Wednesday 08 July 2020 05:29 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വായുവിലൂടെയും പകർന്നേക്കാം: തെളിവുകൾ പുറത്തുവരുന്നതായി അംഗീകരിച്ച് ലോകാരോഗ്യസംഘടന

4345346

കോവിഡ് വായുവിലൂടെ പകരാമെന്നതിനു തെളിവുകൾ പുറത്തുവരുന്നതായി   ലോകാരോഗ്യസംഘടന അംഗീകരിച്ചു. വായുവിലൂടെയുള്ള എയ്റോസോൾ വ്യാപനം കോവിഡ് 19 വ്യാപനത്തിന്റെ ഒരു മാർഗ്ഗമാകാനുള്ള സാധ്യത തങ്ങൾ തളളിക്കളയുന്നില്ല എന്നാണ് ലോകാരോഗ്യസംഘടനയിലെ കോവിഡ് 10 പാൻഡെമിക്കിന്റെ ടെക്നിക്കൽ ലീഡ് മരിയ വാൻകെർകോവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

പൊതുസ്ഥലങ്ങളിൽ പ്രത്യേകിച്ച് ആളുകൾ തിങ്ങിയ, അടഞ്ഞ, വേണ്ടത്ര വായുസഞ്ചാരമില്ലാത്ത സാഹചര്യങ്ങളിൽ വായുവ്യാപനത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും വേണ്ടതുണ്ട്. അവർ പറയുന്നു.

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യസംഘടന തയാറാകണമെന്നും ലോകമെമ്പാടും നിന്നുള്ള 300– ഒാളം ശാസ്ത്രജ്ഞർ ലോകാരോഗ്യസംഘടനയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചിക്കൻപോക്സ് പോലെയോ ക്ഷയം പോലെയോ വായുവിലൂടെ പകരുന്ന ഒന്നാണ് കോവിഡ് 19 എന്നു പറയുമ്പോൾ ഇതുവരെ നാം പാലിച്ചിരുന്ന നിയന്ത്രണങ്ങൾ മതിയാകുമോ രോഗവ്യാപനം തടയാൻ എന്നതു വലിയൊരു ചോദ്യമാണ്. 

എന്താണ് വ്യത്യാസം?

സ്രവകണങ്ങളിലൂടെയുള്ള രോഗപ്പകർച്ചയും വായുവിലൂടെ നേരിട്ടുള്ള പകർച്ചയും രണ്ടാണ്. സ്രവകണങ്ങൾക്ക് 50 മൈക്രോണിൽ അധികം വലുപ്പമുണ്ട്. തന്മൂലം ഒരു 60–70 സെന്റിമീറ്റർ സഞ്ചരിച്ചുകഴിയുമ്പോഴേക്കും സേരവകണങ്ങൾ നിലംപതിച്ച് പ്രതലങ്ങളിൽ വീഴും. വായുവിൽ തങ്ങിനിൽക്കില്ല. ആളുകളുമായി ഇടപഴകുമ്പോൾ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കാൻ പറയുന്നത് ഈ കാരണം കൊണ്ടാണ്.

എന്നാൽ വായുവിലൂടെ നേരിട്ട് വൈറസ് പകരുന്നത് എയ്റസോൾ എന്ന ചെറുകണങ്ങൾ വഴിയാണ് . എയ്റോസോളിന് 5 മൈക്രോണിൽ താഴെയേ ഭാരമുള്ളൂ. ഒരു വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ഈ എയ്റോസോളുകളിൽ വൈറസ് ഉണ്ടാവും. ഈ കണങ്ങൾ ഏതാനും മണിക്കൂറുകൾ വായുവിൽ തങ്ങിനിൽക്കാം. ഭാരം കുറവായതിനാൽ ഇതു വായുവിലൂടെ ഏറെ ദൂരം സഞ്ചരിക്കും. പ്രത്യേകിച്ച് മൈതാനം പോലെ ശക്തമായ വായുപ്രവാഹം ഉള്ളിടത്ത് എത്ര ദൂരം വേണമെങ്കിലും ആ വൈറസ് കണങ്ങൾ വ്യാപിക്കാം.

എന്തായാലും കോവിഡ് 19 വായുവിലൂടെ പകരാമെന്നു പറയുമ്പോൾ ഇതുവരെ നാം ചെയ്തുപോന്ന മുൻകരുതലുകൾ കൂടുതൽ കർശനമായി പാലിക്കേണ്ടിവരും. സാമൂഹിക ജീവിതക്രമത്തിലും ക്വാറന്റീനിലും ഒക്കെ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടിവരും.

Tags:
  • Manorama Arogyam
  • Health Tips