യോഗ ലളിതമായ വ്യായാമരീതിയാണ്. നിത്യേന യോഗ ചെയ്യുന്നത് ശാരീരികമായും മാനസികമായും ഗുണം ചെയ്യുമെന്ന് പലർക്കും അനുഭവമുള്ള കാര്യമാണ്. ചില പഠനങ്ങളും ഇക്കാര്യത്തിന് അടിവരയിടുന്നുണ്ട്. പക്ഷേ, കുനിഞ്ഞും നിവർന്നും മുട്ടുമടക്കി നിലം പറ്റെ ഇരുന്നുമൊക്കെ ചെയ്യുന്ന യോഗാസനങ്ങൾ പലപ്പോഴും പ്രായമായവർക്ക് അപ്രാപ്യമാണ്. പ്രായമേറുന്നതനുസരിച്ച് ശരീരത്തിനു വഴക്കം കുറയുകയും ബാലൻസ് നഷ്ടപ്പെടുകയും മുട്ടുമടക്കാൻ പ്രയാസമാവുകയും ചെയ്യുമ്പോൾ യോഗ വേണ്ട എന്നു വയ്ക്കാതെ തരമില്ല തന്നെ.
30 വർഷത്തിലധികമായി യോഗ പരിശീലിക്കുന്ന ഗിരിജാ വേണുഗോപാൽ എന്ന റിട്ട. ഹോം സയൻസ് പ്രഫസർ ഇതേക്കുറിച്ച് ഗൗരവമായി തന്നെ ചിന്തിച്ചു. ടീച്ചർ പതിവായി ചെയ്യുന്നത് മാറ്റ് ഉപയോഗിച്ചുള്ള യോഗയാണ്. ടീച്ചർക്ക് അതു ചെയ്യാൻ പ്രയാസവുമില്ല. പക്ഷേ, പരിചയത്തിലുള്ള പലർക്കും മുട്ടുമടക്കാൻ തന്നെ പ്രയാസമാണ്.
വിദേശങ്ങളിലൊക്കെ ഒാൾഡ് ഏജ് ഹോമുകളിലും മറ്റും ചെയർ യോഗ എന്നൊരു യോഗാരീതിയുണ്ട്. യോഗാസനങ്ങൾ ഒരു കസേരയിൽ ഇരുന്നോ കസേരയുടെ സപ്പോർട്ടോടെയോ ചെയ്യുന്ന രീതിയാണിത്. പക്ഷേ, കേരളത്തിൽ അന്വേഷിച്ചപ്പോൾ ചെയർ യോഗ ചെയ്യുന്നവരെ ആരെയും കണ്ടെത്താനായില്ല.
ഇഗ്നോയുടെ റീജിയണൽ ഹെഡായി തിരുവനന്തപുരത്ത് 5 വർഷം ജോലി ചെയ്ത ടീച്ചർ അങ്ങനെ 63–ാം വയസ്സിൽ വീണ്ടും വിദ്യാർഥിയായി. ഒാൺലൈനായും മറ്റും ചെയർ യോഗയുടെ ഒട്ടേറെ കോഴ്സുകൾ പഠിച്ചു. യോഗ ടീച്ചേഴ്സ് ട്രെയിനിങ്ങും നേടി. തുടർന്ന് ആവശ്യപ്പെടുന്നവർക്കായി ചെയർ യോഗ ചെയ്യുന്നവിധം ക്ലാസ്സുകളെടുത്തു നൽകിയിരുന്നു.
2020ൽ കോവിഡ് വന്ന് വീട്ടിൽ ഇരുന്നു തുടങ്ങിയപ്പോൾ ചെയർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ ഒന്നുകൂടി ചിന്തിക്കുന്നത്. വീടിനു പുറത്തിറങ്ങാതെ കഴിയുന്ന വയോജനങ്ങൾക്ക് വീട്ടിലിരുന്നു തന്നെ യോഗ ചെയ്യാനായാൽ നല്ല കാര്യമല്ലേ? പൊതുവായ രോഗപ്രതിരോധത്തിനും ഇത് സഹായിക്കും. അങ്ങനെ തിരുവനന്തപുരത്ത് പരിചയക്കാർക്കായി ടീച്ചർ സൂം വഴി ഒാൺലൈനായി ചെയർ യോഗ ക്ലാസ്സുകൾ ആരംഭിച്ചു. ഗോൾഡൻ സർക്കിൾ എന്ന പേരിലുള്ള യോഗാപരിശീലന ക്ലാസ്സ് 50 വയസ്സും അതിനു മുകളിലുമുള്ളവർക്കാണ്.
50–ഒാളം ആസനങ്ങൾ ചെയ്യേണ്ട വിധം കാണിച്ചുകൊടുത്തു പഠിപ്പിക്കും. ഒന്നര മണിക്കൂർ നേരമാണ് ഒരു സെഷൻ.
കുനിയാനും ചെരിയാനും മുട്ടുമടക്കാനും വലിയ പ്രയാസമില്ലാത്തവർക്ക് ചെയർ യോഗയിലെ തന്നെ കുറച്ചുകൂടി അഡ്‌വാൻസ്ഡ് ആയ ആസനങ്ങൾ പഠിപ്പിച്ചുകൊടുക്കും. ഇപ്പോൾ നൂറോളം പേർ പതിവായി ടീച്ചറിന്റെ നേതൃത്വത്തിൽ ചെയർ യോഗ പരിശീലിക്കുന്നുണ്ട്.
ബാലൻസ് ഇല്ലാത്തവർക്കും മുട്ടുമടങ്ങാത്തവർക്കുമൊക്കെ സുഖമായി ചെയ്യാമെന്നതാണ് ചെയർ യോഗയുടെ ഗുണം. സാധാരണ രീതിയിൽ ചെയ്യുന്ന യോഗാസനങ്ങളുടെ 75 ശതമാനത്തോളം ഫലപ്രാപ്തിയും കിട്ടും. പ്രാണായാമം പോലുള്ളവയാണെങ്കിൽ സാധാരണ രീതിയിൽ ചെയ്യുന്നതിന്റെ അത്രതന്നെ ഫലപ്രാപ്തി കസേര ഉപയോഗിച്ചു ചെയ്യുമ്പോഴും കിട്ടും. സൂര്യനമസ്കാരം പോലുള്ള നിത്യേന ചെയ്യാവുന്ന യോഗാസനങ്ങളും ചില്ലറ പരിഷ്കാരങ്ങൾ വരുത്തി കസേരയിൽ ഇരുന്നു ചെയ്യാവുന്നതുപോലെയാക്കിയിട്ടുണ്ട് ടീച്ചർ.