ശരീരത്തിലെ പേശീബലം കുറഞ്ഞ ഭാഗത്തുകൂടി അവയവങ്ങൾ പ്രത്യേകിച്ച് ചെറുകുടൽ തള്ളിവരുന്നതാണ് ഹെർണിയ. കുടലിറക്കം എന്നും പറയും. പ്രധാനമായും വയറിന്റെ ഭാഗത്തും ഇടുപ്പിനു താഴ്ഭാഗത്തായുമാണ് (groin) ഹെർണിയ കണ്ടുവരുന്നത്. വയറിലെ പേശികൾ ദുർബലമാകുമ്പോൾ അതിലൂടെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗമായ അവയവങ്ങൾ തള്ളിവരുന്നു. വയറിനുള്ളിലായി ആന്തരികാവയവങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമുണ്ട്. പെരിട്ടോണിയം എന്നാണു പേര്. ഈ അവരണത്തിനുള്ളിലൂടെയാണ് ചെറുകുടൽ പോലുള്ള ആന്തരാവയവങ്ങൾ തള്ളിവരുന്നത്. കുടൽ തള്ളിവരുമ്പോൾ വയറിന്റെ ആവരണത്തിലെ സംയോജിത കലകൾ കൂടുതൽ വലിഞ്ഞ് കുടലിന് കൂടുതൽ കൂടുതൽ പുറത്തേക്കു തള്ളിവരാൻ ആവശ്യമായ സാഹചര്യമൊരുങ്ങുന്നു. അങ്ങനെയാണ് ഹെർണിയ സഞ്ചി (Hernia sac) രൂപപ്പെടുന്നത്. ഈ സഞ്ചിക്ക് ഒരു കഴുത്തും അതിന്റെ അഗ്രഭാഗത്ത് ഫണ്ടസും പിന്നെ തള്ളിയഭാഗവുമുണ്ട്. കാഴ്ചയിൽ വീർപ്പിച്ച ബലൂൺ പോലെയിരിക്കും.
അമിതമായ മർദ്ദമാണ് ബലക്കുറവിലേക്കു നയിക്കുന്ന പ്രധാനകാരണം. അമിതവണ്ണം, മാറാത്ത ചുമയും തുമ്മലും, ശ്വാസകോശസംബന്ധിയായ അസുഖങ്ങൾ, ശരീരപ്രകൃതി, പാരമ്പര്യം, അമിതമായി ഭാരമെടുക്കൽ, പ്രായമേറുന്നതിനോടനുബന്ധിച്ച് ശരീരപേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയൊക്കെ ഹെർണിയയ്ക്കു കാരണമാകാം. ഗർഭകാലത്ത് വയറ് വലുതാകുകയും പേശികൾ അയയുകയും ചെയ്യുന്നതിനാൽ ഗർഭിണികളിൽ ഹെർണിയ ഉണ്ടാകാം.
ലക്ഷണങ്ങൾ
ഏതു ശരീരഭാഗത്താണോ ഹെർണിയ ഉള്ളത് ആ ഭാഗത്ത് മുഴ പോലെയുള്ള ഒരു തള്ളലാണ് പ്രധാനലക്ഷണം.
ഈ ഘട്ടത്തിൽ ആന്തരാവയവങ്ങളെ പൊതിഞ്ഞുനിൽക്കുന്ന പെരിട്ടോണിയം ആകും തള്ളിവരുന്നത്. ആന്തരാവയവങ്ങളുള്ള ഹെർണിയ സഞ്ചി രൂപപ്പെട്ടു കാണില്ല. അമിതമായി ബലം ചെലുത്തുമ്പോൾ ഒരു മുഴ പൊങ്ങിവരുന്നത് വ്യക്തമായി കാണാം. കിടക്കുമ്പോഴും മറ്റും അപ്രത്യക്ഷമാവുകയും ചെയ്യും. മുഴ രൂപപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഭാരംതിങ്ങിയതുപോലെ അനുഭവപ്പെടാം. ഹെർണിയയുടെ തള്ളൽ രൂപപ്പെടുന്ന ആദ്യഘട്ടത്തിലേ വേദന അനുഭവപ്പെടാം. ആന്തരാവയവങ്ങൾ തള്ളിവരാനായി പേശികൾക്കിടയിൽ വിടവു രൂപപ്പെടുന്നതാണ് കാരണം. വിടവു വലുതാകുന്നതോടെ വേദന മാറും. പിന്നെ മുഴ പോലെയൊരു തള്ളൽ ദൃശ്യമാകും. ഈ ഘട്ടത്തിൽ ഹെർണിയയിലെ അവയവഭാഗം അകത്തേക്കു തള്ളിവയ്ക്കാൻ പറ്റും. എന്നാൽ ഹെർണിയയിലേക്ക് തള്ളിയ ഭാഗം ഹെർണിയ സഞ്ചിയുമായി ഒട്ടിപ്പിടിച്ചാലോ അവയവ ഭാഗങ്ങൾ തമ്മിൽ ഒട്ടിയിരുന്നാലോ തിരിച്ച് അകത്തേക്കാക്കാൻ പറ്റില്ല. ഈ സമയത്ത് വേദന അനുഭവപ്പെടാറുമില്ല.
ശസ്ത്രക്രിയയില്ലാതെ സുഖപ്പെടുത്താമോ?
ഡയഫ്രത്തിന്റെ ആരംഭഭാഗത്തായി അന്നനാളം ആമാശയവുമായി ചേരുന്ന ഭാഗത്തെ പേശികൾക്കുണ്ടാകുന്ന ബലക്ഷയം മൂലം ആമാശയത്തിന്റെ മുകളറ്റം പുറത്തേക്കു വീർത്തുവരുന്ന ഹയറ്റൽ ഹെർണിയ പൊതുവേ മരുന്നും ആഹാരശീലങ്ങളിലെ മാറ്റങ്ങളും കൊണ്ട് പരിഹരിക്കാം. പക്ഷേ, ഇത്തരം ചുരുക്കം ചില ഹെർണിയകളുടെ കാര്യമൊഴിച്ചാൽ ശസ്ത്രക്രിയ തന്നെയാണ് പ്രധാനപരിഹാരം. സങ്കീർണതകളില്ലെങ്കിൽ ശസ്ത്രക്രിയകൾ അൽപം നീട്ടിവയ്ക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ അത് സ്ഥിരമായ നീട്ടിവയ്ക്കലാകരുതെന്നു മാത്രം. ഹെർണിയ ഉള്ളവർ ബെൽറ്റ് ധരിക്കുന്നത് ഒരു പരിഹാരമല്ല, താൽക്കാലിക ആശ്വാസം മാത്രമാണ്. തുടക്കത്തിലേ ചികിത്സ ചെയ്യാതെ ബെൽറ്റ് മുറുക്കിക്കെട്ടി വേദന സഹിച്ചു നടക്കുന്നത് ഹെർണിയയെ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ.
1887ൽ പേശികലകളെ തമ്മിൽ തുന്നിച്ചേർത്തുള്ള ഹെർണിയോട്ടമി ശസ്ത്രക്രിയ ആരംഭിച്ചു. വയറു തുറന്നുള്ള ഹെർണിയ ശസ്ത്രക്രിയകളിൽ ഹെർണിയയ്ക്കടുത്തായി ഒരു മുറിവ് ഉണ്ടാക്കി തള്ളിനിൽക്കുന്ന കുടൽ ഭാഗമോ കൊഴുപ്പോ ഒക്കെ വയറിനുള്ളിലേക്ക് കയറ്റിവയ്ക്കുന്നു. ശേഷം ഉദരഭിത്തിയിലെ തകരാറ് നീക്കി ദുർബലമായിരുന്ന പേശികളും ശരീരകലകളും ചേർത്ത് തുന്നുന്നു.
1950 കൾ മുതൽ ഹെർണിയ ശസ്ത്രക്രിയകളിൽ മെഷ് ഉപയോഗിച്ചു തുടങ്ങി. വളരെ മൃദുവും വഴക്കമുള്ളതുമായ പ്ലാസ്റ്റിക് പോലുള്ള പദാർഥമാണ് മെഷ്. മൃദുവായ മെഷും കടുപ്പമുള്ള മെഷും ഉണ്ട്. പ്രോലിൻ എന്ന പദാർഥം കൊണ്ടാണ് മെഷ് ഉണ്ടാക്കിയിരിക്കുന്നത്. അൽപം ചെലവേറുമെങ്കിലും മൃദുവായ മെഷ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതു ശരീരവുമായി എളുപ്പം ചേർന്നുപോകും. കടുപ്പമുള്ള മെഷ് ഒരു പാളി പോലെ ഇരിക്കുന്നതിനാൽ അസ്വസ്ഥ്യങ്ങൾ ഉണ്ടാക്കിയേക്കാം.
ഹെർണിയ ഉണ്ടായിരുന്ന ഭാഗത്തെ തകരാറ് പരിഹരിച്ച ശേഷം ആ ഭാഗത്തെ ശരീരകലകളിലേക്ക് മെഷ് കൂടി തുന്നിപ്പിടിപ്പിക്കുന്നു. ഇതോടെ ആ ഭാഗത്ത് നല്ല താങ്ങു ലഭിക്കുന്നു. സാധാരണഗതിയിൽ ഒന്നര മണിക്കൂറു കൊണ്ട് ശസ്ത്രകര്ിയ പൂർത്തിയാകുമെങ്കിലും ഹെർണിയയുടെ സ്ഥാനവും വലുപ്പവുമൊക്കെ അനുസരിച്ചു സമയം വ്യത്യാസപ്പെടാം.
1990 കളിലാണ് ഹെർണിയ ശസ്ത്രക്രിയ ലാപ്രോസ്കോപിക് രീതിയിൽ ചെയ്യാൻ ആരംഭിച്ചത്. താക്കോൽദ്വാര രീതിയിൽ ചെയ്യുമ്പോൾ വലിയൊരു മുറിവിനു പകരം മൂന്നു നാല് ചെറിയ മുറിവുകൾ മതിയാകും. മുറിവിലൂടെ വിഡിയോ കാമറ കടത്തി ഉൾവശം നിരീക്ഷിച്ച് ഹെർണിയ റിപ്പയർ ചെയ്യുന്നു. ശേഷം തുന്നലിട്ട് മെഷ് ഉറപ്പിക്കുന്നു. മുറിവു ചെറുതായതിനാൽ വേദന കുറവാണ് ഈ രീതിയിൽ. അധികദിവസം ആശുപത്രിയിൽ കിടക്കേണ്ടതില്ല. കാലതാമസമില്ലാതെ ദൈനംദിന പ്രവൃത്തികൾ തുടരാം.
വീണ്ടും വരുമോ
ശസ്ത്രക്രിയയ്ക്കു ശേഷം വലിയ വിശ്രമം വേണ്ടതില്ലെങ്കിലും അമിതഭാരം എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഹെർണിയ വീണ്ടും വരാനുള്ള സാധ്യത മെഷ് രീതിയിലും താക്കോൽദ്വാര രീതിയിലും ഒരുപോലെയാണ്. ഹെർണിയ ശസ്ത്രക്രിയയ്ക്കു ശേഷം അമിതഭാരം എടുക്കുന്നതും കുനിഞ്ഞുകൊണ്ട് അശാസ്ത്രീയമായി വസ്തുക്കൾ എടുക്കുന്നതും രണ്ടാമത് ഹെർണിയ വരാനിടയാക്കാം. ആസ്മ, മലബന്ധം, ശക്തമായ ചുമ പോലെ വയറിന് അമിതസമ്മർദം ചെലുത്തുന്ന കാര്യങ്ങളാണ് മറ്റൊരു കാരണം. ശസ്ത്രക്രിയ ടെക്നിക്കുകളിൽ വരുന്ന പാകപ്പിഴകൾ മൂലവും ഹെർണിയ വീണ്ടുംവരാം. ശസ്ത്രക്രിയ ചെയ്തഭാഗത്തുണ്ടാകുന്ന അണുബാധകളും രോഗമാവർത്തിക്കാൻ കാരണമാകാറുണ്ട്.
മെഷ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ വ്യാപകമായതോടെ ഹെർണിയ വീണ്ടുംവരാനുള്ള സാധ്യത കുറഞ്ഞുവരുന്നുണ്ട്. ഹെർണിയകളുടെ തിരിച്ചുവരവ് 11 ശതമാനത്തിൽ നിന്നും ഏതാണ്ട് ഒരു ശതമാനമാക്കാൻ മെഷുകൾക്ക് കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്
മനോരമ ആരോഗ്യം ആര്‍കൈവ്