Monday 18 January 2021 03:49 PM IST

രോഗം ഏതുമാകട്ടെ, ഇനി മുതൽ ബ്ലഡ് ഷുഗറും പരിശോധിക്കണം: അഞ്ചാമത്തെ ‘വൈറ്റൽ സൈൻ’ ആക്കണമെന്ന് നിർദ്ദേശം

Santhosh Sisupal

Senior Sub Editor

blood-check

ശരീരതാപനില , രക്തസമ്മർദ്ദം , പൾസ് റേറ്റ് , ശ്വാസഗതി എന്നീ നാല് സുപ്രധാന സൂചകങ്ങൾ (വൈറ്റൽ സൈൻ) ആണ് രോഗിയിൽ ഡോകടറും നഴ്സുമാരും ആദ്യം ഉറപ്പു വരുത്തുന്നത്. ആരോഗ്യ രംഗത്തെ വിവിധ അന്തർദേശീയ വിദഗ്ധ സമിതികൾ കഴിഞ്ഞ നൂറിലേറെ വർഷങ്ങളായി നിർദേശിച്ചു വന്നിരുന്നത് ഈ നാലു കാര്യങ്ങൾ രോഗിയിൽ ഉറപ്പു വരുത്തണമെന്നായിരുന്നു. എന്നാൽ ഇവയ്ക്കു പുറമേ  രക്തത്തിലെ പഞ്ചസാര കൂടി, വൈറ്റൽ സൈനുകളിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സ്ഥാപിക്കുന്ന വിദഗ്ധ പഠന നിർദേശം ആരോഗ്യരംഗത്തെ വിദഗ്ധർ സ്വീകരിക്കുകയാണ്. ‘‘ഡയബറ്റിസ്&മെറ്റബോളിക് സിൻഡ്രോം: ക്ലിനിക്കൽ റിസർച്ച്&റിവ്യൂസ്’’  ജേണലിലൂടെയാണ് അന്തർദേശീയ വിദഗ്ധർ ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്.

രണ്ടു പതിറ്റാണ്ടുകാലത്തെ ഒട്ടെറെ ഗവേഷണ ഫലങ്ങൾ അപഗ്രഥനങ്ങളുടെയും കോവിഡ്–19 ചികിത്സാ വേളയിലെ കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. സാധാരണ ഗതിയിൽ പ്രമേഹമുള്ളപ്പോൾ മാത്രമാണ് രോഗികളിൽ ബ്ലഡ് ഷുഗർ പരിശോധന നിരന്തരം നടത്താറുള്ളത്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം പ്രമേഹമില്ലാത്തവർ , പ്രമേഹ പ്രാരംഭാവസ്ഥയിലുള്ളവർ, ഏതു രോഗത്തിനായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാലും അഞ്ചാമത്തെ വൈറ്റൽ സൈൻ ആയി ബ്ലഡ് ഷുഗർ പരിശോധിക്കണമെന്നതാണ് പുതിയ നിർദ്ദേശം . പ്രമേഹമില്ലാത്തവരിൽ പോലും, പഞ്ചസാരയിലെ നേരിയ വ്യതിയാനങ്ങൾ രോഗം തീവ്രമാകുന്നതിനും ആശുപത്രി വാസത്തിന്റെ ദൈർഘ്യം കൂട്ടുന്നതിനും കാരണമാകാം. രക്തത്തിലെ പഞ്ചസാര അനുവദനീയമായ അളവിനേക്കാൾ കൂടുന്നതും കുറയുന്നതും രോഗ തീവ്രത കൂട്ടുമെന്നാണ് കണ്ടെത്തലെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ.ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

ആഗോള പ്രശസ്തരായ പ്രമേഹ ചികിത്സാ ഗവേഷകർ പ്രഫസർ ഡോ.അനൂപ് മിശ്ര ( ഡൽഹി), ഡോ.ലെസക്ക് സുപിണിയക്ക് (പ്രസിഡന്റ്, പോളണ്ട് ഡയബറ്റിസ് അസോസിയേഷൻ)  , അക്തർ ഹുസൈൻ ( ഇന്റ്‍നാഷനൽ ‍ഡയബറ്രിസ,് ഫെഡറേഷൻ നിയുക്ത പ്രസിഡന്റ്),  ഇറ്റാമർ റാസ് (ഇസ്രേൽ നാഷനൽ കൗൺസിൽ ഓഫ് ഡയബറ്റിസ് മേധാവി), ബൻഷി സാബു (പ്രസിഡന്റ്– Rssdi ), ഡോ.എസ് ആർ അരവിന്ദ് ( സയബറ്റിസ് ഇന്ത്യ, പ്രസിഡന്റ് ) എന്നിവരാണ് പഠനം നടത്തിയത്. നിരവധി രോഗങ്ങൾക്കായി ചികിത്സ തേടേണ്ടി വരുന്ന രോഗികൾക്ക് രോഗ തീവ്രത കുറയ്ക്കുന്നതിനും , ചികിത്സാ ചെലവ് കുറക്കുന്നതിനും ബ്ലഡ് ഗ്ലൂക്കോസ് അഞ്ചാമത്തെ വൈറ്റൽ സെൻ എന്ന പുതിയ നിർദ്ദേശം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.