Saturday 31 August 2019 01:02 PM IST

ശസ്ത്രക്രിയ നടത്തിയാൽ നടക്കാൻ പറ്റുമെന്ന് എന്താ ഉറപ്പ് ഡോക്ടറേ! 18–ാം വയസിൽ ഇടം കാൽ നഷ്ടമായി, വിധിക്കെതിരെ സജേഷിന്റെ ബ്ലേഡ് റൺ

Sruthy Sreekumar

Sub Editor, Manorama Arogyam

sajesh

ജീവിതം ആഘോഷമാക്കേണ്ട പ്രായത്തിലാണ് സജേഷിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം കാലെടുത്തുവച്ചത്. ലോറിയുെട രൂപത്തിൽ അത് അപഹരിച്ചത് സജേഷിന്റെ ഇടതുകാൽപാദമായിരുന്നു. 18–ാം വയസ്സിലേറ്റ ക്രൂരവിധിയിൽ പക്ഷേ സജേഷ് തളർന്നുപോയില്ല. യാഥാർ‍ഥ്യത്തെ അംഗീകരിച്ചുെകാണ്ടു തന്നെ സജേഷ് തന്റെ ലക്ഷ്യങ്ങളിലേക്കു പറക്കാൻ തുടങ്ങി.

ശസ്ത്രക്രിയകളുമായി ആശുപത്രിയിൽ

പയ്യന്നൂരാണ് എന്റെ ദേശം. ബി.ടെക് ആദ്യ വർഷം പഠിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അന്നെനിക്ക് 18 വയസ്സ്. കൂട്ടുകാരനും ബൈക്കിൽ ഉണ്ടായിരുന്നു. ഞാനാണ് ഒാടിച്ചത്. ഒരു വളവിൽ വച്ച് നിയന്ത്രണം െതറ്റി വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ ബൈക്ക് നിർത്തി. പക്ഷേ േലാറിയുെട ടയർ എന്റെ പാദത്തിലൂെട കയറിയിറങ്ങി. നാലഞ്ചു മാസം മംഗളൂരുവിലെ ആശുപത്രിയിൽ കിടന്നു. 14 ശസ്ത്രക്രിയകളാണ് കാലിൽ നടത്തിയത്. എന്നിട്ടും നടക്കാൻ കഴിഞ്ഞില്ല. വീണ്ടും ശസ്ത്രക്രിയ നടത്താം എന്നു േഡാക്ടർമാർ പറഞ്ഞു. അപ്പോൾ അവരോട് ഞാൻ ഒന്നേ േചാദിച്ചുള്ളൂ, ശസ്ത്രക്രിയ കഴിഞ്ഞാൽ നടക്കാൻ പറ്റുമെന്ന ഉറപ്പ് തരാൻ കഴിയുമോ എന്ന്. ആ ഉറപ്പ് അവർ തന്നില്ല. അഥവാ നടക്കാൻ കഴിഞ്ഞാലും ആ പാദത്തിനു ഭാവിയിൽ ധാരാളം പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടത്രേ. ക്രച്ചസും ഉപയോഗിക്കേണ്ടി വരും. ഒടുവിൽ ഞാൻ തന്നെ പറഞ്ഞു, കാൽമുട്ടിനു താഴെവച്ചു മുറിച്ചുകളയാം എന്ന്. ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു മാസം മാനസികമായി തയാറെടുക്കാൻ ൈദവം നൽകിയ സമയമാണെന്നു േതാന്നുന്നു. കാരണം കാൽ നഷ്ടമാവുക എന്ന ട്രാജഡിയെ മറികടക്കാൻ എനിക്കു സമയം ലഭിച്ചു.

ശസ്ത്രക്രിയയ്ക്കു ശേഷം നാല് മാസം കഴിഞ്ഞാണ് കൃത്രിമ കാൽ വയ്ക്കുന്നത്. അതിനുമുൻപ് ക്രച്ചസ് ഉപയോഗിച്ച് േകാളജിൽ േപാകാൻ തുടങ്ങി. എനിക്കൊരു കുറവ് ഉണ്ടെന്നതരത്തിൽ പെരുമാറാത്ത വീട്ടുകാരും കൂട്ടുകാരുമാണ് സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ സഹായിച്ചത്. പഠനത്തിനിെട കൃത്രിമ കാൽ ഉപയോഗിച്ചുതന്നെ സൈക്കിളിങ് പരിശീലിക്കാൻ തുടങ്ങി. പേശികളുെട ചലനം മെച്ചപ്പെടുത്താൻ കൂടി വേണ്ടിയായിരുന്നു അത്. സൈക്ലിങ് തുടങ്ങിയപ്പോൾ ആദ്യത്തെ 10 മിനിറ്റ് ബാലൻസ് പ്രശ്നം ഉണ്ടായിരുന്നു. പിന്നീട് അതു ശരിയായി. അങ്ങനെ എല്ലാവരെയും േപാലെ േകാഴ്സ് ഒക്കെ പൂർത്തിയാക്കി, ബെംഗളൂരുവിൽ േജാലിയും കിട്ടി. ഇതിനിെടയാണ് ആ സംഭവം ഉണ്ടായത്.

ജീവിതം മാറ്റിയ ഷോക്ക്

ബെംഗളൂരുവിൽ േജാലി െചയ്യുന്നതിനിെട വിദേശത്ത് േജാലിക്കുള്ള അവസരം ലഭിച്ചു. ഇന്റർവ്യൂ എല്ലാം പാസ്സായി. നിലവിലുള്ള േജാലിയും രാജിവച്ചു. അതിനുശേഷമാണ് മെഡിക്കൽ പരീക്ഷ. എന്റെ ശരീരത്തിലെ കുറവു കാരണം മെഡിക്കൽ ക്ലിയർ ആയില്ല. അതെനിക്ക് വല്ലാത്ത േഷാക്ക് ആയി. ഉണ്ടായിരുന്ന േജാലി കളയുകയും െചയ്തു, നല്ല പ്രതീക്ഷയോെട കാത്തിരുന്ന േജാലി അവസാനനിമിഷം നഷ്ടമാവുകയും െചയ്തു. ആ സന്ദർഭത്തിൽ അനുഭവിച്ച നിരാശയും കോംപ്ലക്സും മറികടക്കാനുള്ള ഒരു വഴിയായി കിട്ടിയതാണ് മാരത്തൺ. അതിലേക്കു എന്നെ എത്തിച്ചത് ഫെയ്സ്ബുക്കിലെ ചാലഞ്ചിങ് വൺസ് എന്ന കൂട്ടായ്മ ആണ്. ശാരീരികവൈകല്യമുള്ളവർ മാത്രമുള്ള ഒരു കൂട്ടായ്മ ആണത്. ആ ഗ്രൂപ്പിന്റെ അഡ്മിൻ ആണ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മേജർ ഡി. പി. സിങ്. ഇദ്ദേഹം ബ്ലേഡ് റണ്ണർ കൂടിയാണ്. ഇതിലെ അംഗങ്ങൾ മാരത്തണിലൊക്കെ സജീവമായി പങ്കെടുക്കുന്നവരാണ്. അതിന്റെ ഫോട്ടോകളും വിഡിയോകളും ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം കണ്ടപ്പോഴാണ് ഒന്നു ഒാടിയാലോ എന്നു േതാന്നിയത്. കാരണം എല്ലാവരും ചെയ്യുന്നത് എനിക്കും െചയ്യാൻ കഴിയും എന്ന് െതളിയിക്കണമെന്നു േതാന്നി. സ്വയം മോട്ടിവേറ്റ് ആകണമെന്നും.

saj-2

അങ്ങനെ 2015ൽ െകാച്ചിയിൽ നടന്ന സ്പൈസ് േകാസ്റ്റ് മാരത്തണിൽ പങ്കെടുത്തു. ഫെയ്സ്ബുക്കിലെ ഗ്രൂപ്പിൽ നിന്ന് 18ഒാളം പേരും ഉണ്ടായിരുന്നു ഞാൻ മാത്രമായിരുന്നു ഗ്രൂപ്പിലെ ഏക മലയാളി. അഞ്ച് കിലോമീറ്റർ ഒാടി. കൃത്രിമ കാൽ ആണ് ഉപയോഗിച്ചത്. അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് വീട്ടുകാർ അറിയുന്നത്. കൂട്ടുകാരുെട വീട്ടിലേക്കു േപാവുകയാണ് എന്നൊക്ക പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, രാത്രിയിലാണ് പരിശീലനം നടത്തിയത്. 2016ൽ േകാഴിക്കോട് ഐഐഎം സംഘടിപ്പിച്ച മാരത്തണിലും പങ്കെടുത്തു. ഇതിനിെട കണ്ണൂർ ഐടിഐയിൽ ഇൻസ്ട്രക്ടർ ആയി േജാലി ലഭിച്ചു.

2017ൽ വാസ്കുലാർ സൊസൈറ്റി ഒാഫ് ഇന്ത്യയുെട കേരളഘടകം നടത്തുന്ന േകാൺഫ്രൻസിന്റെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച മാരത്തണിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു, 10 കിലോമീറ്റർ ആയിരുന്നു, അതിൽ പങ്കെടുത്ത, ഈ സൊസൈറ്റിയാണ് എനിക്കു സമ്മാനമെന്ന നിലയിൽ ബ്ലേഡ് നൽകുന്നത്. ബ്ലേഡ് ഉപയോഗിച്ച് ആദ്യം പങ്കെടുത്തത് 2017ൽ തന്നെ ഏഴിമല നാവിക അക്കാദമി നടത്തിയ ലാൻഡ് ഒാഫ് ലെജന്റ് എന്ന മാരത്തണിലാണ്. 10 കിലോമീറ്റർ വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ വർഷം സ്പൈസ് േകാസ്റ്റ് മാരത്തണിലെ 21 കിലോമീറ്റർ ആണ് ഏറ്റവും ദൂരം കൂടിയ ടൂർണമെന്റ്. ഇതിനോടകം 15 മാരത്തണിൽ പങ്കെടുത്തിട്ടുണ്ട്.

എന്റെ വാർത്തകളും ചിത്രങ്ങളും കണ്ടാണ് ആംപ്യൂട്ടീ നാഷനൽ ഫുട്ബോൾ ടീമിന്റെ ആളുകൾ സമീപിച്ചത്. ഇന്ത്യയുെട ആദ്യത്തെ ടീം രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അവർ. കളിക്കാൻ ക്രച്ചസ് തന്നെ ഉപയോഗിക്കണം, കൃത്രിമ കാൽ പാടില്ല. ഇതെല്ലാം െകാണ്ടുതന്നെ ആദ്യം നോ പറഞ്ഞു. എന്നാൽ അവർ വീണ്ടും വിളിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമിൽ ഇടം ലഭിക്കുക എന്ന സുവർണാവസരം തള്ളിക്കളയരുത് എന്നവർ പറഞ്ഞു. മാത്രമല്ല േകാച്ചിങ് ക്യാംപ് ഉണ്ടാകുമെന്നും അറിയിച്ചു. ഇതെല്ലാം കേട്ടപ്പോൾ ആത്മവിശ്വാസം േതാന്നി. ക്രച്ചസ് ഉപേയാഗിച്ചപ്പോൾ ആദ്യത്തെ രണ്ട് മൂന്നു ദിവസം ബുദ്ധിമുട്ടുണ്ടായിരുന്നു. പതിയെ അതു മാറി. അങ്ങനെ 2019 മേയിൽ െകനിയയിലെ നെയ്റോബിയിൽ െകനിയയ്ക്കെതിരെ ആദ്യ മത്സരം കളിച്ചു. േകാൺഫെഡറേഷൻ കപ്പ് 2019 എന്ന ടൂർണമെന്റ്. കളി പരാജയപ്പെട്ടു. എങ്കിലും നല്ലൊരു അനുഭവമായിരുന്നു അത്. ഇപ്പോൾ ബാഡ്മിന്റൺ പരിശീലിക്കുന്നുണ്ട്. കൂടാതെ ട്രെക്കിങ്ങിനും േപാകാറുണ്ട്. അംഗവൈകല്യം ഉള്ളവരെ കാണുമ്പോൾ സമൂഹത്തിനു സിംപതിയാണ്. ആ മനോഭാവത്തിൽ മാറ്റം വരണം. ഞങ്ങൾക്കു വേണ്ടത് സിംപതിയല്ല, പിന്തുണയും കരുതലുമാണ്. വൈകല്യം ശരീരത്തെയാണ് ബാധിക്കുക, മനസ്സിനെയല്ല. അതുകൊണ്ടു തന്നെ അസാധ്യം എന്നത് ഇല്ല.

sajesh-1
Tags:
  • Inspirational Story