊക്കെ പരിഹരിക്കും. ഇരുമ്പും മുടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. അത് മുടിയുടെ ഫോളിക്കിളിലേക്ക് രക്തപ്രവാഹം കൂട്ടി പോഷകങ്ങളെത്തിക്കും. മുടിയുടെ തിളക്കത്തിന് ധാതുക്കളും ആവശ്യമാണ്. വൈറ്റമിൻ സി, വൈറ്റമിൻ എ, ബി ഇവയാണ് കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത്. മുട്ട, കരൾ, ചിക്കൻ, മൽസ്യം, മാങ്ങ, ഇരുണ്ട പച്ച നിറമുള്ള ഇലക്കറികൾ, നട്സ്, ആപ്രിക്കോട്ട് ഇവ നല്ലതാണ്.
സിങ്ക് താരൻ അകറ്റും. ഒപ്പം തലയോടിലെ വരൾച്ചയും കുറയ്ക്കും. ഷെൽ ഫിഷ് , മത്തങ്ങ, സീഡ്സ്, നട്സ്, എണ്ണ, ചാള, അയല എന്നിവയിൽ നിന്നെല്ലാം സിങ്ക് നമുക്കു ലഭിക്കും. ആൽഫാൽഫ എന്നൊരു സീഡ് ഉണ്ട്. ഇത് മുളപ്പിച്ചു കഴിക്കുന്നതു മുടിക്കു നല്ലതാണ്. പാലക് ഉൾപ്പെടെയുള്ള ചീര, മല്ലിയില ഇതെല്ലാം മുടിക്കു പ്രയോജനപ്രദമാണ്.
For Glowing Skin
ചർമം ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? ധാരാളം ശുദ്ധജലം കുടിക്കുന്നതു തന്നെയാണ് ചർമം നല്ലതാകാനുള്ള എളുപ്പവഴി. വെള്ളം കുടിക്കുമ്പോൾ ടോക്സിനുകളൊക്കെ ചർമത്തിൽ നിന്നു ഫ്ളഷ് ഔട്ട് ആയി പോകുന്നു. സ്കിൻ ഹൈഡ്രേറ്റ് ചെയ്യുകയാണ് വെള്ളം കുടിക്കലിലൂടെ. ഒപ്പം ചർമം മൃദുവാകുകയും ചെയ്യുന്നു. കൺഫെക്‌ഷനറീസ്, ചോക്ക് ലെറ്റുകൾ, കേക്കുകൾ ഉൾപ്പെടെയുള്ള പ്രോസസ്ഡ് ഫൂഡ് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ചർമഭംഗി വർധിപ്പിക്കുന്നതിനുള്ള മറ്റൊരു വഴി. റിഫൈൻഡ് ഫൂഡ്സ്, സോഫ്‌റ്റ് ഡ്രിങ്കുകൾ, ജങ്ക് ഫൂഡ്സ് ഇവയും ഒഴിവാക്കണം. വൈറ്റമിൻ എയും സിയുമാണ് സാധാരണ ചർമസൗന്ദര്യത്തിന് ആവശ്യമായത്.
പ്രിം റോസ് ഒായിൽ എന്നൊരു സപ്ലിമെന്റ് ഉണ്ട്. ഇത് എണ്ണയായും ഗുളികരൂപത്തിലും ലഭ്യമാണ്. ഇത് ഹെൽതി സ്കിന്നിനു നല്ലതാണ്. കാരറ്റ്, മാങ്ങ, മത്തങ്ങ, യോഗർട്ട് , പച്ചിലക്കറികൾ ഇതെല്ലാം കഴിക്കുന്നത് ചർമത്തിന്റെ മനോഹാരിത വർധിപ്പിക്കും. വൈറ്റമിൻ ഇയും ചർമത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. ബ്യൂട്ടി വൈറ്റമിനായ ഇ വീറ്റ് ജേം, മുട്ട, സീഡ്സ് ഇവയിലെല്ലാം ഉണ്ട്. ചർമത്തിലെ കുരുക്കളകറ്റാനും ഇത് സഹായിക്കുന്നു.
Food for Sparkling Eyes
കണ്ണുകൾ ആത്മാവിലേക്കുള്ള ജാലകങ്ങളാണെന്നു പറയാറുണ്ട്. കണ്ണുകളുടെ ഭംഗിയും ഏറെ പ്രധാനമാണ്. വൈറ്റമിൻ എയും സിയുംഇയും സെലിനിയവും സിങ്കുമെല്ലാം കണ്ണിന് ആരോഗ്യം പകരുന്നവയാണ്. മൽസ്യം, കാരറ്റ്, പപ്പായ , യോഗർട്ട്, മുട്ട, ഇരുണ്ട നിറമുള്ള പച്ചിലക്കറികൾ, ഒാറഞ്ച് ഇതെല്ലാം ധൈര്യമായി കഴിച്ചോളൂ.കണ്ണിനു ഭംഗിയും തിളക്കവും വർധിക്കും.
Be confident with Healthy and cute Nails
അൽപം അരുണാഭമായ, നിറംമാറ്റമില്ലാത്ത, മിനുസമുള്ള നഖങ്ങൾ. അവ സ്വന്തമാക്കണമെങ്കിൽ ആഹാരത്തിൽ നന്നായി ശ്രദ്ധിക്കണം. നഖങ്ങൾ മൃദുലവും ആരോഗ്യമുള്ളതുമാകാൻ കെരാറ്റിൻ വേണം. ഇതിന് പ്രോട്ടീൻ ആണ് ആവശ്യം. എല്ലാ എസൻഷ്യൽ അമിനോ ആസിഡും അടങ്ങിയ പ്രോട്ടീൻ നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇരുമ്പും ആവശ്യമാണ്. ഇരുണ്ട നിറമുള്ള പച്ചിലക്കറികളും കോഴിയിറച്ചിയും മൽസ്യവും കഴിക്കുന്നതു നല്ലതാണ്. വൈറ്റമിൻ സിയും സിങ്കും നഖങ്ങൾക്കു നല്ലതാണ്. കാൽസ്യത്തിനും നിർണായകമായ റോളുണ്ട്. ഒലീവും ഒായിലും നല്ലതാണ്. സാലഡിലൊക്കെ അൽപം ഒലീവ് ഒായിൽ ചേർത്തു കഴിക്കുമ്പോൾ ഒാർമിച്ചോളൂ അത് നഖങ്ങൾക്കു കാന്തി പകരുക തന്നെ ചെയ്യും.
Keep Your Smile Bright
പുഞ്ചിരി നന്നാകണമെങ്കിൽ പല്ലുകൾ ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാകണം. ചോക്ക് ലേറ്റും സോഫ്റ്റ് ഡ്രിങ്കുകളും പോലെ പഞ്ചസാരയും ആസിഡും കലർന്ന ഭക്ഷണം പല്ലിന്റെ ഭംഗിയും ആരോഗ്യവും നശിപ്പിക്കും. നല്ല പല്ലിന് കാൽസ്യവും ഫോസ്ഫറസും വൈറ്റമിൻ ഡിയും വേണം. പാലും യോഗർട്ടും ചീസും ഉൾപ്പെടുന്ന പാലുൽപ്പന്നങ്ങൾ കഴിക്കാം.
റാഗിയും നല്ലതാണ്. ഇനി വായിൽ നല്ല ഫ്രഷായ ഗന്ധം നിറയുന്നതിന് ഒരു പൊടിക്കൈ പറയാം. അത് ഏലയ്ക്ക ചവയ്ക്കുക എന്നതാണ്.ഈ പറഞ്ഞതു കൂടാതെ വിശ്രമവും മനസ്സിന്റെ സമാധാനവും കൂടി സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമാണ്. സ്ട്രെസ്സൊക്കെ മാറ്റി വച്ച് ഹാപ്പിയായിരുന്നാൽ തന്നെ സൗന്ദര്യം കൂടും. സമീകൃതാഹാരത്തിനൊപ്പം എട്ടു മണിക്കൂർ തുടരെ ഉറങ്ങുന്നതിനും ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്;
ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ
കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്,
കൊച്ചി