Thursday 24 October 2019 09:45 AM IST : By സ്വന്തം ലേഖകൻ

‘റേഡിയേഷൻ എടുക്കുന്ന പുരുഷന്മാർ ആ കാലയളവിൽ പങ്കാളി ഗർഭിണി ആകാതെ ശ്രദ്ധിക്കണം’; കാരണമിതാണ്

cancer

അർബുദം ബാധിച്ച കോശങ്ങളെ നീക്കംചെയ്യാതെ അവ സ്ഥിതിചെയ്യുന്നിടത്തു വച്ചു തന്നെ എക്സ്–റേയ്സ് അല്ലെങ്കിൽ ഗാമാ റേയ്സ് ഏൽപിച്ച് നശിപ്പിക്കുകയാണ് റേഡിയേഷൻ തെറപ്പിയിൽ ചെയ്യുന്നത്. ഇതോടെ അർബുദകോശങ്ങൾ പെരുകുന്നതു നിലയ്ക്കും. അർബുദത്തിന്റെ ഏതു ഘട്ടത്തിലും റേഡിയേഷൻ തെറപ്പി നൽകാറുണ്ട്. ചില അർബുദങ്ങൾ പ്രാഥമികഘട്ടത്തിലെങ്കിൽ റേഡിയേഷൻ മാത്രം കൊണ്ട് ഭേദമാക്കാം. ഇതിനെ ക്യൂറേറ്റീവ് റേഡിയേഷൻ ചികിത്സ എന്നു പറയും. എന്നാൽ രോഗം വർധിച്ചതോ കൂടുതൽ പടർന്നതോ ആയ അവസ്ഥയിലാണെങ്കിൽ വേദന, രക്തംപോക്ക്, വ്രണം, ശ്വാസംമുട്ട് മുതലായ രോഗലക്ഷണങ്ങളുടെ ശമനത്തിനായി റേഡിയേഷൻ ചികിത്സ നൽകാറുണ്ട്. ഇതിനെ പാലിയേറ്റീവ് റേഡിയോ തെറപ്പി എന്നു പറയും.

ചില കാൻസറുകളിൽ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി എന്നീ ചികിത്സാരീതികൾ എല്ലാം സംയോജിപ്പിച്ച് നടത്തേണ്ടതായി വരാം. രോഗത്തിന്റെ സ്വഭാവവും അവസ്ഥയുമനുസരിച്ചാണ് ഏതാദ്യം എന്നു തീരുമാനിക്കുന്നത്. ചിലപ്പോൾ ശസ്ത്രക്രിയ എളുപ്പമാക്കാനായി രോഗം ചുരുങ്ങാനായി റേഡിയേഷൻ ഉപയോഗിക്കാറുണ്ട്. അതിനെ പ്രീ ഒാപ്പറേറ്റീവ് റേഡിയേഷൻ എന്നു പറയും. ഒാപ്പറേഷനുശേഷം ബാക്കിവരുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കുവാനും റേഡിയേഷൻ നൽകാറുണ്ട്.

അർബുദമുണ്ടാക്കുമോ?

റേഡിയേഷൻ കൊണ്ട് കാൻസർ ഉണ്ടാകുമോ എന്നു പലരും സംശയിക്കാറുണ്ട്. റേഡിയേഷൻ ചികിത്സ ലഭിച്ച ഭാഗത്ത് വിദൂരഭാവിയിൽ കാൻസർ വരുവാനുള്ള സാധ്യത തള്ളിക്കളയുവാൻ പറ്റില്ല. എന്നാൽ ഇപ്പോഴത്തെ റേഡിയേഷൻ ചികിത്സ കൊണ്ട് ഉണ്ടാകുന്ന പ്രയോജനം ഭാവിയിൽ ഒരുപക്ഷേ ഉണ്ടായേക്കാവുന്ന ദൂഷ്യഫലത്തേക്കാൾ വലുതാണ് എന്നത് റേഡിയേഷൻ ചികിത്സയെ ന്യായീകരിക്കുന്നു.

പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയമാണ് മറ്റൊന്ന്. ഏതു ഭാഗത്താണ് റേഡിയേഷൻ നൽകുന്നത്, എത്ര മാത്രം സ്ഥലത്ത് നൽകുന്നു എന്നതൊക്കെ അനുസരിച്ച് പാർശ്വഫലം വ്യത്യസപ്പെട്ടിരിക്കും. തലയിലാണെങ്കിൽ മുടി പോകാം. വായിലാണെങ്കിൽ തൊലി പോകാം, ഭക്ഷണം ഇറക്കാൻ പ്രയാസമനുഭവപ്പെടാം. വ യറിലാണെങ്കിൽ വയറിളക്കമോ ഒാക്കാനമോ ഛർദിയോ വരാം. റേഡിയേഷനു ശേഷം ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഒരുവിധം അസ്വാസ്ഥ്യങ്ങളെല്ലാം കുറയും.

നവീന ചികിത്സാരീതികളിലൂടെ പാർശ്വഫലങ്ങൾ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പണ്ട് വായിൽ റേഡിയേഷൻ നൽകിയാൽ ഉമിനീർ ഗ്രന്ഥികൾക്ക് കേടുപറ്റി ഉമിനീരു കുറയുന്ന പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അവ ഒഴിവാക്കി റേഡിയേഷൻ നൽകാം.

റേഡിയേഷൻ ഏറ്റാൽ കരിഞ്ഞുപോകും, ചൂട് അസഹ്യമാണ് എന്നൊക്കെയുള്ള ധാരണകളും തെറ്റാണ്. റേഡിയേഷൻ ചെയ്യുമ്പോൾ ചൂട് അനുഭവപ്പെടുകയോ കോശങ്ങൾ കരിയുകയോ ഒന്നും ചെയ്യുന്നില്ല. ഒരു സി ടിസ്കാൻ എടുക്കുന്നതുപോലെയേ രോഗിക്ക് അനുഭവപ്പെടൂ. ഡോക്ടർ അനുവദിച്ചാൽ റേഡിയോതെറപ്പി നടക്കുമ്പോഴും തൊഴിൽ തുടരാം. റേഡിയേഷൻ ഏൽക്കുന്നവർ റേഡിയോ ആക്ടീവ് ആകും എന്ന ധാരണയും തെറ്റാണ്. ഗർഭിണികളുൾപ്പെടെ മറ്റുള്ളവരുമായി ഇവർ ഇടപഴകുന്നതിൽ പ്രശ്നമൊന്നുമില്ല. റേഡിയേഷൻ എടുത്തുകൊണ്ടിരിക്കുന്ന പുരുഷന്മാർ ആ കാലയളവിൽ പങ്കാളി ഗർഭിണി ആകാതെ ശ്രദ്ധിക്കണം. കാരണം, റേഡിയേഷൻ ബീജത്തിന് കേടുപാടു വരുത്താം.

സാധാരണ ശരീരത്തിനു പുറത്താണ് റേഡിയേഷൻ നൽകുന്നത്. ഇതിന് എക്സ്റ്റേണൽ റേഡിയോതെറപ്പി എന്നു പറയും. ഏതുതരം അർബുദമാണ്, ഏതു ഘട്ടമാണ് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചാണ് റേഡിയേഷന്റെ ഡോസ്, എണ്ണം, കാലയളവ്, ഏതുതരം ഇവ തീരുമാനിക്കുന്നത്.

ശരീരത്തിനുള്ളിൽ റേഡിയേഷൻ ഏൽപിക്കുന്ന ബ്രാക്കിതെറപ്പി എന്ന രീതിയുണ്ട്. ഒരു റേഡിയോ ആക്റ്റീവ് മെറ്റീരിയൽ ശരീരത്തിനുള്ളിലെ ട്യൂമറിനടുത്തു വച്ചാണ് ഇതു സാധ്യമാക്കുന്നത്. അർബുദമുള്ള ഭാഗത്തുമാത്രമേ റേഡിയേഷൻ ഏൽക്കുന്നുള്ളു. ഇത് പാർശ്വഫലങ്ങൾ കുറയ്ക്കും. നിശ്ചിത ദിവസം കഴിയുമ്പോൾ ഈ ഇംപ്ലാന്റ് പുറത്തെടുക്കും.

പ്ലാൻ ചെയ്ത് ചികിത്സ

റേഡിയേഷൻ നൽകുന്ന കാര്യത്തിൽ ഒാരോ ശരീരകലകൾക്കും അവയവത്തിനും ഒരു സഹനീയപരിധി (ടോളറൻസ് ലിമിറ്റ്) ഉണ്ട്. അതിൽ കൂടാൻ പാടില്ല. റേഡിയേഷൻ നൽകുന്നതിനു മുൻപ് രോഗിയുടെ സിടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ് സ്കാൻ മുതലായവ റേഡിയേഷൻ പ്ലാനിങ് കംപ്യൂട്ടറിലേക്ക് നൽകുന്നു. തുടർന്ന് അർബുദകോശങ്ങൾ ഉള്ള ഭാഗങ്ങൾ രേഖപ്പെടുത്തി ഒാരോ സ്ഥാനത്തും വേണ്ടുന്ന റേഡിയേഷൻ ഡോസും ചുറ്റമുള്ള അവയവങ്ങൾക്കു കിട്ടാവുന്ന ഡോസും കണക്കാക്കുന്നു. റേഡിയേഷൻ പ്ലാനിങ് കംപ്യൂട്ടർ സിസ്റ്റത്തിൽ പ്ലാൻ ചെയ്ത് തൃപ്തിയായ പ്ലാനുകളനുസരിച്ചാണ് ആധുനിക റേഡിയേഷൻ മെഷീനുകൾ രോഗിക്ക് റേഡിയേഷൻ നൽകുന്നത്. റേഡിയേഷൻ ചികിത്സ ഒരു ടീം വർക്കാണ്. ആ ടീമിൽ റേഡിയേഷൻ ഒാങ്കോളജിസ്റ്റ്, റേഡിയേഷൻ ഫിസിസ്റ്റ്, റേഡിയേഷൻ തെറപ്പി ടെകനോളജിസ്റ്റ് എന്നിവർ പങ്കാളികളാണ്.പണ്ട് മെഷീനിൽ മാനുവലായായിട്ടാണ് റേഡിയേഷൻ ഡോസൊക്കെ ക്രമീകരിച്ചിരുന്നത്. ഇപ്പോൾ റേഡിയേഷൻ പ്ലാനിങ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഒാരോ രോഗിക്കും ഏറ്റവും സുരക്ഷിതമായ റേഡിയേഷൻ പ്ലാൻ പ്രോഗ്രാം ചെയ്തെടുക്കാം. ഇങ്ങനെ ഏറെ കൃത്യമായി ഉദ്ദേശിക്കുന്ന ഭാഗത്തുമാത്രം റേഡിയേഷൻ നൽകാനാകും.

പുതിയ മാറ്റങ്ങൾ

ഇരുപതാം നൂറ്റാണ്ടിൽ ആദ്യം ആരംഭിച്ച റേഡിയേഷൻ ചികിത്സയിൽ വിപ്ലവകരമായ മാറ്റം വന്നത് പുതിയ ഉപകരണങ്ങളുടെയും കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും വരവോടെയാണ്. സിടി സ്കാനുകളുടെയും എംആർഐ സ്കാനുകളുടെയും ടെക്നോളജിയിലുണ്ടായ മാറ്റങ്ങളും റേഡിയേഷൻ ചികിത്സ കൂടുതൽ ഫലപ്രദമാകാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയേഷൻ തെറപ്പി , ഇമേജ് ഗൈഡഡ് റേഡിയോ തെറപ്പി (IGRT) എന്ന രീതിയിൽ ഇമേജിങ് ടെക്നോളജിയുള്ള റേഡിയേഷൻ മെഷീനുകൾ ഉപയോഗിച്ച് ചികിത്സയ്ക്ക് മുൻപും പിൻപുമുള്ള മാറ്റങ്ങൾ വിലയിരുത്താം. കൃത്യമായി ട്യൂമറിലേൽക്കും വിധം റേഡിയേഷൻ ക്രമീകരിക്കാൻ ഇതു സഹായിക്കും.

പ്രോട്ടോൺ തെറപ്പി

ഇന്ത്യയിൽ അപ്പോളോ ഹോസ്പിറ്റലിൽ മാത്രമാണ് പ്രോട്ടോൺ തെറപ്പി ചെയ്യുന്നത്. എക്സ് റേകൾക്കു പകരം പ്രോട്ടോണുകൾ ഉപയോഗിക്കുന്നു. ഈ തെറപ്പിയിൽ അ ർബുദകോശങ്ങൾക്ക് ചുറ്റുമുള്ള ഭാഗത്തേക്ക് വളരെ കുറച്ചു വികിരണങ്ങളേ ഏൽക്കുകയുള്ളൂ. ഒപി ചികിത്സയായി നൽകാമെന്നത് മറ്റൊരു മെച്ചം. കാൻസർ ഏതു ഘട്ടത്തിലാണെന്നനുസരിച്ചാണ് തെറപ്പി സെഷനുകൾ നിശ്ചയിക്കുക. തലച്ചോറിനും സുഷുമ്നാ നാഡിക്കും അടുത്തായുള്ള അർബുദങ്ങളുടെ ചികിത്സയിൽ ഇതു ഗുണപ്രദമാണെന്നു കരുതുന്നു. സാധാരണ റേഡിയേഷനെ അപേക്ഷിച്ച് ചെലവു വളരെ കൂടുതലാണെന്നത് പോരായ്മയാണ്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജോസ് ടോം

കൺസൽറ്റന്റ്

ഒാങ്കോളജിസ്റ്റ്

കാരിത്താസ്

ഹോസ്പിറ്റൽ, കോട്ടയം

drjosetom@yahoo.com

Tags:
  • Health Tips