Friday 21 August 2020 10:32 AM IST

കണ്ണട വച്ച് കോവിഡിനെ പ്രതിരോധിക്കാനാകുമോ? യാഥാർഥ്യം അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

goggles456

നാൾക്കുനാൾ കോവിഡ് കേസുകൾ കൂടിവരികയാണ്. കോവിഡിനെ ഭയന്ന് അടച്ചുപൂട്ടി ഇരിക്കൽ പ്രായോഗികം അല്ലാത്തതിനാൽ പുറത്തിറങ്ങുമ്പോൾ കഴിയുന്നത്ര സുരക്ഷാമുൻകരുതലുകൾ എടുക്കാനാണ് ആളുകളുടെ ശ്രമം. ഈ സാഹചര്യത്തിലാണ് കോവിഡ് വ്യാപനത്തെ തടയാൻ മാസ്ക് കൂടാതെ കണ്ണുകൾ കൂടി മറയ്ക്കുന്നത് നന്നായിരിക്കുമെന്ന് ചില വിദഗ്ധ അഭിപ്രായങ്ങൾ വന്നത്. എന്നാൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പോലെ ഉന്നത സമിതികൾ കണ്ണുകൾ മറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തു പറയുന്നില്ല.

‘‘ നമ്മുടെ കണ്ണിൽ മ്യൂക്കസ് ആവരണം ഉണ്ട്. അതുവഴി കൊറോണ വൈറസ് പകരാം. ’’ കൊച്ചി ടോണീസ് ഐ ഹോസ്പിറ്റൽ ചെയർമാനും നേത്രചികിത്സാരംഗത്ത് വളരെയേറെ വർഷങ്ങളുടെ പരിചയമുള്ള ഡോ. ടോണി ഫെർണാണ്ടസ് പറയുന്നു. ‘‘കോവിഡ് 19 ബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ സ്രവകണങ്ങൾ കണ്ണുകളിലേക്ക് തെറിക്കാനും അങ്ങനെ രോഗബാധിതരാകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് മാസ്ക് ധരിക്കുന്നതോടൊപ്പം ഒരു കണ്ണട ഉപയോഗിച്ച് കണ്ണുകൾ മറയ്ക്കുന്നതാകും കൂടുതൽ സുരക്ഷിതം. കാഴ്ചപ്രശ്നങ്ങൾക്ക് കണ്ണട ധരിക്കുന്നവർക്ക് അതു മതിയാകും. അല്ലാത്തവർക്കു പ്ലെയിൻ ഗ്ലാസ്സ് ധരിക്കാവുന്നതാണ്. എങ്ങനെ ആയാലും കണ്ണുകൾ മൂടി സൂക്ഷിക്കുക എന്നതിനാണ് പ്രയോരിറ്റി. ’’ ഡോക്ടർ പറയുന്നു.

‘‘കണ്ണുകളിലൂടെ കോവിഡ് വ്യാപനം നടക്കുന്നതു സംബന്ധിച്ച് കേരളത്തിൽ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല, പ്രത്യേകിച്ച് മാർഗനിർദേശങ്ങളുമില്ല.’’ കോലഞ്ചേരി എംഒഎസ്‌സി മെഡി. കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി.എസ് ഫ്രാൻസിസ് പറയുന്നു. ‘‘എന്നാൽ, വിദേശരാജ്യങ്ങളിൽ നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് കണ്ണുകൾ വഴിയും കോവിഡ് പകരാമെന്നു തന്നെയാണ്. കണ്ണിലെ നേത്രപടലം (കൺജങ്റ്റിവ) വഴിയാണ് വൈറസ് ശരീരത്തിലെത്തുക. അതിനു രോഗബാധിതനായ ആൾ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യണമെന്നില്ല. രോഗബാധിതനു ചുറ്റുമഉള്ള വായുവിൽ വൈറസിന്റെ അതിസൂക്‌ഷ്മ കണങ്ങൾ (micro droplets) തങ്ങിനിൽക്കുന്ന അവസ്ഥയിൽ അത് കണ്ണിലേക്കും എത്തിക്കൂടെന്നില്ല. കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ പേഴ്സണൽ പ്രൊട്ടക്‌‌ടീവ് എക്വിപ്മെന്റിന്റെ ഭാഗമായി ഗോഗിൾസ് (കാഴ്ച മറയ്ക്കാത്ത പ്രത്യേകതരം കണ്ണട) കൂടി ധരിക്കുന്നത് ഇത്തരം അപകടം ഒഴിവാക്കാനാണ്.’’ഡോക്ടർ പറയുന്നു.

അതുകൊണ്ട് മാസ്ക് ഉപയോഗിച്ച് മൂക്കും വായും മൂടുന്നതുപോലെ ഗോഗിൾസോ ഫേസ് ഷീൽഡോ കൊണ്ട് കണ്ണുകളും കൂടി മറയ്ക്കുന്നതാകും ഉചിതം.

അടുത്തിടെ കാനഡയിലെയും ലെബനോനിലെയും ശാസ്ത്രഗവേഷകർ ശാരീരിക അകലം, കണ്ണിന്റെ സംരക്ഷണം, മാസ്കുകൾ എന്നിവയ്ക്ക് വൈറസ് വ്യാപനം തടയുന്നതിലുള്ള പങ്കിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. ലാൻസെറ്റ് ജേണലിൽ വന്ന പഠനഫലം പറയുന്നത് ഗോഗിൾസോ ഫേസ് ഷീൽഡോ ഉപയോഗിക്കാത്തവരിൽ കോവി‍ഡിനുള്ള സാധ്യത, അത് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് മൂന്നുമടങ്ങ് കൂടുതലാണെന്നാണ്.

ശ്വാസത്തിലൂടെയാണ് കോവിഡ് പ്രധാനമായും പകരുന്നതെങ്കിലും കണ്ണിനെ കൂടി കരുതേണ്ടതുണ്ടെന്നു തീർച്ച...

Tags:
  • Manorama Arogyam
  • Health Tips