Thursday 23 May 2019 12:35 PM IST : By സ്വന്തം ലേഖകൻ

കഴുത്തിന് പണി തരും ‘സെൽഫി നെക്ക്’, മുട്ട് വേദനയ്ക്ക് പിന്നിൽ ‘വാട്സ്ആപ് നെക്ക്’

mobile

സ്മാർട്ട് ഫോണുകളുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് അവ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും കൂടിവരുന്നു. നമ്മുടെ മൊബൈൽ ഉപയോഗം തുടങ്ങിയിട്ട് കുറച്ചുവർഷങ്ങളേ ആയിട്ടുള്ളു. ഇവയുടെ ദീർഘകാല ഫലങ്ങൾ പലതും അറിവായി വരുന്നതേ ഉള്ളൂ. സോഷ്യൽ മീഡിയ സിൻഡ്രോം , സ്മാർട്ഫോൺ സിൻഡ്രോം എന്നൊക്കെ പാശ്ചാത്യരാജ്യങ്ങളിൽ ആണ് പണ്ട് കേട്ടിരുന്നത്. സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെ ആകെ സൂചിപ്പിക്കുന്ന പേരാണിത്. ടച് തമ്പ് ടെക്സ്റ്റ് തമ്പ് /നെക്ക്, സെൽഫി നെക്ക്/ എൽബോ, ബ്ലാക്ബെറി ഫിംഗർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശാരീരിക പ്രശ്നങ്ങൾ സ്മാർട് ഫോൺ സിൻഡ്രോമിന് അടിയിലാണു വരിക.

സെൽഫി നെക്ക്

സെൽഫി നെക്ക് എന്നത് ഈ വിഭാഗത്തിൽ പെടുന്ന പുതിയ ഒരു പേരാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരുപാട് സെൽഫികൾ എടുത്ത് കൂട്ടുന്നത് കൊണ്ടു മാത്രം വരുന്ന അസുഖം ആണെന്ന് തീർത്തു പറയാനാവില്ല. പലപ്പോഴും ഒറ്റയ്ക്ക് സെൽഫി എടുക്കാൻ നോക്കി, ശരിയാകാത്തതിനാൽ ഒരുങ്ങാൻ നോക്കുമല്ലോ? അപ്പോൾ ഫോൺ ക്യാമറ ഒരു കണ്ണാടി ആയി തീരുന്നു. പിന്നെ എടുത്ത സെൽഫികളിലെ നല്ലത് തിരഞ്ഞു സോഷ്യൽ മീഡിയയിൽ അയക്കുകയും, അതിന്റെ ലൈക്കുകളും കമന്റുകളും തിരയുകയും ചെയ്യും. ഇങ്ങനെ ദീർഘനേരമായുള്ള മൊബൈൽ ഉപയോഗം വഴി കഴുത്തിന് വരുന്ന പ്രശ്നങ്ങളാണ് സെൽഫി നെക്ക്.

സെൽഫി എൽബോ

ടെന്നീസ് എൽബോ ഇപ്പോ സ്മാർട്ഫോൺ എൽബോ ആയി മാറിക്കഴിഞ്ഞു. അതായത് അമിതമായ സെൽഫി ഭ്രാന്ത് കൈമുട്ടിന്റെ വേദനയ്ക്ക് ഇടയാക്കുന്നതായി കണ്ടുവരുന്നു. സെൽഫി എടുക്കുമ്പോൾ കൈമുട്ട് അസ്വാഭാവിക രീതിയിൽ നീട്ടിപ്പിടിക്കാറുണ്ട്. നല്ല ആംഗിൾ ലഭിക്കാൻ മണിബന്ധം തിരിക്കുകയും ചെയ്യും. ഇത് കയ്യുടെ പേശികൾക്ക് പരുക്കേൽക്കാൻ ഇടയാക്കാം.

പല രീതിയിലും ഉണ്ടാകുന്ന പരുക്കുകൾ ഭേദമാകാതിരിക്കാനും സ്മാർട്ഫോൺ ഉപയോഗം ഒരു കാരണം ആകാം.

m1

വാട്സ് ആപ് നെക്ക്

വാട്സ് ആപ് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ കഴുത്തുവേദന വർധിക്കുന്നതായി കാണുന്നു. ഏറെനേരം തല അസ്വാഭാവികമായി കുനിച്ചുപിടിച്ച് മൊബൈലിലേക്ക് നോക്കി ഇരിക്കുന്നതു മൂലം കഴുത്തിന് ഭാരം കൂടും. ഇത് കഴുത്തിന്റെ കശേരുക്കൾക്ക് സമ്മർദം ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന കഴുത്തുവേദനയ്ക്ക് ടെക് നെക്ക് എന്നും പറയുന്നു. പ്രായാധിക്യം മൂലം അസ്ഥികൾക്കു തേയ്മാനവും ബലക്കുറവും ഉണ്ടാകാം എന്നതിനാൽ 40 കഴിഞ്ഞവരിൽ ഇത്തരം സമ്മർദം കൂടുതൽ അപകടമുണ്ടാക്കാം.

വ്യായാമങ്ങൾ അറിയാം

∙ ഒരു സ്മൈലി ബോൾ കയ്യിൽ

പിടിച്ചു ഞെക്കാം.

∙ തമ്പ് സ്‌ട്രെച്

തള്ളവിരൽ പിറകോട്ടും മുൻപോട്ടും വളച്ച് സ്‌ട്രെച് ചെയ്യാം

∙ എൽബോ സൂപ്പിനേറ്റർ സ്‌ട്രെച്

തമ്പ്‌സ് അപ് രീതിയിൽ തള്ളവിരൽ ഉയർത്തിപ്പിടിച്ചു കൈമുട്ട് നിവർത്തി പുറത്തേക്ക് സ്‌ട്രെച് ചെയ്യാം

∙ പെക്ടറൽ സ്‌ട്രെച്

വാതിൽ പടിയിൽ നിന്ന് കൈകൾ 90 ഡിഗ്രി ഉയർത്തി കട്ടിളപ്പടിയിൽ പിടിച്ചു നിന്ന് മുന്നോട്ടായുക.

തുടർന്ന് കഴുത്ത് പിന്നോട്ട് വളച്ചു സ്‌ട്രെച് ചെയ്യുക.

വാതിൽപ്പടിയിൽ നിന്ന് കൈകൾ മേലോട്ടുയർത്തി മേൽകട്ടിളയിൽ പിടിക്കുക. തുടർന്ന് നടുവ് മുമ്പോട്ടും കഴുത്ത് പിന്നോട്ടും വളച്ചു സ്‌ട്രെച് ചെയ്യുക.

∙ കഴുത്തിന് പ്രയാസം ഉള്ളവർക്കും വ്യായാമം ചെയ്യാം. ഇവർ കഴുത്ത് മുൻപോട്ടും പിറകോട്ടും വശങ്ങളിലോട്ടും തിരിച്ചുള്ള നെക് സ്ട്രെച്ചിങ് വ്യായാമങ്ങൾ പതിവാക്കുന്നതു ഗുണം ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്;

സുമേഷ് കുമാർ
സീനിയർ ഫിസിയോ തെറപ്പിസ്റ്റ്,

റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ