Saturday 07 December 2019 01:16 PM IST

‘പരസ്പരം’ സീരിയലിലൂടെ പ്രിയങ്കരിയായി, ഗോഡ് ഫാദറില്ലാതെ സിനിമയിൽ; മാമാങ്ക നായിക പ്രാചിയെക്കുറിച്ച് അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

prachi

സിനിമാ പ്രവേശം

സിനിമയിൽ ഗോഡ് ഫാദർ ഇല്ല. നല്ല അവസരം ലഭിച്ചപ്പോൾ അത് ഉപയോഗിച്ചു. റോഷൻ പ്രിൻസിനൊപ്പമുള്ള അർജൻ എന്ന പഞ്ചാബി സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. സ്റ്റാർ പ്ലസിലെ ‘ദിയ ഔർ ബടി ഹും’ എന്ന സീരിയലിലെ ശ്രദ്ധേയ വേഷമാണ് ആദ്യ ബ്രേക്ക് നൽകിയത്. (ഈ സീരിയലിന്റെ മലയാളം വേർഷനാണ് ‘പരസ്പരം’ സീരിയൽ).

കോർട്ടിലെ റാണി

ഡൽഹിയിലെ സ്കൂൾ കാലം മുതലേ സ്പോർട്സിൽ സജീവമാണ്. ബാസ്കറ്റ്ബോളിൽ തുടക്കം. നെറ്റ്ബോളിലും ദേശീയ അംഗീകാരങ്ങൾ നേടി. 2010 ലെ കോമൺവെൽത് ഗെയിംസിൽ നെ‌റ്റ്ബോൾ ടീം കാപ്റ്റനായി. 2011ൽ ശ്രീലങ്കയിൽ നടന്ന ആദ്യ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിലും ടീമിനെ നയിച്ചു. കോമൺവെൽത് ഗെയിംസിൽ ആദ്യ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ടീം കാപ്റ്റനായി.

ഷോപ്പിങ് തെറപ്പി

കഴിവതും ജോലിയും ജീവിതവും ബാലൻസിൽ കൊണ്ടുപോകാറുണ്ട്. ചിലപ്പോഴൊക്കെ വല്ലാതെ സ്ട്രെസ്ഡ് ആകും. അപ്പോൾ ഷോപ്പിങ്ങിനു പോകും. അല്ലെങ്കിൽ എന്തെങ്കിലും വർക് ഔട്ട് ചെയ്യും. പ്രിയപ്പെട്ടവരുമായി സംസാരിച്ചിരിക്കുന്നതും ടെൻഷൻ അകറ്റാനുള്ള മാർഗമാണ്. അരുമ നായ ബ്രൗണിയുടെ സാന്നിധ്യവും ടെൻഷനകറ്റുന്നു.

മാമാങ്കം

ഉണ്ണിമായ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നർത്തകിയും യോദ്ധാവുമാണ് ഉണ്ണിമായ. ആദ്യ ഷോട്ടുകൾ തന്നെ സോങ് സീക്വൻസായിരുന്നു. ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ലാത്തതിനാൽ കുറച്ച് കഷ്ടപ്പെട്ടു.. പിന്നീട് സിനിമയ്ക്കായി മോഹിനിയാട്ടം പഠിച്ചു. ആക്‌ഷൻ രംഗങ്ങൾ ചെയ്തത് ഒരു പരിശീലനവുമില്ലാതെയാണ്. ഞാനൊരു സ്പോർട്സ് താരമായതുകൊണ്ട് ഫൈറ്റ് ഒക്കെ ചെയ്തോളുമെന്ന് അവർക്ക് നല്ല വിശ്വാസമായിരുന്നു.

m1 ഫോട്ടോ: സരിൻ രാംദാസ്

സ്പോർട്സ്

സ്പോർട്സിനോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞിട്ടില്ല. സിനിമയും സ്പോർട്‌സും ഒരേപോലെ വെല്ലുവിളിയുള്ളതാണ്. ഒന്നു റീലും മറ്റേത് റിയലും ആണെന്നേയുള്ളു. ചെറിയ പ്രായത്തിലേ സ്പോർട്സ് പരിശീലിച്ചത് ഇപ്പോൾ ഒരുപാട് സഹായിക്കുന്നുണ്ട്. വെല്ലുവിളികളെ നേരിടാനും അധ്വാനിക്കാനും ക്ഷമയോടെ കാത്തിരിക്കാനും അത് സഹായിക്കുന്നു.

ഓയിൽ മാജിക്

ധാരാളം വെള്ളം കുടിക്കും. ദിവസവും ചർമം മോയിസ്ചറൈസ് ചെയ്യുക. ഉയർന്ന എസ്പിഎഫ് ഉള്ള സൺസ്ക്രീൻ പുരട്ടുക ഇവ നിഷ്ഠയോടെ ചെയ്യും. ഉണർന്നാലുടനെ ഒരു ഗ്ലാസ്സ് ചെറുചൂടുവെള്ളം കുടിക്കും. രാത്രി കിടക്കുംമുൻപ് ആവണക്കെണ്ണ, വെളിച്ചെണ്ണ, വൈറ്റമിൻ ഇ ഒായിൽ ഇവ കലർത്തി കൺപീലിയിലും പുരികത്തിലും പുരട്ടും.

p1 പ്രാചി ടെഹ്‌ലാൻ ജന്മദിനത്തിൽ കുട്ടികൾക്ക് സൗജന്യ ബാസ്കറ്റ്ബോൾ പരിശീലനം നൽകുന്നു

കേരളം പ്രിയങ്കരം

കേരള ഫൂഡിനോട് ഒരു സ്പെഷൽ ഇഷ്ടമാണ്. കൊത്തുപൊറോട്ടയും പായസവും മലബാർ ഫിഷ് കറിയുമൊക്കെയാണ് പ്രിയപ്പെട്ട കേരള വിഭവങ്ങൾ. മലയാളം പഠിക്കാൻ നല്ല പ്രയാസമാണ്. എങ്കിലും നമസ്കാരം, വെള്ളം, കുറച്ച്, നിങ്ങൾക്ക് നന്ദി ..ഇങ്ങനെ കുറെ മലയാളം വാക്കുകൾ പഠിച്ചെടുത്തു.

വ്യായാമം

ജിമ്മിലും പ്രിയം ഔട്ട്ഡോർ സ്പോർട്സ് ആണ്. സ്ക്വാഷും കളിക്കാറുണ്ട്. കാർഡിയോയും ഫങ്ഷനൽ ട്രെയിനിങ്ങും ചെയ്യും. ദിവസവും ഒന്നര–രണ്ടു മണിക്കൂർ വ്യായാമത്തിനായി മാറ്റിവയ്ക്കും. ഷൂട്ടിലാണെങ്കിൽ റൂമിൽ തന്നെ ചില വ്യായാമങ്ങളൊക്കെ ചെയ്യും. ഈയടുത്ത് നീന്തലും പഠിച്ചു.

Tags:
  • Celebrity Interview
  • Celebrity Fitness