ലവ് യു കൊച്ചി, ലവ് യു കേരള, ലവ് യു ഇന്ത്യ...
കോവിഡ് വിമുക്തനായ 57 വയസ്സുകാരൻ ബ്രയാൻ ലോക്‌വുഡ് എന്ന ബ്രിട്ടീഷ് പൗരൻ നിറഞ്ഞ ഹൃദയത്തോടെ കേരളത്തോട് യാത്ര പറഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത് അദ്ദേഹത്തെ ചികിത്സിച്ച കളമശ്ശേരി മെഡി. കോളജിലെ കോവിഡ് ചികിത്സാടീമാണ്.
കേരളത്തിന്റെ കോവിഡ് രോഗപോരാട്ടത്തിൽ നിർണായകവും അഭിമാന കരവുമായ റോളാണ് കളമശ്ശേരി മെഡി. കോളജിന്റെത്. 200–ഒാളം രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്തു ചികിത്സിച്ചു, അതിൽ 25–ഒാളം പേർ പൊസിറ്റീവ് ആയിരുന്നു. 7 പേർ വിദേശ പൗരന്മാർ. 24 പേർക്കും അസുഖം ഭേദമായി. ഗുരുതര ന്യൂമോണിയ ബാധിച്ച ബ്രയാനെ രക്ഷിക്കാനായി കേരളത്തിൽ ആദ്യമായി നാല് മരുന്നുകൂട്ടുകൾ ഉപയോഗിച്ചുള്ള ചികിത്സാപദ്ധതി പ്രയോഗിച്ചു, പരിപൂർണമായി വിജയിക്കുകയും ചെയ്തു.
‘‘ ജനുവരിയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ഇവിടേക്കു രോഗികൾ വന്നുതുടങ്ങിയതാണ്.’’ ആദ്യഘട്ടം മുതലുള്ള വെല്ലുവിളികളെ കുറിച്ച് മെഡി. കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പറയുന്നു. ‘‘എയർപോർട്ടിനോട് ചേർന്നുകിടക്കുന്ന ഹോസ്പിറ്റൽ ആയതിനാൽ യാത്രക്കാരെ സ്ക്രീൻ ചെയ്തു തുടങ്ങിയപ്പോൾ മുതൽ രോഗലക്ഷണം ഉള്ള എല്ലാവരേയും ഇങ്ങോട്ടു വിടാൻ തുടങ്ങി. ഒറ്റയടിക്ക് 100 കണക്കിന് ആളുകൾ വന്ന ദിവസങ്ങളുണ്ട്. രാത്രിയിൽ മാത്രമായിരുന്നു എയർപോർട്ട് പ്രവർത്തിക്കുന്നത്. അതുകൊണ്ട് രാത്രി മുഴുവൻ ആംബുലൻസ് ചീറിപ്പായുന്ന അവസ്ഥ. വീൽചെയറിൽ അബോധാവസ്ഥയിലായവർ മുതൽ ചെറിയ പ്രശ്നങ്ങൾ ഉള്ളവർ വരെയുള്ളവരുണ്ട്. ഇവരുടെ എല്ലാം കാര്യത്തിൽ രാവിലെ 10 മണിക്കു മുൻപ് തീരുമാനമുണ്ടാക്കണം. ആദ്യ ദിവസങ്ങളിൽ യാത്രക്കാർ വയലന്റായിരുന്നു. രോഗത്തിന്റെ ഭീകരാവസ്ഥ അറിയാത്തതിനാൽ വഴക്കും ചീത്തവിളിയും വരെയുണ്ടായി.
രോഗികളുടെ എണ്ണം കൂടിയപ്പോൾ ഗവൺമെന്റ് നിർദേശപ്രകാരം രായ്ക്കുരാമാനം മെഡി. കോളജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റി. ഇന്ത്യയിൽ തന്നെ കോവിഡിനു മാത്രമുള്ള ആദ്യ ആശുപത്രിയാണ് കളമശ്ശേരിയിലേത്. നിപ്പ പോലുള്ള പകർച്ച വ്യാധികളെ നേരിട്ടതിൽ നിന്നു കിട്ടിയ പാഠവും പൊതുജനാരോഗ്യവിദഗ്ധൻ എന്ന നിലയിലുള്ള എന്റെ പരിചയവും ഇതിനു സഹായകമായി. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിങ്ങനെ ഒരു വലിയ ടീമിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഒരൊറ്റ ആരോഗ്യ പ്രവർത്തകനു പോലും ഇതേവരെ രോഗം ബാധിക്കാതെ മുന്നോട്ടു പോകാനായത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ള ഗവൺമെന്റ് പിന്തുണയും ഈ വിജയത്തിനു കരുത്തേകി ’’
കോവിഡ് ആശുപത്രി ഒരുക്കുന്നു
‘‘ സാധാരണ ആശുപത്രിയെ കോവിഡ് ആ ശുപത്രിയാക്കി മാറ്റുക അത്ര എളുപ്പമല്ല.’’ ആ ർഎംഒയും അസി. നോഡൽ ഒാഫിസറുമായ ഡോ. ഗണേഷ് മോഹൻ ഒാർമിക്കുന്നു.
ആദ്യം തന്നെ രോഗികളെ സുരക്‌ഷിതമായി മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ഇവിടെനിന്നുള്ള ടീം തന്നെ അവിടെ രോഗികളെ ചികിത്സിച്ചു. കെട്ടിടങ്ങൾ ഒഴിപ്പിച്ചെടുത്തു വൃത്തിയാക്കി ഫ്യുമിഗേറ്റ് ചെയ്തു. ഏഴുനിലയുള്ള ഒരു കെട്ടിടം ഐസൊലേഷൻ ബിൽഡിങ് ആക്കി, കോവിഡ് രോഗികൾക്ക് ബാത് അറ്റാച്ച്ഡ് മുറികൾ തന്നെ വേണം. അവരിൽ സങ്കീർണതകൾ കണ്ടാൽ മാറ്റാൻ ഐസിയു വേണം. അവിടെ വെന്റിലേറ്റർ ഉൾപ്പെടെ സൗകര്യങ്ങൾ തയാറാക്കി. പോർട്ടബിൾ എക്സ് റേ, എക്കോ, ലാബ് സൗകര്യം, പിപിഇ ധരിക്കാനും മാറ്റാനും സ്ഥല സൗകര്യം, ആശുപത്രിയിലുള്ള എല്ലാവർക്കും മൂന്നുനേരം ഭക്ഷണത്തിനുള്ള ക്രമീകരണം, താമസ സൗകര്യം എല്ലാം റെഡിയാക്കി. മൂന്നു നാലു ദിവസം കൊണ്ടു കോവിഡ് ആശുപത്രി തയാറായി.’’
പാഠമായി ബ്രയാൻ
‘‘ചികിത്സയേ ഇല്ലാത്ത ഒരു മഹാവ്യാധിയോടാണ് മല്ലിടേണ്ടത് എന്നതായിരുന്നു ആദ്യ വെല്ലുവിളി’’. കളമശ്ശേരി മെഡി. കോളജിലെ പൾമനറി ആൻഡ് ക്രിട്ടിക്കൽ കെ യർ മെഡിസിൻ വിഭാഗം തലവനും കോവിഡ് ചികിത്സാ ടീം ലീഡും ആയ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞുതുടങ്ങി.
‘‘ആദ്യം വന്ന ഒന്നു രണ്ടു രോഗികൾക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലായിരുന്നു. യുകെയിൽ നിന്നു വന്ന ബ്രയാന്റെ കേസാണ് ഞങ്ങളെ ആശങ്കപ്പെടുത്തിയത്.’’
മാർച്ച് 15നാണ് ബ്രയാൻ ലോക് വുഡ് എന്ന ബ്രിട്ടീഷ് പൗരന് കോവിഡ് പൊസിറ്റീവാണ് എന്ന് റിസൽട്ട് വന്നത്. ആരോഗ്യപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ കൊച്ചിയിൽ നിന്നു ദുബായിലേക്ക് പോകാൻ എയർപോർട്ടിൽ നിൽക്കുകയാണ് ബ്രയാനും ഭാര്യ ജെയ്നും. ഉടൻ തന്നെ ബ്രയാനെ കളമശ്ശേരി മെഡി. കോളജിലേക്ക് മാറ്റി.
‘‘ആശുപത്രിയിലേക്ക് നടന്നാണ് ബ്രയാൻ വന്നത്. ആദ്യ കാഴ്ചയിൽ കുഴപ്പമില്ല എന്നാണ് ഞങ്ങൾക്ക് തോന്നിയത്. ചെറിയ പനിയും ചുമയുമേ ഉള്ളൂ. പക്ഷേ കോവിഡ് ചികിത്സയിലെ നിർണായകമായ കാര്യങ്ങൾ പഠിച്ചെടുത്തത് ഇദ്ദേഹത്തിന്റെ ചികിത്സയിലൂടെയാണ്. ’’ ഫത്താഹുദ്ദീൻ പറയുന്നു.
‘‘വന്ന ദിവസം എക്സ് റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ ഒരു ചെറിയ പാച്ച് കണ്ടു. ന്യൂമോണിയ സൂചനയാണത്. ഉടനെ അയാളെ കൊറോണ ഐസിയുവിലേക്ക് മാറ്റി. ചില ആന്റിവൈറൽ മരുന്നുകളും ലക്ഷണങ്ങൾക്ക് മരുന്നുകളും നൽകി ചികിത്സ തുടങ്ങി.
രണ്ടാം ദിവസം എക്സ്റേയിൽ പാച്ച് വലുതായതായി കണ്ടു. സിടി സ്കാൻ ചെയ്താൽ ശ്വാസകോശത്തെ എത്രകണ്ട് വൈറസ് ബാധിച്ചിട്ടുണ്ട് എന്നു കൃത്യമായി അറിയാം.
രോഗിയെ പിപിഇ മാസ്കും ഡ്രസ്സും ധരിപ്പിച്ച് സൈറൺ മുഴക്കി ആശുപത്രി മുഴുവൻ അലേർട്ട് കൊടുത്ത് ആണ് സിടി സ്കാൻ കെട്ടിടത്തിലേക്ക് എത്തിച്ചത്. സിടി എടുത്തത് എത്ര നന്നായി എന്നു തോന്നി റിപ്പോർട്ട് കണ്ടപ്പോൾ. ശ്വാസകോശത്തിന്റെ ഇരുവശങ്ങളെയും ന്യൂമോണിയ ബാധിച്ചിരുന്നു. ’’
അനിശ്ചിതത്വത്തിന്റെ നിമിഷം
ചികിത്സയില്ലാത്ത രോഗം. വിദേശിയായ രോഗി. അരുതാത്തത് സംഭവിച്ചാൽ കേരളത്തിലെ ആരോഗ്യരംഗത്തിനു കളങ്കമാകും. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ...സിംഗപ്പൂരിലും ഇന്ത്യയിൽ ജയ്പൂരിലും കോവിഡ് രോഗികളിൽ എയ്ഡ്സ് രോഗത്തിന്റെ ആന്റിവൈറൽ മരുന്ന് ഉപയോഗിച്ച് വിജയിച്ചതായി റിപ്പോർട്ടുകൾ കണ്ടിരുന്നു. ശരീരത്തിലെ വൈറൽ ലോഡ് കുറയ്ക്കാൻ ഈ മരുന്നുകൾ സഹായിക്കും. പക്ഷേ, മരുന്നു നൽകാൻ സ്േറ്ററ്റ് മെഡിക്കൽ ബോർഡിന്റെ അംഗീകാരം വേണം.
വിചാരിച്ചതിലും പെട്ടെന്നു തന്നെ അനുമതി ലഭിച്ചു. എമർജൻസി കംപാഷനേറ്റ് യൂസിനാണ് അനുവാദം തന്നത്. അതായത് ഇതു മരുന്നു പരീക്ഷണമല്ല എന്നും ലോകത്ത് മറ്റിടങ്ങളിൽ ഉപയോഗിച്ച് ഫലപ്രദം എന്നു കരുതി സഹാനുഭൂതിയുടെ പേരിൽ നിങ്ങളുടെ പൂർണസമ്മതത്തോടെ തരുന്നു എന്നും അർഥം. സമ്മതപത്രവുമായി ബ്രയാനെ കാണാൻ പോയത് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. േജക്കബ് കെ. ജേക്കബാണ്. ‘‘ സമ്മതപത്രം വായിച്ചുകേട്ട് ഒരു തടസ്സവും പറയാതെ, ബ്രയാൻ ധൈര്യപൂർവം ഒപ്പിട്ടു തന്നു.
വലിയ പ്രതീക്ഷകളോടെ മരുന്നു തുടങ്ങി. ലോപിനാവിർ, റിട്ടൊനാവിർ എന്നീ മരുന്നുകളാണ് നൽകിയത്. ഡോ. ജേക്കബ് ചികിത്സയിലെ നിർണായകമായ വഴിത്തിരിവിനെക്കുറിച്ച് പറയുന്നു.
‘‘ പക്ഷേ, നാലാം ദിവസം ബ്രയാന് ചെറിയൊരു ഒാക്സിജൻ ഡ്രോപ് കണ്ടു. സാധാരണ ഇതുപ്രശ്നമല്ല. പക്ഷേ, പേഷ്യന്റിന്റെ എൻഎൽആർ നിരക്ക് വളരെ കൂടുതൽ ആയിരുന്നു. സബ് ക്ലിനിക്കൽ ഇൻഫ്ളമേഷന്റെ സൂചനയാണത്.’’
സയനൈഡ് വിഷത്തിനു തുല്യം
കൊറോണ വൈറസ് മൂലം വരുന്ന ന്യൂമോണിയ അതീവ പ്രശ്നക്കാരനാണ്. സയനൈഡ്, കാർബൺ മോണോക്സൈഡ് പോയിസണിങ്ങിനു സമാനമായ പ്രവർത്തനങ്ങളാണ് കൊറോണ വൈറസ് ശരീരത്തിൽ നടത്തുന്നത്. ഒാക്സിജൻ കോശങ്ങളിലേക്ക് എത്തിക്കുന്നത് ഹീമോഗ്ലോബിൻ വഴിയാണല്ലൊ. കൊറോണ വൈറസ് ഹീമോഗ്ലോബിനിലെ ഹീം ഘടകത്തെ തള്ളി പുറത്തുകളഞ്ഞിട്ട് ആ സ്ഥാനത്ത് കയറി ഇരിക്കും. അതോടെ കോശങ്ങൾക്ക് ഒാക്സിജൻ ലഭിക്കില്ല.
‘‘സാധാരണ ശ്വസനനിരക്ക് 16–18 തവണയാണ്. ഒാക്സിജൻ കിട്ടാതെ വരുമ്പോൾ രോഗി തെരുതെരെ ശ്വാസമെടുക്കാൻ ശ്രമിക്കും. ഇതു തുടർന്നാൽ ശ്വാസകോശ പേശികൾ തളർന്നുപോകും. ശ്വസനപരാജയം വരെ സംഭവിക്കാം. ’’ ഡോ. ഫത്താഹുദ്ദീൻ വിശദീകരിക്കുന്നു.
ബ്രയാന്റെ ശ്വാസമിടിപ്പ് 30–34 വരെ വർധിച്ചിരുന്നു. പനിയും വർധിച്ചു. അതുവരെ ധൈര്യത്തോടെയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ വാവിട്ടു കരയാൻ തുടങ്ങി.
സ്ഥിതി ഗുരുതരമായി തുടർന്നതോടെ വെന്റിലേറ്റ് ചെയ്യാൻ തീരുമാനിച്ചു. സാധാരണ വെന്റിലേറ്ററിനു പകരം ഒരു ശ്വസനസഹായി മാസ്കിന്റെ സഹായത്തോടെ ഘടിപ്പിക്കാനാണ് തീരുമാനിച്ചത്. അതാവുമ്പോൾ ശരീരത്തിൽ മുറിവുണ്ടാക്കാതെ തന്നെ ഒാക്സിജൻ സപ്പോർട്ട് നൽകാം. രോഗിക്കു ബോധവും കാണും. ഈ സംവിധാനത്തിന് നോൺ ഇൻവേസീവ് വെന്റിലേറ്റർ എന്നു പറയും.
മരുന്നു തുടങ്ങി ഏഴാം ദിവസമാണ് പനി മാറിയത്. തുടർന്നു ബ്രയാന്റെ റിസൽട്ട് നെഗറ്റീവായി. പക്ഷേ, വൈറസ് നശിച്ചെങ്കിലും അത് ശരീരത്തിൽ തുടങ്ങിവച്ച രോഗപ്രക്രിയ പൂർണമായി മാറണമായിരുന്നു. അതു കൊണ്ട് ന്യൂമോണിയ കുറയാൻ ഏതാനും ദിവസങ്ങൾ എടുത്തു.
നഴ്സുമാരുടെ കൈത്താങ്ങ്
ഈ വിജയഗാഥയിൽ ഡോക്ടർമാർക്കൊപ്പം തോളോടുതോൾ പ്രവർത്തിച്ചവരാണ് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ. രോഗികളുമായി അടുത്തിടപഴകുന്നവരായതുകൊണ്ട് രോഗപ്പകർച്ച സാധ്യത കൂടുതലാണ് ഇവർക്ക്.
‘‘പകർച്ചാസ്വഭാവമുള്ള രോഗമായതുകൊണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.’’ നഴ്സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ പറയുന്നു. ‘‘ നാല് മണിക്കൂറാണ് ഡ്യൂട്ടി. ഡ്യൂട്ടി സമയത്ത് പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് ധരിക്കണം. പല പാളികളുള്ള വസ്ത്രമായതിനാൽ ചൂട് അസഹ്യം. അപൂർവം ചിലർക്ക് ഇതു ധരിച്ച് തലകറക്കം പോലും വന്നിരുന്നു. പിപിഇ ധരിച്ചാൽ ഡ്യൂട്ടി തീരുംവരെ ടോയ്‌ലറ്റിൽ പോകാനോ വെള്ളം കുടിക്കാനോ സാധിക്കില്ല. 2–3 പാളി ഗ്ലൗസ് ഇട്ടിരിക്കുന്നതുകൊണ്ട് കൈ കൊണ്ട് എന്തെങ്കിലും എടുക്കുക പ്രയാസമായിരുന്നു. കണ്ണട ധരിച്ചതുകൊണ്ട് കാഴ്ച വ്യക്തമാകില്ല. ഐവി ഇടാൻ ഞരമ്പ് കണ്ടുപിടിക്കാനും കുത്തിവയ്പ് എടുക്കാനുമൊക്കെ നല്ല പ്രയാസമായിരുന്നു.’’
ആരുമല്ലാത്തവർക്ക് വേണ്ടി ജീവൻ കളഞ്ഞ് ഡ്യൂട്ടി ചെയ്ത ഇവർക്ക് പക്ഷേ, കയ്യടിക്കു പകരം മാറ്റി നിർത്തലുകളാണ് ചിലയിടത്തു നിന്നും കിട്ടിയത്. തങ്ങളുടെ വീട്ടുകാർ സാധനങ്ങൾ വാങ്ങാനായി കടകളിൽ ചെന്നപ്പോൾ പോലും ദുരനുഭവങ്ങൾ ഉണ്ടായതായി ഇവർ പറയുന്നു. പ്രത്യേകിച്ച് ക്ലീനിങ് സ്റ്റാഫിനും അറ്റൻഡൻമാർക്കും. മാറ്റിനിർത്തൽ പേടിച്ച് ആശുപത്രിക്ക് അടുത്ത് ഏർപ്പെടുത്തിയ താമസസ്ഥലത്തേക്ക് മാറി ചിലർ.
‘‘കോവിഡിന്റെ ചികിത്സയിൽ ഞങ്ങൾ പഠിച്ച വലിയൊരു പാഠമുണ്ട്. ’’ ഡോ. ഫത്താഹുദ്ദീൻ പറയുന്നു. ‘‘അണുബാധ പ്രതിരോധിക്കാനുള്ള പ്രോട്ടോക്കോളുകൾ വളരെ കൃത്യമായി പാലിച്ചാൽ കോവിഡ് പകരാൻ സാധ്യത കുറവാണ്. മാരകമായ പകർച്ചവ്യാധികളുടെ കാര്യത്തിൽ അടുത്ത് ഇടപഴകിയുള്ള പരിശോധനയല്ല പ്രധാനം. രോഗിയെ സംബന്ധിച്ചുള്ള ഡേറ്റ വിശകലനം നടത്തുക. ശ്വാസകോശ സ്ഥിതി അറിയാൻ എക്സ് റേ, സിടി സ്കാനുകൾ. ഒാക്സിജൻ നിരക്ക് പൾസ് ഒാക്സിമീറ്റർ വച്ച് അറിയാം. രോഗിയുടെ അവസ്ഥ വഷളാകുന്നുണ്ടോ എന്നറിയാൻ രക്തപരിശോധനകൾ– സീറം സെറിറ്റിൻ (ഹീമോഗ്ലോബിൻ പ്രവർത്തനത്തിൽ തകരാർ വരുമ്പോൾ ശരീരം ഉൽപാദിപ്പിക്കുന്ന പ്രോട്ടീനാണിത്), എൻഎൽആർ (ന്യൂട്രോഫിൽ ടു ലിംഫോസൈറ്റ് റേഷ്യോ– ഇതിന്റെ നിരക്ക് ഉയരുന്നത് സബ്ക്ലിനിക്കൽ ഇൻഫ്ലമേഷന്റെ സൂചനയാണ്) പോലുള്ള രക്തപരിശോധനകൾ സഹായിക്കും.
‘‘ ബ്രയാന് നൽകിയ മരുന്നുകൾ ഗുരുതരാവസ്ഥയിൽ ഉള്ള എല്ലാ രോഗികൾക്കും ഫലപ്രദമാകണമെന്നില്ല. വൈറസ് ശരീരത്തിൽ കയറി മാറ്റങ്ങൾ കണ്ടുതുടങ്ങുമ്പോഴേ മരുന്നു നൽകണം. ബ്രയാന്റെ കാര്യത്തിൽ മോണിട്ടറിങ് കൃത്യമായിരുന്നതുകൊണ്ട് ആരംഭത്തിലേ മാറ്റങ്ങൾ തിരിച്ചറിഞ്ഞു. ഇത് ചികിത്സാവിജയത്തിന് നിർണായകമായി’’ ഡോ. ജേക്കബ് കൂട്ടിച്ചേർക്കുന്നു.
കോവിഡിനെ കീഴടക്കി കേരളം മുന്നോട്ടു കുതിക്കുമ്പോൾ തല ഉയർത്തിപ്പിടിച്ചു മുൻനിരയിൽ തന്നെയുണ്ട് കളമശ്ശേരി മെഡി.കോളജ് കോവിഡ് ചികിത്സാ ടീം.