Tuesday 22 December 2020 04:27 PM IST

ചർമം തിളങ്ങാനും ശരീരഭാരം കുറയ്ക്കാനും ഡീടോക്സ് ഡയറ്റും ഡീടോക്സ് വാട്ടറും: കഴിക്കേണ്ടുന്നവിധം അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

detox3w5

ഡീടോക്സിഫിക്കേഷൻ ഡയറ്റുകൾക്ക് ആരാധകരേറെയാണ്. ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെല്ലാം നീങ്ങി ചർമം തിളങ്ങാനും ഒാജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്സ് ഡയറ്റ് സഹായ്ിക്കുമെന്നാണ് ഈ ഡയറ്റ് പരീക്ഷിച്ചിട്ടുള്ളവരുടെ പക്ഷം. സിനിമാതാരങ്ങളും മോഡലുകളും മാത്രമല്ല യുവത്വവും സൗന്ദര്യവും തുളുമ്പുന്ന ചർമം കൊതിക്കുന്ന ആരും ഡീടോക്സിഫിക്കേഷൻ ഡയറ്റിന്റെ ആരാധകരാണ്.

സാധാരണഗതിയിൽ ശരീരത്തിനു സ്വതവേ ഒരു മാലിന്യനിർമാർജന സംവിധാനമുണ്ട്. ആഹാരത്തിലൂടെയും അന്തരീക്ഷവായുവിലൂടെയും ശരീരത്തിലെത്തുന്ന മാലിന്യങ്ങളും ദോഷകരമായ രാസവസ്തുക്കളും ഒരുപരിധി വരെ പുറത്തുകളയാൻ ഈ സംവിധാനം സഹായകമാണ്. പക്ഷേ, ചില സാഹചര്യങ്ങളിൽ ഈ ഡീടോക്സിഫിക്കേഷൻ ശരിയായി നടക്കാറില്ല. അതുകൊണ്ടാണ് നമ്മുടെ ഇടപെടൽ വേണ്ടിവരുന്നത്.

ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുന്നത് പോലും ഒരുതരം ഡീടോക്സിഫിക്കേഷനാണ്. ഫാസ്റ്റിങ് ഇല്ലാതെയും ഡീടോക്സിഫിക്കേഷൻ സാധ്യമാണ്. പഴങ്ങളും പച്ചക്കറികളും പഴച്ചാറുകളും വെള്ളവും മാത്രം ഉപയോഗിച്ചുള്ള ഡയറ്റ് ആണ് ഡീടോക്സിഫിക്കേഷന് വേണ്ടത്.

‍ഡീടോക്സ് വാട്ടർ കുടിക്കാം

നീണ്ടകാലത്തേക്ക് എടുക്കാനുള്ള ഒരു ഡയറ്റല്ല ഇത്. ഈ ഡയറ്റിലൂടെ ശരീരത്തിനു ലഭിക്കേണ്ടുന്ന ജീവകങ്ങളും ധാതുക്കളും പൂർണമായി ലഭിക്കുകയില്ല. അതുകൊണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ മാസത്തിൽ ഒരാഴ്ച ഈ ഡയറ്റ് നോക്കുന്നതാകും സുരക്ഷിതം.

രാവിലെ ഉണർന്ന ഉടനേ വെറുംവയറ്റിൽ ഒരു ഗ്ലാസ്സ് ഇളംചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് ഡീടോക്സിഫിക്കേഷൻ ഗുണം നൽകും. കുക്കുമ്പർ, നാരങ്ങ ഇവ കഷണങ്ങളാക്കി മിന്റ് ലീഫിനൊപ്പം ഒരു ജഗ്ഗ് വെള്ളത്തിൽ തലേന്ന് ഇട്ടുവച്ചുള്ള ഡീടോക്സ് വാട്ടർ കുടിക്കുന്നതു ശരീരശുദ്ധീകരണത്തിനു ഉപകരിക്കും.

onlinead5345

എന്തൊക്കെ കഴിക്കാം?

പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും ആണ് ഡയറ്റിൽ പ്രധാനമായുള്ളത്. ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും വളരെ നല്ലത്. കുക്കുമ്പർ, വീറ്റ്ഗ്രാസ്സ് ജ്യൂസ്, പീച്ചിങ്ങ ജ്യൂസ്, കുമ്പളങ്ങ ജ്യൂസ് എന്നിവ ഉദാഹരണം. ജ്യൂസിന് രുചി കൂട്ടാൻ ഒരൽപം ഇഞ്ചിനീരും നാരങ്ങാനീരും ചേർക്കാം. നാരങ്ങാവെള്ളം മാത്രമായും കുടിക്കാം. മധുരം വേണമെന്നുണ്ടെങ്കിൽ ഒരൽപം തേൻ മധുരമാകാം. രുചിവൈവിധ്യത്തിനായി കറുവപ്പട്ട പൊടിച്ചതും ചേർക്കാം.

പ്രമേഹരോഗികൾക്ക് പച്ചക്കറി ജ്യൂസുകളാകും കൂടുതൽ ആരോഗ്യകരം. പക്ഷേ, ബീറ്റ്റൂട്ട് ഒഴിവാക്കണം. അതിൽ ബീറ്റാഷുഗർ ധാരാളമുണ്ട്.

ചിലർക്ക് ജ്യൂസ് മാത്രം കുടിച്ചാൽ വല്ലാത്ത വിശപ്പു തോന്നാം. അങ്ങനെയുള്ളവർ കുറച്ച് ഡ്രൈ ഫ്രൂട്സ് കൂടി കഴിച്ച് വിശപ്പകറ്റുക. കാപ്പി, ചായ പോലുള്ള പാനീയങ്ങൾ ഈ ഡയറ്റെടുക്കുമ്പോൾ ഒഴിവാക്കുന്നതാണ് ഉത്തമം. ഗ്രീൻ ടീ കുടിക്കുന്നതിൽ കുഴപ്പമില്ല.

ശരീരഭാരം കുറയ്ക്കാനും മാലിന്യങ്ങൾ നീങ്ങി ചർമം ആരോഗ്യവും അഴകുമുള്ളതാകാനും ഇടയ്ക്കിടെ ഡീടോക്സിങ് നടത്തുന്നതു നല്ലതാണ്. പക്ഷേ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രമേഹത്തിനു മരുന്നു കഴിക്കുന്നവരോ അനിയന്ത്രിതമായ പ്രമേഹമുള്ളവരോ ആയവർ, വൃക്കരോഗം പോലെ ദീർഘകാല രോഗമുള്ളവർ എന്നിവർക്ക് ഈ ഡയറ്റ് അനുയോജ്യമല്ല.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

പോഷകാഹാര വിദഗ്‌ധ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips