Thursday 27 February 2020 10:40 AM IST

‘കഞ്ചാവ് ഓയിൽ, ബേക്കിങ് സോഡ...എന്റെ ഒരു ബന്ധുവിന് പരീക്ഷിച്ചത്’; മരണ ശീട്ടെഴുതുന്ന കാൻസർ പ്രചരണങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

cancer-fake

കാൻസർ– തട്ടിപ്പിൽ കുടുങ്ങരുതേ....

വാട്സ് ആപ്പും ഫേസ് ബുക്കും തുറക്കുമ്പോൾ ആരോഗ്യസന്ദേശങ്ങളുടെ പ്രളയമാണ്. ഇതു കഴിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാം. ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കിയാൽ ഇന്ന രോഗം സുഖമാക്കാം എന്ന മട്ടിലാണ് സന്ദേശങ്ങളുടെ പോക്ക്. ഏറ്റവും ഡിമാൻഡ് കാൻസർ ചികിത്സ സംബന്ധിച്ചുള്ള സന്ദേശങ്ങൾക്കാണ്. കാൻസർ രോഗത്തേക്കുറിച്ചുള്ള ആളുകളുടെ ഭീതിയും വെറുപ്പുമാണ് ഇത്തരം സന്ദേശങ്ങളുടെ പ്രചാരത്തിന് വളക്കൂറാകുന്നത്. രോഗലക്ഷണങ്ങളുടെ കാഠിന്യം, ചികിത്സയുടെ പാർശ്വഫലങ്ങൾ, ഭീമമായ സാമ്പത്തിക ചെലവ് തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ കാൻസർ എന്ന രോഗം ആളുകൾക്ക് ഇപ്പോഴും പേടിസ്വപ്നമാണ്. പല അർബുദരോഗികളും അവസാനത്തെ കച്ചിത്തുരുമ്പ് ആയാണ് തട്ടിപ്പു ചികിത്സകളെ പരീക്ഷിക്കാനിറങ്ങുന്നത്.

കഞ്ചാവ് ഒായിൽ, കീറ്റോ ഡയറ്റ്, ബേക്കിങ് സോഡ, ഹിമാലയൻ ഉപ്പ്, മുള്ളാത്ത തുടങ്ങി ഇഞ്ചി. ഒറിഗാനോ എണ്ണ വരെ നീളുന്ന വലിയൊരു ലിസ്റ്റു തന്നെ കാൻസർ ചികിത്സയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിലസുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ അർബുദരോഗികളുടെ ഗ്രൂപ്പുകളിലും മറ്റും ഇത്തരം അബദ്ധങ്ങൾ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്റെ ഒരു ബന്ധുവിന് പരീക്ഷിച്ച് ഫലം കണ്ടത് എന്ന മട്ടിലാണ് പല മെസേജുകളും പ്രചരിക്കുന്നത് തന്നെ.

സമാനമായ ഒരു അനുഭവം കാൻസർ രോഗത്തെ അതിജീവിച്ച അഡ്വ. പ്രശാന്ത് രാജൻ പങ്കുവയ്ക്കുന്നു.

‘‘എന്റെ സുഹൃത്ത് വഴിയാണ് എഞ്ചിനീയറിങ് വിദ്യാർഥിയായ യുവാവിനെ കാണുന്നത്. കോഴ്സിന്റെ മൂന്നാം വർഷത്തിലാണ് കാൻസറാണെന്ന് കണ്ടുപിടിക്കുന്നത്. ഇവന്റെ തന്നെ ഒരു ബന്ധു കാൻസറിന് മോഡേൺ മെഡിസിനിൽ ചികിത്സയൊന്നുമില്ല എന്ന് അവന്റെ അച്ഛനെയും അമ്മയെയും എങ്ങനെയോ ബോധ്യപ്പെടുത്തി. വയനാട്ടിലുള്ള പച്ചമരുന്ന് ചികിത്സാകേന്ദ്രത്തിലെത്തിച്ചു. അതുകൊണ്ട് കുറയാതെ വന്നപ്പോൾ കുറേനാൾ ഹോമിയോ മരുന്നു കഴിച്ചു. ഞാൻ കാണുമ്പോൾ അവൻ സ്ട്രെച്ചറിലാണ്. എനിക്ക് പരിചയമുള്ള ഒരു ഒാങ്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോൾ കഷ്ടി രണ്ടു മാസമേ ഇനിയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അത്രയ്ക്ക് രോഗം വഷളായിരുന്നു. പക്ഷേ, ചികിത്സ തുടങ്ങി വളരെ പട്ടെന്നു തന്നെ അവന്റെ ശരീരം മരുന്നുകളോടു പ്രതികരിച്ചുതുടങ്ങി. ഇപ്പോൾ അവൻ പഠനം പൂർത്തിയാക്കി ക്യാംപസ് ഇന്റർവ്യൂ കഴിഞ്ഞ് നല്ലൊരു ജോലിയിലാണ്.

രണ്ടു മൂന്നു വർഷം മുൻപത്തെ സംഭവമാണ് ഇത്. ഒാരോ വർഷം ചെല്ലുന്തോറും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നതേ ഉള്ളൂ. നിർഭാഗ്യമെന്നു പറയട്ടെ, ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നത് കൂടുതലും വിദ്യാസമ്പന്നരാണ്...അവരിൽ വക്കീലന്മാരും ടീച്ചർമാരും ഡോക്ടർമാർ പോലുമുണ്ട്. ഒരു സന്ദേശം കാണുമ്പോൾ അതു ശരിയാണോ എന്നൊന്നു ചിന്തിക്കാൻ പോലും ആളുകൾ മിനക്കെടുന്നില്ല.’’ പ്രശാന്ത് പറയുന്നു.

ഒരൊറ്റ സന്ദേശം മൂന്നു ഡോക്ടർമാർ

2019ൽ കാൻസർ ചികിത്സ സംബന്ധിച്ച് ഏറ്റവുമധികം പ്രചരിച്ച തട്ടിപ്പ് സന്ദേശങ്ങളിലൊന്നായിരുന്നു പ്രശസ്ത കാൻസർ ചികിത്സകനായ ഡോ. വി പി ഗംഗാധരന്റെ പേരിലുള്ളത്. സന്ദേശം ഇപ്രകാരമായിരുന്നു.

‘‘ 1. പഞ്ചസാര മാറ്റി നിർത്തുക. പഞ്ചസാര ഇല്ലെങ്കിൽ കാൻസർ പടരില്ല. തനിയെ നശിക്കും. 2. ഒരു ചെറുനാരങ്ങ മൊത്തം ചൂടുവെള്ളത്തിൽ പിഴിഞ്ഞ് ഒരു ഗ്ലാസ്സ് ദിവസേന രാവിലെ ഭക്ഷണത്തിനു മുൻപ് ഒരു മാസം മുതൽ മൂന്നു മാസം വരെ ദിവസേന കഴിക്കുക.

ഇതു കീമോതെറപ്പിയേക്കാൾ 10,000 തവണ ഗുണകരമാണെന്നു മേരിലാൻഡ് കോളജ് ഒഫ് മെഡിസിൻ പഠനങ്ങൾ തെളിയിക്കുന്നു. 3. രാവിലെയും വൈകിട്ടും മൂന്നു സ്പൂൺ വീതം ഒാർഗാനിക് വെളിച്ചെണ്ണ കഴിക്കുന്നത് കാൻസർ അകറ്റും. ഈ സന്ദേശം പ്രചരിച്ചുതുടങ്ങി അധികം വൈകാതെ ഡോ. ഗംഗാധരൻ തന്റെ പേരിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ പോലിസിനു പരാതി നൽകി.

ഇതേ സന്ദേശം തന്നെ ഒരു ഡോ. ഗുപ്തയുടെ പേരിലും ഡോ. ഗുരുപ്രസാദ് റെഡ്ഡിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ടു. ഡോ. റെഡ്ഡിയുടെ പേരിൽ പ്രചരിച്ചതിൽ മേരിലാൻഡ് ഗവേഷകർക്ക് പകരം റഷ്യയിലെ ഒാഷ് സ്േറ്ററ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പഠനമെന്നായി. ഈ രണ്ടു ഡോക്ടർമാരേക്കുറിച്ചും നെറ്റിൽ തിരഞ്ഞാൽ ലിങ്കുകൾ ഒന്നുമില്ല. മറ്റൊരു രസകരമായ കാര്യം ഒാഷ് സ്േറ്ററ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി റഷ്യയിലല്ല, കിർഗിസ്ഥാനിലാണ്.

ഇനി ഇതിലെ അവകാശവാദങ്ങൾ പരിശോധിച്ചു നോക്കാം. അർധസത്യങ്ങളുടെ മേൽ നുണകൾ പൊതിഞ്ഞുണ്ടാക്കിയതാണ് പല സന്ദേശങ്ങളുമെന്നു കാണാം. ഇവയിൽ പലതിനും അടിസ്ഥാനമായി ഏതെങ്കിലും ഒരു പഠനഫലമോ പൊതു തത്വമോ ഉണ്ടാകും. അതിനെ പെരുപ്പിച്ച് വലുതാക്കുകയാണ് സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർ ചെയ്യുന്നത്. ഉദാഹരണത്തിന് മധുരം മൂലം കാൻസർ മുഴകൾ ഉണ്ടാകുന്നു എന്നു പറയുന്നത് തന്നെ നോക്കാം. അമിതമായ ലളിതവത്കരണമാണ് ഇവിടെ നടത്തിയിരിക്കുന്നത്. മധുരം കുറയ്ക്കുന്നത് പൊതുവായി ആരോഗ്യത്തിനു നല്ല കാര്യമാണെന്നത് എല്ലാവർക്കും അറിയാം. പ്രമേഹമുൾപ്പെടെ ജീവിതശൈലീ രോഗങ്ങളെ തടയാൻ സഹായകവുമാണ്. വളരെ പെട്ടെന്നു പെരുകുന്ന കാൻസർ കോശങ്ങൾക്ക് ഗ്ലൂക്കോസ് ധാരാളം വേണമെന്നത് സത്യമാണ്. ധാരാളം പോഷകങ്ങളും വേണം. എന്നുകരുതി ഷുഗർ–ഫ്രീ ഡയറ്റ് കാൻസർ കുറയ്ക്കും എന്നു പറയാനാവില്ല. ഇതിന് ശാസ്ത്രീയമായ തെളിവില്ല എന്ന് കാൻസർ റിസർച്ച് യു.കെയും പറയുന്നു.

അതുപോലെ തന്നെ, സിട്രസ് ജ്യൂസുകൾക്ക് ആന്റി കാൻസർ ഗുണമുണ്ടെന്ന് ചില പഠനങ്ങളുണ്ട്. ശരി തന്നെ. എന്നുകരുതി നാരങ്ങാജ്യൂസ് കുടിച്ചാൽ കാൻസർ മാറുമെന്നു പറയാനാവില്ല. ഇതിൽ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നു പറയുന്നു അമേരിക്കയിലെ നാഷനൽ സെന്റർ ഫോർ ഹെൽത് റിസർച്ച്. നാരങ്ങയുടെയും കീമോതെറപ്പിയുടെയും ഫലങ്ങളെ താരതമ്യം ചെയ്തുള്ള പഠനങ്ങളുമില്ല എന്നോർക്കണം. ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞുകുടിക്കുന്നത് കീമോതെറപിയേക്കാൾ 10,000 മടങ്ങ് മെച്ചമാണെന്നൊക്കെ പറയുന്നത് ശുദ്ധ അതിശയോക്തി മാത്രമാണ്.

വെളിച്ചെണ്ണയിലെ ലോറിക് ആസിഡ് കുടൽ കാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്ന് ഒരു പഠനമുണ്ട്. പക്ഷേ, അതുകൊണ്ട് വെളിച്ചെണ്ണ കൊണ്ട് എല്ലാ കാൻസറും ചികിത്സിക്കാമെന്നു പറഞ്ഞാൽ മണ്ടത്തരമാകും. പലതരം കാൻസറുകളുണ്ട്. അവയുടെയൊക്കെ കാരണവും വ്യത്യസ്തമാണ്. എല്ലാ കാൻസറിനുമുള്ള ഒറ്റ മാജിക് മരുന്നായ് ഒന്നും ഇതേവരെ കണ്ടെത്തിയിട്ടില്ല.

ഈ സന്ദേശം തന്റെ അറിവോ സമ്മതമോ ഇല്ലാതെ സൃഷ്ടിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും ആണെന്നും ശുദ്ധ അബദ്ധമാണെന്നും ഡോ. ഗംഗാധരൻ തന്നെ വ്യക്തമാക്കി. ‘‘ എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഈ സന്ദേശം വന്ന സമയത്ത് ഞാൻ മുംബൈയിൽ ഒരു ക്ലാസ്സിലായിരുന്നു. ഈ സംഭവം അറിഞ്ഞിട്ടുപോലുമില്ല. ക്ലാസ്സ് കഴിഞ്ഞ് മുംബൈയിൽ നിന്നും തിരിച്ചുവരുന്ന വഴി രാജസ്ഥാനിൽ നിന്നും ഒരു സ്ത്രീ വിളിച്ചു. ഡോക്ടറുടെ മെസേജ് കണ്ടു. എന്റെ മകന് രക്താർബുദം ആണ്. ഡോക്ടറുടെ മെസേജിൽ പറഞ്ഞ പ്രകാരമുള്ള ചികിത്സ ഇന്നു തുടങ്ങി കേട്ടോ. രക്ഷപെടൂല്ലേ... എന്ന്. അവരുടെ മകൻ നിലവിൽ കീമോതെറപ്പി ചികിത്സയിലാണെന്നോർക്കണം. അവർ വിളിച്ചു ചോദിച്ചതുകൊണ്ട് ഞാനറിഞ്ഞു. ഇത് തെറ്റാണെന്ന് അറിയാതെ, ചെയ്തുകൊണ്ടിരുന്ന ചികിത്സ നിർത്തി പരീക്ഷിച്ചുനോക്കിയവർ എത്രയധികം ഉണ്ടാകും. ഇത്തരം മെസേജുകൾ പ്രചരിപ്പിക്കുന്നത് വഴി നമ്മൾ അവരെ കൊല്ലുകയാണ്. തട്ടിപ്പു ചികിത്സയ്ക്ക് വിട്ടുകൊണ്ട് അവരെ മരിക്കാൻ വിടുകയാണ്. ’’തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

തയാറാക്കിയത്: ആശാ തോമസ്

Tags:
  • Health Tips