Saturday 22 August 2020 02:35 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മൂക്കിലൂടെ നൽകാം കോവിഡ് വാക്സീൻ, എലികളിൽ വിജയം

nasalvaccine456

സാർസ് കോവ് 2 വൈറസിനെതിരെയുള്ള വാക്സീൻ, അതും ഒറ്റ ഡോസ് മൂക്കിലൂടെ നൽകാനാവുന്നത് എലികളിൽ പരീക്ഷിച്ചു വിജയിച്ചതായി റിപ്പോർട്ട്. വാക്സീന്റെ പലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കാനായി അടുത്തതായി പ്രൈമേറ്റുകളിൽ പരീക്ഷിക്കാനാണ് ഗവേഷകരുടെ നീക്കം. വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഒാഫ് മെഡിസിനിലെ ഗവേഷകർ നട്തതിയ പഠനത്തിന്റെ വിശദാംശങ്ങൾ സെൽ ജേണലിൽ ലഭ്യമാണ്.

മൂക്കു വഴിയായി നൽകുന്നത് ശരീരത്തിൽ പ്രത്യേകിച്ച് മൂക്കിനുൾവശത്തെയും ഉപരി ശ്വാസനാളത്തിലെയും ആവരണത്തിലുള്ള കോശങ്ങളിൽ, ശക്തമായ പ്രതിരോധ പ്രതികരണം ഉളവാക്കുന്നതായി ഗവേഷകർ പറയുന്നു. മാത്രമല്ല ഇത് നാസാദ്വാരങ്ങളിലും ശ്വാസനാളത്തിലും പ്രത്യകിച്ച് ഗുണം ചെയ്യുകയും അങ്ങനെ വൈറസ് ശരീരത്തിൽ അധിപത്യം സ്ഥാപിക്കുന്നതു തടയുകയും ചെയ്യും.

നിർവീര്യമാക്കിയ അഡിനോവൈറസിലേക്ക് കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീൻ കടത്തിയാണ് വാക്സീൻ വികസിപ്പിച്ചിരിക്കുന്നത്. ഈ സ്പൈക് പ്രോട്ടീൻ ഉപയോഗിച്ചാണ് കൊറോണ വൈറസ് ശരീരകോശങ്ങളിലേക്ക് കടക്കുന്നത്.

നിരുപദ്രവകാരിയാക്കിയ ഈ അഡിനോവൈറസ് ശരീരത്തിലേക്ക് കടക്കുമ്പോൾ ശരീരം വൈറസിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തും. നിർജീവമായതിനാൽ ഇതു വളരെ സുരക്ഷിതമാണ്, രോഗം വരുത്തുമെന്ന പേടി വേണ്ട.

മൂക്കിലൂടെ നൽകുന്നെന്ന പ്രത്യേകത കൂടാതെ രണ്ടുതരം മ്യൂട്ടേഷനുകൾ കൂടി സ്പൈക് പ്രോട്ടീനിലേക്ക് ഉൾച്ചേർത്തിട്ടുണ്ട്. ഇതു വാക്സീനെ കൂടുതൽ സ്ഥിരതയുള്ളതാക്കുമെന്നാണ് ഗവേഷകരുടെ വാദം.

Tags:
  • Manorama Arogyam
  • Sex Tips