Monday 02 December 2019 03:19 PM IST

ആർത്തവം സ്ത്രീയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ? ആ ദിവസങ്ങളിൽ പ്രത്യേക അവധി വേണോ?

Asha Thomas

Senior Sub Editor, Manorama Arogyam

menstrual99hubg

മാസത്തിലെ ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോഴേ മിക്ക സ്ത്രീകൾക്കും അസ്വസ്ഥതയാണ്. വേദനയും ഛർദിയും, മെനുസ്ട്രൽ ക്രാംപ്സ് എന്ന കാൽ കോച്ചിപ്പിടുത്തവും, പ്രീ മെനുസ്ട്രുവൽ സിൻഡ്രമെന്ന ഓമനപ്പേരിൽ വരുന്ന വിഷാദവും ദേഷ്യവും മൂഡ് വ്യതിയാനങ്ങളും. ഉദ്യോഗസ്ഥർക്കാണെങ്കിൽ ആ ദിവസങ്ങളിൽ ഇത്തരം അസ്വസ്ഥതകളോടുമൊപ്പം 10–12 മണിക്കൂർ നീണ്ട വിശ്രമമില്ലാത്ത ജോലിയും ഓഫിസിലേക്കും തിരിച്ചുമുള്ള തിരക്കിട്ട യാത്രകളും പതിവു വീട്ടുജോലികളും. ഇതിനിടയിൽ ഒരു മിനിറ്റു പോലും സ്വന്തം വേദനയേക്കുറിച്ച് ചിന്തിക്കാനോ ഒന്നിരുന്നു വിശ്രമിക്കാനോ സമയമുണ്ടാകില്ല. 

ലോകമാകെ നോക്കിയാൽ സ്ത്രീകളിൽ പകുതിയിലധികം പേർക്കും ആർത്തവ സമയത്ത് മാസത്തിൽ ഒന്നു രണ്ടു ദിവസം വേദന അനുഭവപ്പെടുന്നുണ്ട് എന്നാണ് അമേരിക്കൻ കോൺഗ്രസ് ഒഫ് ഒബ്സ്റ്റട്രീഷൻ ആൻഡ് ഗൈനക്കോളജിസ്റ്റ് പറയുന്നു. 20 ശതമാനം സ്ത്രീകളിലും ആർത്തവസമയത്ത് ദൈനംദിന പ്രവർത്തികൾ തടസ്സപ്പെടുന്നത്ര ശക്തമായ വേദന അനുഭവപ്പെടുന്നുവെന്നാണ് അമേരിക്കൻ അക്കാദമി ഒഫ് ഫാമിലി ഫിസിഷ്യൻ പറയുന്നത്. അതിശക്തമായ അടിവയറ്റിൽ വേദന, കാൽ കഴപ്പ്, ഛർദി, തലചുറ്റൽ എന്നിങ്ങനെയുള്ള അസ്വസ്ഥതകളാണ് ആർത്തവകാലത്ത് പൊതുവേ കാണപ്പെടുന്നത്. ഗർഭപാത്രത്തിന്റെ ആവരണത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന സ്വാഭാവിക രാസഘടകമാണ് വേദനയുണ്ടാക്കുന്നത്. ഗർഭപാത്രം ചുരുങ്ങി രക്തം പുറത്തുപോകാൻ സഹായിക്കുകയാണ് ഈ രാസപദാർഥത്തിന്റെ ജോലി. 

കൂടാതെ 85 ശതമാനം സ്ത്രീകളിലും ഹോർമോൺ വ്യതിയാനം മൂലമുള്ള പിഎംഎസിന്റെ (പ്രീ മെനുസ്ട്രുവൽ സിൻഡ്രം) ഒരു ലക്ഷണമെങ്കിലും കാണപ്പെടുന്നു എന്നും വിദഗ്ധർ പറയുന്നു. നിരാശ, ദൈനംദിനപ്രവൃത്തികളിൽ പോലും താൽപര്യം നഷ്ടപ്പെടുക, വിഷാദം, മൂഡ് വ്യതിയാനങ്ങൾ എന്നിങ്ങനെ നിരവധി ലക്ഷണങ്ങളുണ്ട് പിഎംഎസിന്റെതായിട്ട്.  ഇതു കൂടാതെ അമിത രക്തസ്രാവം, ആർത്തവം ക്രമം തെറ്റി വരിക പോലുള്ള ആർത്തവക്രമക്കേടുകളും കാണുന്നു. 

അവധി നൽകാൻ പീരിയഡ് പോളിസി

എത്രയോ വർഷങ്ങളായി ജൈവപരമായ ഇത്തരം പ്രതിസന്ധികളെ നിശബ്ദമായി നേരിട്ടാണ് സ്ത്രീകൾ കുടുംബവും കരിയറുമൊക്കെ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുന്നത്.  പക്ഷേ, ഇതാദ്യമായി സ്ത്രീകൾക്ക് ആർത്തവമാസങ്ങളിൽ വിശ്രമം നൽകണോ എന്ന ചിന്ത ഉയർന്നുവന്നിരിക്കുന്നു. യു.കെ.യിലെ കമ്പനിയായ കോ എക്സിസ്റ്റിന്റെ വിപ്ലവകരമായ ഒരു പ്രഖ്യാപനമാണ് ഇതിനു കാരണമായത്.

സ്ത്രീകൾക്ക് ആർത്തവസമയത്ത് അവധി നൽകുന്ന പീരിയഡ് പോളിസി കൊണ്ടുവരുന്നുവെന്നായിരുന്നു പ്രഖ്യാപനം. സ്ത്രീകളുടെ ശരീരത്തിന്റെ സ്വാഭാവിക ചക്രത്തിനനുസൃതമായി ജോലി ചിട്ടപ്പെടുത്തി കൂടുതൽ ഉൽപാദനക്ഷമവും സന്തോഷകരവുമായ ജോലിസാഹചര്യം ഒരുക്കിക്കൊടുക്കാനാണത്രെ ഈ പോളിസി.   

ആഹാ.. എത്ര സുന്ദരമായ തീരുമാനം എന്നു ചില സ്ത്രീകൾ പ്രതികരിച്ചു. വനിത മേധാവിയായ കമ്പനിയെങ്കിലും വനിതകളുടെ കഷ്ടപ്പാട് മനസ്സിലാക്കിയല്ലോ എന്ന് പ്രശംസിച്ചു. എന്നാൽ ചിലർ ഈ പോളിസിയിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൂലിച്ചു. 

യു.കെ.യിലാണ് പ്രഖ്യാപനം നടന്നതെങ്കിലും ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും അതിന്റെ അലയൊലികൾ എത്തിക്കഴിഞ്ഞു. കേരളത്തിലാകട്ടെ ആർത്തവ സമയത്ത് സ്ത്രീ അശുദ്ധയാണ് എന്നുള്ള  പരാമർശത്തെ തുടർന്ന് നിശബ്ദരായി അകമുറികളിലിരുന്ന സ്ത്രീകൾ ഹാപ്പി ടു ബ്ലീഡ് എെന്നഴുതിയ പാഡുകളുമായി സാമൂഹികമാധ്യമ നടുമുറ്റങ്ങളിലേക്കിറങ്ങുന്ന സമയമാണ്. അതുകൊണ്ടു തന്നെ ആർത്തവത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് പ്രസക്തി ഏറെയാണ്. ആർത്തവം ഒരു അസൗകര്യത്തിനപ്പുറം സ്ത്രീയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ? പ്രസവാവധി പോലെ ആർത്തവ ദിവസങ്ങളിൽ പ്രത്യേക അവധി വേണോ?

മാറ്റി നിർത്തലല്ല പരിഗണന വേണം

പണ്ടൊക്കെ ആർത്തവസമയത്ത് സ്ത്രീകളെ അടുക്കളയിൽ കയറ്റാറില്ല. വെള്ളം കോരുക, പാത്രം കഴുകുക, പൂന്തോട്ടനിർമാണം പോലുള്ള പണികളൊന്നും ചെയ്യിക്കില്ല. ഇതൊക്കെ ഒരു തരത്തിൽ സ്ത്രീക്ക് സന്തോഷകരമായിരുന്നു എന്നുവേണം കരുതാൻ. ശാരീരികമായി പ്രയാസപ്പെടുന്ന സമയത്ത് ലഭിച്ചിരുന്ന ചില ഇളവുകളായിരുന്നു അവ. അത്തരമൊരു കെയറിങ്ങിന് ഇന്നും പ്രസക്തിയുണ്ടെന്നാണ് മിക്ക ഡോക്ടർമാരും അഭിപ്രായപ്പെട്ടത്. 

 ‘‘ധാരാളം രക്തനഷ്ടവും ഫ്ലൂയിഡ് നഷ്ടവുമുണ്ടാകുന്നതുകൊണ്ട് ആർത്തവസമയത്ത് സ്ത്രീ ശാരീരികമായി ദുർബലയാണ്. അതുകൊണ്ടു തന്നെ ആയാസമുള്ള ജോലികൾ കുറയ്ക്കാൻ പറയാറുണ്ട്. മഞ്ചേരി ഗവ. മെഡി കോളജിലെ ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. രജനി. പി. രവീന്ദ്രൻ പറയുന്നു. ‘‘ആ അർഥത്തിലുള്ള വിശ്രമമല്ലാതെ ബെഡ്‌ റെസ്റ്റോ അവധിയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജോലിയുള്ള സ്ത്രീകൾ ആ ദിവസങ്ങളിൽ യാത്രകൾ അൽപം കുറയ്ക്കുകയോ ജോലിയ്ക്കിടയിൽ വിശ്രമിക്കുകയോ ചെയ്യുന്നത് ക്ഷീണം കുറയ്ക്കും.’’

വിദേശത്തും ഇന്ത്യയിലുമായുള്ള  തന്റെ പ്രാക്ടീസിൽ, ആർത്തവ വേദന താങ്ങാൻ പറ്റാതെ  ശസ്ത്രക്രിയ വഴി അണ്ഡാശയം നീക്കിയവരെയും  ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ളവരേയും കണ്ടിട്ടുണ്ടെന്നു പറയുന്നു   കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഇൻ റീ പ്രൊഡക്റ്റീവ് മെഡിസിൻ യൂണിറ്റ് തലവൻ ഡോ. തോമസ് അലിയാട്ടുകുടി. ‘‘ആർത്തവം ദൈനംദിന ജോലികളെ പോലും തടസ്സപ്പെടുത്തുന്നത്ര പ്രയാസകരമാകുന്നത് കുറച്ചുപേരിലാണ്. ആ ന്യൂനപക്ഷത്തിന്റെ ആവശ്യമറിഞ്ഞ് ലീവുകൾ അഡ്ജസ്റ്റ് ചെയ്തു നൽകുന്നത് നന്നായിരിക്കും. അമിതവണ്ണമുള്ള സ്ത്രീകളിൽ ആർത്തക്രമക്കേടുകളും വേദനയും പ്രയാസങ്ങളുമൊക്കെ കൂടുതലായാണ് കണ്ടിട്ടുള്ളത്. നല്ല ഭക്ഷണക്രമവും ആവശ്യത്തിനു വ്യായാമവും ഉള്ള ജീവിതശൈലിയും ആർത്തവപ്രയാസങ്ങളെ ഒട്ടൊന്നു കുറയ്ക്കുമെന്നു കാണാം.  ആർത്തവ സമയത്ത് വലിയ പ്രശ്നമില്ലാത്തവർക്ക് ഉത്തരവാദിത്വങ്ങൾ ലഘൂകരിച്ചുനൽകുകയും ചെയ്യാം ’’

വളരെയധികം വേദനയും തലചുറ്റലും ഛർദിയുമുള്ളവർക്ക് മാനുഷിക പരിഗണന വച്ച് ഇളവു നൽകണമെന്ന അഭിപ്രായമാണ് വർഷങ്ങളോളം ആർമിയിൽ സേവനം ചെയ്ത ഫാമിലി മെഡിസിൻ വിദഗ്ധ കൂടിയായ മേജർ ഡോ. നളിനി ജനാർദനനും ഉള്ളത്.

ആയുർവേദം പറയുന്നത്

പരമ്പരാഗത ചികിത്സാശാസ്ത്രമായ ആയുർവേദം ആർത്തവത്തെ കുറച്ചുകൂടി കരുതലോടെയാണ്  കണ്ടിരുന്നത്. ആയുർവേദത്തിൽ രജസ്വലചര്യ എന്ന പേരിൽ പ്രത്യേക ആർത്തവചര്യ തന്നെ പറയുന്നുണ്ട്. ഈ ദിവസങ്ങളിൽ അലങ്കാരവസ്തുക്കൾ ഉപയോഗിക്കരുതെന്നും ലൈംഗികബന്ധം പാടില്ലെന്നും നിഷ്കർഷിക്കുന്നു. വിശ്രമദിനങ്ങളായാണ് ആർത്തവ ദിവസങ്ങളെ ആയുർവേദം ഇതിൽ വിശേഷിപ്പിക്കുന്നത്. പകലുറക്കം, അധികമായ ചിരി, കരച്ചിൽ എന്നിവ ഒഴിവാക്കാനും നിർദേശിക്കുന്നു. 

‘‘പണ്ടൊക്കെ അമിതരക്തസ്രാവവും ആർത്തവ ക്രമക്കേടുകളും വേദനയുമൊന്നും തിരിച്ചറി‍ഞ്ഞിരുന്നില്ല. അതുകൊണ്ട് എല്ലാവർക്കും ഗുണം കിട്ടട്ടേയെന്നു കരുതിയാകണം ആ ദിവസങ്ങളിൽ ജോലികളിൽ നിന്ന് മാറ്റിനിർത്തിയിരുന്നത്. പൊതുവേ ഈ സമയത്ത് പേശികളുടെയും സ്നായുക്കളുടെയും ടോൺ കുറവായിരിക്കും. അതറിയുന്നതു കൊണ്ടാകണം പണ്ടുള്ളവർ  വെള്ളം കോരുക പോലുള്ള ആയാസമുള്ള ജോലികൾ തടഞ്ഞിരുന്നത്. ’’ തിരുവനന്തപുരം ഗവ ആയുർവേദ കോളജിലെ  ഡോ. വിജയകുമാർ പറയുന്നു. 

‘‘എന്നാൽ, ഇന്നത്തെ സ്ത്രീകൾക്ക് ആർത്തവത്തിന്റെ മേൽ കൂടുതൽ നിയന്ത്രണമുണ്ട്. അസൗകര്യമുള്ളപ്പോൾ ആർത്തവം മാറ്റിവയ്ക്കാൻ  കഴിയും.  അതുകൊണ്ട് പൂർണ വിശ്രമത്തിന്റെയോ പഴയ ആർത്തവചര്യയിലേക്കു പോകേണ്ടതിന്റെയോ കാര്യമില്ല.  ദഹിക്കാൻ എളുപ്പമുള്ള ആഹാരം കഴിക്കുക, വൃത്തി പാലിക്കുക, ദൈനംദിനപ്രവൃത്തികൾ അൽപം കുറയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും’’ 

ലിംഗ അസമത്വത്തിന് ഇടയാക്കുമോ?

ആർത്തവസമയത്തെ അവധി ലിംഗ അസമത്വത്തിനു കാരണമാകുമെന്നാണ് ഈ അവധിയെ എതിർക്കുന്നവരുടെ വാദം. ആർത്തവസമയത്ത്  സ്ത്രീ അവധിയെടുത്ത് വീട്ടിലിരിക്കാൻ പറയുന്നത് ഈ സമയത്ത് അവൾക്ക് പ്രവർത്തനശേഷി കുറവാണെന്നു പറയുന്നതിനു തുല്യമല്ലേ എന്നു ചോദിക്കുന്നു  സ്ത്രീവാദികൾ. ആ വാദത്തിൽ കഴമ്പുണ്ടെന്നു പറയുന്നു  പ്രശസ്ത എഴുത്തുകാരിയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. ഖദീജ മുംതാസ്.

  ‘‘ആർത്തവം സ്വാഭാവികതയാണ്. ഈ സമയത്ത് ചെറിയ ചില ബുദ്ധിമുട്ടുകളോട് സമരസപ്പെടണ്ടതായി വരും.  എന്നാൽ അവധി നൽകുക എന്നു പറയുന്നത് സ്ത്രീയെ രണ്ടാംകിടയാക്കലല്ലേ?. അവളുടെ ജോലിയുടെ ഔട്ട്പുട്ട് ആ സമയങ്ങളിൽ മോശമാണെന്നു സമ്മതിക്കുന്നതിനു തുല്യമാണത്. ഇതുമൂലം വലിയ മത്സരമുള്ള ജോലികളിൽ സ്ത്രീയുടെ അവസരം തന്നെ നഷടപ്പെടാൻ സാധ്യതയുണ്ട്. ’’

ഒരു സ്ത്രീയുടെ ജീവിതത്തിൽ ശരാശരി 540–ഒാളം ആർത്തവമെങ്കിലും ഉണ്ടാകുമെന്നാണ് കണക്ക്. ഒാരോ ആർത്തവത്തിലും രണ്ടു ദിവസം വച്ച് നോക്കിയാൽ 1200 ഒാളം അവധികൾ. പോട്ടെ, മാസത്തിൽ രണ്ട് അവധി വച്ച് എടുക്കാൻ തുടങ്ങിയാൽ വർഷം 24 അവധി. ഇതു കൂടാതെ പ്രസവാവധി, കുട്ടികൾക്ക് അസുഖം വന്നാൽ അതിന് അവധി, ഭർത്താവിനോ മറ്റു കുടുംബാംഗങ്ങൾക്കോ അസുഖം വന്നാൽ അതിനും അവധി...നമ്മുടെ നാട്ടിൽ ഇതെല്ലാം സ്ത്രീയുടെ അക്കൗണ്ടിൽ നിന്നാണല്ലോ പോകുന്നത്. അങ്ങനെ നോക്കുമ്പോൾ പുരുഷനെക്കാൾ അവധിയെടുക്കുന്നത് സ്ത്രീയാണെന്നു വരും. ആർത്തവദിനങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി കൂടി അനുവദിക്കേണ്ടി വന്നാൽ അത് സ്ഥാപന ഉടമകൾക്ക് അധിക ചെലവുണ്ടാക്കും. അതിനു കാരണമാകുന്ന സ്ത്രീകൾ അധിക ബാധ്യതയായി തോന്നാം. അങ്ങനെ വന്നാൽ പുരുഷജോലിക്കാർ മതിയെന്നു കമ്പനികൾ തീരുമാനിച്ചാലോ?

ടെന്നീസും ആർത്തവവും

2011– ലെ ഒാസ്ട്രേലിയൻ ഒാപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ ബ്രിട്ടീഷുകാരിയായ ഹീതർ വാട്സൺ പരാജയപ്പെട്ടപ്പോൾ സ്ത്രീയുടെ മാത്രമായ ആ കാര്യമാണ്– ആർത്തവമാണ്– തന്റെ പരാജയത്തിന്റെ കാരണമെന്ന്  അവർ തുറന്നു പറഞ്ഞു. ആർത്തവകാലത്തെ തലചുറ്റലും മനംപിരട്ടലും ക്ഷീണവുമെല്ലാം അവരുടെ പ്രകടനത്തെ ബാധിച്ചുവത്രെ. ഹീതറിന്റെ ധൈര്യത്തെ തുറന്ന് അഭിനന്ദിച്ച പൗളാ റാഡ്ക്ലിഫ് എന്ന അത്‌ലറ്റിനു പറയാനുണ്ടായിരുന്നത് ഇതിന്റെ മറുവശമായിരുന്നു. തന്റെ തന്നെ റെക്കോഡ് തിരുത്തി റാഡ്ക്ലിഫ് സ്വർണം നേടിയത് ആർത്തവത്തിൻറെ ആദ്യദിനങ്ങളിലായിരുന്നു. 

ആർത്തവമെന്നത് ഒാരോ സ്ത്രീയിലും വ്യത്യസ്തമാണെന്നു തന്നെയാണ് ഇതു കാണിക്കുന്നത്. മാസംതോറും ആവർത്തിക്കുന്നു എന്നതും രക്തസ്രാവം ഉണ്ടാകുന്നു എന്നതും ഒഴിച്ചാൽ ആർത്തവദിനങ്ങളുടെ എണ്ണത്തിലും അനുഭവിക്കുന്ന പ്രയാസത്തിന്റെ കാര്യത്തിലും എല്ലാം ഒാരോ സ്ത്രീയും വ്യത്യസ്തയാണ്. അതുകൊണ്ടു തന്നെ ജോലിയിൽ ഇളവിനപ്പുറം അവധി എന്ന ആവശ്യത്തിലെത്തുമ്പോൾ അതിനൊരു പൊതുസ്വഭാവം നൽകാനാവില്ല എന്നതു പലരും ചൂണ്ടിക്കാണിച്ചു.

തായ്‌വാൻ, ഇൻഡോനേഷ്യ, ചൈനയിലെ ചില പ്രോവിൻസുകൾ എന്നിവിടങ്ങളിലൊക്കെ കമ്പനികൾ ആർത്തവ സമയത്ത് പ്രത്യേകം ലീവ് അനുവദിക്കുന്നുണ്ട്. എന്നാൽ മിക്ക സ്ത്രീകളും ഇത് ഉപയോഗിക്കുന്നേയില്ലെന്നതാണ് വിചിത്രമായ കാര്യം. കാരണം, വിദേശങ്ങളിൽ പോലും ആർത്തവം  തൊട്ടുകൂടായ്മ നിലനിൽക്കുന്ന വിഷയമാണ് ഒരു  പുരുഷമേലധികാരിയോട്  ആർത്തവമാണെന്നു തുറന്നു പറയാൻ സ്ത്രീകൾക്ക് നാണക്കേടാണ്. ഇനി ബോസ് വനിതയായാൽ തന്നെ സഹപ്രവർത്തകർക്ക് പറഞ്ഞുചിരിക്കാനുള്ള തമാശയായി സ്വന്തം ആർത്തവചക്രം മാറുമോ എന്ന ഭയം മൂലം ഇത്തരം എക്സ്ക്ലൂസീവ് അവധികൾ വേണ്ടെന്നുവയ്ക്കാം.

ടോയ്‌ലറ്റ് സംവിധാനം പോലുമില്ലാത്ത സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ പൊതു അവധികൾ ദുണകരമായേക്കാം. എന്നാൽ, പൊതു അവധി വന്നാലും മറ്റെല്ലാ അവധികളേയും പോലെ സ്വകാര്യസംവിധാനങ്ങളിൽ ഇത്തരം ലീവുകൾ അനുവദിക്കപ്പെടണമെന്നുമില്ല. പരസ്യങ്ങളിൽ പറയുന്നതു പോലെ ആർത്തവം ഒരു അസൗകര്യമല്ല. ജീവശാസ്ത്രപരമായ ഒരു ദൗത്യത്തിനായുള്ള തയാറെടുപ്പാണ്. അതിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ശീലിക്കുകയാണ് വേണ്ടത്. 

Tags:
  • Manorama Arogyam
  • Health Tips