Thursday 01 April 2021 04:57 PM IST

‘ഷൂസും പാന്റും വാങ്ങും പക്ഷേ ആദ്യ ആഴ്ചയിൽ തന്നെ വ്യായാമം നിർത്തും?’ ഇങ്ങനെ ശീലിച്ചാൽ വ്യായാമം ഒരിക്കലും നിർത്തില്ല

Asha Thomas

Senior Sub Editor, Manorama Arogyam

exercid3324

വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ചു ചോദിച്ചാൽ നാം വാചാലരാകും. കാൻസർ മുതൽ ഹൃദ്രോഗം വരെയുള്ള രോഗങ്ങൾ തടയാം. ഉണർവോടെ ജോലികൾ ചെയ്യാം, അമിത ഭാരം കുറയ്ക്കാം. ശരീരം മെലിഞ്ഞ് വടിവൊത്തതാക്കാം. ഇങ്ങനെ ഒരു 10 ഗുണമെങ്കിലും വ്യായാമത്തിന്റേതായി പറയാൻ അറിയാത്തവർ ആരും കാണില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വ്യായാമം ചെയ്യുന്ന കാര്യത്തിൽ നമ്മൾക്ക് ആരംഭശൂരത്വമേ കാണാറുള്ളൂ. വ്യായാമത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിലും അനുസാരികൾ (ഷൂ, ട്രാക്, പാന്റ്സ്) വാങ്ങുന്നതിലും ഒന്നും മടി കാണിക്കില്ല. ആദ്യത്തെ നാലോ അഞ്ചോ ദിവസം കൃത്യമായി ചെയ്യുകയും ചെയ്യും. അതുകഴിഞ്ഞാൽ പിന്നെ ഓരോരോ ഒഴിവുകിഴിവുകൾ കണ്ടെത്തി വ്യായാമം ഒഴിവാക്കുകയായി.

മോട്ടിവേഷൻ പ്രധാനം

എന്തുകൊണ്ടാണ് വ്യായാമം ഒരു ശീലമാക്കാൻ ശ്രമിച്ച് നമ്മളിൽ പലരും പരാജയപ്പെടുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഒരുപാടു കാരണങ്ങൾ പറയാൻ കാണും. മടി, സമയമില്ല, സാഹചര്യങ്ങളില്ല എന്നിങ്ങനെ... പക്ഷേ, ഇത്തരം ഉത്തരങ്ങളുടെ തലനാരിഴ കീറി പരിശോധിച്ചാൽ കാണാം, ഇതൊന്നുമല്ല വ്യായാമത്തോടു താൽപ്പര്യമില്ല (മോട്ടിവേഷൻ) എന്നതാണ് പ്രധാന കാരണമെന്ന്. ഈ മോട്ടിവേഷൻ എന്നു പറയുന്നത് പ്രധാനമായും ഒരാളുടെ വ്യക്തിത്വത്തേയും അയാളുടെ ഉപാപചയ പ്രവർത്തന നിരക്കിനേയും ആശ്രയിച്ചിരിക്കുന്നു എന്നാണ് ഗവേഷകൻ പറയുന്നത്. അതായത് നമ്മുടെ വ്യക്തിപരമായ താൽപ്പര്യങ്ങളുടേയും സ്ൈറ്റലിന്റെയും ഒരു പ്രകടനം തന്നെയാണ് വ്യായാമ മുറയിലും ദൃശ്യമാകുന്നതത്രേ. നമ്മുടെ വ്യക്തിത്വവുമായി യോജിച്ചു പോകുന്ന വ്യായാമം തിരഞ്ഞെടുത്താൽ ഈ താൽപ്പര്യമില്ലായ്മ മാറുകയും വ്യായാമം ആസ്വാദ്യമാവുകയും ചെയ്യുമെന്നു സാരം. 1970-80 കൾ മുതൽ വ്യക്തിത്വവും കായിക അഭിരുചിയും തമ്മിലുള്ള ബന്ധം നിരീക്ഷിച്ചുകൊണ്ടു പല പഠനങ്ങളും നടന്നിട്ടുണ്ട്. അത്തരമൊരു പഠനത്തിൽ ആയോധനകലയിൽ പ്രാഗത്ഭ്യം ഉള്ളവർ ഉയർന്ന പോരാട്ടവീര്യമുള്ളവർ (അഗ്രസീവ്) ആണെന്ന് സമർഥിച്ചിരുന്നു. പക്ഷേ, മറ്റൊരു പഠനത്തിൽ അങ്ങനെയല്ലെന്നു തെളിഞ്ഞു. അതേപോലെ വളരെ നിഷ്ഠയോടെ, ഒരു അനിഷ്ഠാനം പോലെ വ്യായാമം ചെയ്യുന്നവരിൽ ഒബ്സസീവ് കംപൽസീവ് ഡിസോഡറിന്റെ ചില അടയാളങ്ങൾ ഉള്ളതായും നിരീക്ഷണങ്ങളുണ്ടായിരുന്നു.

സമയവും സ്വഭാവവും

വ്യായാമം ചെയ്യുന്ന സമയം തിരഞ്ഞെടുക്കുന്നതിൽ പോലും വ്യക്തിത്വ പ്രത്യേകതകൾക്കു സ്വാധീനമുണ്ട്. രാത്രി വൈകി കിടന്ന് രാവിലെ വൈകി മാത്രം ഉണരുന്ന ഒരാൾക്ക് അതിരാവിലെയുള്ള നടത്തം യോജിക്കമെന്നില്ല. ആദ്യമൊക്കെ വളരെ കഷ്ടപ്പെട്ട് നടന്നു തുടങ്ങുമെങ്കിലും പിന്നീടതു നിന്നുപോകാനാണ് സാധ്യത. ഇവർക്ക് വൈകുന്നേരങ്ങളിലെ നടത്തമോ ജിം വ്യായാമവോ ആവും താൽപ്പര്യം. അതേസമയം അതിരാവിലെ എഴുന്നേറ്റു ശീലമുള്ളവർക്ക് പുലർകാലത്തെ തണുപ്പിലൂടെയുള്ള ഒരു നടത്തം ഏറെ ആസ്വാദ്യമായി തോന്നാം. ഇതേപോലെ തന്നെ പ്രാധാന്യമർഹിക്കുന്നു, ഒരാൾ ഒറ്റയാനാണോ സാമൂഹിക ജീവിയാണോ എന്നതും. ഒറ്റയ്ക്കു വ്യായാമം ചെയ്യാൻ താൽപ്പര്യമുള്ളയാളാണെങ്കിൽ കൂട്ടമായുള്ള വ്യായാമങ്ങളിൽ പങ്കെടുക്കുന്നതിലും നല്ലത് തനിയെയുള്ള നടത്തമോ നീന്തലോ ഒക്കെ ശീലിക്കുന്നതാകും. അതേപോലെ വളരെ ഊർജസ്വലനായ ഒരു വ്യക്തി ഒരു മുറിയുടെ ശാന്തതയിൽ നടത്തുന്ന യോഗ പോലുള്ള വ്യായാമങ്ങളുമായി ചേർന്നു പോകണമെന്നില്ല. അയാൾക്ക് ജോഗിങ്ങോ ഓട്ടമോ ഒക്കെയാകും താൽപ്പര്യം. അല്ലെങ്കിൽ യോഗയുടെ തന്നെ വളരെ ചടുലമായ ഭാവങ്ങളായ പൈലേറ്റ് സോ പവർ യോഗയോ ശീലിക്കാം.

നാലുതരം വ്യക്തിത്വങ്ങൾ

വ്യക്തിത്വങ്ങളെ സ്വഭാവ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ പ്രധാനമായും മൂന്നായാണ് തിരിച്ചിരിക്കുന്നത്. ടൈപ്പ് എ, ടൈപ്പ് ബി, ടൈപ്പ് സി. ഈയടുത്തായി ടൈപ്പ് ഡി എന്നൊരു വിഭാഗം കൂടി പറഞ്ഞു കേൾക്കുന്നുണ്ട്.

ടൈപ്പ് എ–വളരെ മത്സരബുദ്ധിയുള്ളവരും നേട്ടങ്ങളാഗ്രഹിക്കുന്നവരുമായ വ്യക്തിത്വങ്ങൾ എന്തും വേഗത്തിൽ സാധിച്ചെടുക്കണം എന്നാണു താൽപ്പര്യം. സമയം വെറുതെ കളയുന്നതിൽ താൽപ്പര്യമില്ല. കഠിനാധ്വാനികളാണ്. കാര്യങ്ങൾ നടക്കുന്നതിൽ താമസം വന്നാൽ വളരെ പെട്ടെന്നു ദേഷ്യം വരും. തീരെ ക്ഷമയില്ലാത്ത വ്യക്തിത്വങ്ങളാണ് ഇവർ. അമിതമായ ദേഷ്യവും സ്ടെ്രസ്സുമുള്ളവരായതിനാൽ തന്നെ ഹൃദയധമനി രോഗങ്ങൾക്ക് ഇവരിൽ സാധ്യത കൂടുതലാണ്. ഉയർന്ന ബിപിയും കൊളസ്ട്രോളും കാണാം. മനസ്സിന്റെ പ്രശ്നങ്ങൾ ശാരീരിക രോഗങ്ങളായി മാറുന്ന അവസ്ഥ ഇവരിൽ പലരിലും കാണാറുണ്ട്. വ്യായാമത്തിന്റെ കാര്യത്തിലും ഈ ധൃതി അവർക്കുണ്ട്. വ്യായാമം തുടങ്ങിയാൽ ഇവർക്ക് എത്രയും പെട്ടെന്ന് ഫലം കിട്ടണം. ഇല്ലെങ്കിൽ വേഗം മുടക്കും. പെട്ടെന്നു ഫലം ലഭിക്കാനായി വളരെയധികം കഷ്ടപ്പെടാനും ഇവരൊരുക്കമാണ്. ഇത് പലപ്പോഴും പരിക്കുകൾക്കു കാരണമാകും. പേശികൾക്ക് അധികം ആയാസം വരാത്ത തരം വ്യായാമമാണ് ഇവർക്ക് അനുയോജ്യം. നീന്തൽ ഇവർക്ക് അനുയോജ്യമാണ്. അതേപോലെ ഉയർന്ന ഊർജം ചെലവഴിക്കുന്നതരം വ്യായാമങ്ങളും ഇവർക്ക് അനുയോജ്യമാണ്.

ടൈപ്പ് ബി–ടെൻഷൻ കുറവുള്ള കുറച്ച് കൂൾ ആയ വ്യക്തികൾ. ഭാവനാശാലികളും ക്രിയാത്മകശേഷിയുള്ളവരും. ഇവരും നേട്ടങ്ങളാഗ്രഹിക്കുന്നവരാണെങ്കിലും അത്ര മത്സരബുദ്ധിയുണ്ടാകില്ല. സാഹചര്യങ്ങൾ അനുസരിച്ച് മാറുന്നവരാണ്. ജീവിതം ആസ്വദിക്കാൻ സമയം കണ്ടെത്തുന്നവരും. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ഹൃദയധമനീ രോഗങ്ങൾക്ക് സാധ്യത തീരെ കുറവായിരിക്കും. ഇവർക്ക് കുറച്ച് റിലാക്സ്ഡ് ആയ വ്യായാമങ്ങൾ നല്ലതാണ്. കൂട്ടുചേർന്നുള്ള പ്രഭാത സവാരി ഉദാഹരണം.

ടൈപ്പ് സി–ടൈപ്പ് എയുടെ പോലെ മത്സരബുദ്ധിയുള്ളവരാണ്. എന്നാൽ, സമയബന്ധിതമായി ജോലി തീർക്കണമെന്ന നിർബന്ധ ബുദ്ധിയില്ല. മാറ്റങ്ങൾ അത്ര താൽപ്പര്യമില്ലാത്ത ഇവർക്ക് സ്ഥിരമായി ഒരേ പോലുള്ള ജോലികളാണ് താൽപ്പര്യം. വികാരങ്ങളൊക്കെ ഉള്ളിൽ തന്നെ അടക്കിവയ്ക്കുന്ന സ്വഭാവക്കാരാണ്. വിഷാദം പോലുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ട്. ഇവർക്ക് സ്ഥിരമായുള്ള ഒരു വ്യായാമ പദ്ധതി നല്ലതാണ്.

ടൈപ്പ് ഡി–ശുഭാപ്തി വിശ്വാസമില്ലാത്തവരാണിവർ. പൊതുവെ സമൂഹത്തിൽ നിന്നും മാറി നിൽക്കാൻ താൽപ്പര്യം. എല്ലാവരോടും ഇടപഴകാൻ ആഗ്രഹം കാണും. പക്ഷേ, പേടിയാണ്. ആത്മാഭിമാനം വളരെ കുറവായിരിക്കും. ചെറിയ പ്രശ്നങ്ങൾ പോലും വല്ലാതെ അലട്ടാം. ഇവർക്ക് കടുത്ത വിഷാദ സാധ്യതയുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത ഇവരിൽ മൂന്നു മടങ്ങു കൂടുതലാണ്. അധികം ആയാസമില്ലാത്ത വ്യായാമങ്ങളാകും ഇവർക്ക് നല്ലത്. ഓന്നോർക്കുക. നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന വ്യായാമം തിരഞ്ഞെടുക്കുമ്പോൾ അതൊരു ശീലമാക്കാനുള്ള സാധ്യത കൂടുതലാണ്. പുതവർഷം അങ്ങനെയൊരു ശീലത്തിന്റെ തുടക്കമാകട്ടെ.

വ്യക്തിത്വം അറിയാൻ ചോദ്യാവലി

1. വ്യായാമത്തേക്കുറിച്ചോർത്താൽ...

∙ അത്യധികമായ ഉത്സാഹം തോന്നുന്നു

∙ വ്യായാമം ചെയ്താൽ കൊള്ളാം. ആരെങ്കിലും തള്ളിവിടാൻ വേണം.

∙ തുടങ്ങാൻ മടി. പക്ഷേ, തുടങ്ങിക്കിട്ടിയാൽ ചെയ്തുകൊള്ളും.

2. താഴെ പറയുന്നതിൽ ഏതു വ്യായാമത്തിലാകും പങ്കെടുക്കുക

∙ ഒറ്റയ്ക്ക

∙ ഒരു ഗ്രൂപ്പിന്റെ കൂടെ

∙ ഒന്നോ രണ്ടോ സുഹൃത്തുക്കളോടൊപ്പം

3. ഞാൻ വ്യായാമം ചെയ്യുന്നത്...

∙ ശരീരാകൃതി മെച്ചപ്പെടുത്താൻ; അല്ലെങ്കിൽ നല്ല ആരോഗ്യത്തിന്

∙ സുഹൃത്തുക്കളെ കാണാനും പുതിയ വിശേഷങ്ങൾ അറിയാനും

∙ വ്യായാമം ചെയ്യാൻ മൂഡ് തോന്നുന്നതുകൊണ്ട്.

4. വ്യായാമം ചെയ്യുമ്പോൾ

∙ നേരത്തെ പ്ലാൻ ചെയ്യും

∙ മറ്റുള്ളവർ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തു വിളിക്കുമ്പോൾ പങ്കെടുക്കും

∙ നല്ല മൂഡാണെങ്കിൽ പെട്ടെന്നു കാര്യങ്ങളൊക്കെ ഏർപ്പാടാക്കും

5. മറ്റുള്ളവർ എന്നെ കാണുന്നത്

∙ ഒരു നേതാവായിട്ട്

∙ ഒരു ടീം പ്ലെയറായി

∙ ഒരു നല്ല ആശയത്തോടൊപ്പം ഒത്തുപോകുന്നയാളായി

6. ഞാൻ ആസ്വദിക്കുന്നത്

∙ എന്റെ ചിട്ടയ്ക്കനുസരിച്ചുള്ള വ്യായാമങ്ങൾ

∙ ഒരു പരിശീലകനോ ഗ്രൂപ്പോ സംഘടിപ്പിക്കുന്നത്

∙ അപ്പോൾ തോന്നുന്നത്

ആദ്യത്തെ ഉത്തരത്തിന്–1 മാർക്ക്

രണ്ടാമത്തേതിതന്–2 മാർക്ക്

മൂന്നാമത്തേതിന്–3 മാർക്ക്

6-9 വരെ മാർക്കു ലഭിച്ചാൽ നിങ്ങൾ സ്വയം പ്രേരിതനായി വ്യായാമം ചെയ്യുന്നയാളാണ് ഒരു വ്യായാമപദ്ധതിയുണ്ടാക്കി അതനുസരിച്ച് വർക് ഔട്ട് ചെയ്തു തുടങ്ങാൻ നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും. പക്ഷേ, പെട്ടെന്നു താൽപ്പര്യം പോകാം. അതുകൊണ്ട് പല വ്യായാമങ്ങൾ ഇട കലർത്തി ചെയ്യാം.

10-14 മാർക്ക്–നിങ്ങളൊരു ടീം പ്ലെയറാണ്. തീർച്ചയായും കൂട്ടമായുള്ള വ്യായാമങ്ങളാകും അനുയോജ്യം.

10-18 തോന്നലുകൾക്കനുസരിച്ചു പ്രവർത്തിക്കുന്ന നിങ്ങൾക്ക് ഒരു വ്യായാമം തുടർന്നു പോവുക പ്രയാസമാണ്. അതിനാൽ ജീവിതത്തിലെ മറ്റു കാര്യങ്ങളെ കൂടുതൽ ചലനാത്മകമാക്കുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സന്ദീഷ് പി. ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

എറണാകുളം.

Tags:
  • Fitness Tips
  • Manorama Arogyam
  • Health Tips