Tuesday 17 September 2019 10:54 AM IST

യുവത്വം നൽകും സ്ലീവ്‍ലെസ്, ശരീരത്തിന്റെ ഷേപ്പ് മറച്ചു പിടിക്കും സൽവാർ! പത്ത് വയസ് കുറയാൻ 10 ഡ്രസിങ് ടിപ്സ്

Santhosh Sisupal

Senior Sub Editor

dress

വസ്ത്രധാരണം കൊണ്ടുമാത്രം ഒരാളുടെ പ്രായം കാഴ്ചയിൽ പത്തോ അതിലധികമോ വയസ്സ് കുറയ്ക്കാം. നമ്മുടെ ശരീരത്തിൽ 80 ശതമാനവും വസ്ത്രങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുന്നു. ആ വസ്ത്രങ്ങളെ യൗവനഭരിതം ആക്കിയാൽ മതി ചെറുപ്പം നമുക്ക് തിരിച്ചു പിടിക്കാം.

1. അയഞ്ഞവസ്ത്രം:

വളരെ അയഞ്ഞ വസ്ത്രങ്ങൾ പ്രായാധിക്യം തോന്നിപ്പിക്കുന്നതാണ്. ഓരോരുത്തരുടെയും ശരീരത്തിന് പാകമായ വസ്ത്രങ്ങളാണ് ഉത്തമം. വളരെ മുറുകി പോകാത്ത വസ്ത്രങ്ങൾ നല്ലത്.

2. ശീലിച്ച വസ്ത്രങ്ങൾ:

ഓരോരുത്തരും ശീലിച്ച വസ്ത്രങ്ങൾ ആയിരിക്കും അവരവർക്ക് സൗകര്യപ്രദവും സുഖകരവുമായി അനുഭവപ്പെടുക. ഓരോരുത്തരുടെയും യൗവനത്തിലെ വസ്ത്രധാരണരീതി പിന്നീട് അതേപടി തുടരുകയാണ് പതിവ്. പ്രായത്തിനുസരിച്ച് മാറാത്ത വസ്ത്രരീതികൾ കൂടുതൽ പ്രായം തോന്നിപ്പിക്കും. എന്നാൽ കാലോചിതമായി യുവതീയുവാക്കളുെട വസ്ത്രരീതി തങ്ങൾക്കിണങ്ങും മട്ടിൽ പകർത്താം.

3. ഷർട്ട് ധരിക്കുമ്പോൾ:

പുരുഷന്മാരുടെ ഷർട്ടുകളുടെ ഷോൾഡർ വീതി, ചുമലുകൾ കവിയരുത്. ഷോൾഡർ ലൈനിൽ തന്നെ ഷർട്ടിന്റെ ഷോൾഡർ സ്റ്റിച്ചിങ് നിൽക്കുകയാണെങ്കിൽ ശരീരത്തിന് കൂടുതൽ ഉറപ്പും ഭംഗിയും തോന്നും.

4. ശരീരാകാരം കാട്ടാം:

വളരെ അയഞ്ഞതും നീളമുള്ളതുമായ സൽവാർ, കുർത്ത ടോപ്പുകൾ ശരീരത്തിന്റെ ആകാരം മറച്ചു പിടിക്കും. ഇത് കാഴ്ചയിൽ പ്രായം കൂടുതൽ തോന്നിക്കും. ശരീരത്തിന്റെ ഷെയ്പ് പ്രകടമാക്കുന്ന, പ്രത്യേകിച്ചും ഇടുപ്പ് അരക്കെട്ട് ഭാഗങ്ങളുെട ആകാരം പ്രകടമാകുന്ന വസ്ത്രധാരണരീതി പ്രായം കുറച്ചു തോന്നാൻ സഹായിക്കും.

5. ബ്രേസിയർ രഹസ്യം:

ബ്രേസിയർ പോലെ സ്ത്രീയുടെ ശരീരത്തിന് ഇത്രയധികം യൗവനഭംഗി നൽകുന്ന മറ്റൊരു വസ്ത്രവും ഇല്ല. ഒരു നീർത്തുള്ളിയുടെ ആകൃതിയിൽ സ്തനനങ്ങൾ താഴേക്കു നീങ്ങുന്നത് പ്രായമാകുന്നതിന്റെ പ്രകടമായ സൂചനയാണ്. കൃത്യമായ അളവിലും പാകത്തിലും ഉള്ള ബ്രേസിയർ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം. കപ്പ് സൈസും പ്രധാനമാണ്. കൂടുതൽ അയഞ്ഞതോ മുറുകിയതോ ആയ കപ്പുകൾ സ്തനഭംഗി കുറയ്ക്കും. വളരെ വലുതും അമിതമായി താഴേക്ക് നീങ്ങിയതുമായ സ്തനങ്ങൾ ഉള്ളവർ ‘സ്പോർട്സ് ബ്രാ’ പോലെ നല്ല സപ്പോർട്ട് നൽകുന്നവ വേണം തിരഞ്ഞെടുക്കാൻ. പ്രത്യേകിച്ചും ടീഷർട്ട് പോലെ മുറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ.

6.കായിക വസ്ത്രങ്ങൾ:

എത്ര പ്രായമുള്ളയാളും ടീഷർട്ടും ടൈറ്റ്സും അല്ലെങ്കിൽ ഷോർട്സും ധരിക്കുമ്പോൾ ഒറ്റക്കാഴ്ചയിൽ നല്ല പ്രായക്കുറവ് തോന്നും. ടീ ഷർട്ട് ഉൾപ്പെടെ സ്പോർട്സ് വസ്ത്രങ്ങളോട് സാദൃശ്യമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഊർജ്വസ്വലമായ യൗവനഭാവം തിരികെ നൽകും.

7. ഷേപ് വെയറുകൾ:

വസ്ത്രത്തിനുള്ളിൽ ധരിക്കുന്ന ഷേപ്‌വെയറുകൾ ശരീരത്തിന് ചെറുപ്പം തുളുമ്പുന്ന ആകാരഭംഗി പകരും. മാത്രമല്ല വസ്ത്രധാരണം കൂടുതൽ ശരീരത്തിന് ഇണങ്ങുന്നതാണെന്നു തോന്നിപ്പിച്ച് ആത്മവിശ്വാസം കൂട്ടാനും അവ സഹായിക്കാറുണ്ട്.

8. ജീൻസ് ധരിക്കാം:ജീൻസ് വസ്ത്രങ്ങൾ ധരിക്കുന്നത് പ്രായം കുറച്ചു തോന്നാൻ സഹായിക്കും. ജീൻസ് വസ്ത്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ യുവത്വം പ്രദാനം ചെയ്യുന്നതു കാണാം. അവ അധികം അയഞ്ഞതും ചുളിവുള്ളവയും ആകാതിരിക്കാൻ ശ്രദ്ധിക്കണം.

9.ചുമലുകൾ കാണട്ടെ:

പ്രായാധിക്യം പെട്ടെന്നു പ്രകടമാകാതെ വലിഞ്ഞു നിൽക്കുന്ന ചർ‌മഭാഗമാണ് കൈകളുടെ തൊട്ടു മുകളിലുള്ള ചുമൽഭാഗങ്ങൾ. അതിനാൽ സ്ലീവ് ലെസ് വസ്ത്രധാരണത്തിലൂെട ചുമലുകളുെട അഗ്രം പുറത്തു കാട്ടുന്നത് യുവത്വം തോന്നിപ്പിക്കാൻ സഹായിക്കും.

10. ചുളിവുകൾ ഒളിപ്പിക്കാം:

കഴുത്തിൽ ചുളിവുകൾ ഉള്ളവർ കടുത്ത നിറമുള്ളതോ ബ്രൈറ്റോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. കാണുന്നവരുടെ ശ്രദ്ധ കഴുത്തിൽ പോകാതിരിക്കാൻ അതു സഹായിക്കും.

Tags:
  • Beauty Tips