Thursday 27 August 2020 04:28 PM IST

ദീർ‌ഘായുസ് ജീനിൽ ഉണ്ടായിട്ട് കാര്യമില്ല; തലമുറകളെ വളർത്തിയ ഡോക്ടർമാർ ദീർഘായുസിന്റെ രഹസ്യം പങ്കുവയ്ക്കുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

doctors23435

ഡോ. മാത്യു പാറയ്ക്കൽ കടന്നുവന്നത് സ്വന്തം ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു സംശയവുമായിട്ടാണ്. ‌പ്രശ്നം എന്താണെന്ന് ഒരു അനുമാനമുണ്ട്. അതു ശരിയാണോയെന്ന് ഉറപ്പിക്കണം. മറ്റു രണ്ടു ഡോക്ടർമാരോടും കാര്യം പങ്കുവച്ചു. പിന്നെ ചർച്ചകളായി, വിശകലനങ്ങളായി. ശേഷം രണ്ടുപേരും രോഗനിർണയം നടത്തി. മാത്യു പാറയ്ക്കലിന്റെ അനുമാനം ശരിവയ്ക്കുന്നതായിരുന്നു അവരുടെ കണ്ടെത്തലും!!!

ചികിത്സയുടെയും രോഗനിർണയത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഇവർക്ക് ഒരേ മനസ്സ്. മൂന്നുപേരും നല്ല സുഹൃത്തുക്കളാണ്. കേരളത്തിന്റെ ചികിത്സാമേഖലയിൽ, പ്രത്യേകിച്ച് കോട്ടയത്ത് പല പുത്തൻ മുന്നേറ്റങ്ങൾക്കും സാരഥികളായവർ...തലമുറകൾക്ക് വെളിച്ചമേകിയ മൂന്നു ഡോക്ടർമാർ... ഇവരിൽ രണ്ടുേപർ നവതിയുടെ നിറവിലുമാണ്. പ്രശസ്ത സർജനും കോട്ടയം മെഡി. കോളജിലെ ആദ്യ സൂപ്രണ്ടുമായിരുന്ന ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ, കോട്ടയം മെഡി. കോളജിലെ ഹൃദ്രോഗവിഭാഗം സ്ഥാപക മേധാവി ആയിരുന്ന ഡോ. ജോർജ് ജേക്കബ്, കോട്ടയം മെഡി. കോളജിൽ മെഡിസിൻ വിഭാഗം പ്രഫസറായിരുന്ന ഡോ. മാത്യു പാറയ്ക്കൽ...മൂന്നുപേരും മനോരമ ആരോഗ്യത്തിന് വേണ്ടി ഒാർമകളുടെ സ്പന്ദനത്തിലേക്ക് മനസ്സു ചേർത്തപ്പോൾ അതു കേരളത്തിന്റെ വൈദ്യശാസ്ത്ര വളർച്ചയുടെ തന്നെ മിടിപ്പു തൊട്ടറിയുന്ന അനുഭവമായി. ഡോ. മാത്യു പാറയ്ക്കലാണ് മനോരമ ആരോഗ്യത്തിനുവേണ്ടി അഭിമുഖം നടത്തിയത്.

ഡോ. മാത്യു പാറയ്ക്കൽ: ഏത് അലുമ്നി മീറ്റ് നടന്നാലും ഡോ. ജോർജ് ജേക്കബിനെയും ഡോ. മാത്യുവിനെയും കുറിച്ച് പറയാതിരുന്നിട്ടില്ല. തലമുറകളെ വളർത്തിയ ഡോക്ടർമാരാണ് ഇവർ. എന്താണ് ദീർഘായുസ്സിന്റെ രഹസ്യം?

ഡോ. മാത്യു വർഗ്ഗീസ്: എന്റെ മാതാപിതാക്കൾ ദീർഘായുസ്സ് ഉള്ളവരായിരുന്നു. ആ ജീനിന്റെ ഗുണമാണ് എനിക്കും കിട്ടിയത്. നിങ്ങൾക്ക് ദീർഘകാലം ജീവിച്ചിരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ദീർഘായുസ്സുള്ള മാതാപിതാക്കളെ തിരഞ്ഞെടുക്കുക. (ഒരു നിമിഷത്തെ നിശ്ശബ്ദത...തുടർന്നു പൊട്ടിച്ചിരികൾ മുഴങ്ങി, ആയുസ്സിലേക്കുള്ള ലളിതമായ വഴി ഇതിലും മനോഹരമായി എങ്ങനെ പറഞ്ഞുവയ്ക്കാനാണ്...) പക്ഷേ, ദീർഘായുസ്സ് ജീനിൽ ഉണ്ടായിട്ടു കാര്യമില്ല. കള്ളുകുടിച്ചും പുകവലിച്ചും കളയാതിരിക്കണം. പതിവായി വ്യായാമം ചെയ്യണം. ചെറിയൊരു നടത്തമായാലും മതി, നിത്യവും ചെയ്യണം. ഞാൻ സ്റ്റാറ്റിൻ മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട്.

പത്തനംതിട്ട അയിരൂർ കുരുടാമണ്ണിലാണ് ഡോ. മാത്യു വർഗീസിന്റെ കുടുംബം. അച്ഛൻ പ്രഫസറായിരുന്നു, അദ്ദേഹത്തിന്റെ ജോലി സംബന്ധമായി ആന്ധ്രാപ്രദേശിലാണ് ഡോ. മാത്യു വളർന്നത്.

ഡോ. ജോർജ് ജേക്കബ്: എന്നെ കാണാൻ വരുന്നവരോട് ഡയറ്റ് നോക്കണം, വ്യായാമം ചെയ്യണം എന്നൊക്കെ ഉപദേശിക്കുമായിരുന്നു. പക്ഷേ, അതൊന്നും ഞാൻ പാലിച്ചിട്ടില്ല. (വീണ്ടും ചിരി

മുഴങ്ങി) എന്റെ അമ്മ 103–ാം വയസ്സിലാണ് മരിച്ചത്. കുടുംബപരമായി ആയുസ്സുണ്ട്. പിന്നെ, യാതൊരു ചീത്ത ശീലങ്ങളുമില്ല.

പാമ്പാടി പുള്ളോലിക്കൽ കുടുംബത്തിലെ ആദ്യ ഡോക്ടറാണ് ഡോ. ജോർജ് ജേക്കബ്. ഇപ്പോൾ പുള്ളോലിക്കൽ കുടുംബത്തിൽ 34 ഡോക്ടർമാരുണ്ട്.

ഡോ. മാത്യു പാറയ്ക്കൽ: ആദ്യമായി ഞാൻ ഡോക്ടർ മാത്യു വർഗീസിനെ കാണുന്നത് മദ്രാസിലെ ഒരു ഫൂട്ബോൾ മാച്ചിൽ വച്ചാണ്. ആരും ശ്രദ്ധിച്ചു പോകും. അതികായനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ... ഡോ. മാത്യു വർഗീസ് : ഞാൻ ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. പതിവായി വ്യായാമം ചെയ്യുമായിരുന്നു. നടക്കാൻ പ്രയാസമായപ്പോഴാണ് നിർത്തിയത്. ഡയറ്റൊന്നും നോക്കാറില്ല. ചോക്‌ലേറ്റ് ആണ് ഏറ്റവും ഇഷ്ടം. വിദേശത്തു നിന്നും മക്കൾ വരുമ്പോൾ ഇപ്പോഴും ഒരു പെട്ടി ചോക്‌ലേറ്റ് കൊണ്ടുവരും.

ഡോ. മാത്യു പാറയ്ക്കൽ: പാൻക്രിയാറ്റിക് സർജറി രംഗത്താണല്ലൊ മാത്യു വർഗീസ് പ്രശസ്തൻ. ആ അനുഭവങ്ങളെന്തൊക്കെയാണ്?

1964 സമയത്താണ്. ഒട്ടേറെ രോഗികൾ കടുത്ത വയറുവേദനയുമായി കാണാൻ വരുമായിരുന്നു. അവരെ പരിശോധിച്ചപ്പോൾ പാൻക്രിയാറ്റൈറ്റിസ് അഥവാ പാൻക്രിയാസിനുണ്ടാകുന്ന വീക്കം ആണു കാരണമെന്നു മനസ്സിലായി. സാധാരണ വില്ലനാകാറുള്ള മദ്യമല്ല ഇവിടെപ്രശ്നം. പിന്നെ, എന്താണ് കാരണമെന്നു മനസ്സിലാകുന്നില്ല. പക്ഷേ, ഒരുകാര്യം ശ്രദ്ധയിൽ പെട്ടു. മാംസ്യം കുറഞ്ഞ ഭക്ഷണവും കപ്പയുടെ അമിത ഉപയോഗവും ഉള്ളവരിലാണ് ഈ പ്രശ്നം കാണുന്നത്. നമ്മുടെ പാൻക്രിയാസിന് ദിവസം 19 ഗ്രാം പ്രോട്ടീൻ വേണം. ഇതു ലഭിക്കാതെ ദുർബലമായിരിക്കുന്ന പാൻക്രിയാസിന്റെ പ്രവർത്തനത്തെ കപ്പയിലെയും മറ്റും വിഷാംശം (കട്ട് അഥവാ സയനൈഡ്) ദോഷകരമായി ബാധിക്കും. അതാവും ഈ പാൻക്രിയാറ്റൈറ്റിസിനു കാരണമെന്ന് ഞങ്ങൾ അനുമാനിച്ചെടുത്തു. ലോകത്ത് പലയിടത്തും ട്രോപിക്കൽ രാജ്യങ്ങളിൽ ( ഉദാ: ആഫ്രിക്ക, ബ്രസീൽ) ഇത്തരം കേസുകളുണ്ടെന്നു പിന്നെ അറിഞ്ഞു.ഈ അവസ്ഥയ്ക്ക് ട്രോപിക്കൽ കാൽകുലസ് ഒാഫ് പാൻക്രിയാറ്റൈറ്റിസ് എന്നു ഞങ്ങൾ പേരിട്ടു. 1972ൽ മനിലയിൽ ഇതു സംബന്ധിച്ച് ഒരു പേപ്പർ അവതരിപ്പിച്ചു. ലോകത്ത് ആദ്യമായി ഈ രോഗാവസ്ഥയെക്കുറിച്ച് അവതരിപ്പിച്ച ശാസ്ത്രീയ പ്രബന്ധമായിരുന്നു അത്.

ഡോ. മാത്യു പാറയ്ക്കൽ: ഡോ. ജോർജ് ആയിരുന്നല്ലൊ കോട്ടയത്തെ കാർഡിയോളജി വിഭാഗം സ്ഥാപക തലവനും പ്രഫസറും. ആ കാലത്തെക്കുറിച്ചുള്ള ഒാർമകൾ എന്തൊക്കെയാണ്?

കേരളത്തിൽ ആദ്യമായി കാർഡിയോളജി വിഭാഗം പ്രത്യേകമായി വന്നത് കോട്ടയത്താണ്, 1970–ൽ. 28 കിടക്കകളുമായാണ് പ്രവർത്തനം ആരംഭിച്ചത്. തുട ക്കത്തിൽ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. കാർഡിയോളജിയിലാണെങ്കിൽ മരിച്ചു പണിയെടുക്കേണ്ടി വരുമെന്ന് അന്നൊക്കെ പിജി ഡോക്ടർമാരുടെയിടയിൽ ഒരു സംസാരം തന്നെയുണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം പരിശ്രമഫലമായി സൗകര്യങ്ങളെല്ലാം ഒാരോന്നായി വന്നു. എക്കോ ലാബ്, കാർഡിയാക് കതീറ്ററൈസേഷൻ...

കേരളത്തിലേക്കു വരും മുൻപേ ബ്രിസ്റ്റളിലെ റോയൽ ഇൻഫർമറി ആശുപത്രിയിലായിരുന്നു. അവിടെ യൂറോപ്യന്മാരുടെ ഇടയിൽ ഞാൻ ഒറ്റ മലയാളി ഡോക്ടറേയുള്ളു. മറക്കാനാവാത്ത ഒരു സംഭവം അവിടെ വച്ചുണ്ടായി. ഒരു പ്രശസ്തനായ സർജൻ ശസ്ത്രക്രിയ ചെയ്യുകയാണ്. സർജറിയെല്ലാം കഴിഞ്ഞ് ഹൃദയത്തിന്റെ പുറംഭാഗത്തെ ആവരണമായ പെരികാർഡിയത്തിലേക്ക് ട്യൂബ് ഇട്ടു. ട്യൂബ് ഇട്ടപ്പോൾ മുതൽ ഹൃദയമിടിപ്പിന്റെ താളം മാറിത്തുടങ്ങി. പ്രശ്നമെന്താണെന്ന് ആർക്കും പിടികിട്ടുന്നില്ല. ട്യൂബ് ഹൃദയ പേശിയിൽ തൊട്ടാണ് ഇരിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. പെട്ടെന്നു ട്യൂബ് മാറ്റാൻ പറഞ്ഞു. അതു ചെയ്തതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. അതിനുശേഷം എന്തു കാര്യവും അവർ എന്നോടുകൂടി കൺസൽറ്റ് ചെയ്തു തുടങ്ങി.

മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കത്തിലാണ് നവതിയിലെത്തിയ ഡോക്ടർമാരുടെ അഭിമുഖം. പൂർണരൂപം വായിക്കാൻ സെപ്റ്റംബർ ലക്കം കാണുക

Tags:
  • Manorama Arogyam
  • Health Tips