Saturday 11 January 2020 05:47 PM IST : By സ്വന്തം ലേഖകൻ

ഇറുകിപ്പിടിച്ചു കിടക്കുന്ന ലെഗ്ഗിങ്സും പാന്റും ആർത്തവ നാളുകളിൽ വേണ്ട; ഓർത്തുവയ്ക്കാം ഈ 10 കാര്യങ്ങൾ

periods-problem

ആർത്തവദിനങ്ങളിൽ ശുചിത്വം പാലിക്കാനുള്ള സാഹചര്യങ്ങൾ ലഭിക്കുകയെന്നത് സ്ത്രീയുടെ അവകാശമാണ്. ആർത്തവദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം. അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീഭാഗത്ത് ക്ഷാരാവസ്ഥ വരും. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളി അണുബാധകളുടെ (യൂറിനറി ട്രാക്റ്റ് ഇൻഫക്ഷൻ) പ്രധാനകാരണം ആർത്തവദിനങ്ങളിൽ ശുചിത്വം പാലിക്കാത്തതാണ്. ഇതു സ്ത്രീയുടെ പ്രത്യുൽപാദന ആരോഗ്യത്തെ പോലും ബാധിക്കാം.

∙ സാധാരണ രക്തം പോലെ തെളി‍ഞ്ഞതും നേർത്തതുമാകില്ല ആർത്തവരക്തം. അൽപം ഇരുണ്ട നിറത്തിൽ രക്തക്കട്ടകൾ കൂടിയുണ്ടാകും. രക്തപ്രവാഹം വലിച്ചെടുക്കാനായി ഉപയോഗിക്കുന്ന പാഡുകൾ മണിക്കൂറുകളോളം വച്ചുകൊണ്ടിരിക്കരുത്. ദിവസം മൂന്നു–നാലു പ്രാവശ്യമെങ്കിലും അല്ലെങ്കിൽ നാലു മണിക്കൂർ കൂടുമ്പോൾ മാറണം.

∙ ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിലും സാധാരണയിലും കൂടുതൽ രക്തസ്രാവമുണ്ടെങ്കിലും കുറച്ചു കൂടുതൽ തവണ മാറ്റണം.

∙ ദീർഘനേരം ഒരേ പാഡുകൾ പ്രത്യേകിച്ച് യോനിക്കുള്ളിലേക്ക് കടത്തിവയ്ക്കുന്ന ടാംപണുകൾ ഉപയോഗിക്കുന്നവരിൽ ടോക്സിക് ഷോക്ക് സിൻഡ്രം എന്ന മാരകാവസ്ഥ വരാം. പനിയും വിറയലും ഒപ്പം ബിപി അമിതമായി ഉയരുന്നതുമാണ് ഇതിന്റെ ലക്ഷണങ്ങൾ. അതിനാൽ രക്തസ്രാവം കുറവായാൽ പോലും അഞ്ചു മണിക്കൂറിൽ കൂടുതൽ പാഡ് വച്ചുകൊണ്ടിരിക്കരുത്.

∙ പാഡ് മാറ്റിക്കഴി‍ഞ്ഞ് സ്വകാര്യഭാഗം നന്നായി കഴുകണം. ഒാരോ പ്രാവശ്യവും സോപ്പിടേണ്ട കാര്യമില്ല. ഡെറ്റോൾ പോലുള്ളവയും വേണ്ട. നല്ല പച്ചവെള്ളം ധാരാവമായി ഒഴിച്ച് കഴുകിയാൽ മതി.

∙ കാലും തുടയുമായി ചേരുന്ന ഭാഗത്തെ ഈർപ്പം ഉണക്കണം. ഇല്ലെങ്കിൽ ഉരഞ്ഞുപൊട്ടാനും ഫംഗൽ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.

∙ പരിസ്ഥിതിക്കും മനുഷ്യർക്കും ദോഷകരമല്ലാത്തവയാണ് തുണി കൊണ്ടുള്ള പാഡുകൾ. വൃത്തിയുള്ള കോട്ടൺ തുണി കനത്തിൽ മടക്കി തറ്റുടുക്കാം. മാറ്റുന്ന തുണി സോപ്പിട്ടു കഴുകി ഡെറ്റോൾ പോലുള്ള അണുനാശിനി ഏതാനും തുള്ളി ഒഴിച്ച വെള്ളത്തിൽ മുക്കി നല്ല വെയിലത്തിട്ട് ഉണക്കിയെടുക്കണം.∙ ഉപയോഗിച്ച പാഡുകൾ കത്തിച്ചുകളയുകയോ കുഴിച്ചുമൂടുകയോ ചെയ്യണം.

∙ പാഡുകൊണ്ടുരഞ്ഞ് മുറിവുകളുണ്ടെങ്കിൽ കഴുകി ഉണക്കി ആന്റിബാക്റ്റീരിയൽ ലേപനങ്ങൾ പുരട്ടണം. നല്ല ശുദ്ധമായ വെളിച്ചെണ്ണ പുരട്ടി തടവുന്നതും നല്ലതാണ്.

∙ ചില പാഡുകൾ ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ വരാം. ആർത്തവദിനങ്ങളിൽ മാത്രമായി തൊലിയിൽ വെള്ളം നിറഞ്ഞ കുമിളകളോ തടിപ്പോ വരുന്നത് സാനിറ്ററി നാപ്കിൻ ഡെർമറ്റൈറ്റിസ്(അലർജി) മൂലമാകാം. ഇത്തരം അവസ്ഥകളിൽ ആ ബ്രാൻഡ് ഒഴിവാക്കുകയോ തുണി കൊണ്ടുള്ള പാഡ് ഉപയോഗിക്കുകയോ ചെയ്യുക.

∙ ആർത്തവദിനങ്ങൾ കലണ്ടറിലോ മറ്റോ രേഖപ്പെടുത്തി ഒാർമിച്ചുവച്ചാൽ അടുത്തതവണ പീരിയഡ് വരുമ്പോൾ തയാറായി ഇരിക്കാം. സ്ഥിരം ഉപയോഗിക്കുന്ന ബ്രാൻഡ് തന്നെ പാഡുകൾ ഉപയോഗിക്കാനും അങ്ങനെ അലർജിപ്രശ്നങ്ങൾ തടയാനും ഇതു സഹായിക്കും.

∙ ആർത്തവദിനങ്ങളിൽ നിർബന്ധമായും കുളിക്കണം, അടിവസ്ത്രങ്ങളുൾപ്പെടെയുള്ള വസ്ത്രങ്ങൾ മാറ്റണം. അതും കഴിയുമെങ്കിൽ രണ്ടു തവണ. എന്നാൽ സ്വകാര്യഭാഗങ്ങളിൽ പൗഡറിടുകയോ സുഗന്ധം പുരട്ടുകയോ ചെയ്യരുത്. ഇറുകിപ്പിടിച്ചു കിടക്കുന്ന ലെഗ്ഗിങ്സും പാന്റും ഈ ദിവസങ്ങളിൽ ഒഴിവാക്കുക. അടിവസ്ത്രങ്ങൾ കോട്ടൺ തന്നെയാകണം.