വാർധക്യത്തിലെത്തിയവർ ഏറ്റവുമധികം നേരിടേണ്ടിവരുന്ന പ്രശ്നമാണ് അപ്രതീക്ഷിത വീഴ്ചകളും അതിനെ തുടർന്നുള്ള കിടപ്പിലാകലും. എന്തുകൊണ്ടാണ് പ്രായമായവരിൽ വീഴ്ചകൾ കൂടുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? പ്രധാനപ്രശ്നം ബാലൻസ് കുറയുന്നതാണ്. കാഴ്ചശക്തിയിലെ വ്യതിയാനങ്ങൾ, ചെവിയിലെ വെസ്റ്റിബുലർ പ്രശ്നങ്ങൾ എന്നിവ മൂലം ബാലൻസ് തകരാറിലായി വീണുപോകാം.
ശരീരനിലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രക്തസമ്മർദത്തിലെ കുറവ് ( ഏറെനേരം നിൽക്കുമ്പോൾ ബിപി കുറയുന്ന ഒാർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ഉദാഹരണം), ഒന്നിലധികം മരുന്നുകളുടെ ഉപയോഗം,, പാദവുമായോ പാദരക്ഷകളുമായോ ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങളാൽ വാർധക്യത്തിലെത്തിയവർക്ക് വീഴ്ച സംഭവിക്കാം. ഏറ്റവും സാധാരണ സംഭവിക്കുന്നത് രാത്രി വേണ്ടത്ര വെളിച്ചമിടാതെ ടോയ്‌ലറ്റിൽ പോകുന്നതുവഴി എവിടെയെങ്കിലും തട്ടിവീഴുന്നതാണ്. അതല്ലെങ്കിൽ ബാത്റൂമിലെ നനഞ്ഞ പ്രതലത്തിൽ തെന്നിവീഴാം.
രോഗാവസ്ഥകൾ മൂലമല്ലാതെയുള്ള കാരണങ്ങൾ പ്രകാശക്രമീകരണം വഴിയും ബാത്‌റൂമിൽ പിടിച്ചുനടക്കാനുള്ള റെയ്‌ലിങ് പിടിപ്പിക്കുക വഴിയും വീട്ടിലെ തറകൾ നനവില്ലാതെ സൂക്ഷിക്കുകയും വഴി ഒരു പരിധിവരെ തടയാവുന്നതേയുള്ളു. ബാലൻസ് പ്രശ്നം പോലുള്ളവ അനുഭവപ്പെട്ടു തുടങ്ങുമ്പോഴേ ഒരു ഡോക്ടറെ കാണണം.
വാർധക്യത്തിലെത്തിയവർ വ്യായാമം ചെയ്യുന്നതുവഴി വേച്ചുവീഴുന്നത് പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും കുറേശ്ശേ ബാലൻസ് മെച്ചപ്പെടുത്താനാകും. പരസഹായമില്ലാതെ, ബാലൻസ് തെറ്റുമെന്ന പേടിയില്ലാതെ നിൽക്കാനും നടക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനുമൊക്കെയാകും. ബാലൻസ് മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനുമുള്ള തീർത്തും ലളിതമായ ഏതാനും ചില വ്യായാമങ്ങളാണ് ചുവടെ.
ഇരുന്നെഴുന്നേൽക്കാം
ഈ വ്യായാമം തീർത്തും ലളിതമാണ്. ഒരു കസേരയിൽ ഇരുന്ന് എഴുന്നേൽക്കുക. പക്ഷേ, കൈകൊണ്ട് എങ്ങും പിടിക്കാതെ വേണം. ആദ്യം നിങ്ങളുടെ ഉയരത്തിന് അനുയോജ്യമായ, നല്ല ഉറപ്പുള്ള ഒരു കസേര എടുക്കുക. കാൽപാദം നിലത്തു പതിപ്പിച്ചുവച്ച് നടു നിവർത്തി ഇരിക്കുക. ഇനി പതിയെ മുന്നോട്ടൽപം ആഞ്ഞ് കൈ കൊണ്ട് എവിടെയും പിടിക്കാതെ എഴുന്നേൽക്കുക. ഇനി പഴയതുപോലെ ഇരിക്കുക. ദിവസവും രണ്ടു പ്രാവശ്യം 10 തവണ വീതം ആവർത്തിക്കാം. ഇരിക്കുന്നതിന് അൽപം മുൻപിലായി ഒരു മേശയിട്ടാൽ ഇരുന്നെഴുന്നേൽക്കുമ്പോൾ പെട്ടെന്നു ബാലൻസ് പോയാൽ വീഴാതിരിക്കാൻ സഹായിക്കും.

ഇതു ചെയ്യുമ്പോൾ മുട്ടിലോ നടുവിനോ ഇടുപ്പിനോ വേദന അനുഭവപ്പെട്ടാൽ ചെയ്യരുത്.
കാൽ അകറ്റാം
കാലുകൾ തോളകലത്തിൽ അകറ്റി വച്ച് നിൽക്കുക. കണ്ണുകൾ തുറന്നുപിടിച്ച് 10 നിമിഷം ഇങ്ങനെ തുടരുക. 30 സെക്കൻഡ് വരെ ഇങ്ങനെ തുടരാൻ ശ്രമിക്കുക. ചിലപ്പോൾ ചുവട് ഇടറുകയോ മുന്നോട്ടാഞ്ഞ് വീഴാൻ പോവുകയോ ചെയ്യാം. ഇതു തടയാൻ ഒരു ഭിത്തിക്ക് അഭിമുഖമായി നിന്നു ചെയ്യുക.
കാൽ അടുപ്പിച്ചുവയ്ക്കാം
കാൽപാദം അടുപ്പിച്ച് വച്ച് 10 നിമിഷം നിൽക്കുക. 30 നിമിഷം ഇങ്ങനെ വീഴാതെ നിൽക്കാനാകുന്നതുവരെ നിന്നു ശീലിക്കുക.
ഒറ്റക്കാലിൽ നിൽക്കും കൊക്കുപോലെ
കണ്ണു തുറന്നുപിടിച്ച് ഒരു കാലിൽ നിൽക്കുക. കൈ എങ്ങും തൊടരുത്. നെഞ്ചോടു ചെർത്തു കെട്ടിവയ്ക്കുകയോ വെറുതെ മുൻപോട്ടു പിടിക്കുകയോ ചെയ്യുക. 10 സെക്കൻഡ് ഇങ്ങനെ നിൽക്കാം. 30 സെക്കൻഡ് വരെ വീഴാതെ നിൽക്കാനാകുമോ എന്നു ശ്രമിച്ചുനോക്കുക.
എല്ലാ വ്യായാമങ്ങളും ദിവസവും രണ്ടു പ്രാവശ്യം അഞ്ചു തവണ വച്ച് ചെയ്യുക.